Image

കുവൈറ്റില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുക്കുന്നു

Published on 20 May, 2021
കുവൈറ്റില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുക്കുന്നു


കുവൈറ്റ് സിറ്റി : രാജ്യത്ത് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇതുവരെയായി 1,922,000 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. വ്യാപാര മാളുകള്‍ കേന്ദ്രീകരിച്ചും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമായി ദിനംപ്രതി 30,000 ലേറെ ആളുകളാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നത്. നേരത്തെ വാക്‌സിന് ക്ഷാമം അനുഭവപ്പെട്ടിരുന്നുവെങ്കിലും ഫൈസര്‍ വാക്‌സിന്‍ ആഴ്ചതോറും എത്തുന്നതും കുത്തിവയ്പ്പ് വേഗത്തിലാകുവാന്‍ സഹായിച്ചതായി അധികൃതര്‍ പറഞ്ഞു.

ഇപ്പോഴത്തെ രീതിയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുവാന്‍ സാധിക്കുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചത് രാജ്യത്തെ കോവിഡിനെതിരെയുള്ള പോരട്ടാത്തില്‍ സഹായകരമായതായും പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും അത്യാഹിത വിഭാഗത്തിലെ രോഗികളുടെ എണ്ണം കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി

സെപ്റ്റംബറോടെ 30 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ഇതോടെ രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചവരായി മാറുമെന്നും ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. വാക്‌സിനേഷന്‍ കാന്പയിന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും തൊഴിലാളികളുടെ ജോലി സ്ഥലങ്ങളിലെത്തിയും കുത്തിവയ്പ്പ് നല്‍കുന്നതിനുള്ള മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ക്യാന്പ് കൂടുതല്‍ ശക്തമാക്കും. റസ്റ്റോറന്റുകള്‍, ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് വാക്‌സിന്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ എത്രയും വേഗം ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ ജീവനക്കാരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക