Image

കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)

സിൽജി ജെ ടോം Published on 08 June, 2021
കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)
 കപ്പിനും ചുണ്ടിനുമിടയില്‍ പലവട്ടം തട്ടിപ്പോയ കെപിസിസി അധ്യക്ഷപദം  ഒടുവില്‍ കെ.എസ്. എന്ന കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവിന് സ്വന്തമാവുമ്പോൾ കോൺഗ്രസ് പാർട്ടിയെ ഉണർത്താൻ  'മൃതസഞ്ജീവനി'പകരുമോ ഈ കണ്ണൂരുകാരൻ . അണികളെ ആവേശത്തോടെ ഒരുമിച്ച്‌ നിര്‍ത്താൻ കരിസ്മയുള്ള  ഈ  നേതാവിന്  കണ്ണൂരിൽ ഏറെ 'രാഷ്ട്രീയ യുദ്ധങ്ങൾ' കടന്നുവന്ന ചരിത്രമുണ്ട് എന്നത് തന്നെ ശ്രദ്ധേയം . പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലും സംഘടനാ രാഷ്ട്രീയത്തിലും ഒരേ സമയം നിറഞ്ഞ് നില്‍ക്കുന്ന   കണ്ണൂരിന്റെ സ്വന്തം  കെ. സുധാകരന്‍ ഇനി കേരളത്തിലെകോണ്‍ഗ്രസിന്റെ ശബ്ദമാകും.  മൃദുസമീപനങ്ങളുടെയല്ല ഉശിരാർന്ന ആക്രമണശൈലിയുടെ വക്താവാണ്  'കുംഭക്കുടി സുധാകരന്‍' എന്ന ഈ എഴുപത്തിമൂന്നുകാരൻ .

അക്രമരാഷ്ട്രീയത്തിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രതിരോധ മുഖമായിരുന്നു എന്നും സുധാകരന്‍. കത്തിക്കയറുന്ന വാക്കുകൾക്കൊപ്പം  വിട്ടുവീഴ്‌ചയില്ലാത്ത ഉറച്ച നിലപാടുകളുമാണ് കോൺഗ്രസിന്റെ 'കണ്ണൂരിലെ പുലിക്കുട്ടി'യുടെ സ്വതേയുള്ള ശൈലി. കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിനെതിരെയുളള കോണ്‍ഗ്രസിന്‍റെ കുന്തമുന എന്ന നിലയിൽ വിവാദങ്ങളുടെ സഹയാത്രികനുമാണ്  ഇദ്ദേഹം. 

 വാക്കുകള്‍ വിവാദത്തിൽ കുരുങ്ങുമ്പോഴും  നിലപാടില്‍ വെള്ളംചേര്‍ക്കാതെ പറഞ്ഞതിൽ ഉറച്ചുനില്‍ക്കുമെന്നതും   പ്രത്യേകതയാണ്.  എതിരാളികളെ കടന്നാക്രമിക്കുന്ന തീപ്പൊരി പ്രസംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുകയും എതിര്‍ക്കുന്നവരെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്യാൻ മടിക്കാത്തയാൾ.  പ്രസംഗത്തിലെയും പ്രവര്‍ത്തനത്തിലെയും തീവ്രനിലപാടുകൾ കൊണ്ട് അണികളിൽ  ഊർജം നിറക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നട്ടം  തിരിയുന്ന   കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സുധാകരനെ പോലൊരു നേതാവിനെ വേണമെന്ന് പ്രവര്‍ത്തകര്‍  ആവശ്യപ്പെടുന്നതും അതുകൊണ്ടു തന്നെ.

കണ്ണൂരിലും കാസര്‍കോഡും  സുധാകരന് ശക്തമായ സ്വാധീനമുണ്ട്.  ഇന്നും  കണ്ണൂരില്‍ സിപിഎമ്മിനോട് പൊരുതിനിൽക്കാന്‍ ശേഷിയുള്ള നേതാവ്  സുധാകരന്‍ മാത്രം . സുധാകരനും സിപിഎമ്മും തമ്മിലെ പോരാട്ടമായിരുന്നു ഒരു കാലത്ത്  കണ്ണൂരില്‍. ആര്‍ എസ് എസും സി പി എമ്മും നേർക്ക് നേർ പോരടിച്ചു നിന്ന  തൊണ്ണൂറുകളില്‍ കോൺഗ്രസിന്  പ്രതിരോധമൊരുക്കിയത് സുധാകരനാണ്.

 പ്രവര്‍ത്തനത്തിലും സംസാരത്തിലും കാർക്കശ്യം പുലർത്തുമ്പോഴും, ഗാന്ധിയന്‍ ശൈലി തള്ളി കോണ്‍ഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം  നേരിട്ടെങ്കിലും അണികൾ  തങ്ങളോടെന്നും ചേർത്ത് നിർത്തുന്ന നേതാവാണ്  ഇദ്ദേഹം . 
 തദ്ദേശ  തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍​ഗ്രസിനും യുഡിഎഫിനുമുണ്ടായ പരാജയമാണ് കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചത്. താഴെത്തട്ടില്‍ സംഘടന നി‍ര്‍ജീവമാണെന്ന വിമർശനങ്ങൾക്കിടെയാണ്  കോൺഗ്രസിന്റെ അമരത്തേക്ക് കെ.സുധാകരന്‍ എത്തുന്നത്.  പാര്‍ട്ടിയുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന   ഘട്ടത്തില്‍ പാർട്ടിയെ നയിക്കുക വെല്ലുവിളിയുമാണ്. 

ഒരു തവണ മന്ത്രിയായത് ഒഴിച്ചാല്‍ കണ്ണൂരിനപ്പുറം വളരാന്‍ കെ. സുധാകരന് കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും അധികാരവഴികളിലല്ല സംഘടനാ വഴികളിലാണ് തനിക്ക് താത്പര്യമെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ പാര്‍ട്ടി വൈകിയാണെങ്കിലും നല്‍കിയ അംഗീകാരമായി കെപിസിസി പ്രസിഡന്റ് പദം.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണു പ്രസിഡന്റായി   കെ.സുധാകരന്റെ പേര്. വി.എം.സുധീരന്‍ ഒഴിഞ്ഞപ്പോഴും സുധാകരന്റെ പേരുയര്‍ന്നെങ്കിലും   അന്ന് പ്രസിഡന്റായത് എം.എം.ഹസ്സന്‍. 2018ല്‍ കെ.സുധാകരനെ  പ്രസിഡണ്ട് പദത്തിൽ  പ്രവര്‍ത്തകര്‍ ഉറപ്പിച്ചതാണെങ്കിലും  എത്തിയത്  മുല്ലപ്പള്ളി.   

കെപിസിസി പ്രസിഡന്റാകുമ്പോള്‍ വലിയ വെല്ലുവിളികളാണു സുധാകരനെ കാത്തിരിക്കുന്നത് . മുഖ്യമായി രണ്ടു ഗ്രൂപ്പുകളില്‍ നിൽക്കുന്ന കോണ്‍ഗ്രസിനെ ഒരുമിച്ചു കൊണ്ടുപോവുകയും   വലിയ വെല്ലുവിളിയാകും . മുതിര്‍ന്ന പല നേതാക്കളുടെയും എതിര്‍പ്പുകളെ മറികടന്നാണ് അധ്യക്ഷസ്ഥാനത്ത് കെ സുധാകരന്‍ എത്തിയത് എന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും .    പ്രസംഗത്തിലും പ്രസ്താവനകളിലും വിവാദങ്ങളുണ്ടാക്കുന്ന ശൈലിയും  പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം .അനുയായിയെ അറസ്റ്റ് ചെയ്ത എസ്‌ഐയെ സ്റ്റേഷനില്‍ കയറി വിരട്ടിയും, ഇഷ്ടപ്പെടാത്ത കോടതിവിധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും  വിവാദങ്ങൾക്കൊപ്പം  യാത്ര ചെയ്ത പാരമ്പര്യമുള്ളതിനാൽ പ്രത്യേകിച്ചും  . മുഖ്യമന്ത്രി പിണറായി വിജയനെ 'ചെത്തുകാരന്റെ മകന്‍' എന്നു വിളിച്ച്തും  തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു വിവാദമായി . എന്താ യാലും തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം  പക്വതയോടെ പ്രതികരിച്ച സുധാകരൻ  ശൈലീ മാറ്റത്തിന്റ  സൂചന  നല്‍കിയിരുന്നു.  
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയവും 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദുമയിലുണ്ടായ തോല്‍വിയും സുധാകരന് രാഷ്ട്രീയ വനവാസം വിധിക്കുമെന്ന ഘട്ടത്തിലാണ്   ശക്തമായ  തിരിച്ചുവരവ് എ ന്നതും ശ്രദ്ധേയം .
വിദ്യാര്‍ത്ഥി രാഷ് ട്രീയത്തിലൂടെ  കടന്നുവന്ന സുധാകരന്‍ 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1984ല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991 ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എടക്കാട് നിന്നും കണ്ണൂരില്‍ നിന്നും നിയമസഭയിലെത്തി. 2001ല്‍ ആന്റണി മന്ത്രിസഭയില്‍ വനം, കായികവകുപ്പ് മന്ത്രിയായി. 2006ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നു വിജയിച്ചു. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനായില്ല. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും തോറ്റു. 2019ല്‍ വന്‍ഭൂരിപക്ഷത്തില്‍ വീണ്ടും കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ആദ്യമായി പരസ്യ നിലപാടെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനാണ്. സുധാകരന്റെ നിലപാട് പിന്നീടു പാര്‍ട്ടിക്ക് ഏറ്റെടുത്ത് സമരം ചെയ്യേണ്ടിവന്നു.  

അണികളാണ് എന്നും സുധാകരന്റെ കരുത്ത് .  കണ്ണൂരിൽ   പിണറായി വിജയനോട്  ഏറ്റുമുട്ടി വളര്‍ന്ന സുധാകരന്റെ ശൈലിയും കരുത്തും  കോൺഗ്രസിനും അണികൾക്കും  പുതുഊർജം പകരട്ടെ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക