Image

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

Published on 16 May, 2021
ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്
രണ്ടാം പിണറായി മന്ത്രിസഭയില്‍ ഘടകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണയായി. എല്‍ജെഡി ഒഴികെയുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രി സ്ഥാനം ലഭിക്കും. എല്‍ജെഡിക്ക് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അര്‍ഹമായ ഒരു പദവി നല്‍കും. നാല് ഘടകക്ഷികള്‍ക്ക് ടേം വ്യവസ്ഥയിലായിരിക്കും മന്ത്രി സ്ഥാനം നല്‍കുക. കോണ്‍ഗ്രസ് എസ്(രാമചന്ദ്രന്‍ കടന്നപ്പള്ളി),കേരളാ കോണ്‍ഗ്രസ് ബി(കെ.ബി ഗണേഷ് കുമാര്‍), എന്നീ കക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം പങ്കുവയ്ക്കണം. ഇതേ രീതിയില്‍ തന്നെ ഐഎന്‍എല്ലും(അഹമ്മദ് ദേവര്‍ കോവില്‍) ജനാധിപത്യ കേരളാ കോണ്‍ഗ്രസും (ആന്റണി രാജു) മന്ത്രി സ്ഥാനം പങ്കുവയ്ക്കും. 

കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിപദവും ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും. രണ്ട് മന്ത്രി സ്ഥാനമായിരുന്നു ആവശ്യമെങ്കിലും ഇത് സാധ്യമല്ലെന്ന് സിപിഎം അറിയിച്ചു മാത്രമല്ല ചീഫ് വിപ്പ് സ്ഥാനമല്ലാതെ മറ്റൊരു സ്ഥാനവും വിട്ടുനല്‍കാനാവില്ലെന്ന് സിപിഐ സിപിഎമ്മിനെ അറിയിച്ചു. നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും സിപിഐയ്ക്ക് ലഭിക്കും. 12 മന്ത്രി സ്ഥാനങ്ങളും സ്പീക്കര്‍ പദവിയും സിപിഎമ്മിനായിരിക്കും. എന്‍സിപി , ജനതാദള്‍ എസ് , എന്നീ പാര്‍ട്ടികള്‍ക്ക് ഒരോ മന്ത്രി സ്ഥാനം ലഭിക്കും. 

നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിനുശേഷം മന്ത്രിസ്ഥാന വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ ഒദ്യോഗികമായി പ്രഖ്യാപിക്കും. തുടര്‍ന്ന് 18 നായിരിക്കും പാര്‍ട്ടികള്‍ അവരവരുടെ മന്ത്രിമാരെ പ്രഖ്യാപിക്കുക. മന്ത്രി സ്ഥാനം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നത് നിലവില്‍ എന്‍സിപിയില്‍ മാത്രമാണ്. ഇത് ഉടന്‍ പരിഹരിച്ച് തീരുമാനമറിയിക്കണമെന്ന് സിപിഎം എന്‍സിപി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക