Image

കോവിഡ് ബാധിച്ച നവജാത ശിശു രോഗമുക്തയായി; വെന്റിലേറ്ററില്‍ കഴിഞ്ഞത് 10 ദിവസം

Published on 15 May, 2021
കോവിഡ് ബാധിച്ച നവജാത ശിശു രോഗമുക്തയായി; വെന്റിലേറ്ററില്‍ കഴിഞ്ഞത് 10 ദിവസം


ഭുവനേശ്വര്‍: ജനിച്ച ആഴ്ചകള്‍ക്കുള്ളില്‍ കോവിഡിന്റെ പിടിയിലായ നവജാത ശിശു രോഗമുക്തയായി. ഒഡീഷയിലെ ഭുവനേശ്വര്‍ ജഗനാഥ് ആശുപത്രിയിലാണ് സംഭവം. മൂന്നാഴ്ചയോളം രോഗത്തിന്റെ പിടിയിയിരുന്ന ഒരു മാസം പ്രായമുള്ള ഗുഡിയ വെന്റിലേറ്ററിന്റെ സഹായത്തോടെ 10 ദിവസത്തോളം ജീവന്മരണ  പോരാട്ടവും നടത്തിയിരുന്നു.

രാജ്യത്ത് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗുഡിയ. പരിപൂര്‍ണ്ണമായും രോഗമുക്തി നേടിയെന്ന് ആശുപത്രിയിലെ നാനോറ്റോളജിസ്റ്റ് ഡോ.അര്‍ജിത് മൊഹപത്ര പറഞ്ഞു. ബുധനാഴ്ചയാണ് ഗുഡിയ ആശുപത്രി വിട്ടത്. 

കടുത്ത പനിയും പാല് കുടിക്കാനുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും ചുഴലിയും ആശുപത്രിയില്‍ എത്തുമ്പോള്‍ ഗുഡിയയെ അലട്ടിയിരുന്നു. പല ചികിത്സകളും നടത്തി നോക്കി. ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വന്നതോടെ ഗുഡിയയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
ഗുഡിയയ്ക്ക് റെംഡെസീവിറും മറ്റ് ആന്റി ബയോട്ടിക് മരുന്നുകളും നല്‍കി. നവജാതരില്‍ റെംഡെസീവിര്‍ എങ്ങനെ ഫലപ്രദമാകുമെന്ന ഒരു പരീക്ഷണവും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയതോടെ ഗുഡിയയ്ക്ക് വേണ്ടി ആ പരീക്ഷണത്തിനും ഡോക്ടര്‍ തയ്യാറായി. കാരണം ഇത് ഗുഡിയയുടെ ജീവനും മരണത്തിനുമിടയിലുള്ള വിഷയമായിരുന്നു.-ഡോക്ടര്‍ പറയുന്നു. 

ഛത്തീസ്ഗഢിലെ റായ്പൂരിലാണ് ഗുഡിയയുടെ ജനനം. പ്രീതി അഗര്‍വാളും അങ്കിത് അഗര്‍വാളുമാണ് ഗുഡിയയുടെ മാതാപിതാക്കള്‍. ഗുജിയയുമായി വീട്ടിലെത്തിയ ശേഷമാണ് അവള്‍ക്ക് പനിയും മറ്റ് അസ്വസ്ഥതകളും കണ്ടെത്തിയത്. കുടുംബത്തില്‍ പലര്‍ക്കും പനിയും കോവിഡിന്റെ മറ്റ് ലക്ഷണങ്ങളുമുണ്ടെന്ന് അങ്കിത് അഗര്‍വാള്‍  മനസ്സിലാക്കി. അവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ എല്ലാവരും പോസിറ്റിവ്. വൈകാതെ ഗുഡിയയ്ക്ക് ശ്വാസതടസ്സവുമുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെ കുട്ടിയുമായി സമീപത്തുള്ള ഒരു ശിശുരോഗ വിദഗ്ധനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക