Image

പിണറായിയുടെ ടീമില്‍ ആരൊക്കെ ? സാധ്യതകള്‍ ഇങ്ങനെ

ജോബിന്‍സ് തോമസ് Published on 17 May, 2021
പിണറായിയുടെ ടീമില്‍ ആരൊക്കെ ?  സാധ്യതകള്‍ ഇങ്ങനെ
രണ്ടാം പിണറായി മന്ത്രിസഭയുടെ ഒരു പ്രത്യേകത പുതുമുഖങ്ങളുടെ ഒരു പട തന്നെയുണ്ടാകുമെന്നതാണ്. ഇതുവരെ സിപിഎമ്മില്‍ നടന്നിട്ടുള്ള ചര്‍ച്ചകളും ഇതിലേയ്ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ നിന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ മാത്രമായിരിക്കും പിണറായിക്കൊപ്പം ഉണ്ടാവുക. മികച്ച പ്രവര്‍ത്തനവും പ്രതിഛായയുമാണ് ഷൈലജയ്ക്ക് തുണയായത്. 

എംവി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ. ബാലഗോപാല്‍ എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായികഴിഞ്ഞു. വീണാ ജോര്‍ജും, കാനത്തില്‍ ജമീലയുമാണ് രണ്ടാമതൊരു വനിതാ മന്ത്രിയിലേയ്ക്ക് പരഗണിക്കപ്പെടുന്നത്. ഇതില്‍ വീണയ്ക്കാണ് സാധ്യത കൂടുതല്‍. കോട്ടയം ജില്ലയില്‍ നിന്നുള്ള സിപിഎമ്മിന്റെ ഏക അംഗം വിഎന്‍ വാസവന്‍ മന്ത്രിയാകുമെന്നുറപ്പാണ്. ആലപ്പുഴയില്‍ നിന്നും സജി ചെറിയാനാണ് സാധ്യത പിപി ചിത്തരഞ്ജന്റെ പേരും പരിഗണനയിലുണ്ട്.. ഏറണാകുളത്തു നിന്നുമുള്ള പി.രാജീവും മന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പാലക്കാട്ടു നിന്നും എംബി രാജേഷും മലപ്പുറത്തു നിന്നും പി നന്ദകുമാറും മന്ത്രിമാരുടെ സാധ്യതാ പട്ടികയിലുണ്ട്. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ പി മുഹമ്മദ് റിയാസും യുവനേതാവ് എ.എന്‍ ഷംസീറും പരിഗണനാപ്പട്ടികയിലുണ്ട്. 

സിപിഎമ്മിനു പുറമേ സിപിഐയും പുതുമുഖങ്ങളെ ഇറക്കാനാണ് ആലോചിക്കുന്നത് പിഎസ് സുപാല്‍, സിഎസ് ചിഞ്ചുറാണി, കെ രാജന്‍, പി പ്രസാദ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത എന്നാല്‍ സികെ ആശയെ പരിഗണിക്കണം എന്ന് ആവശ്യം കോട്ടയം ജില്ലാ നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്. ജെഡിഎസില്‍ നിന്നും കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകും. കേരളാ കോണ്‍ഗ്രസില്‍ നിന്നും റോഷി അഗസ്റ്റിന്‍ മന്ത്രിയാകുമെന്നുറപ്പായി. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ ഉണ്ടാകും. എന്‍സിപിയുടെ മന്ത്രിയെ നാളെ പ്രഖ്യാപിക്കും. ഗണേഷ് കുമാറും എസ് രാമചന്ദ്രന്‍ പിള്ളയും രണ്ടാം ടേമില്‍ മന്ത്രിസ്ഥാനത്തെത്തും. 

വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്ലാ പാര്‍ട്ടികളും നാളെത്തന്നെ തങ്ങളുടെ മന്ത്രിമാരെ പ്രഖ്യാപിച്ചേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക