Image

ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ ബ്രിട്ടനിലെ സാന്നിധ്യം ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി

Published on 15 May, 2021
ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ ബ്രിട്ടനിലെ സാന്നിധ്യം ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി
ലണ്ടന്‍: വ്യാപന നിരക്കും മരണനിരക്കും കൂടുതലുള്ള പുതിയ ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ ബ്രിട്ടനിലെ സാന്നിധ്യം മുന്‍ നിശ്ചയപ്രകാരമുള്ള ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്. ഡൗണിംങ് സ്ട്രീറ്റില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ വകഭേദം ബ്രിട്ടനില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കിയത്.

തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ അതേപടി തുടരുമെങ്കിലും ജൂണ്‍ 21ന് അനുവദിക്കാനിരിക്കുന്ന കൂടുതല്‍ ഇളവുകള്‍ സാധ്യമാകുമോ എന്നത് പറയാനാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

പുതിയ സാഹചര്യത്തില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കുന്നതിനുള്ള സമയപരിധി 12 ആഴ്ചയില്‍നിന്നും എട്ടാഴ്ചയായി കുറച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ബ്രിട്ടനില്‍ ഇന്ത്യന്‍ കോവിഡ് വേരിയന്റിന്റെ വ്യാപനം ഇരട്ടിയായി വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി.

17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളായത് 2,193 പേരും.

ഇന്ത്യന്‍ കോവിഡ് വകഭേഗം കൂടുതല്‍ അപകടകാരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യക്ക് ഇപ്പോള്‍ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാനിരോധനം അനിശ്ചിതമായി നീളാനാണ് സാധ്യത.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക