Image

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

Published on 16 May, 2021
കോവിഡ്  സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ
വിദേശത്തു നിന്ന് അയക്കുന്ന സഹായ തുകയും സാധനങ്ങളും യഥാസമയം ഇന്ത്യയിലെ ചാരിറ്റി സംഘടനകൾക്കും നോൺ ഗവണ്മെന്റൽ  ഓർഗനൈസേഷനുകൾക്കും  ലഭിക്കുന്നില്ലെന്ന് പരാതി. ഇവ ഡൽഹിയിൽ കെട്ടിക്കിടക്കുന്നു. ഒച്ചിഴയുന്ന വേഗതയിലാണ് ആവശ്യക്കാരിൽ എത്തിക്കുന്നതിലുള്ള നടപടികൾ.

മഹാമാരി ശക്തിപ്പെട്ടു നിൽക്കെ കഴിഞ്ഞ സെപ്റ്റംബറിൽ കൊണ്ട് വന്ന ഒരു നിയമമാണ് ജനത്തിന് പാരയായത്. ക്രിസ്ത്യൻ സംഘടനകൾക്കും   സർക്കാരിനെ വിമർശിക്കുന്ന എൻ.ജി.ഓ.കൾക്കും വിദേശത്തു നിന്ന് സംഭാവന ലഭിക്കുന്നതിന് തടയിടുകയായിരുന്നു അതിന്റെ ലക്ഷ്യം. അതിപ്പോൾ ജനങ്ങൾക്ക് ദോഷമായി ബാധിച്ചിരിക്കുന്നു.

സെപ്റ്റംബറിലെ ഉത്തരവ് പ്രകാരം, വിദേശ സംഭാവനകൾ  സ്വീകരിക്കുന്നതിന് ഇന്ത്യയിലെ എൻ‌ജി‌ഒകൾക്ക്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ന്യൂഡൽഹിയിലെ പ്രധാന ശാഖയിൽ  എഫ്‌സി‌ആർ‌എ  അക്കൗണ്ട് ഉണ്ടായിരിക്കണം. അവർ രാജ്യത്തിന്റെ ഏതു മൂലയ്ക്ക് പ്രവർത്തിക്കുന്നവരാണെങ്കിലും  അക്കൗണ്ട്  ദൽഹി സ്റ്റേറ്റ് ബാങ്കിൽ വേണം. 

മുൻപ്,  എഫ്‌സി‌ആർ‌എ അക്കൗണ്ടുള്ള  ഏത് ബാങ്ക് വഴിയും   സംഭാവനകൾ സ്വീകരിക്കാമായിരുന്നു.

ഇക്കാരണത്താൽ,  ഇന്ത്യയിലേക്ക് അയച്ച സംഭാവന നിരവധി തവണ തിരിച്ചയച്ചിട്ടുള്ളതായി സംഘടനകളും ഇന്ത്യൻ-അമേരിക്കൻ വംശജരും പറയുന്നു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ഉൾപ്പെടെ പലതും എത്തിക്കാൻ കഴിഞ്ഞിട്ടില്ല. 

എഫ്‌സി‌ആർ‌എ അക്കൗണ്ട് തുറക്കാൻ ആദ്യം സംഘടനക്ക് കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരം വേണം. അത്  കിട്ടാൻ കടമ്പകൾ കടക്കണം. അതിനു ശേഷം ഡൽഹിയിൽ അക്കൗണ്ട്  തുറക്കണം.  ഇനി ദൽഹി സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട്  ഉണ്ടെങ്കിൽ കൂടി അവിടെ എത്തുന്ന തുക വളരെ പതിയെ ആണ് പ്രോസസ് ചെയ്യുന്നത്.  കോവിഡ്  കാരണം ബാങ്കുകളും ശരിക്കു പ്രവർത്തിക്കുന്നില്ല.

ഇനി അയക്കുന്ന സാധനങ്ങൾ ഡൽഹിയിൽ കസ്റ്റംസിൽ കെട്ടിക്കിടക്കുന്നതായും എൻ.ജി.ഒ.കൾ  ചൂണ്ടിക്കാട്ടുന്നു. അവയുടെ  പേപ്പർ വർക്കും മറ്റും നീളുന്നതാണ് പ്രശ്‍നം. ആള് ചത്തിട്ട് ഇതൊക്കെ കിട്ടിയിട്ട് എന്ത് കാര്യം?

ഇവിടെ നാം കൊടുക്കുന്നത് യഥാസമയം എത്തിയില്ലെങ്കിൽ എന്ത് പ്രയോജനം?

സർക്കാരിന്റെ നടപടിക്കെതിരെ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ഫിയക്കൊന) ശക്തമായ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്. ന്യുന പക്ഷ ചാരിറ്റികൾക്ക് തടസം സൃഷ്ടിക്കുമ്പോൾ തന്നെ ഹൈന്ദവ സംഘടനകൾക്ക് സുഗമമായി സഹായമെത്തിക്കാൻ കഴിയുന്നതും ഫിയക്കൊന ചൂണ്ടിക്കാട്ടി.

എഫ്‌സി‌ആർ‌എ ക്ലിയറൻസുള്ള എല്ലാ എൻ‌ജി‌ഒകൾക്കും ഫണ്ട് ലഭിക്കുന്നതിന് അവരുടെ മുൻ‌കാല എഫ്‌സി‌ആർ‌എ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതി  നൽകിയാൽ ഇത്   പരിഹരിക്കാവുന്നതേ ഉള്ളു. ഫണ്ടുകളും  മെഡിക്കൽ സപ്ലൈകളും ഈ അവസരത്തിൽ മാനുഷികമായ പരിഗണന അർഹിക്കുന്നതുകൊണ്ട് എത്രയും വേഗം ആവശ്യക്കാരിലേക്ക് എത്തിച്ചേരണമെന്ന് ഫിയക്കൊന പ്രസിഡന്റ് കോശി ജോർജ് അഭ്യർത്ഥിച്ചു .

സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്  രണ്ടാം തരംഗത്തിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.  ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയും  സന്നദ്ധ സംഘടനകളും, ഈ അവസരത്തിൽ സാമ്പത്തിക സഹായം എത്തിക്കാൻ തയ്യാറായി നിൽക്കെ നിയമഭേദഗതിയുടെ രൂപത്തിൽ മറ്റൊരു വെല്ലുവിളി ഉയർന്നിരിക്കുന്നത് ഖേദകരമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർ ജോർജ് എബ്രഹാം ചൂണ്ടിക്കാട്ടി.. 

വിദേശ ഫണ്ടുകൾ നിയന്ത്രിക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ടിരിക്കുന്ന നയത്തിന്റെ അനന്തരഫലമായി, യുഎസ് ആസ്ഥാനമായുള്ള പല സന്നദ്ധ സംഘടനകൾക്കും ഇന്ത്യയിലെ  എൻ‌ജി‌ഒ-കൾക്ക്  ഫണ്ട് അയയ്ക്കാൻ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 2020 സെപ്റ്റംബർ 28 നാണ് ഇന്ത്യൻ സർക്കാർ, വിദേശ സംഭാവന നിയന്ത്രണ നിയമം ഏർപ്പെടുത്തിയത്.

പേപ്പർവർക്കുകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളുടെയും നടപടികൾ ഒച്ചിഴയുംപോലെ മാത്രമാണ് നീങ്ങുന്നത് എന്നതും സമയത്ത് ഉപകരിക്കുന്നവിധത്തിൽ പണം എത്തിക്കാനുള്ള ശ്രമത്തിന് തടസ്സമാകുന്നു. 

ഈ നിയമനൂലാമാലകൾ എത്രയും വേഗം പരിഷ്കരിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിരവധി കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ ഇന്ത്യയിലുടനീളം ധനസമാഹരണം നടത്തുന്നുണ്ട്. ആശുപത്രികളിലേക്ക്  അടിയന്തിരമായി ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ സിലിണ്ടറും ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുന്നതിന് നിലവിൽ നേരിടുന്ന പ്രതിബന്ധങ്ങൾ ദുരീകരിക്കുന്നതിന് ഇന്ത്യൻ സർക്കാർ മുൻകൈ എടുക്കണം,' GOPIO (ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ)യുടെ ചെയർമാനുമായ ഡോ.തോമസ് എബ്രഹാം അഭ്യർത്ഥിച്ചു.
see also

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക