Image

ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)

Published on 18 May, 2021
ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)
മുകളിലെ ചോദ്യത്തിന് ആർക്കും ഉത്തരം വേണ്ട. മാധ്യമ ശിങ്കങ്ങൾക്കും , ബുദ്ധിജീവി , നിരീക്ഷക നിഷ്‌കുകൾക്കും  ചാനൽ സമയം കൊല്ലികൾക്കും ഒന്നും വേണ്ട. പിന്നെ വേണ്ടതോ  സത്യപ്രതിജ്ഞ എങ്ങനെ നടത്തണം, ഉപദേശത്തോട്   ഉപദേശമാണ് സോഷ്യൽ മീഡിയയിൽ. 99 സീറ്റ്‌ ആണു ഇടതുമുന്നണി നേടിയത്‌, അതും ഷാഹഹാനും മലംകറിയയും ശങ്കരൻ വക്കിലും, പോളിസി വിദഗ്ദനുമൊക്കെ നൽകിയ ഇലക്ട്രിഫിക്കേഷൻ തീയറിയും വിശ്വസിച്ച്‌,അമേരിക്കയിൽ നിന്ന് ആരോഗ്യമന്ത്രിയാകാൻ പോയ ഡോക്ടര് ഉൾപ്പെടെ (അവിടെ കോൺഗ്രസുകാർ  വോട്ട് ബിജെപിക്കു കൊടുത്തതു  കൊണ്ട് മൂപ്പർ  മൂന്നാം സ്ഥാനത്തു ആയി പോയി) മുഖ്യമന്ത്രിയും മന്ത്രിമാരും മുതൽ ഐ ഐ എസ്സ്‌- ഐ പി എസ്സ്‌ ഉദ്യോഗസ്ഥരുടെ മാറ്റം വരെ തീരുമാനിച്ച്‌ കാത്തിരുന്ന കോൺഗ്രസ്സുകാരുടെ , അണ്ണാക്കിൽ കയറി വെടിപൊട്ടിച്ച്‌, ഇനിയൊരിക്കലും കരിയാത്ത പൊള്ളൽ ആസനത്തിൽ ഏൽപ്പിച്ച്‌ കൊണ്ട്‌...അതും മനോരമ തോൽപ്പിച്ച മണിയാശാനും മുഹമ്മദ്‌ റിയാസുമൊക്കെ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷം നേടിക്കൊണ്ട്‌.

തീർന്നില്ല, ഒറ്റപ്പാലവും ത്യത്താലയും  താനൂരും വടക്കാഞ്ചേരിയും അരുവിക്കരയുമടക്കം സർവ്വ മാലിന്യങ്ങളേയും തൂത്തെറിഞ്ഞ്‌, തുടങ്ങി ആകെയുള്ള ബി ജെ പിയെ പിഴുതെറിഞ്ഞ്‌ സംപൂജ്യരാക്കിക്കൊണ്ടാണു ഇടതുമുനണി കേരള ചരിത്രത്തിലെ ആദ്യ തുടർഭരണം നേടിയത്‌..ഒരു വർഷം ആഘോഷിച്ചാലും തീരാത്ത വിജയം...

എന്നിട്ടും ഇടതുമുന്നണി പ്രവർത്തകർ ഒന്ന് ഉറക്കെ മുദ്രാവാക്യം പോലും വിളിക്കാ
തെ വിട്ടിലിരുന്നു. മുന്നണി പറഞ്ഞ മെയ്‌ ഏഴിനു വീട്ടിനുള്ളിൽ മധുരം വിതരണം ചെയ്ത്‌ കൊണ്ട്‌....

ആ മുന്നണിയുടെ നായകനാണു സത്യപ്രതിഞ്ജക്ക്‌ ട്യൂഷൻ എടുക്കാൻ കുറെ എണ്ണം ശ്രമിച്ച്‌ നോക്കുന്നത്‌...
21 മന്ത്രിമാർ ആരെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞല്ലോ . പക്ഷെ 750 അതിഥികൾ ഉണ്ടെന്നും അവർ ആരൊക്കെയാണെന്നും ഞങ്ങൾ കണ്ടെത്തി കഴിഞ്ഞു....

ഊഹാപോഹക്കാരോടാണു, പറയാനുള്ളത് വെടിപ്പായി മുഖ്യൻ  ‌ പറഞ്ഞിട്ടുണ്ട്‌... "ഒരു പ്രത്യേക കാലഘട്ടത്തിലൂടെ ആണ് നമ്മൾ കടന്ന് പോകുന്നത് . ആ കാലഘട്ടത്തിന് അനുയോജ്യം ആയ രീതിയിൽ വളരെ അത്യാവശ്യം ഉള്ളവരെ മാത്രം ഉൾപ്പെടുത്തി ഉള്ള ഒരു ചടങ്ങ് മാത്രം ആയിരിക്കും. തീരുമാനം ആയാൽ പ്രത്യേകം ആയി നിങ്ങളോട് പറയാം"

ചൊറിയന്മാരോട്‌...
മെയ്‌ 2 നു തുടങ്ങിയ ചൊറിച്ചിൽ ആണു. അത്‌ ഇനിയങ്ങോട്ട്‌ വീണ്ടും അഞ്ച്‌ വർഷം കൂടി ചൊറിയേണ്ടി വരും. അത്‌ കഴിഞ്ഞാൽ പിന്നെ സ്ഥിരമായിക്കോളും....ചൊറിഞും മാന്തിയും തീരാനാണു നിന്റെയൊക്കെ വിധി എന്നർത്ഥം..!മൂക്ക് മുറിച്ചായാലും ശകുനം മുടക്കുന്നവർ * സത്യപ്രതിജ്ഞയ്ക്ക്‌ പന്തലിടാൻ കുഴി കുത്താൻ തുടങ്ങിയപ്പോൾ മുതലാണ് ചിലരെയൊക്കെ മുമ്പില്ലാതിരുന്ന ഒരു കോവിഡ് ബോധവൽക്കരണത്വരയും പ്രോട്ടോക്കോളുമൊക്കെ ഉൾവിളിപോലെ പിടികൂടിയത്.

സർക്കാർ സത്യപ്രതിജ്ഞ എങ്ങനെയാണ് നടത്തേണ്ടതിന്റെ സമഗ്ര ഉപദേശശതകം അവതരിപ്പിക്കുകയാണ്. വിജയത്തിന്റെ തിളക്കം കൂടാൻ അതുപകരിക്കുമത്രേ. സർക്കാർ മാതൃകയാവണം വേറെ ചിലർ. അങ്ങനെ പല വേർഷനുകൾ ! ഇടതുപക്ഷം വിശേഷിച്ചും സി പി ഐ (എം ) 916 വിശുദ്ധി കാത്തുസൂക്ഷിക്കണം എന്ന് നിർബന്ധമുള്ള ഒരു കൂട്ടരുണ്ട്. അവരുടെ കയ്യിലെപ്പോഴും ഈ പരിശുദ്ധി പരിശോധനാ യന്ത്രം ഉണ്ടാവും! സി പി എം അനങ്ങുമ്പോഴും തിരിയുമ്പോഴും നിവരുമ്പോഴുമെല്ലാം യന്ത്രം അതൊക്കെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകും. ആങ്കിളുകൾ പിഴച്ചാൽ ഉടൻ ഇവർ ഒച്ചവെച്ച് ആളെക്കൂട്ടും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അവരൊക്കെ ജന്മം എടുത്തിരിക്കുന്നതുതന്നെ സി പി എമ്മിനെ നന്നാക്കി പണ്ടാരടങ്ങാനാണ്. അവരെ നമ്മൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. ഇവരെ തിരിച്ചറിയാനുള്ള ഒരു മാർഗ്ഗമുണ്ട്. ഒന്നാമത്തെ ലക്ഷണം പാർട്ടിക്കുവേണ്ടി നാട്ടിൽ പ്രവർത്തിക്കുന്ന പ്രവർത്തകരോട് ഇവർക്ക് പരമ പുശ്ചമായിരിക്കും. രണ്ടാമതായി പാർടി നേതാക്കന്മാർ ഒരിക്കലും ഇവരുടെ സങ്കല്പത്തിലേക്ക് ഉയരാറില്ല. ഇക്കൂട്ടർ നിർത്താതെ തത്വപ്രഘോഷണം നടത്തിക്കൊണ്ടിരിക്കും. മറ്റൊരു സവിശേഷത മറ്റൊരു രാഷ്ട്രീയ പാർട്ടികളുടെയും കാര്യത്തിൽ ഇവർ ഒരു രീതിയിലും ഇടപെടാറില്ല എന്നതാണ് ! കേരളരാഷ്ട്രീയ ചരിത്രതെത്തന്നെ മാറ്റിമറിച്ച ഒരു തെരഞ്ഞെടുപ്പ് വിജയമാണ് ഇവിടെ നടന്നത്. അതിന്റെ മാറ്റ് എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല. അത്ര തിളക്കമാണ് ആ വിജയത്തിന്. അതിന് മുൻനിന്ന് പ്രവർത്തിച്ച ലക്ഷങ്ങളുണ്ട്. അവരാരും ചെറുതായിപ്പോലും തെരുവിലിറങ്ങി വിജയം ആഘോഷിച്ചില്ല. അത്രയും അച്ചടക്കബോധം ചിന്തിക്കാൻപോലും കഴിയാത്തതാണ്. ഏഴാം തീയതി വിളക്കുകൊളുത്തി പൂത്തിരി കത്തിച്ചു മാത്രമാണ് ആഘോഷിച്ചത്. അതിൽപ്പോലും പലതും കണ്ടുപിടിക്കാൻ ശ്രമിച്ചവരാണ് ഈ നന്നാക്കികൾ !

ഇതിന്റെയൊക്കെ ചുക്കാൻ പാർടി വിരുദ്ധരാണ് ഏറ്റെടുത്തിരിക്കുന്നതെങ്കിലും ഇടതുപക്ഷ രാഷ്ട്രീയത്തെ ശത്രുക്കൾ എതിർക്കുന്നതിന്റെ വഴികൾ അറിയാത്ത ചില ഇടതുപക്ഷ സൈബർ ഇടങ്ങളിലെ നിഷ്കളങ്കരും ഇതിലൊക്കെ പെട്ടുപോകുന്നു എന്നതാണ് ഏറെ വിഷമിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഒന്നരവർഷം ലോകത്തിനുതന്നെ മാതൃകയായി കോവിഡിനെ പ്രതിരോധിച്ച സർക്കാരിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ടുതന്നെ സത്യപ്രതിജ്ഞ നടത്താനറിയാം എന്ന പൊതുനിലപാടാണ് നമ്മൾ ഉറച്ച ശബ്ദത്തിൽ ഉറക്കെ പറയേണ്ടത്. കോവിഡിന്റെ ഉച്ചസ്ഥായിയിൽ എസ് എസ് എൽ സി പരീക്ഷയും പ്ലസ് ടു പരീക്ഷയും നടത്തിയവരാണ് നമ്മൾ ! ഇടതുപക്ഷ ശത്രുക്കൾക്കും അവരുടെ ശത്രുതയ്ക്ക് ഈണമിടുന്നവർക്കും അനേകം മുഖങ്ങളുണ്ട്. അത് വേർതിരിച്ചറിയാൻ നമുക്ക് കഴിയണം.

പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയം നേടിയതിൽ അമർത്തിപ്പിടിച്ച അമർഷം ഉള്ളവർ അനവധിയാണ്. പഴയകാല പരമ്പരാഗത പിണറായി വിരുദ്ധ ബ്രിഗേഡിൽ പെട്ടവർക്ക് സഹിക്കാൻ കഴിയുന്നതിന്റെ അങ്ങേയറ്റമാണ് ഈ ചരിത്രവിജയം. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ആകാത്തത്തിലുള്ള അമർഷം മാധ്യമങ്ങൾക്ക് അടക്കിനിർത്താൻ ഇപ്പോഴും ആയിട്ടില്ല. അവരും ഈ കുരുട്ടുബുദ്ധിക്ക് പിന്നിലുണ്ട്. പിണറായി വിജയൻ എങ്ങനെ ജനങ്ങളുടെ നാഥനും നായകനുമായി എന്നത് ഇപ്പോഴും അവർക്ക് ഒരു പ്രഹേളികയാണ്. പിണറായിയുടെ രണ്ടാമൂഴം ഇപ്പോഴും ദഹിക്കാത്തവരായി പലരുമുണ്ട്. " ശുദ്ധ " ഇടതുപക്ഷക്കാരാണ് ഇവരിൽ ഒരുകൂട്ടർ. അവരാണ് സത്യപ്രതിജ്ഞയിൽ ആശങ്കപ്പെടുന്ന " കോവിഡ് മുന്നണിപ്പോരാളികൾ!" പിണറായിയുടെ രണ്ടാം സത്യപ്രതിജ്ഞ കേവലം ഔപചാരികമായ ഒരു ചടങ്ങ് മാത്രമല്ല. അതിന് ജനജീവിതവുമായി ബന്ധപ്പെട്ട അനേകം മാനങ്ങളുണ്ട്.

രാഷ്ട്രീയ മാനങ്ങൾ വേറെയുമുണ്ട്. പലരുടെയും വീരവാദങ്ങളെയും നിരന്തരമായ അപവാദപ്രചാരണങ്ങളെയും ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞതിന്റെ സൗവർണ്ണ ശോഭയുണ്ട് അതിന്. കേന്ദ്ര ഏജൻസികളെ രംഗത്തിറക്കി അവർ കളിച്ച കളികൾക്ക് മുഖമടച്ച അടികൂടിയാണ് ഈ വിജയം. കേരളം ജനത്തിന് മുന്നിൽ കാഴ്ചവെച്ച ബദൽ വികസന പദ്ധതികളുടെ വിജയം വിളിച്ചോതുന്നതാണ് ഈ സത്യപ്രതിജ്ഞ. തെറ്റിദ്ധരിക്കപ്പെട്ടു വോട്ട് ചെയ്ത ആളുകളിൽപ്പോലും ഇടതുപക്ഷ അനുഭാവം നിറയ്ക്കുന്ന ചടങ്ങുകൂടിയാണത്. ഇതിനെയെല്ലാം രാഷ്ട്രീയ ശത്രുക്കൾ വല്ലാതെ ഭയപ്പെടുന്നു. അതിന്റെ മോങ്ങലാണ് ഇവരുടെ പുത്തൻ കോവിഡ് വിരുദ്ധ പ്രണയം. എത്ര പെട്ടെന്നാണ് ഇവരൊക്കെ കോവിഡ് വിരുദ്ധതയുടെ അപ്പോസ്തലന്മാരായി മാറിയത് ! സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിനു കഴിയുംവിധമൊക്കെ പാരവെച്ചു നടന്നിരുന്നവക്ക്‌ എത്ര പെട്ടന്നാണ് ഉൾവിളി ഉണ്ടായത്!

ആർക്കൊക്കെ ചൊറിഞ്ഞാലും പൊട്ടിയാലും വൃണമായാലും ഈ സത്യപ്രതിജ്ഞ നിശ്ചയിച്ച സ്ഥലത്ത് നിശ്ചയിച്ച സമയത്ത് നിശ്ചയിച്ചപ്രകാരം നടത്തുകതന്നെ ചെയ്യും. വിവാദം ഉണ്ടാക്കുന്നവർക്ക് അതാകാം. അതുകണ്ട് പിന്തിരിയാൻ ഇത്‌ യു ഡി എഫ് അല്ല. സത്യപ്രതിജ്ഞ നടക്കും. ജനം അതൊക്കെ വീട്ടിലിരുന്നു കാണും. അവർ നെഞ്ചേറ്റിയ സർക്കാർ അവർക്കുവേണ്ടി തുടർന്നും പ്രവർത്തിക്കും. ഇത്‌ അവരുടെ സർക്കാരാണ്. കേരളീയർക്ക് നവകേരളം സമ്മാനിക്കുമെന്ന വാക്ക് ഈ സർക്കാർ യാഥാർത്ഥ്യമാക്കും. അതാണ് പിണറായി സർക്കാർ. 900 ഉറപ്പുകൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട് അതിൽ 850 എങ്കിലും കുറഞ്ഞത് നടപ്പിലാക്കും. അപ്പോൾ കാണുന്ന കേരളം ഇപ്പോൾ കാണുന്നതായിരിക്കില്ല. അതാണ് ഉറപ്പ്. ചെയ്യാനാവുന്നതേ സർക്കാർ പറയു ചെയ്യാനാവാത്തത് ഈ സർക്കാർ പറയാറില്ല. ഉറപ്പാണ്, അതിന്റെ പേരാണ് എൽ ഡി എഫ്.ഇനി സത്യപ്രതിജ്ഞ എടുക്കുന്നത് എങ്ങനെ എന്ന് പറയാം സസ്പെൻസ് തീരുന്നില്ല ങ്കിൽ 50,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ വെറും 500 പേർ, അതും കോവിഡ് നെഗറ്റീവ് റിസൾട്ടുള്ളവർ മാത്രം അല്ലെങ്കിൽ 2ഡോസ് വാക്‌സിൻ എടുത്തവർ! മാത്രമല്ല എല്ലാവരും ഡബിൾ മാസ്ക് ധരിച്ച് രണ്ടു മീറ്റർ ദൂരത്തിൽ!! ഇനി കോവിഡ് പ്രോട്ടോകോളും പറഞ്ഞു ബഹളം വെയ്ക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. 140 എം എൽ എ മാരും എംപി മാരും വളരെ കുറച്ച് ഉദ്യോഗസ്ഥരും കുറച്ചു പോലീകാരും പത്രക്കാരും മാത്രം. ഇത് മാതൃകാപരം തന്നെയാണ്. നാം താമസിയാതെ ആയിക്കരക്കണക്കിന് പേർക്ക് ഒന്നിച്ചുകൂടാൻ പറ്റുന്ന സാഹചര്യത്തിലേക്ക് വരും... ഉറപ്പ്!മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ ആണ് സെന്‍ട്രല്‍ സ്റ്റേഡിയമല്ല ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞാ വേദി. ഈ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളമാകെ ഇരമ്പി എത്തിയേനെയെന്നറിയാം.

ജനങ്ങള്‍ ഓരോര്‍ത്തരും നമ്മുടെ മനസിലുണ്ട്. അതിലപ്പുറമല്ല ഒരു സ്റ്റേഡിയവും. വരാന്‍ കഴിയാത്ത ജനങ്ങളെ ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഘോഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ആരും തടയില്ല. രോഗം മാറുന്ന മുറക്ക് നാം ഒരുമിച്ച് നിന്ന് ആഘോഷിക്കും. ആ നല്ല കാലത്തിന്റെ പുലര്‍ച്ചക്ക് വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചയാണ് ഇന്നത്തെ അസൗകര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കഴിയുമെങ്കിൽ അനാവശ്യ ചർച്ചകൾക്കു തല കൊടുക്കാതെ നാട്ടിലുള്ള ബന്ധുക്കൾക്ക്, നാട്ടുകാർക്ക് എങ്ങനെയും വാക്‌സിൻ കിട്ടാൻ തന്നാലാകുന്ന സഹായിക്കാൻ നോക്കുക അവിടെയുള്ളവർ വാക്‌സിനേറ്റഡ് ആയാലേ  നമുക്കു എല്ലാം അവധിക്കു ഒന്ന് നാട്ടിൽ പോകാൻ കഴിയൂ വാക്‌‌സിനായി ആഗോള ടെണ്ടര്‍; മൂന്നു കോടി ഡോസ് വാങ്ങുമെന്ന് ;അതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി  പറഞ്ഞു കഴിഞ്ഞു  ഇനി വേണ്ടത് ലോകത്തിലുള്ള എല്ലാ മലയാളികളുടെയും സഹായമാണ് അത് കേരളത്തെ സ്നേഹിക്കുന്ന മനുഷ്യർ ചെയ്യുമെന്നറിയാം അല്ലാതെ ആകാശത്തെക്കു  ഏണിവച്ചു കയറിയിട്ട് ഒരു കാര്യവുമില്ല സത്യാ പ്രതിജ്ഞ അവിടെ കൂളായിട്ട്    നടക്കും ..ഗോ ടൂ സ്ലീപ് .....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക