Image

കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം, മാര്‍ഗരേഖ പുറത്തിറക്കി

Published on 18 May, 2021
കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം,  മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കും അനുസരിച്ചായിരിക്കണം സംസ്കാരമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു. കോവിഡ് ബാധിച്ച് വീട്ടില്‍ മരിച്ചാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിക്കണം. ആശുപത്രിയില്‍ മരിച്ചാല്‍ അവിടെ നല്‍കിയ മേല്‍വിലാസം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. ബന്ധുക്കള്‍ ആ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ സംസ്കരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു കൊണ്ടുപോകാം.

സെക്രട്ടറി നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ക്കും മൃതദേഹം വിട്ടുകൊടുക്കും. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങളൊരുക്കാന്‍ തദ്ദേശസ്ഥാപന അധികൃതര്‍ സഹായിക്കും.

ആശുപത്രി വാര്‍ഡില്‍നിന്ന് മൃതദേഹം മാറ്റുംമുമ്പ് ബന്ധുക്കള്‍ക്ക് സുരക്ഷാ മുന്‍കരുതലുകളോടെ കാണാം. കോവിഡ് സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സാംപിള്‍ ശേഖരിക്കും. പരിശോധനാഫലത്തിന് കാക്കാതെതന്നെ മൃതദേഹം വിട്ടുനല്‍കും. കോവിഡ് സംശയിക്കുന്ന ആളായാല്‍ പോലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും മൃതദേഹം സംസ്കരിക്കുക.

പി.പി.ഇ. കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വൊളന്റിയര്‍മാരെയോ മാത്രമാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗില്‍ സ്പര്‍ശിക്കാനും ശ്മശാനത്തിലേക്കും മറ്റും കൊണ്ടുപോകാനും അനുവദിക്കുക. സംസ്കാരച്ചടങ്ങുകളില്‍ 20 പേര്‍ക്കാണ് അനുമതി.

വ്യക്തിയോടു കാണിക്കുന്ന എല്ലാ ബഹുമാനവും മൃതദേഹത്തോടും പുലര്‍ത്തണം. കൂടെ ബന്ധുക്കളുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് ഉറപ്പാക്കാനാവണം. മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നപോലുള്ള അവസ്ഥ നമ്മുടെ സംസ്ഥാനത്ത് വരാതിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ശ്മശാനം നടത്തിപ്പുകാരും ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക