-->

kazhchapadu

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

Published

on

പുലർച്ചെ പട്ടണത്തിൽ തീവണ്ടി ഇറങ്ങിയ അയാൾ ഗ്രാമത്തിലേക്കുള്ള ബസിന് കയറി. ചെറിയ ബസ് സ്റ്റോപ്പിന്  സമീപത്തെ പഴയ കോവിൽ, പടവുകൾ കെട്ടി പരിഷ്കരിച്ചിരിക്കുന്നു. തൊഴാനായി സ്ത്രീകളുടെയും കുട്ടികളുടെയും ചെറിയ തിരക്കുണ്ട്.
 
ഇന്ന് തിരുവോണമാണ്. രമ്യയുടെ പട്ടണത്തിലെ വീട്ടിൽ ഇന്നലെ ഉച്ചക്കാണ് എത്തിയത്. കുറെ വർഷങ്ങളായി ഓണം ആഘോഷിക്കുന്നത് അവിടെ ആണ്. അവളുടെ സഹോദരിമാർ എല്ലാവരും കുടുംബസമേതം എത്തും. എത്ര നാളായി താൻ വീട്ടിലെ ഓണം കൂടിയിട്ട്... കുട്ടികൾ ചെറുതായിരിക്കുമ്പോൾ ഒന്നോ രണ്ടോ തവണ...
 
പാടത്തിനക്കരെ  തന്റെ ചെറിയ വീട്‌ അയാൾ ദൂരത്തുനിന്നേ  ഉറ്റുനോക്കി നടന്നു. വരാന്തയിൽ അച്ഛൻ ഉണ്ട്. പറ്റെ നരച്ചിരിക്കുന്നു. മുണ്ടും തോളത്തൊരു തോർത്തും.. അതിന് മാറ്റമില്ല. വരാന്തയിലേക്ക് കയറവെ  അച്ഛൻ സന്തോഷത്തോടെ  ആളനക്കം ഇല്ലാത്ത അകത്തേക്ക് നോക്കി പറഞ്ഞു.. "ദേ.. രാജേഷു വന്നു.." അകത്തുനിന്ന് അമ്മ വേഗത്തിൽ വന്നു. കണ്ണുകൾ നിറഞ്ഞുവോ അമ്മയ്ക്ക്.. അമ്മയും വല്ലാതെ നരച്ചിരിക്കുന്നു. ആ കണ്ണുകളിൽ ചോദ്യഭാവം. " ഞാൻ തനിയെ പോന്നു "... അയാൾ രണ്ടുപേരോടുമായി പറഞ്ഞു.
 
അയാൾ ബാഗ് തുറന്ന് ഓണക്കോടികൾ അച്ഛനും അമ്മയ്ക്കും കൊടുത്തുകൊണ്ട് പറഞ്ഞു "ഇതൊന്ന് ഉടുത്താട്ടെ "... അവരുടെ കണ്ണുകളിൽ മിന്നുന്ന ആഹ്ലാദം അയാൾ നോക്കിനിന്നു.
 
 "പോയി കുളിച്ചു വാ കണ്ണാ " .. അമ്മ പറഞ്ഞു. എത്ര കാലം കഴിഞ്ഞാലും അമ്മ ആ വിളി മാറ്റില്ല .. എന്നോർത്ത് അയാൾ  കിണറ്റിൻകരയിലേക്ക്  നടന്നു.
 
സുഖമായി കുളിച്ച് ആശ്വാസത്തോടെ  വന്ന അയാൾക്ക്‌  മുമ്പിൽ  അമ്മ അടയും ചായയും വച്ചു. പുന്നെല്ലിന്റെ അരി അരച്ചുണ്ടാക്കിയ പ്രത്യേക രുചിയുള്ള അട  അയാളെ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി..
 
 
അച്ഛനും അമ്മയ്ക്കും വളരെ താമസിച്ചുണ്ടായ മകനാണ് താൻ. പ്രാപ്തിയെത്തി.. മഹാനഗരത്തിൽ ജോലി ലഭിച്ചു.. എന്നാൽ ഈ പാടത്തിൻ കരയിൽ നിന്ന് അവരെ ഒരിക്കലെങ്കിലും പുറം ലോകം കാണിക്കാൻ കൊണ്ടുപോകാൻ തനിക്ക് കഴിഞ്ഞില്ല. പഴക്കം ചെന്ന വീടും മച്ചും നോക്കി അയാൾ നെടുവീർപ്പെട്ടു..
 
"എപ്പോഴാണ് മടക്കം ".. അച്ഛൻ പതിഞ്ഞ സ്വരത്തിൽ അകത്തേക്ക് ചോദിച്ചു.   "ഊണ് കഴിഞ്ഞാലുടൻ പുറപ്പെടും.. വൈകിട്ടത്തെ ട്രെയിൻ പിടിക്കണം ".. അയാൾ പറഞ്ഞു." നീ വരുമെന്ന് എനിക്കറിയാമായിരുന്നു " എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി ഓരോ പണികളിൽ ഏർപ്പെട്ടു. "അമ്മ എങ്ങനെ അറിഞ്ഞു "  എന്ന് ചോദിക്കാൻ ആഞ്ഞു, എങ്കിലും അയാൾ ചോദിച്ചില്ല..
 
രണ്ടുവരി എഴുതിയിടാൻ പോലും  കഴിഞ്ഞില്ല..വരാൻ കഴിയുമെന്ന് തനിക്ക് ഉറപ്പും ഉണ്ടായിരുന്നില്ല.. വെറുതെ ആശ കൊടുക്കേണ്ടല്ലോ..
 
 "അമ്മയെ ഞാൻ കൂടെ സഹായിക്കാം".. അയാൾ പറഞ്ഞു. "ഒന്നും വേണ്ട.. നീ പോയി വിശ്രമിച്ചോളൂ.. എല്ലാം ആയിക്കഴിഞ്ഞു ".. അമ്മ പറഞ്ഞു. മെലിഞ്ഞ കൈകൾ കൊണ്ട് അമ്മ ജോലികൾ ചെയ്യുന്നത് കണ്ടുകൊണ്ട് അയാൾ അകത്തേക്ക് നടന്നു.
 
അമ്മയുടെ തലോടൽ തലയിൽ ഏറ്റുകൊണ്ട് അയാൾ ഉണർന്നു." അമ്മേ..നെയ്യപ്പം ചുട്ടുവോ.". എന്ന് ചോദിച്ചുകൊണ്ട് അയാൾ അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് ചെന്നു. രണ്ടുമൂന്ന്  നെയ്യപ്പം ചൂടോടെ എടുത്ത് കഴിച്ചു.' എന്തൊരു സ്വാദും വാസനയും ' ..
 
പണ്ട് നാട്ടുമ്പുറത്തെ വീടുകളിലെല്ലാം തിരുവോണത്തിന് നെയ്യപ്പം ചുടുമായിരുന്നു. പ്രത്യേക വാസനയുള്ള നെയ്യപ്പം.. ഊഞ്ഞാലാടി ആഹ്ലാദിച്ചു കളിച്ചു തിമർത്ത് മടുത്തു വരുമ്പോൾ ഇടയ്ക്കിടെ പെറുക്കി തിന്നുകൊണ്ടിരിക്കും.. നഗരത്തിൽ ഓണം ആഘോഷിക്കുമ്പോൾ കൊതി തോന്നി നെയ്യപ്പം വാങ്ങിക്കാറുണ്ട്. അവയ്ക്ക് ഇത്ര നല്ല വാസനയില്ല.. രുചിയും..
           
നിലത്ത് വിരിച്ച പായയിൽ ചമ്രം പടിഞ്ഞിരുന്ന് അച്ഛനൊപ്പം അയാൾ ഓണം ഉണ്ടു. അമ്മയ്ക്ക് പഴയ വേഗത ഇല്ല.. കറികൾക്കും എണ്ണം കുറഞ്ഞു.. വിളമ്പിയതെല്ലാം അയാൾ ആർത്തിയോടെ കഴിച്ചു.. നേർത്ത വിരലുകൾ കൊണ്ട് അമ്മ വാരിയിട്ട വാഴയ്ക്ക ഉപ്പേരി എത്ര കഴിച്ചിട്ടും മതിവരുന്നില്ല..
 
മടക്കത്തിന് സമയമായി.. അയാൾ വേഷം മാറുമ്പോഴേക്ക് അമ്മ ഒരു ചെറിയ പൊതിയുമായി വന്നു. ചെറു ചൂടുള്ള.. വാസനയുള്ള..ആ പൊതി അയാൾ ഇരുകൈകളും നീട്ടി വാങ്ങി, അരുമയോടെ ബാഗിൽ വച്ചു. "മക്കൾക്ക്‌ കൊടുക്കൂ " അമ്മ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
                  
അയാൾ പേഴ്സ് എടുത്ത് കുറച്ച് പണം അമ്മയെ എല്പിച്ചു. "പണത്തിന്റെ ആവശ്യം ഒന്നുമില്ല മോനെ"   എന്ന് പറഞ്ഞുവെങ്കിലും അമ്മ അത്‌ വാങ്ങിവച്ചു.
 
വീടിന്റെ പഴമയും ജീർണ്ണതയും കണ്ടില്ലെന്നു നടിച്ച് അയാൾ പോകാൻ ഇറങ്ങി. 'ഒരിക്കൽ തീവണ്ടി കയറ്റി മഹാനഗരം കാണിക്കാൻ കൊണ്ടുപോകാം'   എന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയും അയാൾ മറവിയിലേക്ക് ഒതുക്കി.
 
യാത്ര പറയുമ്പോൾ അച്ഛൻ 'വണ്ടിക്കൂലിക്ക് ' എന്നു പറഞ്ഞ് നൽകിയ കാശ് അയാൾ ഇരുകൈകളും നീട്ടി വാങ്ങി ഭദ്രമായി പോക്കറ്റിൽ വച്ചു.
 
അച്ഛൻ വർഷങ്ങളോളം തന്നെ കൈപിടിച്ച് നടത്തിയ  പാടവരമ്പത്തേക്ക്  ഇറങ്ങുമ്പോൾ   അയാൾ ഒന്ന് തിരിഞ്ഞു നോക്കി. തേപ്പ്  അടർന്ന ചുമരിൽ ചാരി തന്നെ നോക്കി നിൽക്കുന്ന തന്റെ അമ്മ..
കസേരയിൽ ഒന്ന് മുന്നോട്ടാഞ്ഞിരുന്ന്  തന്റെ യാത്ര നോക്കിയിരിക്കുന്ന തന്റെ അച്ഛൻ.. തിരിഞ്ഞു നോക്കി നോക്കി അയാൾ മുമ്പോട്ട് നടന്നു. അവർ അവിടെത്തന്നെയുണ്ട്.. നെഞ്ചിനുള്ളിൽ വല്ലാത്ത നീറ്റൽ.. നൊമ്പരം.. മെല്ലെ  അയാളുടെ കാഴ്ചക്കപ്പുറത്തേക്ക്  അവർ മറഞ്ഞു..
  
തങ്ങൾ   മൂവരുമായി ചിരിച്ചു കളിച്ചിരുന്ന.. കഥപറഞ്ഞിരുന്ന..ഓണക്കാലങ്ങൾ  അയാൾ
ആശ്വാസത്തിനായി ഓർമ്മിച്ചെടുത്തുകൊണ്ടിരുന്നു.. എങ്കിലും അത്‌ അയാളെ കൂടുതൽ നോവിലേക്ക് തള്ളിയിട്ടു..
 
ബാഗിലെ പൊതിയുടെ വാസന അയാളെ പൊതിഞ്ഞു. ആ കൊച്ചു പൊതി അയാൾക്ക്‌ ഒരു ഭാരമാകാൻ തുടങ്ങി.. അതിന് ലഭിക്കാൻ സാധ്യതയുള്ള പുച്ഛവും അവഗണനയും താങ്ങാനുള്ള കരുത്ത് തനിക്ക് ഇല്ല എന്ന് അയാൾക്ക്‌   തോന്നിത്തുടങ്ങി..
 
പാടത്തിനപ്പുറം  ചെറിയ ബസ്‌സ്റ്റോപ്പിന് സമീപത്തെ കോവിലിന്റെ പടവുകൾ അയാൾ മെല്ലെ കയറി. അടഞ്ഞ വാതിലിന്റെ മുൻപിൽ നിന്നു. ബാഗ് തുറന്ന് പൊതി എടുത്തു. ഇരുകൈകളും കൊണ്ട് ആദരവോടെ അയാൾ അത്‌ നിവേദ്യമായി അർപ്പിച്ചു. കണ്ണുകളിലെ ഈർപ്പം തുടച്ച് ..പടവുകൾ ഇറങ്ങി..പതിയെ ചെറിയ
ബസ്‌റ്റോപ്പിലേക്കു  നടന്നു....
------------
ഉഷാ റോയ്
അധ്യാപിക ആയിരുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടി യിൽ താമസിക്കുന്നു

Facebook Comments

Comments

  1. ഒ വി വിജയൻറെ "കടൽത്തീരത്ത്" എന്ന കഥയുടെ അവസാനം, വെള്ളായിയപ്പൻ മകനു വേണ്ടി കൊണ്ടു പോയ പൊതിച്ചോറ് അഴിച്ചു കാക്കകൾക്ക് ബലിച്ചോറായി നൽകുന്ന രംഗം ഓർമപ്പെടുത്തി ഈ കഥയിലെ അവസാന വാചകം "പാടത്തിനപ്പുറം ചെറിയ ബസ്‌സ്റ്റോപ്പിന് സമീപത്തെ കോവിലിന്റെ പടവുകൾ അയാൾ മെല്ലെ കയറി. അടഞ്ഞ വാതിലിന്റെ മുൻപിൽ നിന്നു. ബാഗ് തുറന്ന് പൊതി എടുത്തു. ഇരുകൈകളും കൊണ്ട് ആദരവോടെ അയാൾ അത്‌ നിവേദ്യമായി അർപ്പിച്ചു. കണ്ണുകളിലെ ഈർപ്പം തുടച്ച് ..പടവുകൾ ഇറങ്ങി..പതിയെ ചെറിയ ബസ്‌റ്റോപ്പിലേക്കു നടന്നു....

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

View More