America

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

Published

on

ഓണച്ചന്തക്കു പോകുവാന്‍  മകന്‍  മുറ്റത്തെത്തിയപ്പോള്‍,  വാതിക്കല്‍ നിന്നുകൊണ്ട്  അമ്മ  വിളിച്ചുപറഞ്ഞു: “ നരേന്ദ്രാ, പെട്ടെന്നിങ്ങ് പോരണം. അമ്പലത്തിപ്പോകേണ്ടതാ.”  ശകുനം നോക്കാറുള്ള  വേലുപ്പിള്ള  അല്പ ദേ   ഷ്യത്തോടെ  ഭാര്യയോട് ചോദിച്ചു:  “ ഒരു വഴിക്ക് പോകുമ്പോ പിറകില്‍     നിന്ന്   വിളിക്കരുതെന്നറിയില്ലേ?” 
 
 “വഴീലെങ്ങും തങ്ങരുതെന്നോര്‍പ്പിച്ചതാ.  ഈ വര്‍ഷമെങ്കിലുമവന്‍റെ വിവാഹം നടക്കാനൊരു  നേര്‍ച്ചയുണ്ട്.  നാളെ മുപ്പത് വയസ്സാകും.” പര്‍വ്വതിയമ്മ പറഞ്ഞു, 
 
 “ജാതകപ്രകാരം മുപ്പത് തെകയണം.”  നടന്നകലുന്ന മകനെ നോക്കി അച്ഛന്‍  പറഞ്ഞു. 
നരേന്ദ്രന്‍പിള്ളക്ക് ,  ആറടിയോളം ഉയരം.  ഇരുനിറം. വടിവൊത്ത മേനി. കഴുത്തില്‍  സ്വര്‍ണ്ണമാല.  കാതില്‍ കടുക്കന്‍.  കസവുമുണ്ടും  വെളുത്ത ജുബ്ബയും ധരിക്കുന്ന സുമുഖന്‍.  ആഭാസന്‍,  ഇരട്ടച്ചങ്കന്‍  എന്നീ പേരുകളും  അസൂയക്കാര്‍  നല്കിയിട്ടുണ്ട്.  
 
കുരുമുളകും  കൊപ്രയും നിറച്ച  രണ്ട് കാളവണ്ടികള്‍. അവയുടെ പിന്നില്‍  നരേന്ദ്രനും  വേണു നായരും നടന്നു. പ്രധാന റോഡിലെത്താന്‍, മുക്കാല്‍  മൈല്‍ദൂരം. അവിടെനിന്നും  മണക്കാട്ട്‌ ചന്തയിലേക്ക് രണ്ട് മൈല്‍.  ചന്തയിലെത്തിയപ്പോള്‍,  കൊണ്ടുവന്ന സാധനങ്ങള്‍  വില്കാനും  ആവശ്യമുള്ളത്‌ വാങ്ങാനും  കാര്യസ്ഥന്‍ വേണുനായരെ  ചുമതലപ്പെടുത്തിയിട്ട്‌  നരേന്ദ്രന്‍ പിള്ള  നടന്നു.  
 
പ്രധാന റോഡില്‍നിന്നും  വടക്കോട്ട്‌ പിരിഞ്ഞു പോകുന്ന വഴി  ആട്ടുചന്തയിലെത്തും.   അതിന്‍റെ  ഒരുവശത്ത്‌  മീന്‍ ചന്ത.  മറുവശത്ത്‌  ഇറച്ചിക്കടകള്‍. ചൂടുള്ള വെയില്‍.  കമ്പോളത്തില്‍ ഉയര്‍ന്ന ആരവം. രണ്ടാം മണിനേരം.  ആട്ടുചന്തയില്‍ നിന്ന  കുട്ടിശങ്കരന്‍,  ആകസ്മികമായി നരേന്ദ്രന്‍ പിള്ളയെ  കണ്ടു. മുന്നോട്ടു നടന്നു.  അയാള്‍ തന്നെയെന്ന്  തിട്ടംവരുത്തി.  പെട്ടെന്ന്,   കുട്ടിശങ്കരന്‍റെ ഉള്ളിലൊരു മിന്നല്‍.  പലപ്പോഴും കേട്ട  ഒരു വിളിയുടെ മാറ്റൊലി.  ചിന്തയിലെരിവ്.  കാതിലൊരു ചൂളംവിളി.  ഒട്ടും ഒതുക്കാനാവാത്തൊരു ആന്തരീക സമ്മര്‍ദ്ദം.  അവന്‍  റോഡരുകിലെ വെച്ചുവാണിഭക്കാരുടെ  മുന്നിലെത്തി.  അന്വേഷിച്ചത്‌ കണ്ടു. പെട്ടെന്ന്,  ചോദിച്ച വില കൊടുത്തു വാങ്ങി.    
                                                                        
നരേന്ദ്രന്‍ പിള്ളയും  കൂട്ടുകാരന്‍  രാമന്‍പോറ്റിയും ആള്‍ക്കൂട്ടത്തിലൂടെ നടന്ന്‌  വേണുനായരുടെ  അരികിലെത്തി. ഇരുവരും  സംസാരിച്ചു.  കാര്യസ്ഥനെ  കാളവണ്ടിയില്‍   തറവാട്ടിലേക്ക് അയച്ചിട്ട്,  നരേന്ദ്രന്‍ പിള്ളയും കൂട്ടുകാരനും  വീണ്ടും  സംസാരിച്ചു കൊണ്ട് നടന്നു.   ചന്തയില്‍നിന്നും  അരമൈല്‍  അകലെ  എത്തിയപ്പോള്‍,  റോഡരുകിലുള്ള വീട്ടില്‍  രാമന്‍ പോറ്റി  കയറി.  നരേന്ദ്രന്‍പിള്ള  ഒറ്റപ്പട്ടു.  വീട്ടിലെത്താന്‍  രണ്ട് മൈലോളം ദൂരം.  അയാളെ  പിന്തുടര്‍ന്ന  കുട്ടിശങ്കരന്‍  വേഗത്തില്‍  പിന്നിലെത്തി.  ചുറ്റുപാടും നോക്കി.  അരികെ  ആരുമില്ല.  ചന്തയില്‍നിന്നും വാങ്ങി കടലാസ്സില്‍ പൊതിഞ്ഞു  കക്ഷത്തില്‍ സുക്ഷിച്ച  വെട്ടുകത്തി എടുത്തു.  മുന്നോട്ട് ചാടി, നരേന്ദ്രന്‍ പിള്ളയുടെ വലത്തേ കുതികാലില്‍ വെട്ടി.  വെട്ടുകൊണ്ട്‌ അലറി വിളിച്ചു പിന്നിലേക്ക്‌ തിരിഞ്ഞ നരേന്ദ്രന്‍പിള്ളയുടെ  കഴുത്തില്‍  രണ്ടാമത്തെ വെട്ട്.  മുന്നാമത്തെ  വെട്ട്   ഇടതു കൈകൊണ്ട് തടഞ്ഞെങ്കിലും  മുറിവേറ്റു.  കുട്ടിശങ്കരനെ  പിടിക്കാന്‍  അയാള്‍  മുന്നോ ട്ടാഞ്ഞെങ്കിലും,  കാലുറക്കാതെ  വീണു!  ചന്തയില്‍നിന്നും വന്നവര്‍  അത്‌ കണ്ടു. ഓടിയെത്തി.  കുട്ടിശങ്കരന്‍ ഓടി. ഒരാള്‍  അവന്‍റെ പിന്നാലേ പാഞ്ഞു.
 
രണ്ടുപേര്‍  നരേന്ദ്രന്‍ പിള്ളയെ  താങ്ങിയിരുത്തി.  മേല്‍മുണ്ട്‌ കീറി  മുറിവുകളില്‍ ചുറ്റി.  ഒരുമൈല്‍  അകലെയാണ്  സര്‍ക്കാര്‍ ആശുപത്രി. അവിടെ    എത്തിക്കാന്‍  കാറും  ബസും കിട്ടിയില്ല. ഓണച്ചന്തയില്‍ നിന്നും വന്ന  ചരക്കു   വണ്ടി  തടഞ്ഞു നിര്‍ത്തി.  നരേന്ദ്രന്‍ പിള്ളയെ  അതില്‍ കയറ്റാന്‍  ആള്‍ക്കാര്‍    ശ്രമിച്ചു.  കോടതി കേറാന്‍ വയ്യെന്നു പറഞ്ഞു  ഡ്രൈവര്‍  സമ്മതിച്ചില്ല!  അതു  കൊണ്ട്,  നരേന്ദ്രന്‍ പിള്ളയെ ഒരു  കാളവണ്ടിയിലിരുത്തി  ആശുപത്രിയില്‍  കൊണ്ടുപോയി.
 
അടുത്താല്‍ വെട്ടുമെന്നുപറഞ്ഞു  കുട്ടിശങ്കരന്‍  സമീപിച്ചവരെ  ഭയപ്പെടുത്തിയെങ്കിലും, ആളുകള്‍  കൂടുകയും  കല്ലെറിയുകയും ചെയ്തപ്പോള്‍,  അവന്‍  വെട്ടുകത്തി  താഴെയിട്ടു.  റോഡരുകിലുള്ള  അടയ്ക്കാ മരത്തില്‍  അവനെ  ചേര്‍ത്തുകെട്ടി.
 
 
അക്കാലത്ത്, അവിടെയുണ്ടായിരുന്ന  ആശുപത്രിയില്‍  അത്യാഹിതവിഭാഗവും  ആധുനിക സൌകര്യങ്ങളും  ഇല്ലായിരുന്നു.  പകലും രാത്രിയിലും ഓരോ കമ്പോണ്ടര്‍മാരും  ഈരണ്ടു  ശിപയിമാരും  ജോലിക്ക് വരുമാ    യിരുന്നു.  ഒരു ഡോക്ടര്‍ രാവിലെ മുതല്‍  ഉച്ച കഴിഞ്ഞ്  നാലുമണി വരെയും   ഉണ്ടാകുമായിരുന്നു.  ആശുപത്രിയുടെ  അയലത്തായിരുന്നു അയാളുടെ  വസതി.  അടിയന്തരാവശ്യത്തിന്‌ വിളിച്ചാല്‍  വരും.  അതായിരുന്നു  പതിവ്. നരേന്ദ്രന്‍ പിള്ളയെ  കൊണ്ടുവന്നപ്പോള്‍  ഡോക്ടറെ  വിളിപ്പിച്ചു.  അയാള്‍     വന്നു പരിശോധിച്ചെങ്കിലും,  വിദഗ്ധ ചികിത്സക്ക്  മറ്റൊരു  ആശുപത്രിയില്‍  വേഗം കൊണ്ടുപോകുവാന്‍  നിര്‍ദ്ദേശിച്ചു.                               
 
കുട്ടിശങ്കരനെ വിലങ്ങുവച്ച് പൊലീസ് കൊണ്ടുപോയി.  അവന്‍  കുറ്റം സമ്മതിച്ചു.  എന്നിട്ടും,  അവര്‍ അവനെ തല്ലി.  മംഗലത്ത്  തറവാട്ടിലെ  നരേന്ദ്രന്‍ പിള്ളയെ  ഒരു  കുറവന്‍ വെട്ടിയെന്ന വാര്‍ത്ത  പെട്ടന്ന് പടര്‍ന്നു.  ഗ്രാമത്തിലുള്ളവര്‍  അത്ഭുതപ്പെട്ടു.  വേണുനായരും വിവരമറിഞ്ഞെങ്കിലും, വേദനിപ്പിക്കണ്ടായെന്നു കരുതി,  വേലുപ്പിള്ളയോടു പറഞ്ഞില്ല.  നരേന്ദ്രന്‍ പിള്ളയുടെ  അനുജന്‍  സുരേന്ദ്രന്‍ പിള്ളയെ  അറിയിച്ചു.  അവര്‍ രണ്ടുപേരും  ആശുപത്രിയിലേക്ക് പെട്ടെന്ന് പോയി.
 
സന്ധ്യ മറഞ്ഞപ്പോള്‍, കുട്ടിശങ്കരനെക്കാണാന്‍  അവന്‍റെ  അമ്മ ചിരുതയും, സഹോദരിയുടെ ഭര്‍ത്താവ് കാളിയനും  പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും, പൊലീസ് അനുവദിച്ചില്ല.  ഇരുവരുടെയും  മൊഴി വാങ്ങിയിട്ട്  തിരിച്ചയച്ചു.  കരഞ്ഞുകൊണ്ട്‌  ചിരുത കാളിയനോട് ചോദിച്ചു: “കുട്ടന്‍  ആ കൊച്ചബ്രാനെ വെട്ടീതെന്ത്നെ?  നിനക്കറൃോ?  അറിയില്ലെന്ന്  കാളിയന്‍  പറഞ്ഞു.  അവര്‍ വക്കീല്‍ വരദരാജന്‍ തമ്പിയുടെ  വീട്ടിലെത്തി.  ആ   വക്കീലിന്‍റെ  ജോലിക്കാരനായിരുന്നു കാളിയന്‍.   അവര്‍ പറഞ്ഞത് കേട്ട ശേഷം, കേസ്സ്   ഉണ്ടാകുമെന്നും  പിറ്റേന്ന് വന്നുകാണണമെന്നും  വക്കീല്‍   നിര്‍ദ്ദേശിച്ചു.    
 
നരേന്ദ്രന്‍ പിള്ളക്ക്  വെട്ടുകൊണ്ടെന്നറിഞ്ഞ്  വേലുപ്പിള്ളയുടെയും  പാര്‍വ്വതിയമ്മയുടെയും  ബന്ധുക്കള്‍ മംഗലത്ത് തറവാട്ടിലെത്തി. “ കൊറക്കുഴിയന്‍”  നരേന്ദ്രനെ  എന്തിന് വെട്ടിയെന്ന്  അവര്‍  അന്യോന്യം  ചോദിച്ചു. അതിന്   ആരും ഉത്തരം പറഞ്ഞില്ല.  കൂടി വന്നവരില്‍  ഒരാള്‍ ക്ഷുഭിതനായി    ആക്രോശിച്ചു:  “ ഈ രാത്രീല്  കൊറക്കുടി തീയിട്ട് നശിപ്പിക്കണം.” ശാന്തതയോടെ, മറ്റൊരാള്‍  പറഞ്ഞു:” എടുത്ത്ചാടരുത്. കാലം മാറുന്നത്‌  കാണണം.”   “വാരാനുള്ളതൊന്നും വഴീത്തങ്ങത്തില്ല.” മറ്റൊരാള്‍.  അഭിപ്രായങ്ങള്‍  ഭിന്നി ച്ചെങ്കിലും,   അപ്രതീക്ഷിതമായത്‌  സംഭവിച്ചതിനാല്‍,   ഉഗ്രമായ അമര്‍ഷവും  വേദനയും   മനസ്സുകളില്‍ നിറഞ്ഞു!  പ്രതികാരനടപടിക്ക്  ആരും  തു നിഞ്ഞില്ല. 
 
വേണുനായരും  സുരേന്ദ്രന്‍ പിള്ളയും  ആശുപത്രിയില്‍ ചെന്നു.  മൂടിപ്പുതച്ചു കണ്ണടച്ചു കിടന്ന  സഹോദരന്‍റെ അരികെ നിന്ന്  ആഴമേറിയ സ്നേഹത്തോടെ  സുരേന്ദ്രന്‍ പിള്ള  വിളിച്ചു; “ കൊച്ചേട്ടാ! “   മരുന്നിന്‍റെ ഗന്ധം  മുറ്റി     നിന്ന മുറിയില്‍,  ആ  ദയനീയ വിളി  മുഴങ്ങിയെങ്കിലും,  ജ്യേഷ്ടന്‍ കേട്ടില്ല!    അനുജന്‍ എത്തും മുമ്പേ, സഹോദര ജീവന്‍  അറ്റുപോയിരുന്നു!  അതിന്‍റെ     കാരണം  സുരേന്ദ്രന്‍പിള്ളയോട്  ഡോക്ടര്‍ വിശദീകരിച്ചു.  പിറ്റേന്ന് രാവിലെ,  പോസ്റ്റ്മോര്‍ട്ടം  പൂര്‍ത്തിയായി.  ഉച്ചക്ക്, മൃതദേഹം  മംഗലത്ത് കൊണ്ടുവന്നു.     
 
അന്തിമ ദര്‍ശനത്തിനും  അനുശോചനത്തിനും  ആ തറവാട്ടില്‍  ഗ്രാമീണര്‍     ഒഴുകിയെത്തി. കദന പൂര്‍ണ്ണമായ വേള!  അപ്പോഴും,  കൊറവന്‍  എന്തിന്    വെട്ടിയെന്ന  ഉത്തരം കിട്ടാഞ്ഞ  ചോദ്യമുണ്ടായി.  വീട്ടുപറമ്പിന്‍റെ തെക്കേ മൂലക്ക്,  ചെത്തിയൊരുക്കിയ തറയില്‍  ചുടല തയ്യാറായി. സിന്ദൂരഛവിയില്ലാഞ്ഞ സന്ധ്യയെത്തി.  വീട്ടിനകത്തും പുറത്തും  വേര്‍പാടിന്‍റെ നിലവിളി      ഉയരവേ,  ആളിക്കത്തിയ  അഗ്നിജ്വാലയില്‍  നരേന്ദ്രന്‍ പിള്ള മറഞ്ഞു! 
 
കുട്ടിശങ്കരനെ  പോലീസ്‌കാര്‍  വീണ്ടും ഇടിച്ചു.  ആരുടെ പ്രേരണകൊണ്ട്    കുറ്റം ചെയ്തുവെന്നറിയാന്‍.  നരേന്ദ്രന്‍ പിള്ളയെ വെട്ടിയെന്നു  പ്രതി സമ്മതിക്കുകയും  കുറ്റകര്‍മ്മത്തിനുപയോഗിച്ച  വെട്ടുകത്തി കാണുകയും  ചെയ്തതിനാല്‍,  കോടതി  ജാമ്യം അനുവദിച്ചില്ല.  കൂട്ട്‌ ചേരുകയോ, ഗൂഢാലോചന      നടത്തുകയോ  ചെയ്യാതെയും, വ്യക്തി വൈരാഗ്യം മുന്‍നിറുത്തിയും,  കൊല്ലണമെന്ന ദുരുദ്ദേശത്തോടെ  വിലക്കു വാങ്ങിയ  വെട്ടുകത്തികൊണ്ട്  പിന്തുടര്‍ന്നു ചെന്ന്   വെട്ടിക്കൊലപ്പെടുത്തിയതിനാല്‍,  മരണ ശിക്ഷയല്ലാതെ  മറ്റൊന്നും പ്രതിക്ക് കൊടുക്കരുതെന്നായിരുന്നു കോടതിയില്‍ വാദിഭാഗം   സമര്‍പ്പിച്ച  പരാതിയുടെ  ഉള്ളടക്കം.  വക്കീല്‍ വരദരാജന്‍ തമ്പി  അതിനെ     എതിര്‍ത്തു.  നരേന്ദ്രന്‍ പിള്ളയുടെ  ക്രൂരമായ ഉപദ്രവം സഹിക്കാനാവാതെ    കഷ്ടപ്പെട്ടപ്പോഴുണ്ടായ  കോപം മൂലം വെട്ടിപ്പോയതാണെന്നും,  കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും, മുമ്പൊരിക്കലും  പ്രതി  ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും,  പ്രതിക്ക്  പതിനെട്ട്  വയസ്സായിട്ടെയുള്ളുവെന്നും,  വിധവയും നിത്യരോഗിയുമായ  അമ്മയുടെ  ആശ്രയമാണെന്നും, അതിനാല്‍   തക്കീതുന ല്കി  വിട്ടയക്കണമെന്നും  അപേക്ഷിച്ചു.   പ്രതിക്ക്  മരണശിക്ഷകൊടുക്കണമെന്ന  വാദവും കടുത്തു.
 
കൊലക്കേസായതിനാല്‍, താന്‍ നല്‍കിയ വാദം തള്ളപ്പെടുമെന്നും  കക്ഷിക്ക്  മരണശിക്ഷ കിട്ടുമെന്നും വിചാരിച്ച്  പ്രതിഭാഗം വക്കീല്‍  പൂര്‍വ്വാധികം  അസ്വസ്ഥനായി.  പല  ക്രിമിനല്‍  കേസുകളുടെയും വിധി ന്യായങ്ങളും,  തര്‍ക്കവിഷയങ്ങളും,  സംശയവാദങ്ങളും പരിശോധിച്ചു. നരേന്ദ്രന്‍ പിള്ളയെ  ശുശ്രുഷിച്ച  സര്‍ക്കാര്‍ ആശുപത്രിയിലെ  ഡോക്ടറെയും,  പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെയും  വീണ്ടും  വിചാരണ  ചെയ്യണമെന്ന്  അയാള്‍ പെട്ടെന്ന് ആവശ്യപ്പെട്ടു.  വാദിഭാഗം  അതിനെ ശക്തമായി എതിര്‍ത്തെങ്കിലും പ്രതിഭാഗ നിവേദനം   കോടതി  അംഗീകരിച്ചു.   
 
അമിത രക്തസ്രാവവും  മുറിവുകളും മരണ കാരണമെന്നു കണ്ടുപിടിച്ചെങ്കിലും,  തക്കസമയത്ത്‌  ആവശ്യമായിരുന്ന ചികിത്സ ലഭിച്ചിരുന്നെങ്കില്‍,  ഒരു   പക്ഷേ  നരേന്ദ്രന്‍ പിള്ള  മരിക്കയില്ലായിരുന്നുവെന്ന്  പുനര്‍വ്വിചാരണാവേളയില്‍ ഡോക്ടറന്മാര്‍  സമ്മതിച്ചു.  അതുകൊണ്ട്, നരേന്ദ്രന്‍ പിള്ള മരിച്ചത്  ചികിത്സയുടെ അഭാവത്താലാണെന്നും,  വെട്ടിയതു കൊണ്ടല്ലെന്നും,  വരദരാജന്‍ തമ്പി വാദിച്ചു. എന്നാലും, കഠിന ഹൃദയനായ കൊലയാളിക്ക്  മരണശിക്ഷതന്നെ  നല്‍കണമെന്ന്  വീണ്ടും  വാദിഭാഗം ആവശ്യപ്പെട്ടു.  അക്കാരണത്താല്‍,    കോടതി  വിധിദിവസം നീട്ടിവച്ചു.  ഒരു മാസം കഴിഞ്ഞ പ്പോള്‍  ന്യായവിധി വന്നു.  കുട്ടിശങ്കരന്, ഇരുപത് വര്‍ഷം തടവ്!  അപ്പീല്‍ ഉണ്ടായില്ല.  കുട്ടിശങ്കരന്‍  ജയിലിലായി.  ചിരുത  കരളുരുകിക്കരഞ്ഞു!  മകന്‍  നരേന്ദ്രന്‍ പിള്ളയെ  വെട്ടിയതെന്തിനെന്ന്  അപ്പോഴും  അവള്‍ക്കറിവില്ലായി     രുന്നു.  അത്‌  ചോദിച്ചറിയാന്‍ സാധിച്ചില്ല .
 
കാരാഗൃഹവാസം  തുടങ്ങിയപ്പോള്‍, കഷ്ടതകളാല്‍  കുട്ടിശങ്കരന്‍ കരഞ്ഞു!  കരുണയറ്റവരും കാമദാഹികളുമായ അധര്‍മ്മികള്‍ കൊല്ലുമെന്ന്  ഭയന്നു.  മോഹഭംഗം മുറ്റിയ  മനസ്സില്‍  അമ്മയുടെ  ദീനമുഖം.  വ്യാകുലസ്മണയില്‍  അച്ഛന്‍റെ അനുഭവങ്ങള്‍. ദാനശീലയായ ചേച്ചി. നാശകനായി ജനിച്ച്, തിന്മ ചെയ്ത്, കുറെ  കുടുംബങ്ങളെ  കണ്ണീരിലാക്കിയെന്ന ചിന്തയാല്‍, സ്വയം   പഴിച്ചു. തഴച്ചു വളരേണ്ടിയിരുന്ന ഭാവി ജീവിതം മുരടിച്ചുവെന്ന  വിശ്വാസം.    അജ്ഞത കഷ്ടസമ്പൂര്‍ണ്ണവും  ആത്മനിയന്ത്രണം  രക്ഷാകരവുമെന്ന്  തിരിച്ചറിഞ്ഞു. വെട്ടേറ്റു നിണധാരയില്‍ മുങ്ങിയ  ഒരു ബീഭത്സ  മുഖവും   മനസ്സില്‍  തെളിയുമായിരുന്നു, ഭൂമിയിലെ നരകം  ജയിലാണെന്ന് അനുഭവം  പഠിപ്പിച്ചു. എങ്കിലും, ഒന്‍പത് സംവത്സരം  അവനെ വൃത്യസ്തനാക്കി. ശരീരപു ഷ്ടിയും  മനസ്സിന്‍റെ ഉറപ്പും സ്വസ്ഥനാക്കി, നിത്യവും നോവിച്ച ആ  കാലഘ ട്ടത്തിനുള്ളില്‍,  സ്വാതന്ത്ര്യത്തിലേക്കു മടങ്ങിപ്പോയവരെയും,  ദുഃഖദുരിതങ്ങളിലേക്ക്  കടന്നുവന്നവരെയും,  കൊലമരത്തിലെക്ക്  മന്ദം നടന്നുപോയവരെയും  മിഴിനീരീലൂടെ  കണ്ടു!
 
മുസ്തഫ,  അയാളുടെ കൂട്ടുകാരനായി.  ദീര്‍ഘകാലപരിചയം അവരെ  വിശ്വസ്തരാക്കി. ഒരു ദിവസം, മുസ്തഫ  പറഞ്ഞു: ” ഇവിടുത്തെ  ജാതിചിന്തയും പക്ഷപാതവും  സഹിക്കാനാവില്ല. പക്ഷേ, സഹിച്ചേ പറ്റൂ. പേടിയെന്തെന്നറിയാതെ തെരുവില്‍ വളര്‍ന്നവനാ ഞാന്‍. പൊക്കറ്റടിച്ചും പിടിച്ചുപറിച്ചും  കുറച്ചുകാലം  കഴിച്ചു.  തേവിടിച്ചിത്തെരുവിലും  താമസിച്ചു, പിന്നെ, ഒരുത്തന്‍റെ     കയ്യാളായി.  അവനെ ഞാന്‍ വിശ്വസിച്ചു. പറഞ്ഞതെല്ലാം ചെയ്തു. പണംതന്ന്   എന്നെക്കൊണ്ട് കൊല്ലിച്ചു. പെട്ടെന്ന്  മോചിപ്പിക്കാമെന്ന്   വാക്ക് തന്നതാ, എന്നിട്ടപ്പോ  ഇരുപത് കൊല്ലം  കഴിഞ്ഞു. ഇനി അഞ്ച് കൊല്ലം ബാക്കിയോണ്ട്.      അത്‌ കഴിഞ്ഞ്  ഞാന്‍ വെളീപ്പോം.  എന്നിട്ട്,  എന്നെ ചതിച്ചവനെ  കൊല്ലും. “  കോപത്താല്‍, അയാളുടെ  മുഖംചുവന്നു. കുട്ടിശങ്കരന്‍  അസ്വസ്ഥനായി.  സ്നേഹത്തോടെ പറഞ്ഞു; “  നിങ്ങക്ക്  ഇനീം ദോഷം വരല്ല്. അതുകൊണ്ട്  പറെവാ.    നിങ്ങളിനി  പോഴത്തരം  കാണിക്കല്ല്.  ഇനിയാരേം  കൊല്ലല്ല്.”     
 
 മുസ്തഫ നിശ്ശബ്ധനായി.  കുട്ടിശങ്കരനെ സൂക്ഷിച്ചു നോക്കികൊണ്ട്‌ ചോദിച്ചു: “പണക്കാരന്‍  പണം കൊടുത്ത് കൊല്ലിക്കും. എന്നിട്ട്  പണവും പദവിയും സുക്ഷിക്കും.  കൊലയാളി നരകിച്ചു ചാവും, അതല്ലേ എപ്പഴും നടക്കുന്നെ? കൊല്ലരുതെന്ന്  നീ  ഇപ്പഴും പറഞ്ഞു.  നീയെന്തിനാ ഒരുത്തനെ കൊന്നത്? “ കുട്ടിശങ്കരന്‍ എഴുനേറ്റുകൊണ്ട് പറഞ്ഞു: ” ഇങ്ങളിപ്പളത്‌  കേട്ടാ  പൊട്ടത്തരാന്ന്  പറേം. “ അവന്‍ നടന്നു.   ഉറങ്ങാന്‍ കിടന്നപ്പോള്‍  ഒരുപുതിയ ചിന്ത. “ അമ്മയോട്  പറയാന്‍ കഴിയാതെ മനസ്സില്‍ സുക്ഷിക്കുന്നൊരു രഹസ്യം  പറെണോ.? പറഞ്ഞാല് ബിസ്വസിക്ക്വോ? “   രണ്ട് ദിവസം  കഴിഞ്ഞ്, കൂട്ടുകാരനോടു കുട്ടിശങ്കരന്‍  പറഞ്ഞു;     
 
 "എന്‍റെച്ഛന്‍  കെളക്കാരനാരുന്നു, അമ്മ  കൊയ്യാനും കറ്റമെതിക്കാനും, നെല്ല്   കുത്താനും പോമാരുന്നു.  പണിയില്ലാത്തപ്പം  പോച്ച പറിച്ച് വിക്കും. നാല്  സെന്‍റെ്  സ്ഥലോം,  കൊച്ച് പെരേം  ഒണ്ടാര്‍ന്നു.  അച്ഛന് എന്നെ ഒത്തിരി ഇഷ്ടായിരുന്നു.   എന്നെ കെളക്കാരനാക്കത്തില്ലെന്നമ്മ്യോട്  പറേമാരുന്നു. പണി കയിഞ്ഞു വരുമ്പോ. കടേന്ന്  പലാരം  മേടിച്ചോണ്ട് തരുമാരുന്നു. കൂ‌ടെക്കെടന്ന് നെഞ്ചോട് ചേര്‍ത്തച്ഛനെന്നെ  ഒറക്കുമാരുന്നു. അതൊക്കെ ഓര്‍ത്തിട്ടിപ്പോ   നെഞ്ചില്  നൊമ്പരം.  ഞാന്‍  മൂന്നാം ക്ലാസ്സി പടിക്കുബോ, എടവമാസത്തിലെ മഴക്ക്‌ പനിച്ച് അച്ഛ്ന്‍  കെടപ്പായി. പണിക്കും പോയില്ല.  അതോണ്ട്. രാവിലെ  മംഗലത്തെ  ആ കൊച്ചബ്രാന്‍  മുറ്റത്ത്വന്നു.  എടാ” കടബ്ബാ” ന്ന്  വിളിച്ചു.  മൂടിപ്പൊതച്ച്  തിണ്ണക്ക്‌ കെടന്ന  അച്ഛനെണീറ്റ്  അങ്ങേരടെ മുമ്പിച്ചെന്ന്   തൊഴുത്‌ നിന്നപ്പോ, നീയെന്താടാ പണിക്കു വരാഞ്ഞേന്ന്  ചോതിച്ചു. അച്ഛന്‍  പേടിച്ച്‌മിണ്ടിയില്ല.  പനിച്ച്‌ കേടക്കുവാന്ന്  അമ്മ പറഞ്ഞെങ്കിലും,    എന്താടാ    മിണ്ടാത്തെന്ന് ചോദിച്ചോണ്ട്  അച്ഛന്‍റെ  കരണത്തടിച്ചു.   തല്ലല്ലേ തബ്രാനേന്ന്  അച്ഛന്‍  കരഞ്ഞോണ്ട് പറഞ്ഞു.  എന്നിട്ടും, അങ്ങേരച്ഛനെ   കുനിച്ചുനിര്‍ത്തി   ഇടിച്ചു.   അമ്മ നെലവിളിച്ചോണ്ട് ഓടിച്ചെന്നു. “പണിക്കു വരില്ലേടാ കഴുവേറീ ന്നു പറഞ്ഞോണ്ട്  അഛ്നെ  അങ്ങേര്  എടുത്തുപൊക്കി  തറയിലിട്ടിട്ട്   ദേഷ്യപ്പെട്ടോണ്ട്  നടന്നു പോയി.    ഞാനും അമ്മേം കു‌ടെ  അച്ഛനെ  താങ്ങി  തിണ്ണേലിരുത്തി.   അപ്പഴെന്നെ  കെട്ടിപ്പിടിച്ചോണ്ട്, എമ്മള്  പാവങ്ങളാ മക്കളെന്ന്  അച്ഛന്‍  പറഞ്ഞു.  അത്  കേട്ടപ്പം  എനിക്ക്  കരച്ചില്വന്നു.” 
 
 “പിന്നെന്‍റച്ഛന്‍  കെടപ്പായി.  ആശുത്രി മരുന്ന്  മേടിച്ച് കൊടുത്തെങ്കിലും   സോക്കേട്‌ പോയില്ല. ഒരു ദെവസം രാവിലെ  തിണ്ണക്ക് ചത്തു കെടന്നു.  അന്ന്   തന്നെ പെരേടെ  പിന്നാമ്പറത്ത്  കുഴിച്ചിട്ടു. പിന്നെന്‍റമ്മക്ക് വയ്യണ്ടായപ്പോ   ഞാന്  നാലാം ക്ലാസ്സി പടിത്തം നിര്‍ത്തി.  മംഗലത്തെ  ആ  തബ്രാന്‍ നാട് വിട്ടെങ്ങാണ്ട് പോയി.  നാലഞ്ച് കൊല്ലം കഴിഞ്ഞാ വന്നേ. അഞ്ചാറ് പ്രാവസ്യം  ഞാങ്കണ്ടിട്ടുമൊണ്ട്. പണ്ടത്തെ കാര്യം  ഞാനങ്ങു മറക്കേം ചയ്തു.  ഒത്തിരി      പ്രാവസ്യം ഞാനെന്‍റെച്ഛനെ   സൊപ്പനത്തിക്കണ്ടിട്ടൊണ്ട്.  അയാളിടിച്ചതും അച്ഛന്‍ കരഞ്ഞതും  പറഞ്ഞിട്ടൊള്ളതും   ഓര്‍ത്തിട്ടൊണ്ട്.  പള്ളിക്കുടം പിള്ളാരേ കാണുബോ  പടിക്കാനൊക്കത്തില്ലന്നോര്‍ത്ത്  ഞാന്‍  കരഞ്ഞിട്ടൊണ്ട്.”  
   
“ ഇതൊക്കെ  നിയെന്നോട്  പറഞ്ഞിട്ടുണ്ട്.  എന്തുകൊണ്ട്  കൊന്നുവെന്ന കാര്യംമാത്രം  നീ പറഞ്ഞില്ല.  എന്തിനാ അത്‌  ഒളിക്കുന്നേ?”  മുസ്തഫ  ചോദിച്ചു. 
 
 “അമ്മക്ക് തീരേ  വേലയെടുക്കാമ്മേലണ്ടായപ്പോ,  രണ്ട്  ആട്ടിന്‍ കുട്ട്യോളെ മേടിച്ച്  അമ്മക്ക് കൊടുക്കാന്ന്  നിനച്ചാ ഞാനന്ന് ചന്തേപ്പോയെ.  അവടെവെച്ച്  അങ്ങേരെ കണ്ടപ്പോ,  എനിക്കൊരു പൂതിയെളക്കം.  ചെവീന്‍റെകത്ത്  അഛന്‍റെ  നെലവളി. എന്‍റെ ചോര തെളച്ചു.  കൊല്ലെടാന്ന്  അച്ഛന്‍ പറേണ കേട്ടു.  പിന്നെ  ചെയ്യണത്  എന്തെന്നറിയാണ്ടായി.  അങ്ങേരടെ ചോരയെന്‍റെ  മേത്ത് വീണപ്പളാ  പോതം വന്നെ.  ഇതെന്‍റമ്മേനോട് മാത്രം പറയാമ്മനസ്സി  വെച്ചതാ.  ഇന്നിപ്പോ അമ്മയില്ലാണ്ടായി. അതൊണ്ടാ  ഇപ്പോ പറേന്നെ. “
“മരിച്ചുപോയ നിന്‍റച്ഛന്‍  പറഞ്ഞിട്ടാണോ നീ  അയാളെ  വെട്ടിയത്? “
 “അതേന്നെ. “
 “ അയാളോട്  നിനക്കൊണ്ടായ  വൈരാഗ്യം  കൊല്ലങ്ങളായി  നീ മനസ്സിക്കൊണ്ടുനടന്നു. ഒരു ദിവസം  തീമല പൊട്ടുബോലേ  അത്‌ പൊട്ടി.
 “കുട്ടാ  കൊല്ലെടാന്ന്  അച്ഛന്‍ പറേണ  ഞാങ്കേട്ടതാ. “  കുട്ടിശങ്കരന്‍  ഉറപ്പിച്ചു    പറഞ്ഞു. 
 
“ നിനക്കങ്ങനെ തോന്നിയതാ.  നീ  കൊന്നതെയുള്ളു.  മറ്റ് ചിലര്‍  ആത്മഹത്യ ചെയ്തിട്ടുണ്ട്.  അതെല്ലാം മണ്ടത്തരമാ.  ചത്തവര്‍ മടങ്ങി വരത്തില്ല.   അന്ധവിശ്വാസികളും , ദുര്‍മ്മന്ത്രവാദികളുമാ  മരിച്ചവര്‍ വര്‍ത്തമാനം പറയുമെന്ന് കള്ളം പറയുന്നത്‌.  അതൊക്കെ  തട്ടിപ്പാണ്. 
 
“പക്ഷേ, എന്‍റച്ഛന്‍  പറേണ കേട്ടിട്ടാ  ഞാന്‍ വെട്ടിയെ “   പതറാതെ, കുട്ടിശങ്കരന്‍ പറഞ്ഞു.  മുസ്തഫ  തര്‍ക്കിച്ചില്ല. പതുക്കെ പറഞ്ഞു : ആന്ധവിശ്വാസം!   
      
കുട്ടിശങ്കരന്‍റെ  മുഖം തുടുത്തു.  ശബ്ടമുയര്‍ന്നു.  നിശ്ചയത്തോടെ പറഞ്ഞു:   “ഇനി  ചാകേണ്ടിവന്നാലും,  ആര് പറഞ്ഞാലും,  ഞാനാരേം  കൊല്ലുകേല. നിങ്ങളിനി  ഒരുത്തനേം കൊല്ല്കേം കൊല്ലിക്കേം  ചെയ്യല്ല്.  കൊന്നാലീശരന്‍ പൊറുക്കുകേലാ!
 
കുട്ടിശങ്കരന്‍റെ കണ്ണ്  നിറഞ്ഞൊഴുകി!  കുറ്റബോധത്തിന്‍റെ,  പശ്ചാത്താപത്തിന്‍റെ,  കദനപൂരിതമായ കണ്ണുനീര്‍!     
---------------------- 
ജോണ്‍ വേറ്റം 
സ്വദേശം :  അടൂര്‍.
ഇന്‍ഡൃന്‍ എയര്‍ഫോഴ്സില്‍ ദീര്‍ഘകാല സേവനം.  1973- മുതല്‍  ന്യൂയോര്‍ക്കില്‍  താമസം.  നാടകാഭിനയത്തിലൂടെ  സാഹിത്യരചനകളില്‍  പ്രവേശിച്ചു.    എയര്‍ഫോഴ്സ്ക്യാമ്പുകള്‍, ബാഗ്ഡോഗ്ര, സിലിഗുരി, മുംബൈ, ന്യുയോര്‍ക്ക്    എന്നീ സ്ഥലങ്ങളില്‍  നാടകങ്ങള്‍  അവതരിപ്പിച്ചു.  ആകാശാവാണിയില്‍    (തിരുവനന്തപുരം)  ലളിതഗാനങ്ങള്‍ പ്രസിദ്ധീകരിച്ചു. “ ഞാനല്പം താമസിച്ചു   പോയി “ (നാടകം ), മൃഗശാല ( കഥാസമാഹാരം ), ഡാര്‍ജിലിംഗും ക്രൈസ്തവ    സഭകളും ( ചരിത്രം), ഓളങ്ങള്‍ (നോവല്‍) ഇവ ന്യുയോര്‍ക്കില്‍ വരുന്നതിനു   മുമ്പും;  ചാവുകടലിലെ ഗ്രൻഥച്ചുരുളുകള്‍ ( വിവര്‍ത്തനം), അനുഭവതീരങ്ങളില്‍ ( നോര്‍ത്തമേരിക്കയിലെ  ക്രൈസ്തവ സഭാ ചരിത്രം), കാലത്തിന്‍റെ കാല്പാടുകള്‍ (കഥാസമാഹാരം), ഭക്തിസാഗരം (ഭക്തിഗാനങ്ങള്‍) സിഡിയും,  അനവധി ലേഖനങ്ങളും, ഗദ്യകവിതകളും പ്രസിദ്ധീകരിച്ചു.  
അവാര്‍ഡുകളും  അംഗീകാരങ്ങളും സമ്മാനങ്ങളും  ലഭിച്ചിട്ടുണ്ട്.  എളിയ സാഹിത്യപരിശ്രമം  തുടരുന്നു.   
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

View More