America

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

Published

on

"നസീറാത്താ..." ഷാഹിദ വിളിച്ചു.
 
"നസീറാ ..ദാ ഷാഹിനാര വിളി കേൾക്കണ്, ഒന്ന് പോയി നോക്ക്" സഫിയമ്മ വിളിച്ച് പറഞ്ഞിട്ട് മാവ് അരിക്കൽ തുടർന്നു.
 
"നസീറാത്താ ഇന്ന് ഇങ്ങള് അച്ചപ്പം ഉണ്ടാക്കണുണ്ടാ"
 
"അസറ് കഴിയൂല്ലോ ഷാഹിദാ . എപ്പോഴാ നീ പോണത് "
 
"അച്ചപ്പം കിട്ടിയാലുടനെ പോവും. പിള്ളേര് പ്രത്യേകം പറഞ്ഞ് വിട്ടതാ .
 
"അസ്സറിന് തരാം. അപ്പോഴത്തേക്കാകും. നിനക്കും മകൾക്കും സുഖാണോ . ഇടക്ക് നിന്റെ  ഉമ്മാടുത്ത് നിന്റെ കാര്യങ്ങൾ ഞാൻ അന്വേഷിക്കാറുണ്ട്. "
 
"ഉമ്മ അങ്ങ് വരുമ്പോ ഞാനും നിന്നെയും മക്കളെയും ഒക്കെ ചോദിക്കും "
 
നസീറടെ ഉറ്റ കൂട്ടുകാരത്തിയാണ് ഷാഹിദ, പ്രായത്തിൽ രണ്ട് വയസ്സ് മൂപ്പ് നസീറക്കായിരുന്നു. കൂട്ടുകാരിയാണെങ്കിലും ഇത്താന്ന് വിളിച്ച് ഷാഹിദ ശീലമായി പോയി. അവൾ കെട്ട്യോന്റെ വീട്ടീന്ന് വന്ന് തിരികെ പോകുമ്പോ നസീറന്റെ പലഹാരങ്ങളും ഒപ്പം കൂട്ടും.
 
ആവശ്യക്കാർക്ക് അച്ചപ്പം കിണ്ണത്തപ്പം ഒക്കെ ഉണ്ടാക്കി വിൽക്കും സഫിയുമ്മയും നസീറയും . സുബൈർ കച്ചോടത്തിന് പോയപ്പം രണ്ടാമത് അവിടെന്ന് കെട്ടിയ കാലം മുതൽക്കാണ് സ്വയം ജീവിക്കാൻ നസീറ തുടങ്ങിയത്. നാല് പെൺകുട്ടികളും . അതുങ്ങൾക്ക് വിശക്കരുതെന്ന് മാത്രമേ തനിക്കറിയായിരുന്നുള്ളു. സഫിയാമ്മ മരുമോളേയും മക്കളെയും പൊന്ന് പോലെ നോക്കി കൂടെയുണ്ട്. സാധനങ്ങൾ വാങ്ങുന്നതും , തയ്യാറായി കഴിയുമ്പോ കടയിൽ കൊണ്ട് കൊടുക്കുന്നതുമൊക്കെ സഫിയാമ്മായാണ്. സുബൈർ ഇടക്കിടെ വരും. എന്തെങ്കിലും ഒക്കെ വാങ്ങി വരും. സഫിയാമ്മാക്ക് വിഷമമാകൂന്ന് കരുതി സുബൈറിനോട് വഴക്കിനൊന്നും പോകാറില്ല. അല്ലെങ്കിലും നസീറ ആർക്കും ശല്യമാത്ത ഒരു പതിത്ത സ്വഭാവക്കാരിയും. ഒറ്റമുറി വീട്ടിൽ ആറ് സ്ത്രീകൾ.  പരസ്പ്പരം പറ്റുന്ന രീതിയിൽ ഒക്കെ സഹായവും ആശ്വസിപ്പിക്കലും ഒക്കെയായി അങ്ങനെ. ഇല്ലായ്മയുമായി മക്കളും പൊരുത്തപ്പെട്ടു കഴിഞ്ഞു. നസീറാക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു ഈ മനുഷ്യൻ എന്തിനാ പോയി കെട്ടിയതെന്ന്. തങ്കം പോലത്തെ നാല് പെൺ മക്കളാ. ലൈല മൂത്തവളായത് കൊണ്ട് ഉമ്മാടെ വിഷമങ്ങളറിയാം. സബൂറാക്ക് പേരില് മാത്രമേ സബൂറുള്ളു. പാത്തൂനും സീനക്കും പത്തും എഴും വയസ്സും. 
 
നസീറ പറഞ്ഞ് തുടങ്ങി.
 
 "ഷാഹിദാ ....വാപ്പ വരുന്ന ദിവസം പെരുന്നാള്പ്പെട്ടപാടാ മക്കൾക്ക് . ഒരിക്കൽ  വന്നപ്പോൾ ലൈലാന് ഒരു ആലോചന കൊണ്ട് വന്നിരുന്നു. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടണില്ല " 
 
 
"അതുങ്ങളുടെ കാലത്ത് നിങ്ങട എല്ലാ കഷ്ടവും മാറും ഇത്തോ"
 
"ങാ ,പട്ടിണി ഇല്ലന്നെയുള്ളു. നല്ല ഉടുതുണി പോലും ഇഷ്ടത്തിന് വാങ്ങിക്കൊടുക്കാൻ പറ്റണില്ല. അത്ങ്ങൾക്ക് പരാതിയും ഇല്ല ഷാഹിദാ .. രണ്ടണ്ണം വീട്ടിലായി, റബ്ബ് ഒരുത്തൻ എല്ലാം കാണുന്നുണ്ടല്ലോ "
അച്ചപ്പം അസറിന് തരാമേ.."
 
"ഉമ്മാ പാത്തു ഇതു വരെയായിട്ടും കുളിച്ച് കേറീട്ടില്ല" സബൂറ വിളിച്ച് പറഞ്ഞു. ആറ്റ് വെള്ളം കലങ്ങിയാലും അവള് കയറൂല്ല.
 
 "ഉമ്മച്ചീ... ഒന്ന് പോയി നോക്കിയാണ്. ഞാൻ മാവ് ശരിയാക്കാം. നസീറ, സഫിയാമ്മായെ പറഞ്ഞുവിട്ടു.
 
പാത്തൂ... എടീ.... കേറെടി ഇങ്ങോട്ട്. നീന്തി തളർന്നാലും കേറൂല്ലാ ല്ലേ... അവള് വന്നാ അടി ഉറപ്പാ .
 
"വാപ്പിമ്മാ .... കഴുകീട്ട തുണി ഉണങ്ങില്ല അതാ" പത്തു പറഞ്ഞു.
 
സീനാ .. അശയിൽ കിടക്കണ എന്റെ മസ്ലിയൻ എടുത്തോണ്ട് വാ. തണുപ്പടിച്ച് വല്ലോം വരുത്തണ്ട .
മസ്ലിയൻ കൊണ്ട് വന്നിട്ട് സീനമോള് പതിയെ പറഞ്ഞു 
 
"അവള് തോന പ്രാവശ്യം അക്കരെ ഇക്കരെ നീന്തി " .
 
"ആരും മോശമൊന്നുമല്ല. ശരിയാക്കും നോക്കിക്കോ. മലവെള്ളം കുത്തി ഒഴുകിവരുന്ന കാലമാ ..."
 
"ഞാൻ അതിനും മീതെ നീന്തും വാപ്പീമ്മാ" പാത്തൂ കൊഞ്ചി പറഞ്ഞു.
 
കരയിൽ വിരിച്ചിട്ടിരുന്ന ഉണങ്ങാത്ത പാവാടയും ഉടുപ്പും കണ്ട് സഫിയാമ്മാടെ മുഖം വാടി. കല്ലിൽ കുറെ സോപ്പ് കായ ഇരിക്കുന്നു. സോപ്പ് കായ പറിച്ച് തുണി കഴുകി വിരിച്ചിട്ട് ഉണങ്ങാൻ കാത്ത് വെള്ളത്തിൽ നീന്തി കുളിച്ചോണ്ടിരിക്കയാണ്. പാവം മക്കൾ അവർക്ക് ആവശ്യമുള്ളതൊന്നും കിട്ടാറില്ല.
 
ഈ ദുരിതത്തിന് അത്രയ്ക്കും കാരണം തന്റെ മകന്റെ ഉത്തരവാദിത്ത കുറവാ. അല്ലെങ്കി നല്ലോരു പെണ്ണിനെയും കിളിപോലത്തെ നാല് മക്കളെയും ഇട്ട് വേറെ പോയി കേട്ടോ. വയസ് കാലത്ത് ഇതൊക്കെ കാണാനാണല്ലോ വിധി. റബ്ബേ... ഇത് ങ്ങളെ ഒക്കെ കാത്തോളണേ ... സഫിയുമ്മ മനസ്സിൽപ്പറഞ്ഞു.
 
അച്ചപ്പം പൊരിച്ചയുടനെ ഷാഹിദാക്ക് ആവശ്യമുള്ളത് കൊടുത്തു. കൈക്കുടനെ പൈസയും കിട്ടി.
 പൊരിക്കലൊക്കെ കഴിഞ്ഞ് എല്ലാം ഒതുക്കി.ഉള്ള ചോറ് എല്ലാരും കൂടി കഴിച്ച് ഇശാ നിസ്ക്കാര ശേഷം ഉറങ്ങാൻ കിടക്കെ സഫിയാമ്മ പതിയെ പറഞ്ഞു.. 
 
"മോളേ... നീ അക്കരത്തെ ഖദീജുമ്മ പറഞ്ഞ കാര്യം ഒന്ന് ആലോചിക്ക്. ഖദീജുമ്മായും സുമയ്യായും രണ്ട് കുഞ്ഞിപ്പിള്ളേരും മാത്രമേ അവിടുള്ളു. ആ പിള്ളര് വീഴാതെയും നിലത്ത് നിന്ന് ഒന്നും എടുത്ത് വായിൽ വെയ്ക്കാതെയും ഒക്കെ ഒന്ന് ശ്രദ്ധിക്കണം.
 
"ഉമ്മാ . ലൈല വലുതല്ലേ... ആലോചനകൾ വരുന്നു. പലഹാരം ഉണ്ടാക്കാൻ സബൂറാക്ക് നല്ല മിടുക്കാ അവളെ വിടാനും പറ്റില്ല. പാത്തുനെ എങ്ങനെ വിടും. അതൊരു പാവകുട്ടി പോലെ. സീന കുഞ്ഞും " . നസീറ പറഞ്ഞ് നിർത്തി.
 
"പാത്തൂനെ വിടണതാ നല്ലത്. കുട്ടികളെ ശ്രദ്ധിക്കാൻ പാത്തു മതി. നീ പിള്ളേടുത്ത് നല്ല ബുദ്ധി പറഞ്ഞ് കൊടുക്ക്. ഖദീജുമ്മ പൊന്ന് പോലെ നോക്കും "
 
രാത്രി ഉറങ്ങാൻ നേരം നസീറാ പതിയെ വിളിച്ചു..
 
 "പാത്തു... അക്കരെത്തെ ഖദീജുമ്മാടെ വീട്ടിൽ കുറച്ച് ദിവസം പോയി നിക്കണാ മോളേ. നല്ല രസമാ അവിടെ " .
 
"വാപ്പ അറിഞ്ഞാൽ ... " അതിന് നസീറ മറുപടി പറഞ്ഞില്ല.
 
"മോളേ... ഇവിടെ മണ്ണിലും ചെളീലും കളിച്ചും , ആറ്റീ കുളിച്ചും സമയം കളയണതെന്തിനാ ഖദീജുമ്മ നന്നായി നോക്കും " .
 
" ഞാൻ പോവൂല്ല. ഉമ്മച്ചീടടുത്ത് ... കൈയില് ഇങ്ങനെ കിടക്കാൻ പറ്റൂല്ലല്ലോ..." വാക്കുകൾ മുറിഞ്ഞു.
 
"ഉമ്മച്ചീയും വാപ്പീമായും എപ്പോഴും വരും മുത്തിനെ കാണാൻ " . നസീറ ശബ്ദം വിങ്ങാതെ നിയന്ത്രിച്ചു. ചിമ്മിനി വിളക്കിന്റെ തിരിതാഴ്ത്തിയ അരണ്ട വെട്ടമായിരുന്നിട്ടും ഉമ്മാടെ കണ്ണീരിന്റെ തിളക്കം പാത്തു കണ്ടു.
 
 " ഞാൻ .... ഞാൻ പോവാം ഉമ്മച്ചീ.
 
"ഇതാരൊക്കെയാ .. സഫിയായും മക്കളും വന്ന്. സുമയ്യാ..ഇങ്ങോട്ട് വാ" ഖദിയുമ്മ വിളിച്ചു പറഞ്ഞു.
"ഇത് സുബൈറിന്റെ മൂന്നാമത്തെ മോളാ ഫാത്തിമ. പാത്തൂന്ന് വിളിക്കും " സഫിയാമ്മ പറഞ്ഞു..
 ഖദീജുമ്മ സ്നേഹത്തോടെ ചിരിച്ചു.
 
"ഇത് സുമയ്യാന്റെ മക്കളാ ജാബിറും ജസീറയും ". ഒന്നും മൂന്നും വയസ്സുള്ള കുരുന്നുകൾ. അവരോട് കളിക്കാൻ പാത്തു അപ്പോഴെ കൂടി. വിലപിടിപ്പിള്ള കളിപ്പാട്ടങ്ങളും നിരക്കി വിട്ടാൽ പായുന്ന കാറും അവൾക്ക് ആദ്യത്തെ കാഴ്ചയായിരുന്നു. ഇറങ്ങാൻ നേരം നസീറ പാത്തൂനെ ഒന്ന് രണ്ട് മുത്തം കൊടുത്തു. കണ്ണ് നിറയാതിരിക്കാൻ പാട്പ്പെട്ടു. രണ്ട് ദിവസത്തിനകം വരാം മോളേന്ന് ഉറപ്പ് കൊടുത്തു.
 
ഖദീജുമ്മായും സുമയ്യായും അവിടുത്തെ കുട്ടികൾക്കൊപ്പം പാത്തൂനെയും കണ്ടു. വലിയുമ്മാന്ന് വിളിച്ചാൽ മതീനും പറഞ്ഞു. രാത്രി ഖദീജുമ്മാടെ മുറിയിൽ പായവിരിച്ച് അവൾ ഉറങ്ങാതെ കിടക്കുന്നത് കണ്ട് ഖദിയുമ്മ തലയിൽ തലോടി. 
 
"എന്റെ രാജാത്തി ഉറങ്ങിക്കോ"
അവൾക്ക് അറബ് കഥകൾ പറഞ്ഞു കൊടുത്തു. ദിക്കാറുളും സ്വലാത്തുകളും ചൊല്ലിച്ച് അവളെ ഉറക്കി. അവൾക്ക് വീട്ടിൽ ഇടാൻ സുമയ്യുടെ സാരിയിൽ പാവാടയും ഉടുപ്പും തയ്പ്പിച്ച് വാങ്ങി.
 
രവിലെ അവൾ ടെറസ്സിൽ കയറിയത് അക്കരെ കാണാൻ പറ്റുമോന്നറിയാനായിരുന്നു. പാലത്തിന്റെ മറവിനാൽ വീട് കാണാൻ പറ്റുന്നില്ല. പൊട്ടു പോലെ കുളിക്കുന്നവരെ കാണാം. ഇവിടെ കടവും ഇല്ല , ആരും ആറ്റിൽ കുളിയ്ക്കയും ഇല്ല .അവളുടെ മുഖംമങ്ങി. ഖദിയുമ്മ അടുക്കളപ്പണിക്ക് നിൽക്കുന്ന സെയ്ത്തൂൻ താത്തയോട് പറഞ്ഞു പാത്തൂനെ കൊണ്ട് പണിയെടുപ്പിക്കരുത്. കുഞ്ഞുങ്ങളെ ഒന്ന് ശ്രദ്ധിക്കാനാ നിർത്തീരിക്കുന്നതെന്ന് .
 
കുട്ടികൾക്ക് പിന്നാലെയും കളിക്കോപ്പുകൾക്ക്‌ ഒപ്പവും പകലുകൾ പെട്ടെന്ന് അണയും. രാത്രി ഉമ്മച്ചിയേയുംഎല്ലാരെയും ഓർമ്മവരും. സങ്കടവും. വായിപ്പാഠമായി യാസീനും കുഞ്ഞ് ആയത്തുകളും മനപ്പാഠമാക്കി. പ്രവാചക കഥകൾ കേട്ടുറങ്ങി. അവൾ വളരുകയരുന്നു. ഇടക്കിടെ നസീറായും സഫിയാമ്മായും വന്ന് പോയി. വരുമ്പോ ലൈലാനെയോ സബൂറാനെയോ സീനാ നെയോ കൊണ്ട് വരും.
 
"വലിയുമ്മാ.. ഇത്രയും വലിയ കമ്മല് ഉണ്ടാ ലോകത്ത് " അവൾ ആകാക്ഷയോടെ ഖദിയുമ്മാടുത്ത് ചോദിച്ചു. വലിയുപ്പ വാങ്ങി തന്നതാ. നിറയെ കല്ല് ഉള്ളതാ ഇതിന്റെ ഭംഗി.
 
കാലങ്ങൾ വേഗത്തിൽ കടന്ന് പോയി. പാത്തൂന്റെ മൂത്ത ഇത്ത ലൈലന്റെ നിക്കാഹ് കഴിഞ്ഞു. സബൂറാക്കും ആലോചനകൾ വരുന്നു. ജാബിറും ജസീറയും നേഴ്സറിലും സ്ക്കൂളിലും ഒക്കെ ആയി. സുമയ്യ ഇടക്കിടെ ദുബായ്ക്ക് കെട്ട്യോന്റെ അടുത്ത് പോയി നിക്കും വരും. മക്കളുടെ കാര്യങ്ങളോർത്ത് സുമയ്യാ ക്ക് ഒരു ബേജാറുമില്ല. എല്ലാം പാത്തു കണ്ടറിഞ്ഞ് ചെയ്യ്തു. ഇടക്ക് അട്ക്കളക്കളയിലെ സെയ്ത്തു താത്തായെക്കുടെ സഹായിച്ചു. ഖദിയുമ്മയുടെ രാജാത്തി തന്നെയായിരുന്നു പാത്തു.  അവളോളം സുന്ദരി അവൾ മാത്രമായി. സബൂറാന്റെ കല്യാണം പറയാൻ നസീറായും സഫിയാമ്മയും വന്നു. ഖദിയുമ്മാടുത്ത് ഒരു കാര്യം കൂടിപറഞ്ഞു. സബൂറാന്റെ നിക്കാഹ് കഴിഞ്ഞാ പിന്നെ പാത്തൂനെ കൊണ്ട് പോകട്ടെന്ന്. പെട്ടെന്ന് ഉത്തരം ഖദിയുമ്മ പറഞ്ഞില്ല. സബൂറാന്റെ നിക്കാഹിന് എല്ലാ കണ്ണുകളും പാത്തുവിലായിരുന്നു. അവളും അണിഞ്ഞൊരുങ്ങാതെ തന്നെ മൊഞ്ചത്തിയെ പോലെ . ആരോ ആലോചനക്കാര്യം പറയുന്നതും കേട്ടു. കല്യണ തിരക്ക് ഒഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോ പാത്തു ഖദിയുമ്മാടെ വീട്ടിൽ പോകാൻ ഉമ്മായെയും കൂട്ടി. അവിടെ എത്തിയതും ഒരുവീട്ട്കാരത്തിയെ പോലെ അവൾ വേഗം വീട് ഒതുക്കി അടുക്കിപ്പെറുക്കി. ചായ ഇട്ടു. "വലിയുമ്മച്ചിയെ കാണാഞ്ഞിട്ട് എന്തോ പോലെ. അവൾ പറഞ്ഞു.
 
"എന്റെ രാജാത്തി പോയപ്പോ വീടുറങ്ങിപ്പോയി. നസീറാ നിനക്ക് പാത്തൂനെ ഇവടെ നിർത്തിക്കൂടെ. കല്യാണ നിശ്ചത്തിന് മുമ്പ് വിടാം" .
 
"ഏകദേശം ഉറച്ച മട്ടാ. ചെറുക്കന് ചന്തയിൽ മലക്കറി തട്ട് ഇട്ടിരിക്കുന്നു. നല്ല അധ്വാനിയാ."
 
"നല്ലതായിരിക്കട്ടെ അവൾക്ക് നല്ലതേ വരു. അറിഞ്ഞും കണ്ടും ഒരോന്ന് ചെയ്യാൻ മിടുക്കിയാ ഓള് 
നിന്റെ കണ്ണീരും റബ്ബ് കാണുന്നുണ്ടാവും. " ഖദീജുമ്മ പറഞ്ഞു.
കല്യാണ നിശ്ചയം വരെ പത്തു നിന്നു. നസീറ പ്രതീക്ഷിക്കുന്നതിലും നന്നായി പാത്തുനെ സഹായിച്ചു.
മൈലാഞ്ചി കല്യാണത്തിന് ഖദിയുമായും കുടുംബവും എത്തി. കുട്ടികൾ പാത്തൂനെ ചേർന്ന് നിന്നു.സുമയ്യ വിലപിടിച്ച തുണിത്തരങ്ങൾ കരുതീരുന്നു . ഖദിയുമ്മഒരു  ഡെപ്പിയും. ഖദിയുമായെ കാണുമ്പോ പാത്തു പഴയ പത്ത് വയസ്സുകാരിയാകും.
 
"എന്റെ രാജാത്തി ആ കമ്മല് ഊരിക്കെ "
പാഞ്ഞു കാതിൽ കിടന്ന ചെറിയ ഞാലി കമ്മൽ ഊരി.
ഖദിയുമ്മ ഡെപ്പി തുറന്ന് തന്റെ കാതിൽ ഉണ്ടായിരുന്ന കമ്മലിന്റെ മാതൃകയിൽ പുതിയ  ഒരെണ്ണം പണിഞ്ഞതായിരുന്നു. കുറെ കൂടി ഭംഗിയിൽ നിറയെ കല്ല് വെച്ച വലിയ കമ്മൽ. അത് കാതിൽ ഇട്ടു കൊടുത്തു . 
"ഇത് നിന്റെ കാതിൽ എന്നും ഉണ്ടാകണം "
 
കമ്മല് കണ്ട് പൂതിയും അതിശയവും ആയിരുന്നു എല്ലാർക്കും .ഖദയുമ്മാടെ കാതിലല്ലാതെ ഇത്രയും വലിയ കമ്മൽ അവരാരു കണ്ടിട്ടില്ല.
 
 "ഇപ്പോഴാ നീ രാജാത്തിയായത് " സബൂറ ഉറക്കെ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു. നാത്തൂൻ റസീന ഭംഗിയായി മൈലാഞ്ചി ഇട്ട് കൊടുത്തു.
 
"ഫാത്തിമാ നിനക്കെന്നെ ഇഷ്ടമായോ "
അവൾ ചിരിച്ചു.
 
" ഞാൻ കറുപ്പായത് കൊണ്ട് ഇഷ്ടപ്പെടോന്ന് സംശയം ആയിരുന്നു ചമ്മലും " റഫീഖ് പറഞ്ഞു. 
 
" ഞാൻ സാധിച്ചു തരേണ്ട എന്തെങ്കിലും ആഗ്രഹമുണ്ടോ നിനക്ക് "
 
"ഒരു ദിവസം ഖദിയുമ്മാടെ വീട്ടിൽ നമ്മുക്ക് പോകണം. "
 
"ഇപ്പോ പോണോ " അവൻ കുസൃതിയോടെ ചോദിച്ചു.റസീന നാത്തൂന്റെ വിശേഷം ഒക്കെ മൈലാഞ്ചിക്ക് വന്നപ്പോ പറഞ്ഞു. ഖദിയുമ്മാടെ അവിടെയാ നീ എന്ന് നേരത്തെ ഞാനറിഞ്ഞതാ. ഓ ഈ കമ്മലാണ് അല്ലേ റസീന വന്ന് പറഞ്ഞത് ഖദിയുമ്മാടെ സമ്മാനം. നല്ല ഭംഗിയാണ് നിന്നെ പോലെ "
അവൾ നാണം കൊണ്ട് ചുവന്നു. പതിയെ ആറ്റിലെ അക്കരെ ഇക്കരെ നീന്തലും ഖദിയുമ്മാടെ കുടുംബവും കിലുകിലുക്കത്തോടെ കഥകൾ പറയുമ്പോ കണ്ണിലെ കിന്നാരവും അവനെയേറെ കൊതിപ്പിച്ചു.
 
"എന്റെ രാജാത്തീ... ഒരിക്കലും ഈ കമ്മല് നഷ്ടപ്പെടുത്തരുത് കേട്ടോ "
"ഉമ്മച്ചാ ആ കമ്മല് തരോ " പാത്തുന്റെ ചെറുമകൾ കൊഞ്ചലോടെ ചോദിച്ചു. 
"എന്റെ കാലം കഴിഞ്ഞിട്ട് എടുത്തോ"
പാത്തു വിരലുകൾ കൊണ്ട് കഥകളുറങ്ങണ നിറയെ കല്ല് വെച്ച വലിയ വട്ട കമ്മല് മെല്ലേ തലോടി..
............................................................
സെലീന ബീവി 
തിരുവനന്തപുരം 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

View More