Image

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

Published on 15 May, 2021
കോവിഡ് വൈറസ് വുഹാൻ  ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ
കൊറോണ വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന നിഗമനത്തെക്കുറിച്ച് 'അതിനുള്ള സാധ്യത കാണുന്നില്ലെന്നാണ്'  ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. എന്നാൽ,ലോകമെമ്പാടുമുള്ള വിദഗ്ധരായ  ശാസ്ത്രജ്ഞർ ഈ സിദ്ധാന്തം പ്രായോഗികമാണെന്നും  ഇത് സംബന്ധിച്ച് ശരിയായ അന്വേഷണം വേണമെന്നും വാദിക്കുന്നു.

ഹാർവാർഡ് യൂണിവേഴ്‌സിറ്റി എപ്പിഡെമിയോളജിസ്റ്റും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി മൈക്രോബയോളജിസ്റ്റും ഉൾപ്പെടെ പതിനെട്ട് പ്രമുഖ ശാസ്ത്രജ്ഞരാണ് കോടിക്കണക്കിന്  ആളുകളെ കൊന്നൊടുക്കിയ മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് സുതാര്യമായ  അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

ഭാവിയിൽ ഇതുപോലെ സംഭവിക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ , കോവിഡ് -19 ന്റെ ഉത്ഭവം  എങ്ങനെയെന്ന്  അറിയുന്നത് നിർണായകമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

മാർച്ചിൽ ലോകാരോഗ്യ സംഘടനയും ചൈനീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പഠനം അനുസരിച്ച്,  വൈറസിന്റെ ഉത്ഭവം വവ്വാലുകളിൽ നിന്നോ മറ്റു മൃഗങ്ങളിലോ നിന്നോ ആയിരിക്കണമെന്നും മനുഷ്യനിർമ്മിതമാകാനും ലാബിൽ നിന്ന് പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത തീരെ ഇല്ലെന്നുമുള്ള നിഗമനത്തിലാണ് എത്തിച്ചേർന്നത്. 

എന്നാൽ, ലാബാണ് വൈറസിന്റെ ഉറവിടമെന്നുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും 313 പേജുള്ള റിപ്പോർട്ടിന്റെ 4 പേജുകളിൽ  മാത്രമാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഈ വിഷയത്തിൽ,സമഗ്രമായ പഠനവും അന്വേഷണവും വേണമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.

വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾ വീടിനുള്ളിലും മാസ്കുകൾ ധരിക്കേണ്ടതുണ്ട്: ഫൗച്ചി
 
 കുട്ടികൾ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴും  വീടിനകത്ത് കഴിയുമ്പോഴും മാസ്ക് ധരിക്കേണ്ടതുണ്ടെന്ന്  ഡോ. ആന്റണി ഫൗച്ചി  വ്യാഴാഴ്ച പറഞ്ഞു.

പൂർണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയ അമേരിക്കക്കാർക്കുള്ള സിഡിസി മാസ്ക് മാർഗ്ഗനിർദ്ദേശം ലഘൂകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഫൗച്ചി ഇക്കാര്യം ശുപാർശ ചെയ്തത്.

12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇപ്പോൾ ഫൈസറിന്റെ വാക്സിനേഷൻ എടുക്കാൻ സാധിക്കുമെന്ന് ഫൗച്ചി അഭിപ്രായപ്പെട്ടു.
 എല്ലാ  പ്രായത്തിലുമുള്ള കുട്ടികൾക്കും  വർഷാവസാനം തന്നെ കുത്തിവയ്പെടുക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. വാക്സിനേഷൻ പൂർത്തീകരിക്കുന്നതുവരെ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

യുഎസിൽ കോവിഡ് അവസാനിച്ചു എന്ന സൂചനയല്ല പുതിയ മാസ്ക് മാർഗ്ഗനിർദ്ദേശമെന്ന് ഫൗച്ചി വ്യക്തമാക്കി.

സെപ്റ്റംബർ പകുതിവരെ  എയർ, ബസ്, ട്രെയിൻ  ഉൾപ്പെടെയുള്ള പൊതുഗതാഗതത്തെ ആശ്രയിച്ച് നടത്തുന്ന യാത്രകളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന ഉപദേശമാണ്  സിഡിസി ഇപ്പോഴും നല്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 ന്യൂജേഴ്‌സിക്കാർക്ക് മാസ്ക് ധരിക്കുന്നത്  തുടരേണ്ടി വരും 

 പൂർണമായും പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സിഡിസി  ശുപാർശ ചെയ്ത ശേഷവും നിയന്ത്രണങ്ങൾ ഉടൻ ഒഴിവാക്കാനാവില്ലെന്ന് ന്യൂജേഴ്‌സി ഗവർണർ വ്യക്തമാക്കി. ഇതോടെ,ന്യൂജേഴ്സിക്കാർക്ക് ഇൻഡോർ ഒത്തുചേരലിൽ പോലും  മാസ്കുകൾ ആവശ്യമായി വരും. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കാനാകില്ലെന്ന് സിഡിസിയുടെ നിർദ്ദേശങ്ങൾക്ക്  തികഞ്ഞ ബഹുമാനം നൽകിക്കൊണ്ട് തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരുപക്ഷേ, ആഴ്ചകൾക്കുള്ളിൽ നിയമം മാറ്റാനാകുമെന്ന് ഗവർണർ ഫിൽ മർഫി കൂട്ടിച്ചേർത്തതാണ് ജനങ്ങൾക്ക് പ്രതീക്ഷ.

കഴിഞ്ഞ ഒരു മാസത്തിൽ, പ്രതിദിനം  ആശുപത്രിയിൽ പ്രവേശിതരാകുന്ന കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ  സംസ്ഥാനമായിരുന്ന ന്യൂജേഴ്‌സി, വാക്സിനേഷൻ പുരോഗമിക്കുന്നതനുസരിച്ച് രോഗം നിയന്ത്രിച്ചു വരികയാണെന്ന് ഗവർണർ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക