America

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

Published

on

കതകു തുറന്ന്  അകത്തേക്ക്  വന്നപ്പോൾ  മണൽക്കാറ്റിന്റെ   ഒരു വലിയ  അലകൂടി  അവളോടോപ്പമുണ്ടായിരുന്നു.  ജൂലായ്  മാസത്തിൽ  മരുഭൂമിക്കു ദുഷ്ടസന്തതിയായ്  പിറക്കുന്ന  ഉഷ്ണക്കാറ്റ്   വെന്ത  മണൽത്തരികളെ  വില്ലയ്ക്കുചുറ്റും  അഹങ്കാരത്തോടെ  ശബ്ദത്തിൽ വാരിയെറിഞ്ഞ് പതിവ്  വിനോദമാരംഭിച്ചിരിക്കുന്നു.  ഏ.സി.യിൽനിന്നും   തണുപ്പ്   പാഴാകാതെ   നേരെ ദേഹത്തേക്കുതന്നെ   ചിതറാൻപാകത്തിൽ   ക്രമീകരിച്ചിരിക്കുന്ന  സോഫയിൽ  ചടഞ്ഞുകൂടിയിരുന്ന   ഞാൻ   ശരിക്കും  അർദ്ധനഗ്നനും   അലസനുമായിരുന്നു. ഒന്ന്  പാളിപ്പോലും   നോക്കാതെ  അടുക്കളയിലേക്കവൾ  ഒഴുകിപ്പോയി. ഇടയ്ക്കെപ്പഴോ  താല്പര്യമില്ലാത്തതുപോലെ    മുരണ്ടു.
"ഞാൻ ബെറ്റിക്ക്  പകരം വന്ന  പാർടൈം  ജോലിക്കാരിയാണ്.., മൻസൂറാ."
ശബ്ദത്തിൽ  ആകർഷണീയതുടെ   ഒരു   ചെറുതരിക്കുവേണ്ടി   വെറുതെ  ഒരുനിമിഷം   പരതിയതിനുശേഷം   ഞാനും   തിരിച്ചു പറഞ്ഞു.
"ങ് ഹാ, അവർ പറഞ്ഞിരുന്നു.."

മദാലസയെന്നൊക്കെ  പറയാവുന്ന ആകർഷണീയമായ  ശരീരത്തിന്റെ  പിൻഭാഗം കൊണ്ടുപോലും  എന്റെ  പ്രതിവചനം  അവൾ  ഗൗനിച്ചില്ല.   വലിയ   മാറിടങ്ങൾ  ആദ്യകാഴ്ചയിൽത്തന്നെ ഒരു ഭാരമായി മനസ്സിലേക്ക് അമർന്നതിന്റെ  അമ്പരപ്പിൽ  അവളുടെ   അനൗചിത്യ പെരുമാറ്റത്തിന്റെ   അലോഹ്യം  എന്നോടു തന്നെ  പ്രകടിപ്പിക്കുവാനുള്ള   സാവകാശം   നഷ്ടമായിപ്പോയി  എന്നുള്ളതാണ്  സത്യം. കടുത്ത   ലൈംഗിക ദാരിദ്ര്യമുള്ള    ഒരു  വിടന്റെ  പരവേശം പിടിച്ച നോട്ടമായിപ്പോയി   അത്. എനിക്ക്  വല്ലായ്മതോന്നി . പക്ഷെ  അത്  പെട്ടെന്ന്  തന്നെ ഞാൻ  തരണംചെയ്തു. പുതുതായി    വീട്ടിലേക്കു   ജോലിക്കു വരുന്ന ഒരാളുടെ  വാക്കും  നടപ്പും ഇങ്ങനെ വെറുപ്പു വാരി വിതറുന്ന   ശൈലിയിൽ  ആകരുതല്ലോ?

അടുക്കളയിൽ   സിങ്കിലേക്ക്  വെള്ളം  ശക്തിയായി വീഴുന്ന  അവിരാമ ശീല്ക്കാരം. പാത്രങ്ങൾ     ദയയില്ലാതെ കൂട്ടിമുട്ടിയുയരുന്നത്    ജുഗുപ്സയുടെ  അപതാളങ്ങളാണെന്നും  അതെന്നോടുള്ള പകപോക്കലാണെന്നും  തോന്നിപ്പോയി.
" അതേയ്   എന്താ   ഒണ്ടാക്കണ്ടേ?"

പിൻശബ്‌ദം   ഇപ്പോൾ  പതിഞ്ഞതും  മാർദവമുള്ളതുമായിരുന്നു. അതുകൊണ്ടു തന്നെ   ചെറിയ   ഉത്സാഹത്തോടെ  ഞാൻ  തിരിഞ്ഞു നോക്കി. വീട്ടി നിറമുള്ള   അടുക്കള വാതിലിനു  പുറത്തേക്ക്   മൻസൂറയുടെ  മുഖം  തെളിഞ്ഞു നിന്നു. മുൻപ് കണ്ട     മൂശേട്ട ഭാവത്തിന്റെ   ഒരു    പൊട്ടു പോലും  കണ്ടെടുക്കാനായില്ല. മറിച്ച്   ആലസ്യം   കത്തിനിൽക്കുന്ന  വലിയ  കണ്ണുകളും  ഹൃദ്യമായൊരു   ചിരി   കൊത്തിപ്പിടിച്ചിരിക്കുന്ന   ചുണ്ടുകളും. പുറത്തെ പൊരിവെയിലിൽ നിന്ന്  മുഖത്തൊട്ടിച്ചു കൊണ്ടുവന്ന   വിയർപ്പു തുള്ളികൾ    തൂവാല കൊണ്ടു  വൃത്തിയായി തുടച്ച് അപ്രത്യക്ഷമാക്കിയിരിക്കുന്നു.

"ഒരു   അഞ്ചു   ചപ്പാത്തി  ഉണ്ടാക്കിയേക്കൂ, കുറച്ചു  വെജിറ്റബിൾ  കറിയും.
പുതുതായി വന്നയാളോട്  അധികജോലി പറയുന്നതിനുള്ള   ചെറിയ  വിമ്മിട്ടത്തോടെ  ഒന്ന് നിറുത്തി  വീണ്ടും    പറഞ്ഞു 

"ഫ്രീസറിൽ  ചിക്കൻ  പീസുകളിരിപ്പുണ്ട്. രണ്ടുമൂന്നു  കഷ്ണം   ഫ്രൈ  ആക്കിയേക്കൂ."

അടുക്കളയിലെ    അപശബ്ദങ്ങൾക്ക്   കാതുകൾ   വിട്ടുകൊടുക്കാതെ  ഞാൻ റൂമിലേക്ക് പോയി. അർദ്ധനഗ്നതയെ   ടീ  ഷർട്ടു  കൊണ്ടു പൊതിഞ്ഞ്  കിടക്കയിലേക്ക്  മറിഞ്ഞു വീണ്  പിന്നീടൊരു    പുതപ്പുകൊണ്ട്   ഏസിയുടെ  തണുപ്പിനെ   ശരീരത്തോട്  പറ്റിച്ചെടുത്തു. വെയിൽ  വറുത്തെടുത്ത മണൽത്തരികൾ    ജന്നൽച്ചില്ലുകളിൽ   വാരിയെറിഞ്ഞു   രസിക്കുന്ന  കാറ്റിന്റെ  ഒച്ച  ഏ.സി.യുടെ    മൂളലിനെ   വാശിയോടെ കീഴടക്കി.    ഇരുട്ടിൽ   മൻസൂറയുടെ    മുഖം തെളിഞ്ഞു വന്നതിനൊപ്പം  എന്തെന്നറിയാത്ത  സുഖാലസ്യത്തിന്റെ    ചെറുചൂട്   ശരീരത്തിൽനിന്നും  പ്രസരിച്ച് പുതപ്പിനുള്ളിൽനിന്നും  തണുപ്പിനെ പതിയെ പുറത്താക്കി. അവളുടെ    ഉറക്കറ  കണ്ണുകൾ   എന്നെ  നോക്കി നിരന്തരം  ചിമ്മിയടഞ്ഞു, എന്തോ രഹസ്യം  തെര്യപ്പെടുത്താനെന്നപോലെ.  ഉള്ളിൽ  സദാചാര ചിന്തകളുടെ    കൂർത്ത   വേലിക്കമ്പുകൾ  തകർത്തുകൊണ്ട്   കാമനയുടെ   ഒരു തവിട്ടു കുതിര  പുറത്തേക്ക്  പാഞ്ഞു പോയി. തണുപ്പ്  മുറിയിലാകെ  ആവശ്യത്തിലധികമായി  ഒഴുകിപ്പടർന്ന്  സുഷുപ്തിയുടെ    ചെറു നനവുള്ള    ഒരു  കട്ടിപ്പുതപ്പു കൂടി   എന്റെ മേൽ   സാവധാനം   കൊണ്ടുവന്നിട്ടു.

ഇരുപത്തിമൂന്നു വർഷങ്ങളുടെ    ഗദ്ദാമ സേവനത്തിന്റെ    ഭാരമുള്ള ആസ്തിയുമായാണ്   ബെറ്റിയമ്മാമ    മോളുടെ   പേറെടുക്കാൻ  നാട്ടിലേക്കു പോയത്. തിരികെവരുമ്പോൾ    ഉറപ്പായും    ജോലി തിരികെ തരണമെന്ന്  മൻസൂറയുടെ    രണ്ടു കൈകളും    കൂട്ടിപ്പിടിച്ച്    ദയനീയമായി  അപേക്ഷിച്ചാണത്രേ   അവർ    പോയത്. അതവരെന്നോടു പറഞ്ഞിരുന്നു. കൂടാതെ  തിരികെ വരുമ്പോൾ  മൻസൂറയെ  ഒഴിവാക്കണമെന്നുള്ള  ദൈന്യതയിൽ പൊതിഞ്ഞ  ശുപാർശയും 
  
അറബി വീടുകളിലേക്കു   ഗദ്ദാമ വിസയിൽ   വരുന്ന  അജ്നബി പെണ്ണുങ്ങൾ  ചുമലിൽ തൂക്കിയിട്ടിരിക്കുന്നത്  കഥകളുടെ   വലിയ  മാറാപ്പുകളാണ്.  അശരണരായ   വിധവകൾ, ഉപേക്ഷിക്കപ്പെട്ടവൾ, രോഗാതുരനായവൻറെയൊപ്പം ജീവിക്കുന്ന പ്രാരാബ്ധക്കാരി   അതുമല്ലെങ്കിൽ  തെറിച്ചവൾ..!. അഴിച്ചു പെറുക്കി കുടഞ്ഞു വിരിക്കുമ്പോൾ   ചിതറിത്തെറിച്ചു  പുറത്തേക്കു വരുന്ന  രേഖാചിത്രങ്ങൾ വൈവിധ്യമാർന്നതു തന്നെയാകുന്നു  എല്ലായ്പ്പോഴും.    വിവേചനത്തിന്റെ  ക്രൂരതകൾക്ക്   പലമുഖങ്ങൾ.. വ്യാജമായ മുൻവിധികൾ.  വര്‍ഗ്ഗം, മതം, ലിംഗം, പ്രായം  എല്ലാം മുള്ളുകളായി   മാറുന്ന  അഭിശപ്ത ജീവിതങ്ങൾ..  അജ്നബിപ്പെണ്ണുങ്ങൾ  ധീരകളാണ്. തീയിൽക്കുരുത്ത  തന്റേടികൾ...അവർ സഹിക്കുന്നു. തിരസ്കാര ജീവിതത്തിന്റെ  പുറമ്പോക്കുകളിൽ  വെയിലു കൊണ്ടു വളർന്ന്  ശക്തരാകുന്നു. അനന്തരം  അറബി വീടുകളിലെ  പരുക്കൻ  ജീവിത സാഹചര്യങ്ങളെ   കൊഞ്ഞനം കുത്തിക്കാണിച്ച്      പുറം   ജോലികൾക്കു പോയി    അധിക വരുമാനമുണ്ടാക്കാനുള്ള    ധൈര്യം  മിക്കപ്പോഴും  അനായാസമായി അവരിലേക്ക്‌  വന്നുനിറയുകയും ചെയ്യുന്നു.   

സ്വന്തം   വിസയിലുള്ളവരെ  അന്യജോലികൾ  ചെയ്യാൻ    അനുവദിക്കുന്നതിന്   അറബികൾ  അവരിൽനിന്നും  അധികപണം  ഈടാക്കുന്നു. അത്   'വാസ്ത'യാകുന്നു. 

ശിക്ഷണം കിട്ടിയ   ഒരു   വളർത്തു  പരുന്തിനെപ്പോലെ   വാസ്ത    ഗദ്ദാമപ്പെണ്ണുങ്ങളുടെ   തഴമ്പിച്ച  കൈകളിൽ നിന്നും     റാഞ്ചിയെടുത്ത  പണം  അറബികളുടെ  കുപ്പായ കീശയിലേക്കു  കൊണ്ടുവന്നിടുന്നു.  പുറംപണി ചെയ്തുണ്ടാക്കുന്ന   പെൺപണം  കാലിൽ കെട്ടിത്തൂക്കി    വാസ്‌തയുടെ   പരുന്തുകൾ  അറബിക്കടലിനു മുകളിലൂടെ    അനസ്യൂതം  മലയാളത്തിലേക്കു പറന്നു. ദീർഘദൂരം  നീലക്കടലിനു മുകളിലൂടെ  ഫിലിപ്പൈൻസിലേക്കു  പറന്നവ    ചുണ്ടിൽ  അപരിമിതമായി   കടുംചുവപ്പു ചായം   പൂശിയിരുന്നു.  തമിഴ്  പേശി   കലപില കൂട്ടി പോയവർ കഴുത്തിൽ ചുറ്റിയ     വാടിയ   മുല്ലപ്പൂമാലയുടെയും   ആസകലം  അരച്ചു പുരട്ടിയ  മഞ്ഞളിന്റെയും  ചൂരുകൾ  ചിറകടിക്കാറ്റിൽ   ഉയർത്തിവിട്ടു.   തിളങ്ങുന്ന വലിയ   മൂക്കുത്തിവച്ച്  കഡപ്പയിലേക്കു  പോയവർക്ക്      കടുകെണ്ണയുടെ    എരിവു മണവുമുണ്ടായിരുന്നു . പരസ്പരം "ആയുബൊവൻ " അഭിവാദ്യം ചൊല്ലി  ശ്രീലങ്കയിലേക്ക്  പറന്നവർ   കൂസലില്ലായ്മയുടെ    ചടുലത  ചിറകടിയിൽ  പ്രകടിപ്പിച്ചു. അവർക്ക്  സുന്ദരമായ  എണ്ണക്കറുപ്പുള്ള ചിറകുകളുണ്ടായിരുന്നു.

 പുറംപണി   നാടുകടത്തപ്പെടുന്ന   ഒരു കുറ്റമാകുന്നു . പിടിക്കപെടുന്നവരെ  രക്ഷിക്കാൻ  സ്പോൺസറന്മാരുടെ   വാസ്തപ്പരുന്തുകൾ   പോലീസിനു മീതെ പൊങ്ങിയും താണും  ചരിഞ്ഞും മലർന്നും  വട്ടമിട്ടു പറക്കുന്നു.  അധിക   വരുമാനത്തിന്റെ    പ്രലോഭനക്കാലുകളുമായി  എല്ലാ   അനധികൃത  പണിക്കാരുടെ   മുകളിലൂടെയും    വാസ്ത  വലിയ ശബ്ദത്തിൽ  ചിറകിട്ടടിച്ചു    പറന്നു കളിച്ചു. നിയമ ലംഘനങ്ങളുടെ തിരശ്ശീലയ്ക്കു മുന്നിലും    ജോലി മാറ്റമെന്ന  കടമ്പയുടെ പിന്നിലും നിന്ന്    നിയതമായ  രൂപമില്ലാതെ  വാസ്ത   കൈക്കൂലിയായും  കടപ്പാടായും  ചിലപ്പോഴൊക്കെ   വിധേയത്വമായും   തൊങ്ങലുകൾ ചേർത്തു വച്ച്   കളം നിറഞ്ഞാടി.

സ്വദേശികൾ    അതിസമ്പന്നതയുടെ  ആൾപ്പൊക്കത്തിനു മീതെ     കുഫിയ  ധരിച്ചു നിവർന്നു നടന്നു. അവർ പോകുന്നിടത്തെല്ലാം  വിലകൂടിയ   അത്തർ മണം പരത്തി.    പരാധീനതകൾ   ചുറ്റിവലിച്ച്  ആയാസപ്പെട്ടു നടന്ന്   പാദങ്ങൾ  തേഞ്ഞു മടങ്ങിയ   അജ്നബികൾ   വികലാംഗരെപ്പോലെ    തോന്നിച്ചു. 

തൊഴിൽശാലകളിലേക്ക്    ഉറുമ്പുകളെപ്പോലെ     കൂട്ടമായെത്തുന്നവരുടെ  നെറ്റിത്തടങ്ങളിലും   എപ്പോഴെങ്കിലും    വാസ്ത   ഒരു  കാക്കയായെത്തി  ഞൊട്ടിയിട്ടുണ്ടാവും. ഒരു    ശുപാർശയായി   അല്ലെങ്കിൽ   ഒരു   നീക്കുപോക്കായി അതുമല്ലെങ്കിൽ    ഒരു കണ്ണടയ്ക്കലായി. കൊടുംചൂടിൽ   വായുവിലെ ജലകണികകൾ    നീരാവിയായി തിങ്ങിനിറഞ്ഞ്       മാറാലയാകുന്നു. പ്രത്യാശയും ശുഭപ്രതീക്ഷയും  അസഹനീയമാം വിധം  ഭാരം കുറഞ്ഞ്   മുകളിലേക്ക്   പറന്നു പോകുന്നു. കത്തുന്ന പ്രാണവായുവിൽ  ശ്വസിക്കാനുള്ള   സാന്ദ്രത തേടിയുള്ള  പരക്കം പാച്ചിലുകൾ.    ആസുര പ്രകൃതി   പ്രാണവായു നിഷേധിച്ച്  മനുഷ്യരെ     കൊല്ലാക്കൊല ചെയ്യുന്നു .വിയർപ്പു കണങ്ങൾ പൊടുന്നനെ   പൊട്ടിയിറങ്ങി    നീർചാലുകൾ പോലെ   കുത്തിയൊലിക്കുമ്പോൾ  നീണ്ടുവരുന്ന  കൈകളിൽ  കുപ്പിവെള്ളമായും   വാസ്തയെ കാണം. 

അവധിയുടെ  ആശ്വാസ വെള്ളിയാഴ്ചകൾ.. ആണും പെണ്ണും  ഒരുപോലെ  കൈമാറുന്ന  വികാര വിചാരങ്ങളിൽ  നഖപ്പാടുകളേറ്റു  പുളയുന്ന തൂണുകൾ മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും വാസ സ്ഥലങ്ങളിലും. . അനുകമ്പ   സൃഷ്ടിച്ചെടുക്കുന്ന  ബലംകുറഞ്ഞ   ബന്ധങ്ങൾ,    മതിഭ്രമം കൊണ്ടുണ്ടായ  വിലക്കുകളുടെ  ചെറുചിറകൾ  പൊട്ടിച്ച്   കടപ്പാടായി   ഒഴുകി ഉന്മാദങ്ങളുടെ    ഊഷരഭിത്തികളിലും  കാമചോദനകളുടെ    കരിങ്കല്ലുകളിലും    ആർത്തിരമ്പുന്ന   തിരമാലകൾപോലെ  വാസ്ത  തല തല്ലിയാർക്കുന്നു.  വാസ്ത  പ്രണയമാകുകയാണ്.    

 ജൂലായിയുടെ  കൊടുംചൂടിൽ  മരുഭൂമിയിൽ  ഉരുകി നിൽക്കുന്ന  വില്ലയുടെ  ഉള്ളിലെ  ശീതീകരിച്ച മുറിയിലെ   ഉച്ചയുറക്കം, അതൊന്നു  വേറെ തന്നെയാണ്. പറഞ്ഞറിയിക്കാനാകാത്ത   ഒരുതരം   ആലസ്യത്തിന്റെ  ശല്ക്കങ്ങൾ   ശരീരമാകെ  പൊതിഞ്ഞു നിൽക്കുന്നതു പോലെ .എഴുന്നേറ്റപ്പോൾ മണി  നാലായിരിക്കുന്നു. ഞാൻ  അടുക്കള വാതിലിൽ  ചെന്ന്   അകത്തേക്ക് പാളിനോക്കി. മൻസൂറ പോയിരിക്കുന്നു. അടുക്കളയിൽ   വൃത്തിയുടെ  കയ്യൊപ്പുകൾ  അവിടവിടെ  കണ്ടു, ബെറ്റിയമ്മാമ്മയിൽ    നിന്നും തികച്ചും  വ്യത്യസ്തയായി. നന്നായി  തുടച്ച    ജനൽ ഗ്ലാസ്സിലൂടെ   ഫ്ലാറ്റ്   സമുച്ചയങ്ങളുടെ  ഇടയിലൂടെ  ദൂരെ  കടലിൽ   നങ്കൂരമിട്ടിരിക്കുന്ന  ഓയിൽ   ടാങ്കറുകൾ  വ്യക്തമായും  കാണാം. മണൽക്കാറ്റിന്റെ  ഹുങ്ക്  അടങ്ങിയിരിക്കുന്നു. ഉഷ്ണക്കാറ്റിന്റെ  അദൃശ്യ ആളലുകളിലൂടെ    മുഖം  മറച്ചുവേണം   ഇനി   അടുത്ത ബ്ലോക്കിലെ    ജിമ്മിൽ പോകാൻ . 

കടുത്ത   വേനലായതു കൊണ്ടു  തന്നെയാണ്   ജോലിസമയം  വെട്ടിച്ചുരുക്കിയിരിക്കുന്നത്. ജീവകോശങ്ങൾ   കരിച്ചു കളയുന്ന   തീക്കാറ്റിൽനിന്നും    ശ്വാസംമുട്ടിച്ച്   വിയർപ്പുസ്രവങ്ങളെ   ധാരയാക്കി മാറ്റുന്ന  വിങ്ങുന്ന   ഈർപ്പ വായുവിന്റെ  ദണ്ഡങ്ങളിൽ നിന്നും  തൊഴിൽപ്പടയ്ക്ക്     രക്ഷപെട്ടോടുന്നതിനാണീ   വെട്ടിച്ചുരുക്കൽ. നട്ടുച്ചയ്ക്ക്  പന്ത്രണ്ടിനും  നാലിനുമിടയിൽ    ഈ മരുഭൂമിയിൽ  പുൽനാമ്പുകളുടെയോ ചെറുകല്ലുകളുടേയോ  നിഴലുകൾ പോലുമില്ലാതെ   ജോലിചെയ്യുക  മനുഷ്യ സാധ്യമല്ലല്ലോ? നരകത്തീയിലേക്കുള്ള  നൂൽപാലത്തിനു   തൊട്ടു മുൻപുള്ള  മടക്കം.

കതകു   തുറന്നകത്തേക്കു   കയറിയപ്പോൾ   തന്നെ  അടുക്കളയുടെ  സ്വന്തം ശബ്ദങ്ങൾ   മുഴങ്ങിക്കേട്ടു. പക്ഷെ   ഇന്നത്  ചടുലതയില്ലാതെ  വെറുപ്പിന്റെ മുഴക്കങ്ങൾ ഒന്നുംതന്നെയില്ലാതെ  തികച്ചും  താളാത്മകമായിരിക്കുന്നു. എനിക്കങ്ങനെയാണ് തോന്നിയത്. പുറത്തെ ചൂടിലും അകത്തെ തണുപ്പിലും നില നഷ്ടപ്പെട്ട ശരീരത്തിന്റെ  സംതുലനാവസ്ഥ കാംക്ഷിച്ചുകൊണ്ടു   ഹാളിലെ    സോഫയിൽ  കുറച്ചു നേരമിരുന്നു. അതുമാത്രമല്ല, പണികഴിഞ്ഞിറങ്ങുന്ന    മൻസൂറയോട്   എനിക്കിന്ന്   സംസാരിക്കണം, കുറച്ചു  കൂടുതൽ. എന്റെ   അടുക്കളയിൽ    സ്വാതന്ത്ര്യത്തോടെ  പെരുമാറിക്കൊണ്ടിരിക്കുന്നത്   ഒരു    ഗദ്ദാമ മാത്രമല്ല   എന്ന്  ആരോ  എന്റെ  ചെവിയിൽ  വന്നു  മന്ത്രിച്ചിട്ടുപോയി. പണ്ടേ  ഉപേക്ഷിച്ചുപോയ  ഭാര്യയേയും  പിന്നീടൊരിക്കലും  സംഭവിക്കാഞ്ഞ   സ്ത്രീ സഹവാസത്തെയും  ശപിച്ചിട്ടു തന്നെ നാളുകളായിരിക്കുന്നു. ഇപ്പോൾ  എല്ലാം മാറിമറിയുന്നതുപോലെ. വിഷയസുഖത്തിൽ താത്പര്യമുള്ള    കേവലനെപ്പോലെ ഒരു പന്തികേടിന്റെ  ലാഞ്ചനയിൽ   എന്റെ   നെഞ്ചിടിപ്പ്  കൂടിവന്നു. അടുക്കളയിൽ   വൃത്തിയാക്കലിന്റെ     ഒടുവിലത്തെ   ഇനമായ  തറ തുടയ്ക്കുന്ന   നിരക്കലുകളുടെ   ശബ്ദം .
തടിച്ച ശരീരത്തിൽ   അയഞ്ഞ  പിങ്ക്ചുരിദാറുമിട്ട്    കഴുത്തിനുചുറ്റും   ഷാൾ  പൊതിഞ്ഞുകെട്ടി   ഇടതു തോളിൽ  ബാഗും തൂക്കി  വലതു കയ്യിൽ   പുറത്തെ   കുപ്പത്തൊട്ടിയിൽ   നിക്ഷേപിക്കാനുള്ള    വേസ്റ്റ്‌   ഒരു   പ്ലാസ്റ്റിക്ക്  കവറിൽ കെട്ടിയെടുത്ത്   മൻസൂറ  അടുക്കള തുറന്ന്   ഹാളിലേക്ക് വന്നു.
'ഹായ്  മൻസൂറാ, ഇന്നെന്തൊക്കെയാണ്   ഉണ്ടാക്കിയത്?"  ഞാൻ  ഒരു സംഭാഷണത്തിന്റെ  മനഃപൂർവം തുടക്കമിട്ടു.

"ഇന്നലെത്തേതുപോലെ    ഇന്നും    ഉണ്ടാക്കിയിട്ടുണ്ട്   ചേട്ടാ"

ഒരുവേള  ഞാനൊന്ന്  ചൂളിപ്പോയി. ബെറ്റിയമ്മാമ്മ   എന്നെ  സാറെന്നാണ്  വിളിക്കുന്നത്. ചേട്ടായെന്ന   വിളിയിൽ   എനിക്കൊരു  ചെറു സന്തോഷം ഉണ്ടായെന്നുള്ളത്   നിഷേധിക്കുക വയ്യ. ഓയിൽക്കമ്പനിയിലെ    ക്വളിറ്റി കണ്ട്രോൾ മാനേജർ  എന്ന   എന്റെ   ഉയർന്ന പദവിയെ  ഒരു   ഗദ്ദാമ   ചേട്ടായെന്നു   വിളിച്ചടുപ്പിക്കുന്നതിന്റെ    നീരസം    ഒരു  ദുരഭിമാന നീരുറവയായി    മനസ്സിൽ പൊടിക്കാതെയിരുന്നതുമില്ല.  

"മൻസൂറ  ഇരിക്കൂ ."  ഔപചാരികതയുടെ  നേർത്ത  ഒരു  ആവരണമെടുത്ത്   മുഖത്തണിഞ്ഞുകൊണ്ടു  ഞാൻ പറഞ്ഞു. അവർ പൊടുന്നനെ  എനിക്കെതിരെയുള്ള   ഒറ്റപ്പീസ്   സോഫയിൽ  പ്രൗഢിയോടെ  ഇരുന്ന്  ബാഗ്  മടിയിലും വേസ്റ്റ്‌  സഞ്ചി  തറയിലും ഒതുക്കിവച്ച്  എന്നെ നോക്കി   വശ്യമായി ചിരിച്ചു.

"മൻസൂറ  നാട്ടിൽ എവിടെയാണ്?"
"വിതുരയിലാണ് ചേട്ടാ.. ഇവിടെ  വന്നിട്ട്  എട്ടാമത്തെ  വർഷമാണ്. മുൻപ്   മസ്കറ്റിലായിരുന്നു. കുറച്ചുനാൾ  ദുബായിലും. അവിടെ എനിക്ക് ബിസിനസ്സായിരുന്നു."
"ബിസിനസ്സോ? എന്ത് ബിസ്സിനസ്സ്?" എന്റെ  ഉദ്വേഗം  കുറച്ചു വേഗത്തിലും  ഉച്ചത്തിലുമായിപ്പോയി .
"ഫ്‌ളാറ്റുകളുടെ   റെന്റൽ. എന്നോടൊപ്പം  ബിജു ചേട്ടനുമുണ്ടായിരുന്നു. പിന്നെ അതങ്ങു പൊളിഞ്ഞു."
ആരാണീ  ബിജു ചേട്ടൻ? ഭർത്താവായിരിക്കുമോ ?എന്തായാലും ഒന്നെനിക്കു  തീർച്ചയായി. ഒരൊറ്റ ചോദ്യത്തിന്  വാക്കുകൾക്ക്  പരതാതെ  ഒറ്റശ്വാസത്തിൽ  മൻസൂറ   ഒരു  കഥതന്നെ  പറഞ്ഞു തരുമെന്ന്.
 അതുകൊള്ളാമല്ലോ  എന്ന്  മനസ്സിൽപ്പറഞ്ഞ   ഞാൻ  വീണ്ടും  അവരുടെ  മുഖത്തേക്കുറ്റു നോക്കി. വീതിയുള്ള   കൺപീലികളുടെ  ചലനം  ആരാലും ശ്രദ്ധിക്കപെടുക തന്നെ ചെയ്യും. എനിക്കു മുന്നിൽ   കൈപ്പത്തികൾ  ചേർത്ത്  ഒരു കുമ്പിൾ പോലെയാക്കി   താടി  അതിൽത്താങ്ങി    ചായംപുരട്ടാത്ത  ചുണ്ടുകളിൽ  വശ്യമായ   പുഞ്ചിരിയുടെ   തിളക്കമൊട്ടിച്ച്  അവൾ എന്നെ  സാകൂതം നോക്കിയിരുന്നു. തടിച്ചു കൊഴുത്ത  മാറിടങ്ങൾ   നിശ്വാസങ്ങളുടെ ചരടിൽക്കോർത്ത്   താളാത്മകമായി  ഉയർന്നു താഴുന്നു. പ്രശസ്ത  ഓയിൽക്കമ്പനിയിലെ   ക്വളിറ്റി കണ്ട്രോൾ   മാനേജർ   എന്ന  അല്പത്വം  വീണ്ടും   ഉരുകി  പതുക്കെ  ഒഴുകിപ്പോയി. ഞാൻ  ചെറുതായിക്കൊണ്ടിരുന്നു. തീവ്രാനുഭവങ്ങളുടെ  കടുത്ത  ചൂട്  വികിരണങ്ങളായി  എന്റെ നേരെ  വരുകയാണ്. കണ്ണീരിന്റെയും വിയർപ്പിന്റെയും   ചൂര്  അവർക്കുചുറ്റും നിറഞ്ഞു നിന്നു. നീണ്ടു   വന്ന   അവരുടെ   ഇടത്തേകൈ    എന്റെ വലതു കയ്യിൽപിടിച്ചു    വലിച്ചു. കൈകൾ   കൂട്ടിപ്പിടിച്ച്    ഞങ്ങൾ   മുറ്റത്തെ പൊരിമണലിലേക്കിറങ്ങി. നിരത്തുകളും   മരുഭൂമിയും  കടന്ന്  കടലിരമ്പൽ  ശ്രദ്ധിക്കാതെ   വീണ്ടും  നടന്നു. കാടും പുഴയും  കുന്നും മലകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒന്നായി  നടന്നു തീർത്തു. ഒടുവിൽ  തെങ്ങിൻ പറമ്പുകളുടെ   ചരിവിലൂടെ  കലംകൊട്ടിപ്പൂവുകളുടെ   ഇടയിലൂടെ  പാടങ്ങളുടെ   കരയിലൂടെ  കണ്ണീരുപോലെ   തെളിഞ്ഞൊഴുകുന്ന    തോട്ടിലേക്ക്   എന്റെ  കൈ വിടുവിച്ച്   മൻസൂറ   തനിയെ  ഇറങ്ങി. കാൽമുട്ടുകൾ   വെള്ളത്തിൽ മുക്കി  പിന്നെ കഴുത്തൊപ്പം വെള്ളത്തിൽ  മുങ്ങിനിന്ന്    അവൾ    ചിരിച്ചു. നെഞ്ചിനു മുകളിലേക്ക്  പൊക്കിക്കെട്ടിയ   പുള്ളിപ്പാവാട   ഒരു  പൂ പോലെ   തലയ്ക്കു ചുറ്റും  പൊങ്ങിക്കിടന്നു. അവൾക്കു   ചുറ്റും   ആർത്തുചിരിച്ചും  തിമിർത്തും ദിലീപും  സമീറയും വെള്ളത്തിൽ  കുത്തിമറിഞ്ഞു . ഇളയത്തുങ്ങളെ വിട്ട്  മൻസൂറ    നീന്തി  കുറച്ചുകൂടി    മുകളിലേക്ക്  പോയി. ചെമ്മണ്ണു കലർന്ന    വെള്ളം  ഒരു പാട പോലെ   മുകളിൽ നിന്നൊഴുകി വന്നു. പാൽചായ നിറത്തിലെ വെള്ളപ്പാളികളിൽ    അവൾ   വിരലുകൾകൊണ്ട്  താൽക്കാലിക   ചിത്രങ്ങൾ വരച്ചു. അവൾക്കറിയാം , ഒരു വളവിനപ്പുറം   കൃഷ്ണൻകുട്ടി  കുളിക്കുകയാണെന്ന്. കല്ലുവെട്ടി    ചുവന്ന  ഉടുമുണ്ടും  ദേഹവും    വൈകുംനേരങ്ങളിൽ   തോട്ടിലേക്കിറങ്ങി   തുകച്ചെടുക്കുകയാണയാൾ. വളവിനിപ്പുറം  പാത്തുപതുങ്ങി    ഒരു പൊങ്ങുതടിപോലെ    മൻസൂറ  കൃഷ്ണൻകുട്ടിയെ   നോക്കിക്കിടന്നു. അയാളിൽ തുടങ്ങിയ      കളിമൺ വെള്ളത്തിനു കീഴെ   മുങ്ങാംകുഴിയിട്ടു   അവൾ  തിരിച്ചുപോന്നു.  നനഞ്ഞൊട്ടിയ   മുണ്ട്   മുട്ടിനു മുകളിൽ   കേറ്റിക്കുത്തി    ചെങ്കല്ല്നിറമുള്ള    തോർത്ത്  തലയിൽചുറ്റി   കരയിലൂടെ   ഇടയ്ക്കൊന്നു   പാളിനോക്കി     അവരെക്കടന്നു പോയപ്പോൾ  അയ്യാളുടെ   ചുണ്ടിണ കോണിലെവിടെയോ   ചിരി   ഒഴുകിവന്ന്    ഒരു കുമിളപോലെ   നിന്നിരുന്നു  . മൻസൂറ  പക്ഷെ   വെളുക്കത്തന്നെ  ചിരിച്ചു. തോടു താണ്ടി   തെങ്ങിൻ പറമ്പിലേക്കയാൾ      മായുംവരെ   കഴുത്തൊപ്പം വെള്ളത്തിൽ   താളംപിടിച്ച്    സാകൂതം  അവൾ  നോക്കിനിന്നു. പിന്നെ   വീണ്ടും    വെള്ളത്തിലേക്കൂളിയിട്ട്  കൈതക്കോര മീനിനെപ്പോലെ   നീന്തിത്തുടിച്ചു.  
നനഞ്ഞൊട്ടിയ  വസ്ത്രങ്ങളുമായി   പാറക്കല്ലുകളുടെ    പടിചവിട്ടി  വീട്ടിലേക്കു  കയറിവന്ന    മൻസൂറയെ   നോക്കി  മുറ്റത്തുനിന്നൊരാൾ    ബീഡി  ആഞ്ഞാഞ്ഞു  വലിക്കുന്നുണ്ടായിരുന്നു.  കുഴിഞ്ഞ   കവിളുകളും   ചുവന്ന കണ്ണുകളും  കോലൻമീശയുമുള്ള    പൊക്കത്തിലൊരാൾ. പിന്നാമ്പുറത്തുകൂടെ   ഉള്ളിലേക്ക് കയറുമ്പോൾ  ഇറയത്തു  അപ്പയുടെ  ദയനീയശബ്ദം .
"അവൾക്കു   പതിനാറു   തികഞ്ഞതേയുള്ളൂ   സഖറിയാ....."

കെട്ടിയവനൊപ്പം നാലാംനാൾ     കൊട്ടുകാട്ടിലേക്കു   വെളുത്ത   അംബാസഡർ  കാറിൽ കയറിപ്പോകുമ്പോൾ   മെയിൻ റോഡിലെത്തും വരെ    മൻസൂറ  തിരിഞ്ഞു    നോക്കിക്കൊണ്ടേയിരുന്നു. കാവി നിറത്തിൽ    തിളങ്ങുന്ന   കനൽ ശരീരവുമായി  കൃഷ്ണൻകുട്ടി   അവിടെങ്ങുമുണ്ടായിരുന്നില്ല.
അവരെ തോട്ടിൻകരയിലുപേക്ഷിച്ച്   എനിക്ക്  തിരിച്ചുപോരേണ്ടിവന്നു.     തോടിന്റെ  വീതികുറഞ്ഞ ഭാഗത്തു   കുറുകെചാടി   വരമ്പിലൂടെ, തെങ്ങിൻപറമ്പിലൂടെ, നാട്ടിടവഴികളിലൂടെ  പൊക്കത്തിൽ   കയറി   ടാർ റോഡിലൂടെ   പുഴകളും   പാടങ്ങളും അവസാനം   കടലും  കടന്ന്   മരുഭൂമിയിലേക്ക്   ഞാൻ തിരിച്ചു നടന്നു. പുറത്തെ     കാറ്റിന്റെ   ബഹളം കേട്ടുണർന്നപ്പോഴേക്കും     മൻസൂറ   പോയിക്കഴിഞ്ഞിരുന്നു.   
വെറും രണ്ടുദിവസത്തെ  പരിചയം. മൻസൂറയെപ്പറ്റിയുള്ള   ചിന്തകൾ  ചൂടുപിടിച്ച്  മനസ്സിലാകെ പറന്നു നടക്കുന്നു. തികച്ചും വിചിത്രമാണിത്. സ്നേഹവും   സംരക്ഷണവും   കാമവും  മോഹിച്ച്   എന്നിലെ  ആസക്തിയുടെ  വിത്തുകൾ  പുറന്തോടുപൊട്ടിച്ച്   പുറത്തുവന്നു. അവയ്ക്കു  വളരണം, പടർന്നു പന്തലിച്ച മതിയാകൂ. അതിനവളുടെ    പ്രണയം   വേണം. നാളെ   അവളോട്   എന്റെ   പ്രണയം   പറയും. കമ്പനി  എനിക്കായി മാത്രം    അനുവദിച്ചുതന്ന   ഈ  വില്ലയിൽ  എന്നോടൊപ്പം താമസിക്കാൻ   ഞാൻ   അവളോട്   ആവശ്യപ്പെടും. നാല്പത്തിയെട്ടിന്റെ   പാരാധീനതകളുള്ള   എന്റെയീ    ദേഹം  നാളെമുതൽ   മൻസൂറയുടെ   പ്രണയത്തീയിൽ  കത്തിത്തുടങ്ങും.  നന്നായി  അണിഞ്ഞൊരുങ്ങി  എനിക്കിഷ്ടമുള്ള    വസ്ത്രങ്ങളണിയാൻ   ഞാൻ   അവളോട്  പറയും. പിന്നിലൂടെ  വന്ന്   കെട്ടിപ്പിടിച്ച്    സമൃദ്ധമാറിടങ്ങൾ കൊണ്ടെന്നെ    ഞെരിക്കണമെന്നു ഞാനവളോട്   കെഞ്ചും. ദീനബാധയാൽ  എപ്പോഴെങ്കിലും  തളർന്നു പോകുമ്പോൾ    അവളെ  ശുശ്രൂഷിക്കാൻ   എന്റെ  മനസ്സ്  ഇപ്പോഴേ  വെമ്പുകയാണ്‌. കടുത്ത   ഇരുട്ടിലും  കണ്ണുപോകുന്ന പ്രകാശത്തിലും   ചൂടിലും  തണുപ്പിലും  കാറ്റിലും  കനത്ത മഴയിലും  എന്റെ  കൈചേർത്തുപിടിച്ചു  നടക്കാൻ  ഞാൻ  ശാഠ്യം  പിടിക്കും.

മൻസൂറ   ഇന്ന്   താമസിച്ചാണെത്തിയത്. നേരെ   അടുക്കളയിലേക്ക്   പോയി .ഒരു പത്തുമിനിറ്റ്   റൂമിൽ   വാതിലിനടുത്ത്    ഒരു കള്ളനെപ്പോലെ  പതുങ്ങിനിന്നതിനുശേഷം   ഞാൻ  നേരെ  അവരുടെ  അടുത്തേക്ക്  ചെന്നു.
"ഹാലോ  മൻസൂറാ ,എന്തൊക്കെയുണ്ട്     വിശേഷങ്ങൾ? എപ്പോഴും  കുശലം തുടങ്ങുന്നത്  ഇങ്ങനെ  ചോദിച്ചു കൊണ്ടാണ്. ശൃംഗാരത്തിന്റെ   നേരിയ ചായം മുഖത്തും  മനസ്സിലും പൂശിക്കൊണ്ട്  ഞാൻ ചോദിച്ചു .
"ഓ   എന്ത് വിശേഷം  ചേട്ടാ.. ഇങ്ങനെയൊക്കെ അങ്ങ്  പോകുന്നു." എന്നെ ശ്രദ്ധിക്കാതെതന്നെ   അവൾ  പ്രതിവചിച്ചു.
"മൻസൂറയ്ക്ക്       ഇവിടെ  താമസിച്ചുകൂടെ? എന്നോടൊപ്പം?"
നേരിയ ഭയം  ഉള്ളിലുണ്ടായിരിന്നിട്ടും   ഞാൻ   ഒരുവിധം പറഞ്ഞൊപ്പിച്ചു.ജോലി   നിറുത്തി    അവൾ   കുറേനേരം  താഴേക്ക് നോക്കിനിന്നു. പിന്നെ  മുഖമുയർത്തി     എന്നെ നോക്കി ചിരിച്ചു.  പണ്ടെങ്ങൊ കണ്ട    പുരാണ മലയാള സിനിമയിലെ  ദേവിയുടെ   മുഖം അനുസ്മരിപ്പിച്ച്  എന്നെ നോക്കി  ചിരിച്ചു കൊണ്ടേയിരുന്നു, ഹൃദ്യവും ആകർഷകവുമായ ചിരി.

"ഈ  ലിവിങ് റ്റുഗെതെർ  ആണോ  ചേട്ടൻ ഉദ്യേശിച്ചത്?" ഞാൻ  ശ്രദ്ധിച്ചു, അവളുടെ  ശബ്ദത്തിൽ  പുശ്ചഭാവം തീരെയില്ലായിരുന്നു.
"അതിനപ്പുറത്തേക്ക്  ഒരു ബന്ധം   വളർന്നാലും  എനിക്ക് പ്രശ്നമില്ല." ഞാൻ മറുപടി   എളുപ്പത്തിലാക്കി.
പ്രതികരണം  വീണ്ടും  ചിരിയായിരുന്നു. മൻസൂറ   കുലുങ്ങി  ചിരിച്ചുകൊണ്ടേയിരുന്നു. ചിരിച്ച്  ചിരിച്ച്    വിറച്ചു തുടങ്ങി. ഭ്രാന്തമായി ചലിക്കുന്ന  കൈകൾകൊണ്ട്     ചുരിദാറിന്റെ  ബട്ടണുകൾ വിടുവിച്ചെടുത്തു. ഒരുന്മാദിയുടെ   മുഖഭാവത്തോടെ     ബ്രാസിയർ      മുകളിലേക്ക്  പൊക്കിയെടുത്തു   . കൊഴുത്തുരുണ്ട   മാറിടങ്ങൾ  എനിക്കു മുന്നിൽ  വിറച്ചു തുള്ളി നിന്നു. കാളിയും കൂളിയും ഒറ്റമുലച്ചിയും മേലാസകലം  ചെഞ്ചായം വാരിപ്പൂശി  തുറിച്ച നാക്കുകളും  തീക്കണ്ണുകളുമായി  അലർച്ചകളോടെ   മൻസൂറയുടെ   ദേഹത്തിൽ  അവിടവിടെ  മുറിവുകളുണ്ടാക്കി.  അതിലൂടെ  ഇഴഞ്ഞകത്തേക്കുകയറി. അസുരതാളത്തിന്റെ  ഭയങ്കര പ്രകമ്പനങ്ങളിൽ  എനിക്ക്  തലമരവിച്ചുപോയി
"ചേട്ടനിതു   കണ്ടോ ?"

അവരുടെ   അനാവൃത മാറിടങ്ങളിലേക്ക്    ഭയപ്പാടോടെയാണ്  ഞാൻ  നോക്കിയത് .കുത്തിമുറിച്ച    മുറിവുകൾ കൂടിയ   കറുത്ത  തടിപ്പുകൾ. പൊള്ളലേറ്റ   തൊലിയുടെ   തുടിപ്പുനഷ്ടമായ  വെളുത്ത  പാടുകൾ..
"ഹോ".ഞാൻ കണ്ണുകൾ രണ്ടു കൈകൾ കൊണ്ടും     പൊത്തി   ഹാളിലേക്ക്  രക്ഷപെട്ടു. സോഫയിലേക്കു വീണ  എനിക്ക്   ശ്വാസം കഴിക്കുവാൻ പ്രയാസമുണ്ടായി. ആനകൾ കയറിയ  കരിമ്പിൻ കാട്ടിൽ അകപ്പെട്ടു പോയ  മുയലിന്റെ നിസ്സഹായാവസ്ഥയിൽ  ഏറെനേരം  മനോനില നഷ്ടപ്പെട്ട് ഞാനായിരിപ്പിരുന്നു പോയി .
 കുറേക്കഴിഞ്ഞ്  ജോലി നിറുത്തി  മൻസൂറയും    ഹാളിലേക്ക് വന്നു. വേസ്റ്റുകെട്ട്    നിലത്തും  ബാഗ്‌ വശത്തും വച്ച്   അധികാര ഭാവത്തിൽ  എനിക്കെതിരെ  സോഫയിലിരുന്ന ശേഷം   സാകൂതം  നോക്കി    ചിരിച്ചു.   ഇപ്പോഴത്  അട്ടഹാസമല്ലായിരുന്നു. നിശബ്ദമായ  വശ്യമായ  ചിരി. ഞാൻ  ഒരുവേള അവളുടെ നെഞ്ചിലേക്ക്  പാളി നോക്കി. കുഴപ്പമില്ല, മാറിടങ്ങൾ മൂടിയിട്ടുണ്ട്. ജനലിലൂടെ  പുറത്തേക്ക്  കണ്ണുകൾ  പായിച്ച്  അവൾ  പറഞ്ഞു 

"കല്യാണം     കഴിഞ്ഞ്  മൂന്നുമാസത്തിനുള്ളിൽ   കിട്ടിയതാണ്   ഈ കുത്തുകൾ. ബീഡിക്കുറ്റികൊണ്ടു     പൊള്ളിക്കുകയും ചെയ്തിരുന്നു” ഒന്നുനിറുത്തി പിന്നെ കുറച്ചു ശബ്ദമുയർത്തിപറഞ്ഞു.
“ എന്തിനാണെന്നറിയേണ്ടേ?  ഞാൻ  ഗര്ഭിണിയാകാത്തതുകൊണ്ട്…!     കഞ്ചാവായിരുന്നു  അയ്യാൾ.."
"എന്നിട്ടു   കുട്ടികളില്ലേ?"
"ഉണ്ട്   രണ്ടെണ്ണം ..പെറ്റുകഴിഞ്ഞപ്പോൾ  എന്നെക്കളഞ്ഞിട്ടു  അയ്യാൾ  പോയി " 

മൻസൂറ    വീണ്ടും   കുലുങ്ങിചിരിച്ചു. കളിയാക്കുന്നതുപോലെ. എന്നെയോ ഉപേക്ഷിച്ചു പോയവനെയോ, ആരെയാണ്  അവൾ   പരിഹസിച്ചതെന്ന്  എനിക്കു മനസ്സിലായതേയില്ല. നിശബ്ദത തണുപ്പിച്ച  രണ്ടുമൂന്നു നിമിഷങ്ങൾ  ഞങ്ങൾക്കിടയിൽ  പിടഞ്ഞുവീണു. എന്റെ   നിർബന്ധമില്ലാതെതന്നെ   മൻസൂറ  വീണ്ടും  പറഞ്ഞുതുടങ്ങി .

"ഞാൻ  രണ്ടുവർഷം  ഒമാനിലായിരുന്നു   ചേട്ടാ. സുരാജാണ്  എന്നെ കൊണ്ടുപോയത് .ഞങ്ങടെ    മാമച്ചിയുടെ  മോൻ. സ്‌കൂളിലെ   ആയയായിട്ടു കൊണ്ടുപോകുന്നു  എന്നാണ്  പറഞ്ഞത്. അവിടെ  അവൻ  എന്നെ  ഹഡ്ഡയിലാക്കി   ."
"ഹഡ്ഡയോ...എന്താണത്?"

"ഹിന്ദികൾ  നടത്തുന്ന  വേശ്യാലയം.. രണ്ടുവർഷം   കഴിഞ്ഞാണ്   അവിടെനിന്നും രക്ഷപെട്ടത്.."
കുറച്ചു നേരത്തേക്കു ഒരു തരിപ്പ് എന്റെ  തലയിലൂടെ പ്രവഹിച്ചതുപോലെ. എന്ത്  പറയണമെന്നറിയാതെ  ഞാൻ     കുനിഞ്ഞ്  കാർപെറ്റിലേക്കു  നോക്കി. സ്ഥിരമായി  കാൽ ചവിട്ടിയിരുന്ന ഭാഗത്തെ    നിറമാറ്റം  അപ്പോഴാണ്  കണ്ടത് . അവൾ എന്നെ ശ്രദ്ധിക്കുന്നതേയില്ല . ജന്നലിൽ കർട്ടൻ മാറിയ  വിടവിലൂടെ പുറത്തേക്ക് മുഖംതിരിച്ചു  പറഞ്ഞുകൊണ്ടേയിരുന്നു.
"വക്കീലാപ്പീസിന്റെ   മുന്നിൽവച്ചാണ്   ബിജുചേട്ടൻ  എന്നെ ആദ്യമായിക്കണ്ടത്." മൻസൂറയുടെ ശബ്ദം   അവിശ്വസനീയമായി  താഴ്ന്നു. ഞാൻ  മുഖമുയർത്തി.അവർ  കഥപറയുകയാണ്‌. തീഷ്ണമായ  ജീവിതാനുഭവങ്ങളുടെ   നിശ്വാസങ്ങൾ  എന്റെ  മുഖത്തേക്ക്   നീണ്ടു. ഉറക്കറക്കണ്ണുകളും   വീതിയുള്ള   കൺപീലികളും  പ്രശാന്തമുഖവും   ദേവിയായി  സിനിമയിൽ  വരുന്ന  നടിയെ  വീണ്ടും  തിരിച്ചു കൊണ്ടുവന്നു.

"ബിജുവോ..ആരാണയാൾ?" ഞാൻ  ശരിക്കും ഉദ്വേഗം കൊണ്ടു .
"ബിജുചേട്ടൻ   എന്നെ  ദുബായിലേക്ക്  കൊണ്ടുപോയി. ഞങ്ങൾ   ഒരുമിച്ചു ജീവിച്ചു. എന്റെ  എല്ലാമായിരുന്നു  അങ്ങേർ.." ഒന്ന് നിറുത്തി   പിന്നെ  തിരുത്തി മൻസൂറ  പറഞ്ഞു.
"എല്ലാമായിരുന്നു  എന്നല്ല   എല്ലാമാണ്  ഇപ്പോഴും "
"എന്നിട്ടെന്തുണ്ടായി?”
"എന്റെ  മോളെ  കെട്ടിച്ചുവിട്ടതും   ആങ്ങളയെ  ഗൾഫിൽ കൊണ്ടുപോയതുമെല്ലാം  അങ്ങേരാണ്. ഞങ്ങൾക്ക്  അവിടെ  ബിസിനസ്സുണ്ടായിരുന്നു. ചെറിയ  സൂപ്പർമാർക്കറ്റും  പിന്നെ  റെന്റലും.."
വെള്ള മണൽപ്പരപ്പിൽ   മേഘത്തിന്റെ  നിഴൽപടർന്നതുപോലെ    മൻസൂറയുടെ മുഖം  മങ്ങി, തൊണ്ട കനത്തു വന്നിരിക്കണം , ചുണ്ടുകൾ വിറകൊണ്ടു.  കണ്പീലികളിൽനിന്നും നീർത്തുള്ളികൾ   ഇറുന്ന്   കവിളിലൂടെ  ഒലിച്ചിറങ്ങി.

"എല്ലാം   അവൻ  നശിപ്പിച്ചു.. എന്റാങ്ങള  ദിലീപൻ   ..."
"എങ്ങനെ..?"എനിക്ക് ചോദിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.
"അങ്ങേരുടെ   കാശുമായി  അവൻ  മുങ്ങി..ജയിലിലേക്കു പോകുമ്പോൾ  എനിക്കുള്ള  ടിക്കറ്റെടുത്തു   അങ്ങേർ     മേശപ്പുറത്തു വച്ചിരുന്നു."
"എന്നിട്ടിപ്പോഴും  അയ്യാൾ  ജയിലിലാണോ?"
"അല്ല. നാലുവർഷം    കഴിഞ്ഞു  പുറത്തിറങ്ങി .നാട്ടീപ്പോയി . കൊല്ലത്തായിരുന്നു  വീട്"
"പിന്നെ   അയ്യാളെക്കണ്ടില്ല?"
"ഇല്ല .ഒരിക്കൽ  ഫോൺ ചെയ്തു പറഞ്ഞു    ഇനി    തമ്മിൽക്കാണരുതു്   എന്ന്."
സോഫയിൽ  മൻസൂറ  ഒന്നിളകി നേരെയിരുന്നു. പിന്നെ   ഉറച്ച ശബ്ദത്തിൽ പറഞ്ഞു 
"എനിക്ക് വിഷമമില്ല   ചേട്ടാ. രണ്ടു  വര്ഷക്കാലം   ഞാൻ   ഒരകത്തമ്മയെപ്പോലെ   ജീവിച്ചു. അങ്ങേർ  എനിക്കെല്ലാം  തന്നു. ഞാനും  തിരിച്ചുകൊടുത്തു    എല്ലാം.."

വില്ലയ്ക്കു  വെളിയിൽ   വെയിൽ  മങ്ങിത്തുടങ്ങി.കാറ്റിനു ശമനമായിരിക്കുന്നു. ചൂടുണ്ടെകിലും   അന്തരീക്ഷം   തെളിഞ്ഞിരുന്നു. മൻസൂറ സോഫയിൽ   കുറച്ചുകൂടി  എനിക്കരുകിലേക്കു നീങ്ങിയിരുന്നു. എന്റെ കണ്ണുകളിൽ   കൊളുത്തിവലിച്ചുകൊണ്ടു   ചോദിച്ചു
"ചേട്ടന് ശരിക്കും  എന്നെ  ഇഷ്ടമാണോ?"
ഞാൻ  പുഞ്ചിരിച്ചു. പൊതുവെ   ചെറുതായ  എന്റെ  കണ്ണുകൾ  സത്യസന്ധമായ ചിരിയിൽ   ഒന്നുകൂടെ   ഇടുങ്ങി.
"എനിക്ക്  ശരിക്കും   ഇഷ്ടമാണ് ..അതിക്കൂടുതൽ    ഒരു  കൂട്ടുവേണം അത്യാവശ്യമായി "
മൻസൂറ  പിന്നെയും   ശരീരമാസകലം  കുലുക്കിച്ചിരിക്കാൻ  തുടങ്ങി. ഇതാണവരുടെ   കുഴപ്പം.  എന്നെ   ഊശിയാക്കുന്നതു പോലെ. നീരസം ഒളിച്ചുവന്നെന്റെ   നെറ്റിചുളുക്കിക്കളഞ്ഞു. ചിരിനിറുത്താതെ   അവർ  വീണ്ടും മൊഴിഞ്ഞു 

"ഇവിടൊരുത്തന്റെകൂടെ     ലിവിങ്ടുഗെതറായിരുന്നു  ഞാൻ ..നാലുവർഷമായി.  കഴിഞ്ഞയാഴ്ച    അവൻ    നാട്ടിൽപ്പോയി..  കല്യാണം കഴിക്കാൻ..!"ചിരിയുടെ    തിരമാലത്തള്ളലിൽ     മന്സൂറയ്ക്കു   നിലതെറ്റി.
"അവനു   കുഞ്ഞിക്കാലു കാണണമത്രേ..എനിക്ക്   പെറാൻ കഴിയില്ലെന്നു ഇപ്പോഴാണവന്   തോന്നിയത്..!"
"ആരാണയാൾ..?"
"സത്യൻ.. ഒരു കൺസ്ട്രക്ഷൻ   കമ്പനിയിലെ  ഡ്രൈവറാണ്. ഒത്തിരിനാൾ    എന്റെ പിറകെ നടന്നതാണ്. ദോഷം  പറയാനില്ല. എന്റെ  വാടകയും ചിലവുകളും നാലുവർഷമായി  അയാളാണ്  നോക്കിയത്.."
"തിരിച്ചുവരുമ്പോൾ?"
"വരുമ്പോൾ    പൊണ്ടാട്ടിയെയും കൊണ്ടാണ്   വരുന്നതെന്ന്  പറയുന്നു. വരട്ടെ..വന്നു   ജീവിക്കട്ടെ. ഞാനും    ജീവിക്കും   ചേട്ടാ.."  തമാശ പറയുന്നതു പോലെയാണ്   അവൾ  അത്  പറഞ്ഞത് .

ഇവിടെ  ഇങ്ങനെയാണ്. വാസ്തയിൽ   പുറംപണിചെയ്യുന്ന   മിക്ക  ഗദ്ദാമമാരും  ദാമ്പത്യത്തിന്റെ   കപട നിർമിതിയിലാണ്. താത്കാലിക  ഭാര്യാഭർത്താക്കന്മാർ. വാടകയും   ചിലവുകളും    വീതംവയ്ക്കലിൽ പകുതിയായി കുറയുന്നു.  ഒറ്റമുറി   ഫ്‌ളാറ്റുകളിൽ    ജിപ്‌സം ബോർഡു കൊണ്ട് പിന്നെയും  പകുത്ത   കുടുസ്സു മുറികളുടെ   ധാരാളിത്തത്തിൽ    ഒറ്റ ബാത്ത്റൂമിന്റെ  അസൗകര്യങ്ങളുടെ    ചൊരുക്കുകളിൽ    സമയ നഷ്ടമുണ്ടാകാതെ, പൊതു അടുക്കളയിൽ   വിഭവസമൃദ്ധമായ  ആഹാരംതന്നെ    പാചകംചെയ്യുന്ന  സന്തോഷ ജീവിതങ്ങൾ.  രാത്രിയുടെ   സ്വസ്ഥതയെ പിളർക്കുന്ന  ശീൽക്കാരങ്ങൾ  അതേപടി   അടുത്ത മുറിയിലുള്ളവർ   കേട്ടും  കേൾക്കാതെയും   കഴിഞ്ഞു തന്നെ  പോകുന്നു. കാരണം   ഇത്  വാസ്‌തയാണ്.. ആണിനും  പെണ്ണിനും   പരസ്പരമുള്ള,  നിർവ്വചനങ്ങൾക്കും  നീതികരണങ്ങൾക്കും  വഴങ്ങാത്ത,  പകൽ മാന്യന്മാരുടെ  നെറ്റികളിൽ  അകാരണമായി  വികൃതചുളിവുകൾ  വീഴ്‌ത്തുന്ന അവിശുദ്ധ  കടപ്പാട്. ഇതാണ്  വാസ്ത.

"നിങ്ങളൊരു   നല്ല   മനുഷ്യനാണ്   ചേട്ടാ.."
"ഹ ഹ   അതെങ്ങനെയറിയാം... ഞാൻ  നല്ലവനാണെന്ന്? "
"കണ്ണടയ്ക്കു  പിന്നിൽ  നിങ്ങളുടെ   കണ്ണുകളിൽ ഇഷ്ടം  ഇങ്ങനെ  കത്തി നിൽപ്പുണ്ട്. പ്രണയം   എനിക്ക്  നന്നായി  മണക്കാൻ  കഴിയും. നിങ്ങൾ  നന്നായി പെരുമാറുകയും  സംസാരിക്കുകയും  ചെയ്യുന്നു. ചിലയവന്മാർ    ആദ്യംതന്നെ നമ്മുടെ  ശരീരം   ചോദിക്കും..കാശും   നീട്ടിപിടിച്ചുകൊണ്ട്.."
"അത്   മൻസൂറയ്ക്കു   തോന്നുന്നതാണ് ..മറ്റുള്ളവരോട്  മോശമായി പെരുമാറാനുള്ള   ധൈര്യം   എനിക്കില്ല  എന്നുള്ളതാണ്   സത്യം.."

എന്റെ  മറുപടികേട്ട്   മൻസൂറ   തലകുലുക്കിചിരിച്ചു.
"എനിക്കിനി   കുറച്ചു കാര്യങ്ങളേയുള്ളു   ചേട്ടാ. വീടിന്റെ   കടം വീട്ടണം. മോനെ ദുബായിൽ  വിടാനുള്ള  വിസയെടുക്കണം. അവൻ   പഠിക്കത്തില്ല  .  ബീക്കോം തോറ്റു. പിന്നെ  മോളുടെ   കല്യാണത്തിന്റെ  ഇത്തിരി കടം  ബാക്കിയുണ്ട്."
"കടമോ? കല്യാണം    തന്റെ  ബിജുചേട്ടൻ  നടത്തിയെന്ന്  പറഞ്ഞിട്ട്?” എനിക്ക് വീണ്ടും   സംശയമായി.
"അതോ.? അതെന്റെ   വളർത്തു മോൾ. .കുഞ്ഞുമോൾ   പെറ്റിട്ടുടനെ    ചത്തു. എന്റെ അയൽക്കാരായിരുന്നു     ചേട്ടാ. ഭാസ്കരൻ    കൊച്ചിനെയും   കളഞ്ഞിട്ട്  എങ്ങോട്ടോപോയി.  ഞാനതിനെ   അങ്ങെടുത്തു.വളർത്തി    മാന്യമായി  കെട്ടിച്ചും വിട്ടു."

കവലച്ചട്ടമ്പി  വീരസ്യം  പറയുന്ന  ഒഴുക്കിലും ഗാംഭീര്യത്തിലും  മൻസൂറ മുഖംനോക്കാതെ  പറഞ്ഞുതീർത്തു. ഞാൻ   അമ്പരന്നു പോയി.സിനിമയിലെ  ദേവിയുടെ   രൂപം   എനിക്കു മുന്നിൽ  വലുതായി വളർന്നു. അവരുടെ   തലയ്ക്കു ചുറ്റും   ദിവ്യവെളിച്ചം  നിന്നു കറങ്ങുന്നതായും തോന്നി.
പുറത്തു വെയിൽ   കുറേക്കൂടി   മങ്ങി. മൻസൂറ   പോകാനായി   എഴുന്നേറ്റ്  നിന്ന് എന്നെ നോക്കി.ഞാനും  സോഫയിൽ നിന്നെണീറ്റു . അവൾ  എനിക്കരികിലേക്ക് വന്ന്    എന്റെ  കണ്ണുകളിലേക്കുറ്റുനോക്കി. പ്രണയത്തിന്റെ    നനുത്ത ഗന്ധം  മൂക്കിലേക്കോടിക്കയറി.  രണ്ടുകയ്യും    നീട്ടി  അവൾ  എന്റെ മുഖംപിടിച്ച്  അവരുടെ   മുഖത്തേക്കടുപ്പിച്ചു. നനഞ്ഞ  ചു ണ്ടുകൾകൊണ്ട്   എന്റെ നെറ്റിയിൽ ചുംബനത്തിന്റെ   ചൂടുള്ള   ഒരു   കിഴി വച്ചു. അനന്തരം  ഒന്നും സംഭവിക്കാത്തതുപോലെ     ബാഗും വേസ്റ്റുമെടുത്തുകൊണ്ട്   പുറത്തേക്കു പോയി. ഞാൻ  പതുക്കെ  ബാൽക്കണിയിലേക്ക്  നടന്നുകയറി . മൻസൂറ    അന്നനട  നടന്നു പോവുകയാണ്. അവൾ   തിരിഞ്ഞു നോക്കില്ല  എന്നെനിക്കറിയാം. എനിക്ക്  ഭാരക്കുറവു തോന്നി. ഒരുതരം ഇളക്കം. ഞാൻ   എന്നോട് കുറച്ചുച്ചത്തിൽ പറഞ്ഞു
"എനിക്കും   വാസ്തയായി...മൻസൂറയോട് " 

മംഗഫിൽ നിന്നും പടിഞ്ഞാറ്  അൽ-അഹമ്മദിയിലേക്കുള്ള     പാത  പലനിറങ്ങളിലും    വിഭിന്ന വേഗതയിലും   ഈ സന്ധ്യയിലും നിറഞ്ഞൊഴുകുകയാണ്‌. ദൂരെ  ആൾക്കൂട്ടത്തിൽ    അവളെ  എനിക്കിപ്പോഴും   തിരിച്ചറിയാൻ  പറ്റുന്നുണ്ട്. ഒഴുക്കിനിരുവശവും   അതിരുകൾകൊണ്ട്  ആകാശത്തിൽ  പടിക്കെട്ടുകളുണ്ടാക്കുന്ന   ബഹുനിലക്കെട്ടിടങ്ങളുടെ നിഴലുകൾ. പാതയവസാനിക്കുന്നിടത്ത്    അൽ-അഹമ്മദിയുടെ  ആകാശം  ഓറഞ്ചുനിറത്തിൽ   പൊടിപിടിച്ചുകിടന്നു. കാഴ്ച്ച    മങ്ങിത്തുടങ്ങി.
--------------

ഷാജി .ജി.തുരുത്തിയിൽ 
കാച്ചാണി  മാർക്കറ്റ് റോഡ് 
കരകുളം, തിരുവനന്തപുരം 

Facebook Comments

Comments

 1. Rithin Varghese

  2021-06-07 16:54:25

  Exaggerated a little bit.....but touching...

 2. Shamseer Ahamed

  2021-06-01 04:46:39

  ഹൃദയ സ്പർശിയായ രചന. പ്രതിസന്ധികൾ തരണം ചെയ്യാൻ സ്വന്തം നാടും, കുടുംബവും വിട്ട് പ്രവാസത്തിൽ ഖദ്ദാമ ജീവിതം നയിക്കേണ്ടി വരുന്ന ഒരുപാട് പാവപ്പെട്ട സ്ത്രീകളുടെ നേർചിത്രം മൻസൂറ എന്ന കഥാപാത്രത്തിലൂടെ ഇതിൽ തെളിഞ്ഞ് കാണുന്നു. നല്ലെഴുത്ത്. ആശംസകൾ.

 3. വളരെ നല്ല കഥ. അടിമുടി ജീവിതം നിറഞ്ഞു നിൽക്കുന്നു. ഷാജിയിൽ കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു.

 4. Sibi

  2021-05-31 17:58:56

  Shaji chetta superb... ഇനിയും ഇങ്ങനെയുള്ളത് ചേട്ടനിൽ നിന്നും പ്രേതീക്ഷിക്കുന്നു

 5. Babu

  2021-05-31 17:08:32

  Very Good 👍🏾

 6. Cheriyan Titus Cheriyan

  2021-05-31 16:21:08

  A real cross section of Middle East house maids life. Author succeeded in penetrating into the hearts of readers

 7. jack

  2021-05-31 15:57:43

  ജീവൻ തുടിക്കുന്ന എഴുത്തു അഭിനന്ദങ്ങൾ

 8. Selvaraj

  2021-05-31 09:46:48

  A mirror put facing the low profile expats lives in the Middle east

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

View More