Image

ദൈവം ചിരിക്കുന്നു (തോമസ് കളത്തൂർ)

Published on 05 June, 2021
ദൈവം ചിരിക്കുന്നു (തോമസ് കളത്തൂർ)

കുരുക്ഷേത്ര യുദ്ധത്തിന് ശേഷം,    മക്കളുടെയും ബന്ധുക്കളുടെയും ശവങ്ങൾക്കിടയിൽ  നിന്ന് കരഞ്ഞുകൊണ്ട്  ഗാന്ധാരി,  ശ്രീ കൃഷ്ണ ഭഗവാനെതിരെ പൊട്ടിത്തെറിക്കുന്നു,   "ഇവരൊക്കെ കൊല്ലപ്പെടാതെ ഇരിക്കാൻ…,   അതിനെ തടയാൻ.., നിനക്ക് കഴിയുമായിരുന്നു കൃഷ്ണാ!". ഇത് കേട്ട് ശ്രീ കൃഷ്ണ ഭഗവാന്റെ  മുഖത്ത് ചിരിയുടെ ഉള്ളടക്കമുള്ള അനേക മറുചോദ്യങ്ങൾ മിന്നി മറഞ്ഞു. "ഗാന്ധാരീ!   നിന്റെ മക്കൾ അധർമ്മം കാട്ടുന്നത് കണ്ടിട്ട് നീ എന്തേ അവരെ തടഞ്ഞില്ല? കള്ള ചൂതിൽ സഹോദരങ്ങളുടെ സ്വത്തു തട്ടിയെടുത്തത് മാത്രമല്ലാ,സഹോദരീസ്ഥാനി ആയ സ്ത്രീയെ,  പൊതുവിൽ വസ്ത്രാക്ഷേപം വരെ നടത്താൻ അവർ തുനിഞ്ഞില്ലേ?". പക്ഷെ കൃഷ്ണൻ  മറുപടിയായി   ഇത്രമാത്രമാണ് പറഞ്ഞത്, "കാലത്തിന്റെ നിയമങ്ങളുടെ മുൻപിൽ ഞാൻ അശക്തനാണ്. കാലം കരുതി വെച്ചിരിക്കുന്നത് സംഭവിച്ചേ  മതിയാവൂ.       ശാപങ്ങളും വിധികളും നിയോഗങ്ങളും  ഏറ്റു വാങ്ങിയ ജന്മങ്ങൾ  അതനുഭവിച്ചേ  തീരൂ".

ധനവാന്റെയും ലാസറിന്റെയും കഥ,  ബൈബിൾ പറയുന്നു. ധനവന്റെ കൊട്ടാര സദൃശമായ വീട്ടുവാതിൽക്കൽ,  ഭിക്ഷ യാചിച്ചു കഴിഞ്ഞിരുന്ന, ആലംബഹീനനും രോഗിയുമായിരുന്ന  ലാസറിനെ ഒന്ന് തിരിഞ്ഞു നോക്കാൻ, ആ ധനവാൻ ഒരിക്കൽ പോലും  ശ്രമിച്ചില്ല. കാലം കടന്നു പോയി. രണ്ടു പേരും മരിച്ചു.      ലാസർ സ്വർഗത്തിലെത്തി. ധനവാനു  ലഭിച്ചത്  നരകമായിരുന്നു. നരക യാതനയിൽ കഴിഞ്ഞപ്പോൾ,  സ്വർഗത്തിൽ  ഇരിക്കുന്ന ലാസറെ, ധനവാൻ കണ്ടു.  ചെയ്യേണ്ടത് പലതും ചെയ്യാതെ വിട്ട, അഹങ്കാരത്തിന്റെ,  ഭൂമിയിലെ ജീവിതത്തെ ഓർത്തു. ലാസറിന്റെ കൈയിൽ നിന്നും ഒരു തുള്ളി വെള്ളത്തിനായി ധനവാൻ യാചിച്ചു. അത് കേട്ട്,  ദൈവം ചിരിച്ചിട്ടുണ്ടാവാം.
                               
അന്യോന്യം  സ്നേഹിക്കാൻ പഠിപ്പിക്കാനായി ഭൂമിയിൽ ജന്മം എടുത്ത യേശു ക്രിസ്തുവിന്റെ അനുയായികൾ,  സഹോദരനും അയൽക്കാരനും  ഒരു "പാര " ആയി മാറുമ്പോൾ,  അവർക്കു ദോഷം വരണെ ......എന്ന് പ്രാർത്ഥിക്കുമ്പോൾ,  ദൈവം ചിരിക്കുന്നു.        

നിയന്ത്രണാതീതമായി,  ഗതാഗത നിയമങ്ങളും  ധിക്കരിച്ചു  വണ്ടി ഓടിക്കുന്നവർ,  "ഒരു അപകടവും വരാതെ കാത്ത് കൊള്ളേണമേ!"  എന്ന് പ്രാര്ഥിക്കുമ്പോളും,  ചിരിക്കുകയല്ലാതെ  മറ്റെന്താണ് ദൈവം ചെയ്യുക.
                       
"നാട്ടുകാരും പോലീസും കണ്ടുപിടിക്ക്കാതെ  കാത്തു കൊള്ളണേ "...  എന്ന്   പ്രാർത്ഥിച്ചു കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നവനോട്, "ഞാൻ ഇതിനും നിനക്ക്  കൂട്ട്  നിൽക്കണമോ!...."  എന്ന്  ചിരിച്ചുകൊണ്ട് ചോദിക്കുന്നുണ്ടാവാം,  ദൈവം. അത് പോലെ തന്നെ യാണ്, ക്രമാതീതമായി  ഭക്ഷണം കഴിച്ചു,  അപകട സൂചനകളായി  രോഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ,   "എനിക്ക് ഒരു രോഗവും  വരുത്തരുതേ!"  എന്ന് 
പ്രാർത്ഥിച്ചുകൊണ്ട്  അമിത ഭക്ഷണ  സുഖം  ആസ്വദിക്കുന്നവരുടെ  നേരെയും,…. ദൈവം ചിരിക്കുകയല്ലാതെ എന്താ ചെയ്ക.

സാറാമ്മ കരഞ്ഞു കൊണ്ട് ദൈവത്തോട്  ചോദിക്കുകയാണ്, " എന്റെ മരുമകൾ എന്നോട് കാണിക്കുന്ന നിന്ദയും കുശുമ്പും നീ  കാണുന്നില്ലേ, ദൈവമേ!"  എന്ന്.  ദൈവം ചിരിച്ചുകൊണ്ട് മറുപടി പറയുന്നു, "സാറാമ്മേ!  അതും കാണുന്നുണ്ട്,  നീ  നിന്റെ അമ്മാവി അമ്മയോടും നാത്തൂന്മാരോടും  പ്രവർത്തിച്ചിട്ടുള്ളതും  കണ്ടതാണ്.

ശുപാര്ശകൾക്കും  കൈക്കൂലിക്കും ഒന്നും വഴങ്ങുന്ന ശക്തിയല്ല "ദൈവം".    അങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ മതങ്ങൾ ശ്രെമിച്ചേക്കാം.
എല്ലാ ജാതി മത ജീവനുകളെയും ഒരു പോലെ കാണുന്നു. രോഗവും മാനസീക സാമ്പത്തീക ക്ലേശങ്ങളുമായി  തന്നെ സമീപിക്കുന്ന വിശ്വാസി എന്ന അന്ധവിശ്വാസിയോട്,  മുകളിലേക്ക് കൈ  ഉയർത്തി കൊണ്ട്,  "ഞാൻ എല്ലാം അവിടെ സമർപ്പിച്ചു, മറുപടിയും കിട്ടി....ഇന്നേക്ക്,... ഒരാഴ്ചയ്ക്കകം  എല്ലാം  പരിഹരിക്കപ്പെട്ടിരിക്കും" എന്ന കള്ള പ്രവാചകന്റെയോ   വ്യാജ സ്വാമിയുടെയോ  വാക്കു കേട്ട്, ദൈവം ചിരിക്കുന്നു. അവനു എങ്ങനെ  സാമ്പത്തീക  ശാരീരീരിക ക്ലേശങ്ങൾ  ഉണ്ടായി എന്നും,  പഠിക്കാൻ ഒരവസരം, അതുപോലെ, രോഗങ്ങൾക്ക് അതിന്റെതായ സമയ ഫലങ്ങളും ഉണ്ടാകും. സ്വയ   അവലോകനവും,   വിദഗ്ധ   പരിചരണവും പ്രാർത്ഥ നയും ആവശ്യമായി വരും. ഗാന്ധാരിക്ക് ശ്രീ കൃഷ്ണൻ നൽകിയ ഉപദേശം ഇവിടെയും  ഉചിതമാണ്.
                    
പ്രപഞ്ച സൃഷ്ടിയിൽ എല്ലാം പ്രവർത്തനോന്മുഖമായിട്ടാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്,  പ്രകൃതിയിൽ ഉത്ഭൂതമായിരിക്കുന്നതു. എല്ലാം അന്യോന്യവും പ്രകൃതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ മനോ ഭാവവും പ്രവർത്തികളും പരിസ്ഥിതിയിലും,  തിരിച്ചു ,  പരിസ്ഥിതി  നമ്മുടെ ഉള്ളിലും പ്രത്യാഘാതങ്ങൾ  ഉളവാക്കുന്നു. "നമുക്ക് നാമേ  പണിവതു നാകം,    നരകവും അതുപോലെ"., എന്ന പദ്യ ശകലം ഇവിടെ പ്രസക്തമാണ്.  നമുക്ക് വന്നു ഭാവിക്കുന്ന  പല ലാഭനഷ്ടങ്ങൾക്കും രോഗങ്ങൾക്കും  കാരണക്കാർ...നമ്മൾ  തന്നെ ആകുന്നു.  നമുക്കു മാത്രമല്ലാ,  നമ്മുടെ കുടുംബത്തിലും  സമൂഹത്തിലും  രോഗങ്ങളും അസ്വസ്‌തതകളും  പടർത്താൻ,  നമ്മുടെ സ്വഭാവവും ചിന്തകളും   പ്രവർത്തനങ്ങളും  കാരണമായിതീരുന്നു.
                       
അവർ, ദൈവത്തിനു വേണ്ടി നേര്ച്ച കാഴ്ചകളുമായി പള്ളിയിൽ എത്തിയിരിക്കുകയാണ്,   കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. വല്യമ്മയും  അമ്മയും ഒപ്പം പ്രാർത്ഥിക്കുന്നു.  
ഒരാളുടെ  'മകന്റെ'....,   മറ്റേ ആളുടെ  'കൊച്ചുമകന്റെ'.....,  രോഗം,  ദൈവം ഭേദമാക്കണം എന്ന്.       അവരുടെ  അന്തരംഗത്തിൽ  ദൈവത്തിന്റെ ചിരിയുടെ അലയടികൾ ക്രമേണ ചെന്നെത്തി.         അതിനു പിന്നാലെ  മൃദുവായ  ശബ്ദം അവർക്കു കേൾക്കാൻ കഴിഞ്ഞു.        

"നിങ്ങൾക്ക് സന്തോഷിക്കാനായി  ഒരു കുഞ്ഞു…., നിങ്ങളുടെ  മകനുവേണ്ടി,  അവന്റെ ഭാര്യയുടെ ഗർഭത്തിൽ  ഉരുവായ്.      കുട്ടി ഉണ്ടാകാൻ പോകുന്നതിൽ വല്യമ്മയും  അമ്മയും ഒരു പോലെ സന്തോഷിക്കേണ്ടതായിരുന്നു.  എന്നാൽ  സന്തോഷത്തിനു പകരം,  നിങ്ങൾ നിങ്ങളുടെ  വീടിനെ വെറു പ്പിന്റെ ഒരു  യുദ്ധക്കളം  ആക്കി മാറ്റുക ആയിരുന്നു.        

അന്യോന്യം വൈരാഗ്യത്തിന്റെയും  അസൂയയുടെയും  ഉൾ പകയുടെയും നിഷേധ അന്തരീക്ഷം  നിങ്ങൾ വീട്ടിനുള്ളിൽ സൃഷ്ടിച്ചത്,  ഉദരത്തിൽ വളർന്നു കൊണ്ടിരുന്ന കുഞ്ഞിനെ  രോഗാതുരനാക്കി  കൊണ്ടിരുന്നു.         
ആ കുഞ്ഞിന്റെ  പിറവിക്കു ശേഷവും,   നിങ്ങൾ വീടിന്റെ അന്തരീക്ഷം കൂടുതൽ പ്രെക്ഷുബ്‌ധമാക്കാൻ  മത്സരിച്ചു  കൊണ്ടിരുന്നു. ആ സാഹചര്യം കുട്ടിയെ കൂടുതൽ അസ്വസ്ഥനും രോഗിയും ആക്കി മാറ്റി.        

നിങ്ങൾ സാഹചര്യം ഒരുക്കി സൃഷ്ടിച്ച രോഗത്തിന്,   നിങ്ങൾ തന്നെ പ്രതിവിധിചെയ്യുക.     സ്വയം  കുറ്റം മനസ്സിലാക്കുക.      'എല്ലാവരും എന്റെ  ആജ്ഞാനുവർത്തികൾ മാത്രം'  എന്ന അഹംഭാവം വെടിയുക.     എല്ലാവരുമായും  സഹകരിക്കാനും  സ്നേഹിക്കാനും കഴിയുമ്പോൾ ഗൃഹാന്തരീക്ഷം  തന്നെ മാറി വരും.      

കുട്ടി സുഖം പ്രാപിക്കും. നിങ്ങളുടെ  നിഷേധ മനസ്സും ചിന്തകളും,  ഈ പ്രാർത്ഥ നാലയത്തിന്റെ അന്തരീക്ഷം പോലും  മലീനസമാക്കുകയാണ്.  വേഗം പോയി  സ്വയം ശുദ്ധിയാകു.                    

സന്തോഷം  നൽകിയാലും,    ദുഃഖം  പിടിച്ചു  വാങ്ങുന്നവർ!'.
മറ്റൊരാളേയുമായി,  ബന്ധുക്കൾ  ആശൂപത്രിയെ ലക്ഷ്യമാക്കി  യാത്രയാണ്.        യാത്രക്കിടയിൽ രോഗി,  "എന്റെ ദൈവമേ!  എന്തൊരു തല വേദന..." എന്ന് കരയും. പിന്നെ  ദുഃഖിതനായി വിഷണ്ണനായി  തല താഴ്ത്തി  ഇരിപ്പാണ്.  അലസനും  മടിയനുമായ  ഇദ്ദേഹത്തിനോട്  ദൈവത്തിനു പറയാനുള്ളത്  ഇതാണ്,   "പണ്ടേ ഞാൻ പറഞ്ഞിട്ടില്ലേ....വിയർപ്പോടെ  അപ്പം തിന്നണം, എന്ന്.      അപ്പം തിന്നാൻ ആരോഗ്യം  കിട്ടാനായിട്ടെങ്കിലും  അല്പം  വ്യായാമം ആവശ്യമാണ്.  വ്യായാമം  ചെയ്യുമ്പോൾ  'എൻഡോൾഫിൻ'  എന്ന രാസ വസ്തുവിനെ  ശരീരം  തലച്ചോറിലേക്കയക്കുന്നു. അത്,  തല വേദനയെയും  വിഷണ്ണ ഭാവത്തെയും   എല്ലാം മാറ്റിതരും.   അന്യോന്യം സന്തോഷം പങ്കുവച്ചു  നല്ല കാര്യങ്ങൾ ചെയുക, മറ്റുള്ളവർക്കും അംഗീകാരം നൽകുക,  ജീവിതം  തുറന്ന മനസ്സോടെ ആഘോഷിക്കൂ.   

ഇത് തന്നെയാണ്,  വേദന,  മാംസപേശികൾ  കോച്ചി വലിക്കുന്നു.., എന്നീ  പരാതികൾ ഉള്ളവരോടും പറയാനുള്ളത്.  ശരീരവും തുറന്ന മനസ്സും ഉപയോഗിക്കണം, …… മറ്റുള്ളവരുമായി സൗഹാർദ്ദം പങ്കിടാനും  പൊതു പ്രവർത്തനങ്ങളിൽ  ഏർപ്പെടാനും.         മതാത്മകതയ്ക്കു അപ്പുറത്തുള്ള ധ്യാനവും സഹായകമാണ്.           ഉത്സാഹത്തോടും  പൂർണ്ണ മനസ്സോടും,  മനസ്സ് തുറന്ന ചിരിയോടും സമൂഹവുമായി ബന്ധപ്പെട്ടു ജീവിക്കുക. അപ്പോൾ  ശരീരം  'ഡോപ്പമിൻ' എന്ന രാസ വസ്തു പുറപ്പെടുവിക്കും. ഡോപ്പമിന്റെ കുറവ് , 'പാര്ക്കിന്സണ്' എന്ന രോഗത്തിനുംകാരണ മാവാറുണ്ട്.
ജലവും ഭക്ഷണവും സൂര്യപ്രകാശവും പോലെ തന്നെ വ്യായാമവും ബന്ധങ്ങളും ആവശ്യമാണ്.         ഇവയുടെ  അപര്യാപ്തതയിൽ 
വിഷാദരോഗവും,  മാന്ദ്യവും,  പെട്ടന്നുള്ള ഭാവപ്പകർച്ചയും,   ഒക്കെ സംഭവിക്കും.         എന്നാൽ അതിനെ തടയാനായി മേല്പറഞ്ഞ കാര്യങ്ങൾ  അനുഷ്ഠിച്ചാൽ,  "സെറട്ടോണിൻ" എന്ന രാസവസ്തു ശരീരം പുറപ്പെടുവിക്കും. സുഹൃത്തുക്കളുടെയും  മറ്റുള്ളവരുടെയും സാമീപ്യം പോലും നമ്മളിൽ"സെറട്ടോണിൻ"ഉൽപ്പാദിപ്പിക്കാൻ സഹായിക്കും.

"കലകൾ" സ്വയം വളർച്ചയുടെ ഒരു ഭാഗമാണ്. കലകളിൽ ഭാഗഭാക്കുകളായി സന്തോഷിക്കുക, അഭിമാനിക്കുക,  മറ്റുള്ളവരെയും  സന്തോഷിപ്പിക്കുക, അഭിനന്ദനവും അംഗീകാരവും നൽകുക.         മരുന്നു കൾ  താത്കാലിക സൗഖ്യം തന്നേക്കാം,  എന്നാൽ  ജീവിത ശൈലി  ക്രമപ്പെടുത്തി  രോഗത്തെ പ്രതിരോധിക്കുക.                  

മാനസീക ആരോഗ്യത്തിനു  "സംഗീതം" ഒരു ഒറ്റമൂലിയായി  കണ ക്കാക്കപ്പെടുന്നു.         സൃഷ്ടിപരവും സമൃദ്ധവുമായ, കഠിന ജോലി കൾ വിജയകരമായി പൂർത്തീകരിക്കുന്നതിനും, അത് നല്ല മനോഭാവത്തോടും സന്തോഷത്തോടും  ചെയ്യുന്നതിനും സംഗീതം നമ്മെ സഹായി ക്കുന്നു.  പാട്ടു കേൾക്കുമ്പോൾ നമ്മുടെ തലച്ചോറിന്റെ എല്ലാ ഭാഗങ്ങൾക്കും ഉത്തേജനം ലഭിക്കുന്നു,  അത് പല "രാസ മാറ്റങ്ങൾക്കും" കാരണമായി ഭവിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകളെയും,  മുൻവിധികളെയും  നിയന്ത്രിക്കാൻ  കഴിയുന്ന  "ന്യൂറോ കെമിക്കലുകളെ"  സ്വാധീനിക്കാൻ  സംഗീതത്തിന് കഴിയുന്നു. ഒറ്റക്ക് ഒരാളോ, സംഘ/സമൂഹ ഗാനങ്ങളോ, വാദ്യ സംഗീതമോ, ഒക്കെ,...മറവി രോഗത്തിനും,    കുട്ടികൾക്കുള്ള  "അവബോധ, പെരുമാറ്റ ചികിത്സക്കും"   പ്രയോജനപ്പെടുത്തുന്നു.  

ജനിച്ചാൽ  മരിക്കും.    എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതം സന്തോഷ പ്രദമാക്കാൻ നമുക്ക് കഴിയണം.  രോഗവും  കഷ്ടങ്ങളും,  ജീവിതത്തെ സജീവമാക്കി കൊണ്ട്,  "വന്നും...പോയും.."  ഇരിക്കും.        അതിനെ നേരിടാൻ, പ്രതിരോധ ഉപാധി കളോടെ ആണ്,  നമ്മുടെ ശരീരം ഉദ്ഭൂതം  ആയിരിക്കുന്നത്.       "ദൈവം സഹായിക്കുന്നത്, തന്നെത്തന്നെ സ്വയം സഹായിക്കുന്നവരെ ആണ്",എന്ന  പഴമൊഴി ഇവിടെ അർത്ഥവത്താണ്.  'നമ്മുടെ ജീവിതം', നമ്മളിൽ കൂടി, മറ്റുള്ളവർക്കും ലോകത്തിനും പ്രയോജന പ്രദമാക്കാം.

 

Join WhatsApp News
Sudhir Panikkaveetil 2021-06-06 14:08:35
ധര്മാധര്മങ്ങളിലേക്ക്‌ ശ്രദ്ധ തിരിപ്പിക്കുന്ന കഥ. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് എന്തിനാണ് മനുഷ്യർ മതത്തിന്റെ പേരിൽ തല്ലി ചാവുന്നത്. ഓരോരുത്തരും വിശ്വസിക്കുന്ന മതങ്ങളിലെ ദൈവങ്ങൾ അവരെ രക്ഷിക്കുന്നില്ല. ;അപ്പോൾ പിന്നെ ഒരിക്കലും കാണാത്ത ഒരിക്കലും സഹയാത്തിനെത്താത്ത എവിടെയോ ഉണ്ടെന്നു പറയുന്ന ഒരദൃശ്യ ശക്തി (ശക്തിയുണ്ടോ) വേണ്ടി തല്ലി ചാവാതെ യേശുദേവൻ പറഞ്ഞപോലെ പരസ്പരം സ്നേഹിച്ച് കഴിഞ്ഞുകൂടെ ! ഈ തത്വം നിസ്സാരനായ ഞാൻ പറഞ്ഞാൽ വിലപ്പോവില്ലെന്നറിയാം ഏതെങ്കിലും മഹാൻ ഇത് പറഞ്ഞ മനുഷ്യരാശിയെ ബോധവാന്മാരാക്കും ഒരു ദിവസം എന്ന് ആശിക്കുന്നു. ഈ ഒരു വിഷയം അവതരിപ്പിച്ച ശ്രീ തോമസ് കുളത്ത്തൂര് സാറിനു നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക