Image

തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി-2 (ബോസ്.ആർ.ബി)

Published on 06 June, 2021
തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി-2 (ബോസ്.ആർ.ബി)
രണ്ടായിരം ഡിസംബർ 13 നാണ് മുമ്പ് കേട്ടുകേൾവിയില്ലാത്ത വിധത്തിൽ 2000 തൊഴിലാളികൾ പണിയെടുക്കുന്ന ഒരു വൻകിട വ്യവസായം ഉടമ തന്നെ ഉപേക്ഷിച്ച് പോകുന്നത്. രണ്ടു വർഷത്തെ ശമ്പളവും ബോണസ്, പി.എഫ്,/ഗ്രാറ്റുവിറ്റി, ഉൾപ്പെടെ കോടിക്കണക്കിന്‌ രൂപയുടെ ബാധ്യത നിലനിൽക്കെയാണ്  ഒരു മുന്നറിയിപ്പുമില്ലാതെ ഉടമ തോട്ടം ഉപേക്ഷിച്ചു പോയത്.

മുമ്പ് തങ്ങളുടെ തന്നെ പല തോട്ടങ്ങളും പൂട്ടിയിട്ട് തൊഴിലാളികളെ മുട്ടുകത്തിച്ച് പരിചയമുള്ള മാനേജ്മെന്റ് പ്രതീക്ഷിച്ചതല്ല പിന്നെ നടന്നത്. സമാനതകളില്ലാത്ത ഈ സംഭവത്തെ തൊഴിലാളികൾ നേരിട്ടതും വേറിട്ട രീതിയിലാണ്.  അവർ തേയില തോട്ടവും തോട്ടത്തിന്റെ ഭാഗമായിരുന്ന മിച്ചഭൂമിയും വീതിച്ചെടുത്ത് കൊളുന്തെടുത്ത് വിൽക്കുകയും തേയില ഇല്ലാത്ത സ്ഥലങ്ങളിൽ മറ്റ് കൃഷികൾ ചെയ്യുകയും വീട് വച്ച് താമസമാരംഭിക്കുകയും ചെയ്തു. പഞ്ചായത്ത് നമ്പരിട്ട് കൊടുത്തതിനാൽ ഈ വിടുകൾക്ക് കറന്റും  ലഭിച്ചു.

ഉടമയുടെ ദയക്കായി യാചിച്ച് നിൽക്കാതെ അവർ അതിജീവനത്തിന്റെ പുതിയ പാത വെട്ടിത്തുറന്ന് നടന്ന് തുടങ്ങിയെങ്കിലും തോട്ടം സംരക്ഷിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ വരുത്തി.
ഇരുപത് വർഷത്തിനിപ്പുറം തോട്ടം ഒട്ടുമുക്കാലും നശിച്ച് കഴിഞ്ഞു.
വീതം വച്ചു കിട്ടിയ തേയിലച്ചെടിയിൽ നിന്ന് കൊളുന്ത് നുള്ളിയെടുത്തതല്ലാതെ വളവും കീടനാശിനിയുമൊന്നും നല്കാത്തതിനാൽ ചെടികളെല്ലാം മുരടിച് പോയിരിക്കുന്നു  ഫാക്ടറികൾക്കുള്ളിലെ ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങളടക്കം സർവ്വതും മോഷ്ടിച്ച് വിറ്റു.

തേക്കും വീട്ടിയും അകിലും കൊണ്ട് ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച അതിമനോഹരമായ മൂന്ന് ബംഗ്ലാവുകളും പൂർണ്ണമായും കൊള്ളയടിക്കപ്പെട്ടു. ഫർണിച്ചറുകൾ മുതൽ കതകും ജനലും വാതിലും എന്തിന് തറയോട് വരെ മേഷ്ടിക്കപ്പെട്ടു. സിനിമ ഷൂട്ടിങ് വരെ നടന്ന ചരിത്രം സ്പന്ദിച്ചിരുന്ന മനോഹര ബംഗ്ലാവുകൾ നൊമ്പരപ്പിക്കുന്ന ഓർമ്മകളായി മാറി. പീരുമേട് ടീ കമ്പനിക്ക് പുറകേ ഒന്നിന് പുറകേ ഒന്നായി പീരുമേട്ടിലെ 22 തോട്ടങ്ങൾ അടച്ചുപൂട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഇതിൽ ഏഴ് തോട്ടങ്ങളുള്ള ആർ.ബി.ടി കമ്പനി (പഴയ TTE കമ്പനി ) പൂട്ടിയതായിരുന്നു ഏറ്റവും വലിയ പ്രഹരം. ഇതോടെ ഉപ്പുതറ ഏലപ്പാറ വണ്ടിപ്പെരിയാർ  പഞ്ചായത്തുകളിലെ പതിനായിരങ്ങൾ തൊഴിൽ രഹിതരായി. തൊഴിലാളികളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വ്യാപാരികളും മറ്റ് വിഭാഗം ജനങ്ങളും കടുത്ത പ്രതിസന്ധിയിലായി.

അറ്റകുറ്റപ്പണികൾ നടത്താതെ തൊഴിലാളി ലയങ്ങൾ തകർന്നു. ചികിത്സ കിട്ടാതെ നിരവധി പേർ മരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. യൂണിഫോം ഇല്ലാത്തതിനാൽ സ്കുളിൽ പോകാൻ കഴിയാത്ത വിഷമത്തിൽ വീട്ടിൽ തൂങ്ങി മരിച്ച വേളാങ്കണ്ണിയെന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഇൻക്വസ്റ്റ് നടത്തിയ ഉദ്യേഗസ്ഥർ പിഞ്ചിക്കീറി വല പോലായ അടിവസ്ത്രം കണ്ട് നെഞ്ച് പൊട്ടി നിലവിളിച്ചു.
തോട്ടം പ്രതിസന്ധിയുടെ ഇരയായി മരിക്കാത്ത ഓർമ്മയായി വേളാങ്കണ്ണി മാറി.

പീരുമേട് താലൂക്കിലാകെ തൊഴിലാളി സമരം ആളിപ്പടർന്നു. നിരവധി സമരങ്ങളും അനവധി ചർച്ചകളും നടന്നെങ്കിലും പരിഹാരം മാത്രം ഉണ്ടായില്ല. അത് ഏതാണ്ട് അസാധ്യമായിരുന്നു താനും.
മുതൽ മുടക്കിയ തോട്ടമുടമക്കോ പണിയെടുക്കുന്ന തൊഴിലാളിക്കോ ഗുണമില്ലാത്ത ബിസിനസായി തേയില വ്യവസായം മാറിയിരുന്നു.
അല്ലങ്കിൽ തന്നെ കൊള്ളലാഭം കിട്ടുന്ന ബിസിനസ്സായിരുന്നില്ല ഒരു കാലത്തും തേയില വ്യവസായം. പത്ത് മുടക്കിയാൽ നൂറും ചിലപ്പോൾ ആയിരവും ചുരുങ്ങിയ സമയത്തിൽ സമ്പാദിക്കുന്ന ഫിനാൻസ് മൂലധനക്കാർക്ക് താല്പര്യമുള്ള കളിക്കളമല്ലിത്.

പാന്റ്സും സ്വറ്ററും തൊപ്പിയും ധരിച്ച് കഴുത്തിലൊരു മഫ്ലറും ചുറ്റി തുറന്ന വില്ലീസ് ജീപ്പിൽ വന്നിറങ്ങുന്ന സിനിമയിലെ ടിപ്പിക്കൽ പ്ലാന്റർമാർ ഇന്നത്തെ നവ  ശതകോടിശ്വരന്മാരുടെ മുന്നിൽ വെറും പെട്ടിക്കടക്കാരാണ്.

പതിറ്റാണ്ടുകളായി പ്ലാന്റർമരായ ഇവരാരും ശതകോടിശ്വര പട്ടികയിൽ ഇടം പിടിച്ചിട്ടില്ലന്നാേർക്കണം. കൊളോണിയൽ കാലത്ത് പ്ലാന്റേഷൻ തുടങ്ങിയ സായ്പിന് പോലുമത് ലഭിച്ചിരുന്നില്ല. അല്ലങ്കിലതവര് ആഗ്രഹിച്ചിരുന്നില്ല. തോട്ടങ്ങളിൽ കർശനമായ അച്ചടക്കവും കൃത്യനിഷ്ടയും കഠിനാദ്ധ്വാനവും  
നടപ്പിലാക്കിയും തേയിലപ്പൊടിക്ക് ഉയർന്ന ഗുണമേന്മ ഉറപ്പ് വരുത്തിയുമാണ്  വ്യവസായം മുന്നോട്ട് പോയിരുന്നത്. തേയിലച്ചെടിയുടെ കിളുന്ന് ഭാഗമായ രണ്ടിലയും തിരിയുമല്ലാതെ മൂത്ത ഇല നുള്ളിയാൽ ആദ്യ കാലത്ത് ചാട്ടയടിയും പിന്നീട് ശമ്പള നഷ്ടവും ഉറപ്പായിരുന്നു.

തേയിലച്ചെടിയുടെ രണ്ടിലയും തിരിയും മാത്രമായി നുള്ളിയെടുത്ത് അരച്ചെടുത്താലേ സ്വാദും കടുപ്പവും മണവുമുള്ള ചായപ്പൊടി തയ്യാറാക്കാൻ കഴിയുകയുള്ളു എന്നതിനാൽ ഇക്കാര്യം കർശനമായി പാലിച്ചിരുന്നു. ഇക്കരണത്താൽ തന്നെ പ്രമുഖ തേയില ഉപഭോകൃ രാജ്യങ്ങളായ റഷ്യ, ബ്രിട്ടൻ പാക്കിസ്ഥാൻ ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യൻ തേയിലക്ക് വൻ ഡിമന്റായിരുന്നു.

ഉദാരവൽകൃത നയങ്ങളുടെ വരവോടെ ലോകം ഒറ്റക്കമ്പോളമായി മാറിയപ്പോൾ ലോകത്തെവിടെ നിന്നും ഇന്ത്യയിലേക്ക് ചായപ്പൊടി ഇറക്കുമതി  ചെയ്യാമെന്ന സ്ഥിതിയായി. ഇറക്കുമതി  തിരുവ കൂട്ടി തദ്ദേശിയമായ ഉല്പന്നങ്ങളെ സംരക്ഷിക്കാൻ സർക്കാരിനുള്ള അധികാരം ഇല്ലാതാക്കിക്കഴിഞ്ഞിരുന്നു. ഈ അവസരം മുതലെടുത്ത് ഇന്ത്യയിലെ പ്രമുഖ തേയില ലേല കേന്ദ്രങ്ങളായ കൊച്ചിയിലേക്കും കൽക്കട്ടയിലേക്കുമെല്ലാം കെനിയ ശ്രീലങ്ക വിയറ്റ്നാം തുടങ്ങിയ ഉല്പാദനച്ചിലവ് കുറവുള്ള രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ചായപ്പൊടി വന്നിറങ്ങി. ഗുണമേന്മ കുറഞ്ഞ ഈ ചായപ്പൊടി ഇന്ത്യൻ ചായപ്പൊടിയുമായി കൂട്ടിക്കലർത്തി ഇന്ത്യൻ ചായയെന്ന ലേബലിൽ ഇന്ത്യയിലും വിദേശത്തും വിപണനം നടത്തി.
ഇത് ഇരട്ട പ്രഹരമാണ് ഇന്ത്യൻ ചായക്ക് ഏല്പിച്ചത് ആഭ്യന്തര കമ്പോളത്തിൽ  വില കുത്തനെ കുറഞ്ഞപ്പോൾ വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ചായയുടെ ഡിമാന്റ് കുറയുകയും ചെയ്തു. ഇതിന്റെയെല്ലാം അനന്തര ഫലമായാണ് നൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന ഇന്ത്യൻ ചായവ്യവസായം ഊർദ്ധൻ വലിച്ചു തുടങ്ങിയത്.

തേയില തോട്ടത്തിൽ ഉത്പാദനച്ചെലവിന്റെ പകുതിയും തൊഴിലാളികളുടെ വേതനത്തിനാണ് വിനിയോഗിക്കുന്നത് . ഇന്ത്യയിൽ തേയില തോട്ടം തൊഴിലാളിക്ക് ഏറ്റവും കൂടുതൽ പ്രതിദിന വേതനം ലഭിക്കുന്നത് കേരളത്തിലാണ് 403 രൂപ. ആസമിൽ 217 ഉം തമിഴ് നാട്ടിൽ 314 രൂപയുമാണിത്.

ഒരു കിലോ ചായപ്പൊടിയുണ്ടാക്കാൻ 4.6 കിലോഗ്രാം പച്ച കൊളുന്തു വേണം (കാലവസ്ഥക്കനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസം വരും). ചായപ്പൊടിയുടെ ഇപ്പോഴത്തെ  ഉല്പാദനച്ചിലവ് കിലോക്ക് 145 രൂപയാണ്. 2020 ജനുവരിയിൽ കൊച്ചിയിലെ ചായപ്പൊടിയുടെ ശരാശരി മൊത്ത വില 116 രൂപയായിരുന്നു. എന്ന് വച്ചാൽ ഒരു കിലോ ചായപ്പൊടി വിൽക്കുമ്പോൾ ഉല്പാദകന് കുറഞ്ഞത് 25 രൂപയെങ്കിലും നഷ്ടം നേരിട്ടു. എന്നാൽ ഇതേ സമയത്ത് പൊതുവിപണിയിലെ ബ്രാൻഡഡ് തേയില വില 250 രൂപമുതൽ 325 രൂപ വരെയായിരുന്നു. അതായത് ഉല്പാദകന് നല്കിയ വിലയുടെ ഇരട്ടിയിലേറെ വിലക്കാണ് ഉപദോക്താവിന് ലഭിച്ചതെന്നർത്ഥം.
ഇവിടെ കൂടുതലായി ലഭിച്ച തുക (കിലോക്ക് മിനിമം 135 രൂപ ) തോട്ടമുടമക്ക് ലഭിച്ചില്ല. അത് നേരേ ബ്രാൻഡ് ഉടമയുടെ പോക്കറ്റിലേക്ക് പോയി.  എന്താണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. തോട്ടത്തിൽ ഉല്പാദിപ്പിക്കുന്ന തേയില കമ്പനി തന്നെ  പാക്ക് ചെയ്ത് നേരിട്ട് ഉപഭോക്താവിൽ എത്തിച്ചാൽ മികച്ച ലാഭം നേടുകയും തൊഴിലാളിക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നല്കാനും കഴിയുമെന്നല്ലേ ചായപ്പൊടി ബ്രാൻഡ് ചെയ്ത് വിൽക്കാൻ നിങ്ങൾക്കൊരു തോട്ടത്തിന്റെയോ ഫാക്ടറിയുടെയോ ആവശ്യമില്ല. മാർക്കറ്റിലുള്ള പല ബ്രാൻഡുകൾക്കും സ്വന്തമായ ചായ തോട്ടമോ ഫാക്ടറിയോ ഇല്ല.

കേരളത്തിലെ തോട്ടങ്ങളിൽ ഉല്പാദിപ്പിക്കുന്ന ചായപ്പൊടി കൊച്ചിയിലെ ഓക്ഷൻ സെന്ററിലെത്തിച്ച് ലേലത്തിലൂടെ  വിൽക്കുകയാണ് ചെയ്യുന്നത്. ലേലത്തിൽ പങ്കെടുത്ത് തേയില വാങ്ങിയ ബ്രോക്കറന്മാർക്ക് ചെറിയ മാർജിൻ നല്കി ആർക്കും ചായപ്പൊടി വാങ്ങാം. പക്ഷെ ഇവിടൊരു പ്രശ്നമുണ്ട് .ഫാക്ടറിയിൽ നിന്ന് ലേല കേന്ദ്രത്തിലെത്തുന്ന ചായപ്പൊടി ഗ്രേഡ് ആയാണ് എത്തുന്നത്. നമുക്ക് ലഭിക്കുന്നത് ബ്ലൻഡ് ചെയ്തതും.
ഒരു തേയില ഫാക്ടറിയിൽ DUST, SFD, SRD,PD,GD,BOP,FP, PF, തുടങ്ങിയ 18 ഗ്രേഡ് തേയില വരെ ഉല്പാദിപ്പിക്കാൻ കഴിയും ഒരോ ഗ്രേഡിനും ഓരോ ഗുണമാണ്

ചിലതിന് നല്ല കടുപ്പമാണങ്കിൽ മറ്റ് ചിലതിന് രുചി കൂടും. ചില ഗ്രേഡിന്   മണം കൂടുതലായിരിക്കും. തോട്ടത്തിന്റെ പുതുമയെന്നൊക്കെ പറയുന്നത്. ഇതാണ് ഈ ഗ്രേഡുകൾ കൃത്യമായി ബ്ലെൻഡ് ചെയ്താണ് പാക്കറ്റ് റ്റീ തയ്യാറാക്കുന്നത്. ഇങ്ങനെ ബ്ലെൻഡ് ചെയ്യാൻ പഠിച്ചാൽ നിങ്ങൾക്കും പാക്കറ്റ് റ്റീ ഇറക്കാം. ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിൽ വിൽക്കുന്ന ചായപ്പൊടിയുടെ 75%വും പാക്കറ്റ് റ്റീയാണ്. പാക്ക് ചെയ്യാത്ത ലൂസ് ചായക്ക് വിലക്കുറവുണ്ടങ്കിലും ജനങ്ങൾ ബ്രാൻഡിന് പിന്നാലെയാണ്. എന്നാൽ പിന്നെ എല്ലാ തോട്ടമുടമകൾക്കും പാക്കറ്റ് റ്റി ഇറക്കി പ്രശ്നം പരിഹരിച്ചു കൂടെയെന്ന് തോന്നാം.എന്നാലത് അത്ര ലളിതമല്ല.നിലവിൽ മാർക്കറ്റിൽ ആധിപത്യം സ്ഥാപിച്ച ബ്രാൻഡുകളെ പിന്തള്ളി പുതിയൊരു ബ്രാൻഡിന്  ഇടം പിടിക്കൽ എളുപ്പമല്ല കോടികളുടെ പരസ്യ പിന്തുണ വേണ്ടി വരും. ഇനി അതുണ്ടങ്കിലും വിജയിക്കുമെന്ന് ഉറപ്പില്ല.വൻതോതിൽ പരസ്യം നൽകിയിട്ടും ക്ലിക്കാകാതെ കൈ പൊള്ളിയവർ ഈ രംഗത്ത് ധാരാളമുണ്ട്. HML തന്നെ മികച്ച ഉദാഹരണം.
തങ്ങൾ ഉല്പാദിപ്പിക്കുന്ന  ചായപ്പൊടി മുഴുവൻ പാക്ക് ചെയ്ത് വിൽക്കുക എന്നത് എല്ലാ തോട്ടമുടമയുടെയും ആഗ്രഹമാണങ്കിലും അതത്ര എളുപ്പമല്ല.
തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി-2 (ബോസ്.ആർ.ബി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക