Image

എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?

ജോബിന്‍സ് തോമസ് Published on 17 May, 2021
എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?
രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്‍ഡിഎഫ് കക്ഷികളില്‍ മന്ത്രിസ്ഥാനം ഇല്ലാത്ത ഒരേ ഒരു കക്ഷി എല്‍ജെഡിയായിരിക്കും. ഒരു എംഎല്‍എ മാത്രമുള്ളവര്‍ക്ക് ആര്‍ക്കും മന്ത്രി സ്ഥാനം നല്‍കിയില്ലായിരുന്നുവെങ്കില്‍ അതെങ്കിലും പറഞ്ഞ് ആശ്വസിക്കാമായിരുന്നു എല്‍ജെഡിക്ക്. എന്നാല്‍ സ്ഥിതി അതല്ല. മറ്റെല്ലാ കക്ഷികള്‍ക്കും ഒരു ടേമിലെങ്കിലും മന്ത്രി സ്ഥാനമുണ്ട്്. 

നിയമസഭയില്‍ ഒരംഗമേ ഉള്ളുവെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുകണക്ക് നോക്കിയാല്‍ മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് തങ്ങളെന്നും അതുകൊണ്ട് തന്നെ ആ പരിഗണന മന്ത്രിസഭയിലും വേണമെന്നുമായിരുന്നു എല്‍ജെഡി ആവശ്യം. എന്നാല്‍ അപ്പോളും സിപിഎം പറഞ്ഞു മുന്നണിയിലെ രണ്ട് ജനതാദളുകള്‍ക്കും കൂടി അതായത് എല്‍ജെഡിക്കും ജെഡിഎസിനും കൂടി മൂന്ന് എംഎല്‍എമാര്‍ മാത്രമാണുള്ളത്. മൂന്ന് എംഎല്‍എ മാര്‍ക്ക് രണ്ട് മന്ത്രി സ്ഥാനം എന്നത് അപ്രായോഗികമാണ് അതു കൊണ്ട് ലയിച്ചുവന്നാല്‍ എല്ലാവര്‍ക്കും കൂടി ഒരു മന്ത്രി സ്ഥാനം നല്‍കാമെന്ന്. 

എന്നാല്‍ ലയിക്കാനാണെങ്കില്‍ ഇത്ര കഷ്ട്ട്ടപ്പെട്ട് പിളരണമായിരുന്നോ എന്ന നിലപാടായിരുന്നു അപ്പോള്‍ ഇരു കക്ഷികള്‍ക്കും മാത്രമല്ല ലയിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് ഒരു മന്ത്രി സ്ഥാനം ഉണ്ടാകുമെന്ന് ജെഡിഎസ് നേരത്തെ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിനാല്‍ ലയനത്തില്‍ ആരും തന്നെ ജെഡിഎസ് പ്രത്യേകിച്ച് ഒരു താല്‍പ്പര്യം കാട്ടിയില്ല. ഇതോടെ നിങ്ങള്‍ ലയിച്ചാലും ഇല്ലെങ്കിലും രണ്ടു ജനതാദളുകളേയും ഒന്നായെ കാണാന്‍ സാധിക്കൂ എന്നും അതു കൊണ്ട് ഒരു മന്ത്രി സ്ഥാനം നല്‍കാമെന്നും സിപിഎം നിലപാട് എടുത്തു . അതോടെ രണ്ട് എംഎല്‍എമാരുള്ള ജെഡിഎസിന് പോയി ആ മന്ത്രി സ്ഥാനം. 

ശ്രേയാസ്‌കുമാര്‍ ജയിച്ചുവന്നിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥ. എന്നാല്‍ രണ്ടു ജനതാദളുണ്ടെങ്കില്‍ മൂന്ന് കേരളാ കോണ്‍ഗ്രസുകള്‍ ഇല്ലേയെന്നും അവര്‍ക്കു മൂന്നുപേര്‍ക്കും കൊടുത്തില്ലേയെന്നും തിരിച്ചു ചോദിച്ചിട്ടാണ് എല്‍ജെഡി പോയത്. മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മാന്യമായ സ്ഥാനം എല്‍ജെഡിക്ക് നല്‍കാമെന്നൊരുറപ്പ് എല്‍ഡിഫ് നല്‍കിയിട്ടുണ്ട്. എന്നാലും ഉപ്പോളം വരുമോ ഉപ്പിലിട്ടത്  എന്നാണ് എല്‍ജെഡി അണികളുടെ ചോദ്യം. മന്ത്രി സ്ഥാനമല്ലാതെ അധികാരത്തിലുള്ള മുന്നണിയിലെ ഘടകകക്ഷിക്ക് മറ്റെന്ത് കിട്ടിയിട്ട് എന്തു കാര്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക