Image

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)

Published on 07 June, 2021
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)
അഴീക്കോട് പ്രസംഗിക്കുമ്പോള്‍ അദ്ദേഹം തലച്ചോറിന്റെ പകുതികൊണ്ട് സംസാരിക്കുകയും പകുതികൊണ്ട് ചിന്തിക്കുകയും ചെയ്യുന്നു. പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കത്തുന്നതു പോലെ തോന്നും. ആശയങ്ങള്‍ ജ്വലിക്കുന്നതായി അനുഭവപ്പെടും. പ്രസംഗത്തില്‍ വാക്കുകള്‍ കടന്നുവരുന്ന വഴിയെപ്പറ്റി ഞാന്‍ അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ""എനിക്കും മനസ്സിലാകാത്ത കാര്യം അതാണ്. വാക്കുകളുടെ വലിയൊരു സംഘാടനം, തിരഞ്ഞെടുപ്പ് എന്നിവയെല്ലാം പ്രസംഗവേദിയില്‍ ഒരു മിന്നല്‍ വേഗത്തില്‍ നടക്കണം. അവിടെ ആലോചനയ്ക്ക് ഒരു പ്രസക്തിയുമില്ല. ആലോചനയെ ഇല്ല!''
 
പ്രസംഗവിജയത്തിന്റെ രഹസ്യം എന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: ""മനസ്സിനെ എല്ലാത്തരം ആലോചനകളില്‍ നിന്നും വികാരത്തില്‍നിന്നും മോചിപ്പിച്ച് പ്രശാന്തവും ഏകാഗ്രവും ആക്കുക എന്നതാണ് ഞാന്‍ സ്വീകരിച്ച വഴി. സമ്മര്‍ദ്ദവും കലക്കവും കൂടാതെ തെളിഞ്ഞുകിട്ടിയാല്‍ നമ്മുടെ ബുദ്ധിയും ഭാവനയും എല്ലാം പുറത്തേക്കു തടസ്സം കൂടാതെ വെളിപ്പെടുമെന്നാണ് എന്റെ അനുഭവം. ആശയങ്ങള്‍ പരസ്പരം ബന്ധത്തിലൂടെ ഇണങ്ങിച്ചേര്‍ന്നു പുറത്തുവരും: നിങ്ങള്‍ക്കു പറയാന്‍ എന്തെങ്കിലും ഉണ്ടാവുക, അതു പറയേണ്ടതാണെന്നും ശക്തമായ പ്രേരണ തോന്നുക - ഇതാണ് പ്രസംഗവേദിയില്‍ വിജയിക്കാനുള്ള രഹസ്യം.''
 
അഴീക്കോടിനെ ഒരു നിരൂപകന്‍ "കവലപ്രസംഗകന്‍' എന്നു വിളിച്ചിട്ടുള്ളതു "കാവല്‍പ്രസംഗകന്‍' എന്നു തിരുത്തേണ്ടതുണ്ട്, നമ്മുടെ സാംസ്കാരിക ചരിത്രകാരന്മാര്‍. സമൂഹത്തിനു വേണ്ടി കാവല്‍ നിന്ന പ്രഭാഷകനായിരുന്നു അദ്ദേഹം. ശ്രീരാമനില്‍ നിന്നു രാഷ്ട്രം സുഖ്‌റാമിലേക്കു പോകുന്നുവെന്നും സ്വന്തം സുഖത്തില്‍ സന്തോഷിക്കുന്ന സുഖരാമന്മാരാണ് ഇന്നു രാജ്യം ഭരിക്കുന്നതെന്നും പ്രസംഗത്തില്‍ ആഞ്ഞടിക്കുന്ന അഴീക്കോട്, കവലകളില്‍ അനായാസം പ്രസംഗിച്ചു. കവലകളില്‍ നില്‍ക്കുന്ന വലിയ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള സിദ്ധി അദ്ദേഹത്തിനു വശമായിരുന്നു. സര്‍ക്കാരിന്റെ മദ്യനയത്തെ മദ്യജലസേചനനയമെന്നു കവലകളില്‍ വിമര്‍ശിച്ചിട്ടുള്ള അദ്ദേഹം യാഗം നടത്തിയപ്പോള്‍ തുറന്നടിച്ചതു, ""യാഗം നടത്തിയാല്‍ കൊതുകുചാകുമെന്നല്ലാതെ വേറെ പ്രയോജനമില്ല'' എന്നായിരുന്നു! പ്രഭാഷണ കലയെ സാംസ്കാരിക പ്രവര്‍ത്തനമായും കലയായും നിരൂപണമായും അദ്ദേഹം സ്വീകരിച്ചു. സ്വയം പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയാലും സ്വന്തം ധൈഷണിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നു തോന്നിയാലും ശരീരവും മനസ്സും ഒരാശയത്തിനുവേണ്ടി പ്രസംഗത്തിലൂടെ പകുത്തുകൊടുക്കാന്‍ അദ്ദേഹം മടിച്ചില്ല. അഴീക്കോട് യഥാര്‍ത്ഥത്തില്‍ ഒരു പ്രക്ഷോഭ പ്രഭാഷണപ്രതിഭയായിരുന്നു.
 

പ്രഭാഷണത്തിലൂടെ നവോത്ഥാനത്തിന്റെ ഊര്‍ജമാണ് അഴീക്കോട് പ്രസരിപ്പിച്ചത്. ജനതയെ ഉണര്‍ത്താനുള്ള ഒരു കര്‍മ്മപദ്ധതിയായിരുന്നു അഴീക്കോടിനു പ്രസംഗം. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ""പ്രസംഗം വ്യര്‍ത്ഥമായെന്ന് എനിക്കു തോന്നാറില്ല. ഞാന്‍ അഭിസംബോധന ചെയ്യുന്നതു ആളുകളെയാണ്. ചെറുതോ വലുതോ എന്നതല്ല പ്രശ്‌നം. ശ്രോതാക്കളുടെ പ്രതികരണം കാണുമ്പോള്‍ അറിയാം പ്രസംഗം അവരെ സ്വാധീനിച്ചിട്ടുണ്ടെന്ന്. അവര്‍ പറയാനാഗ്രഹിക്കുന്ന കാര്യം ഞാന്‍ ഉച്ചത്തില്‍ പറയുന്നു എന്നതാവാം കാരണം. എന്റെ ചില നിലപാടുകള്‍ കാരണം സര്‍ക്കാര്‍ പോലും നയങ്ങള്‍ മാറ്റിയിട്ടുണ്ട്. അനീതിക്കെതിരായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ഞാന്‍ പ്രസംഗിക്കുന്നത്.''

പ്രസംഗവേദിയിലെ അനുഭവം യഥാര്‍ത്ഥത്തില്‍ വലിയ ഒരു ജനസഞ്ചയത്തിന്റെ അനുഭവമാണെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. ""പ്രസംഗകന്റെ ആശയ സംപ്രേക്ഷണത്തിന്റെ പ്രാഗത്ഭ്യവും കലാത്മകതയുമാണ് ആ അനുഭവത്തെ സൃഷ്ടിക്കുന്നത്. സദസ്സിന്റെ വിലയിരുത്തല്‍ മിക്കവാറും നിശ്ശബ്ദമായി നടക്കുന്നു'' എന്നാണ് അഴീക്കോട് വിശദീകരിച്ചിട്ടുള്ളത്. വിമര്‍ശനത്തോടു പ്രതികരിക്കാനുള്ള ധീരതയും പ്രക്ഷോഭകരമായ ആശയരൂപീകരണവും സര്‍ഗാത്മകമായ ആശയപ്രചാരണവും അഴീക്കോട് പ്രഭാഷണത്തില്‍ സമന്വയിപ്പിക്കുന്നു. എഴുത്തില്‍ അഴീക്കോട് കാഴ്ചവച്ച വാക്കുകളുടെ ഇടിമുഴക്കവും ക്ഷോഭത്തിന്റെ മിന്നലും പാരസ്പര്യത്തിന്റെ മാരിവില്ലും അദ്ദേഹം പ്രസംഗത്തിലും കാഴ്ചവച്ചു. അതായതു പ്രസംഗത്തിലും അദ്ദേഹത്തിന്റെ എഴുത്തുണ്ടായിരുന്നു. ""പരിപൂര്‍ണ്ണമായ സത്യസന്ധതയും വിഷയത്തോടുള്ള ആത്മീയബന്ധവും ജനങ്ങളോടുള്ള സഹഭാവവും ഉപബോധമനസ്സിന്റെ ഉന്മേഷവും എല്ലാം ഒത്തുചേര്‍ന്നാലല്ലാതെ മഹത്തായ ഒരു പ്രഭാഷണം സൃഷ്ടിക്കാന്‍ കഴിയില്ല'' എന്നാണ് അഴീക്കോട് പറഞ്ഞിട്ടുള്ളത്.
 

അഴീക്കോടിന്റെ പ്രഭാഷണത്തില്‍ സര്‍ഗാത്മകത ഉണ്ടായിരുന്നു. ചിന്തയുടെ വിസ്മയവും വികാരത്തിന്റെ ആര്‍ദ്രതയും അദ്ദേഹം അനുഭവിപ്പിച്ചു. ആശയങ്ങളുടെ പ്രപഞ്ചത്തില്‍നിന്നും ഒരു അരുവി ഒഴുകിവരുന്നതു പോലെ തോന്നും ആ പ്രസംഗം കേട്ടാല്‍. ""പ്രഭാഷണത്തിലൂടെ ജനങ്ങളെ അല്പമെങ്കിലും ആര്‍ദ്രത ഉള്ളവരാക്കാന്‍ ഞാന്‍ പരിശ്രമിക്കുകയായിരുന്നു'' എന്നാണ് പ്രസംഗത്തെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളത്. പ്രസംഗത്തിലൂടെ ആളുകളെ വശീകരിക്കാന്‍ എന്തെങ്കിലും മാജിക്കുണ്ടോ എന്ന എന്റെ ചോദ്യത്തിനു അഴീക്കോടിന്റെ പ്രതികരണം. ഇങ്ങനെ: ""ലോകത്തിലെ ഏറ്റവും വലിയ കഴിവ് ഒരു പതിനായിരം ആളുകളെ ഒരു മണിക്കൂര്‍ സംസാരിച്ച് അവരെ നമ്മുടെ വിചാരത്തിന്റെ തിരമാലകളില്‍ നിര്‍ത്തിയിട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു വലിയ മാജിക്കാണ്. ആളുകളുടെ മനസ്സിനെ വെറുതെ കീഴടക്കുകയല്ല. നമ്മുടെ വശത്തേക്കു ആളുകളെ കൊണ്ടുപോകുന്നതിന് ഒരു വൈഭവം ഉണ്ടാകണം. പ്രഭാഷകര്‍ അനേക വ്യക്തികളുടെ ലോകത്തേക്ക് സ്വയം സമര്‍പ്പിക്കപ്പെടുകയാണ്. അവിടെ ഒരു ആത്മത്യാഗം സംഭവിക്കുന്നു. നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും ഒക്കെ വിശേഷം അതാണ്.''

സമൂഹത്തിനു അന്യമായ സ്വപ്നങ്ങളുടെ കാഴ്ചപ്പാടുകളുമാണ് അഴീക്കോട് പ്രസംഗത്തിലൂടെ പങ്കുവച്ചത്. എഴുത്തും പ്രസംഗവും അദ്ദേഹത്തിനു വിപരീതകര്‍മ്മങ്ങള്‍ ആയിരുന്നില്ല. ""ഇവ രണ്ടും പരസ്പരം പോഷിപ്പിച്ചും സ്വാധീനിച്ചും ആയിരുന്നു എന്നില്‍ പ്രസരിച്ചത് - കാളിന്ദിയും ഗംഗയും പോലെ'' - എന്നായിരുന്നു ഇതേപ്പറ്റി അഴീക്കോട് പറഞ്ഞിട്ടുള്ളത്.
 
പ്രഭാഷണത്തില്‍ അഴീക്കോട് പ്രകടിപ്പിച്ച സ്വാതന്ത്ര്യമാണ് അതിനെ ചൈതന്യമുള്ളതാക്കിയത്. ആശയങ്ങളും കല്പനകളും കാവ്യാംശവും പാഠാന്തരബന്ധവും ചേര്‍ത്ത് അദ്ദേഹം സര്‍ഗാത്മകതയുടെ സ്വാച്ഛന്ദ്യം ശ്രോതാക്കളെ അനുഭവിപ്പിച്ചു. ""പ്ലാറ്റ്‌ഫോമില്‍ എന്റെ അറിവും സര്‍വതും ഉപബോധമനസ്സില്‍ നിന്നൊരു ജ്വാലയായി കത്തിയെരിഞ്ഞുയരുന്ന ഒരു വികാരത്തിന്റെ പെട്ടെന്നുള്ള രൂപം കൊള്ളലാണ്. വേദിയില്‍ നില്‍ക്കുമ്പോള്‍ എനിക്കു ലഭിക്കുന്ന സ്വാതന്ത്ര്യം എഴുത്തില്‍ ലഭിക്കുന്നില്ല. പാണ്ഡിത്യവും ആ പാണ്ഡിത്യം കൊണ്ട് നിര്‍വഹിക്കേണ്ട താരത്മ്യവും അവയ്ക്ക് അടിസ്ഥാനമായ സാഹിത്യമീമാംസയോടുള്ള വിധേയത്വവും എല്ലാം സാഹിത്യവിമര്‍ശനത്തെ നിയന്ത്രിക്കുന്നു'' - എന്നും അഴീക്കോട് വ്യക്തമാക്കിയിട്ടുണ്ട്.
 
പ്രസംഗത്തില്‍ അഴീക്കോട് പൂര്‍ണ്ണത കണ്ടെത്തി. പ്രസംഗിച്ചു തുടങ്ങുമ്പോള്‍ അദ്ദേഹം പുതിയൊരു സൗന്ദര്യം പ്രാപിക്കുന്നു. ""ലഹീരൗശേീി പഠിച്ചാല്‍ ഒരു കുട്ടിക്കും നേരെയാകാന്‍ പറ്റില്ല. ശ്രോതാക്കളെ ഇന്നവിധത്തില്‍ ചിരിപ്പിക്കണം, അവരെ ഇന്ന സമയത്തു ചിരിപ്പിക്കണം എന്നു പറഞ്ഞു പ്രസംഗിക്കുന്നതും പ്രസംഗകലയെപ്പറ്റി എഴുതിയ നിയമത്തിനും കല്പനയ്ക്കും അനുസരിച്ചു സംസാരിക്കുന്നതും അടിമത്വമാണ്. പറഞ്ഞുപോകുന്നതാണ് പ്രഭാഷണം'' - എന്നാണ് അഴീക്കോടിനു പ്രസംഗത്തെപ്പറ്റി പറയാനുള്ളത്.
 
ശരിയാണ് അഴീക്കോട് പ്രസംഗിക്കുന്നതു പറഞ്ഞുപോകുന്ന ഒരു ശൈലിയിലാണ്. ഭാഷയുടെ പ്രസരിപ്പോടെ, ചെറിയൊരു വിറയലോടെ, പദങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും നല്‍കുന്ന ഊന്നലോടെ, അഭിനയ സിദ്ധിയോടെ, നൈസര്‍ഗീകമായ നര്‍മബോധത്തോടെ അദ്ദേഹം പ്രസംഗം പറഞ്ഞുപോകുന്നു. അങ്ങനെ പറയുമ്പോഴാണ് അദ്ദേഹം വാക്കുകള്‍ കൊണ്ട് അനശ്വരമായ സൗന്ദര്യം സൃഷ്ടിക്കുന്നത്.
 
സദസ്സിനെ ക്ഷോഭം കൊള്ളിച്ചും കോപം കൊള്ളിച്ചും കൊണ്ട് വൈകാരികമായ തലത്തില്‍ മാത്രം നില്‍ക്കുന്ന ഒരു പ്രഭാഷകനല്ല അഴീക്കോട്. സദസ്സിനെ വികാരം കൊള്ളിക്കുന്നതിനോടൊപ്പം അവരില്‍ വൈചാരികമായ അംശവും അദ്ദേഹം സംക്രമിപ്പിക്കുന്നു. നിരന്തരമായ വായനയുടെയും നിശ്ചലമാകാത്ത ചിന്തയുടെയും സ്‌ഫോടാത്മകമായ സര്‍ഗ്ഗാത്മകതയുടെയും സമകാലിക വീക്ഷണത്തിന്റെയും സമന്വയമാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം നടത്തുന്നത്. എങ്ങനെ പ്രസംഗിക്കണമെന്ന് അഴീക്കോട് പറയുന്നത് ഇങ്ങനെ:
 

""അറിയുന്നതു മുഴുവന്‍ പറയുന്നവര്‍ പ്രാസംഗികന്‍ ആകുകയില്ല. മാത്രമല്ല, ബുദ്ധിമാന്മാരോട് അല്പമേ പറയേണ്ടതുള്ളൂ. ബുദ്ധിയില്ലാത്തവരോടും കുറേച്ച പറഞ്ഞിട്ടു കാര്യമുള്ളു. അതുകൊണ്ട് ലോകത്തില്‍ ധാരാളം പറഞ്ഞിട്ട് ഒരു ഫലവുമില്ല. അതിനാല്‍ വളരെയധികം പ്രസംഗിക്കേണ്ട കാര്യമൊന്നുമില്ല. വലിയ ഉച്ചത്തിലും പറയേണ്ട കാര്യമില്ല. ഗാന്ധിജി ഇംഗ്ലണ്ടില്‍ ചെന്നിട്ട് പതുക്കെയാണ് സംസാരിച്ചത്. ഒരു റൗണ്ട് റേബിളില്‍ കേള്‍ക്കാവുന്ന സ്വരത്തില്‍ മാത്രമേ പറഞ്ഞുള്ളൂ. കണ്ണൂരിലെ കോട്ട മൈതാനത്തു ഗാന്ധിജി വന്നിരുന്നു. കോട്ട മൈതാനത്തു വന്നിട്ട് ഗാന്ധിജി സംസാരിച്ചതു വലിയ അട്ടഹാസത്തോടെയല്ല. അന്ന് മൈക്കൊന്നുമില്ല. ഗാന്ധിജി സംസാരിക്കുമ്പോള്‍ കുറെപ്പേര്‍ മൈതാനത്തിന്റെ പല ഭാഗങ്ങളിലായി മേശപ്പുറത്തു കയറിനിന്ന് അതിന്റെ അര്‍ത്ഥം വിളിച്ചുപറഞ്ഞു. അഞ്ചാറ് ആളുകള്‍ വിളിച്ചു പറയുമ്പോള്‍ അതു ജനസഞ്ചയത്തിന്റെ അങ്ങേയറ്റത്ത് എത്തും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞതു, പ്രസംഗം എന്നതു വെറും ഒരു പറഞ്ഞുപോകല്‍ മാത്രമാണെന്ന്.''

പ്രസംഗത്തില്‍ അഴീക്കോട് നൈസര്‍ഗീകമായ നര്‍മ്മമാണ് അവതരിപ്പിക്കുന്നത്. അതു സദസ്സില്‍ ചിരി മാത്രമല്ല ചിന്തയും ആവേശവും ഉണ്ടാക്കുന്നു. ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനത്തില്‍ പ്രസംഗിച്ചപ്പോള്‍ ""ശിവഗിരിയെ ശവഗിരിയാക്കരു''തെന്ന് പ്രസംഗിച്ചപ്പോള്‍ സദസ് ആദ്യമൊന്നു ചിരിച്ചു. പക്ഷെ ആ പ്രസംഗം ചിന്തിക്കാനുള്ളതാണെന്നു പിന്നാലെ അവര്‍ക്കു തോന്നി. കല്യാണം കഴിക്കാത്തതിനെപ്പറ്റി പറയുന്നതിനിടയില്‍ ""കല്യാണം കഴിക്കാതിരുന്നാല്‍ വലിയൊരു സുഖമുള്ളതു കട്ടിലിന്റെ ഏതുഭാഗത്തു കൂടിയും ഇറങ്ങാം എന്നുള്ളതാണെ''ന്നു പറയുമ്പോഴും ആദ്യം ശ്രോതാക്കള്‍ ചിരിക്കും. "ഇതുഭൂമിയാണ്' എന്ന പേരില്‍ നാടകമെഴുതിയിട്ടുള്ള കെ.ടി. മുഹമ്മദിനു പത്മപ്രഭ പുരസ്കാരം നല്‍കിയ വേളയില്‍ അഴിമതിക്കാരനായ ഒരു മന്ത്രിയെ ഉന്നംവച്ച് അഴീക്കോട് പറഞ്ഞത് ഇങ്ങനെ: ""കെ.ടി. ഉദ്ദേശിച്ചത് ഇതു നമ്മുടെയെല്ലാം ഭൂമിയാണെന്നാണ്. പക്ഷെ നാട്ടിലൊരാള്‍ അഴിമതിപ്പണം കൊണ്ട് വീട് വച്ചിട്ട് ഇതെന്റെ വീടാണെന്നു പ്രഖ്യാപിക്കുന്നു.'' ഇതില്‍ ചിരിയും ചിന്തയും മാത്രമല്ല പ്രകോപനവും ഉണ്ട്. ""എന്നാല്‍ പ്രസംഗത്തില്‍ ഇത്തരം പ്രകോപനങ്ങള്‍ കണ്ടിട്ട് ഞാന്‍ എതിര്‍പ്പിനുവേണ്ടി എതിര്‍ക്കുന്ന രീതിക്കാരനാണെന്നു വിലയിരുത്തരുത്. പ്രസംഗത്തില്‍ പറയുന്നതിന്റെ പകുതി അതിന്റെ ഇഫക്ടിനു വേണ്ടിയാണ്. ഇത്തരത്തിലുള്ള രസികത്തം ബഷീറിനും ഉറൂബിനും പൊറ്റെക്കാട്ടിനും ഉണ്ടായിരുന്നു''വെന്ന് അഴീക്കോട് വ്യക്തമാക്കിയിട്ടുണ്ട്.
 
അഴീക്കോട് എല്ലാനേരവും ഖണ്ഡനഖഡ്ഗം എടുത്തു പൊക്കാറില്ല. ""മറ്റുള്ളവരുടെ അനീതികള്‍ എനിക്കു കാണേണ്ടിവരുമ്പോള്‍ മാത്രമേ ഞാനങ്ങനെ ചെയ്യാറുള്ളൂ'' എന്നാണ് അഴീക്കോട് പറഞ്ഞിട്ടുള്ളത്. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ""നമ്മുടെ പാരമ്പര്യത്തില്‍ തര്‍ക്കശാസ്ത്രവും ന്യായദര്‍ശനവും കലര്‍ന്നിട്ടുണ്ട്. ഒരു പക്ഷം ഖണ്ഡിച്ചു സ്വന്തം പക്ഷം സമര്‍ത്ഥിക്കുന്ന സമ്പ്രദായം നമ്മുടെ സവിശേഷതയാണ്. ന്യായം എന്നത് എല്ലാ ദര്‍ശനങ്ങളുടെയും മെതഡോളജിയാണ്. എന്റെ പ്രസംഗത്തില്‍ അതിന്റെ പ്രഭാവം കുറെ കാണാം.''
 
വിശുദ്ധമായ ഒരേകാന്തതയില്‍ നിന്നു തുടങ്ങി മെല്ലെ മെല്ലെ കലഹിച്ചു കയറുന്ന അഴീക്കോടിന്റെ പ്രസംഗശൈലി സത്യത്തില്‍ സ്വാര്‍ത്ഥകമായ ഒരു ഇടപെടല്‍ തന്നെയാണ്. അദ്ദേഹം പറഞ്ഞു ഫലിപ്പിക്കുകയല്ല, പറഞ്ഞ് അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ""ഓരോ പ്രസംഗവും എന്നെ കൂടുതല്‍ ഉത്തേജിതനാക്കുന്നു. എന്റെ വ്യക്തിത്വത്തിന്റെ പ്രകാശനവും ആന്തരസ്വഭാവത്തിന്റെ ആവിഷ്ക്കാരവുമാണിത്. ഒരര്‍ത്ഥത്തില്‍ എന്നെതന്നെ ഞാനതില്‍ കണ്ടെത്തുന്നു'' എന്നാണ് തന്റെ ശൈലിയെപ്പറ്റി അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.


അവസാനിച്ചു

Join WhatsApp News
Ninan Mathulla 2021-06-08 11:03:43
Thanks for the very informative article. When I think of Azhikkodu Master, what comes to my mind is this song. It is the dream of a mother about her son. What is striking is the line'naadunaranayi nee ezhuthenam, ennum aacharyanayi nee vilanghenam'. It must open the eyes of parents who want their children to be doctors and engineers with wealth in mind. Azhikkodu Sir was fulfillment of a dream. സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും രാമനാമം കേട്ടുണർന്നതല്ലേ സോമയാഗം തന്ന യോഗമല്ലേ ജാതകർമം ചെയ്ത പുണ്യമല്ലേ തൃക്കണ്ടിയൂർ തേവരായ് വളര് വളര് ഉണ്ണി നാവാ മുകുന്ദനായ് വളര് വളര് സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും സ്വർണ്ണ നാരായം കൊണ്ടേഴുതേണം നാവിൽ നാലു വേദങ്ങളും നിറയേണം ഭേദവും ഭാവവും മാറേണം പൂമനം ക്ഷേത്രമായ് വളരേണം പൊന്നരയാലായ് പടരേണം എന്നുമാലില പോലെ ജപിക്കേണം ജപിക്കേണം...ജപിക്കേണം സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും ശംഘനാദം കേട്ടുണരുമ്പോൾ ഉള്ളിലോംകാരമന്ത്രം മുഴങ്ങേണം കാവ്യവും രൂപവും തെളിയുമ്പോൾ നൂറു സർഗ്ഗമായ് മാനസം വിടരേണം നാടുണരാനായ് എഴുതേണം എന്നുമാചാര്യനായ് നീ ഉയരേണം ഉയരേണം..ഉയരേണം സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും രാമനാമം കേട്ടുണർന്നതല്ലേ സോമയാഗം തന്ന യോഗമല്ലേ ജാതകർമം ചെയ്ത പുണ്യമല്ലേ തൃക്കണ്ടിയൂർ തേവരായ് വളര് വളര് ഉണ്ണി നാവാ മുകുന്ദനായ് വളര് വളര് സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക