Image

ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്

Published on 08 June, 2021
ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്
ന്യു ജെഴ്‌സി:  കെട്ട കാലം നീളുമ്പോൾ നന്മയുടെ വറ്റാത്ത സ്രോതസുകളും രൂപപ്പെടും.  ലോകത്തെ കോവിഡ് വിറപ്പിച്ചപ്പോൾ അന്നത്തിനു പോലും വഴിയില്ലാതായവരെ ചേർത്ത് പിടിച്ച് കൊണ്ട് ന്യു ജേഴ്‌സി ഈസ്റ്റ് ബ്രൺസ്‌വിക്കിലെ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ദേവാലയത്തിലെ അംഗങ്ങൾ ആരംഭിച്ച ഭക്ഷണ വിതരണം അതിനു തെളിവായി .  മെയ് 30-നു അത് ഒരു വർഷം  പിന്നിട്ടു.
 
"സാധാരണ ഭക്ഷണ വിതരണമൊക്കെ മൂന്നോ നാലോ മാസത്തേക്കാണ്. അതിനുമപ്പുറം അത് നീളാറില്ല. അതിനു പല കാരണങ്ങളുമുണ്ട്," ഈ പ്രസ്ഥാനത്തിന്റെ ചുക്കാൻ പിടിച്ച സോമൻ ജോൺ തോമസ് ചൂണ്ടിക്കാട്ടുന്നു. "മിക്കവാറും പ്രശ്ങ്ങൾ ആ കാലം കൊണ്ട് തീരും. അല്ലെങ്കിൽ അത്രയും കൊണ്ട് സംഘാടകരുടെ വീര്യം കെട്ടടങ്ങും. എന്നാൽ ഇവിടെ മഹാമാരിക്ക് അറുതി ഉണ്ടായില്ല. ഞങ്ങളുടെ ഉത്സാഹത്തിനു കുറവും വന്നില്ല. വികാരി ഫാ. തോമസ് കെ. തോമസ്സും കുടുംബവും അക്ഷരാർത്ഥത്തിൽ സാധനങ്ങൾ ഏറ്റു വാങ്ങാനും വിതരണത്തിനും മുന്നിൽ നിന്നു. അത് ഒരു തരത്തിൽ ഒരു ചുമട്ടു ജോലി തന്നെ. അതിനു പുറമെ ഈ ഉദ്യമത്തിന് പണം നൽകാൻ ഇടവകാംഗങ്ങൾ  സ്വയം മുന്നോട്ടു വരികയായിരുന്നു," സോമൻ അഭിമാന പൂർവം പറയുന്നു.
 
ഇപ്പോൾ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ആളുകൾ കുറഞ്ഞു. ആഫ്രിക്കൻ അമേരിക്കൻസ് തീരെ കുറഞ്ഞു. സ്റ്റിമുലസ് ചെക്കും മറ്റുമായിരിക്കാം കാരണം. ഹിസ്പാനിക്ക് വിഭാഗമാണ് കൂടുതലായി എത്തിയിരുന്നത്. രേഖകളില്ലാത്ത അവർക്ക് സ്റ്റിമുലസ് ചെക്കും മറ്റും കിട്ടില്ലല്ലോ. അതിനാൽ മെയ് 30-നു  ഒരു വർഷം  പിന്നിട്ടപ്പോൾ  ഭക്ഷ്യവിതരണം നിർത്തി.  എന്നിട്ടും ഇനിയും പണം മിച്ചം. അത് പള്ളി കമ്മിറ്റിക്കു അടുത്ത പ്രോജക്ടിന് ഉപയോഗിക്കാം. 
 
 
ഒരു ആഴ്ചയിൽ 600 ഭക്ഷണ പാക്കറ്റുകളാണ് വിതരണം ചെയ്തത്. ഒരു വർഷം  32000 -ൽ പരം.  പായ്‌ക്കറ്റിലും കാനിലുമുള്ള  പെട്ടെന്ന് കേടാകാത്ത ഭക്ഷ്യ സാധനങ്ങളായിരുന്നു വിതരണം. ഫുഡ് ബാങ്ക്, ഗ്രോസറി സ്റ്റോറുകൾ എന്നിവക്ക് പുറമെ ഇടവകാംഗങ്ങളുടെ സംഭാവന ആയിരുന്നു പ്രധാന വരുമാന മാർഗം. "ഒരിക്കലും സാധനം കൊടുക്കാൻ ഇല്ലാതെ വന്നില്ല. നല്ല കാര്യങ്ങൾ പരാജയപ്പെടില്ലെന്ന അനുഭവ സാക്ഷ്യം,' സോമൻ പറഞ്ഞു. ഒരു ദിവസം വിതരണത്തിന് ആയിരം ഡോളറിൽ  കൂടുതൽ  ചെലവ് വന്നു 
 
കോവിഡ് മൂലം നാട് ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍  പള്ളി അങ്കണത്തില്‍ വികാരി റവ. തോമസ് കെ. തോമസിന്റെ നേത്രുത്വത്തിൽ  ഒരു കലവറ തുറന്നു. പിന്നെ അത് ഈ മെയ് 30 വരെ പൂട്ടിയിട്ടേയില്ല.  ബ്രെഡ്, ഡിന്നർ റോൾസ്, നൂഡിൽസ്, സെറിയൽ, പാസ്റ്റ, ചിക്കൻ  ബ്രെസ്റ്, ട്യൂണ ഫിഷ്, സോസേജ്, അരി, ബീൻസ് തുടങ്ങിയവയാണ് വിഭവങ്ങൾ.
 
അര  മണിക്കൂറിനുള്ളിൽ ഭക്ഷണ  പായ്ക്കറ്റ്   തീരുമെന്ന് സോമൻ പറഞ്ഞു. ശ്രദ്ധേയമായ വസ്തുത ഭക്ഷണം വാങ്ങാൻ വന്നവരിൽ ഏഷ്യാക്കാരോ വെള്ളക്കാരോ ഇല്ലായിരുന്നു . എഴുപത് ശതമാനവും സ്പാനിഷ് വംശജരും 30  ശതമാനം ആഫ്രിക്കൻ അമേരിക്കക്കാരുമാണ് ആദ്യകാലങ്ങളിൽ വന്നിരുന്നത്. കോവിഡ്, ന്യുനപക്ഷങ്ങളെ എത്രമാത്രം ബാധിച്ച് എന്നതിന്റെ തെളിവ്.
 
ഇത്തരമൊരു സേവനം മലയാളി ചർച്ചുകളൊന്നും ചെയ്തതായി അറിവില്ലെന്നു സോമൻ പറഞ്ഞു. ചർച്ചിലെ വോളന്റിയമാർ ഭക്ഷണ പായ്കറ്റുമായി ന്യു ബ്രൺസ്‌വിക്കിൽ എത്തും. അവിടെ പ്രാദേശിക പള്ളിയുമായി സഹകരിച്ചാണ് വിതരണം. 
 
 
ദേവാലയം, നഗരത്തില്‍ നിന്ന് അകന്നു ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍, അധികം ആളുകള്‍, ഭക്ഷണത്തിനായി വന്നിരുന്നില്ല. പിന്നീട് ന്യുബ്രണ്‍സ്വിക്ക് നഗരസഭയുടെ അധികാരികളുമായി ബന്ധപ്പെട്ടു. നഗരത്തില്‍ കുറച്ചു കൂടി തിരക്കുള്ള ഒരു സ്ഥലം കണ്ടെത്തുകയും, ന്യൂബ്രണ്‍സ്വിക്കിലുള്ള മറ്റൊരു പള്ളിയുമായി സഹകരിച്ചു കൂടുതല്‍ ആളുകളിലേക്ക് ഈ ഭക്ഷണം എത്തിക്കുകയും ചെയ്തു  
 
ചർച്ചിലെ വോളന്റിയർമാരായ ഷിബു, റാണി, ബിനു റെജി, ബിനു, ബിനോയ്, റയൻ, മനോജ്, മഞ്ജു, മോത്തി, മിഷേൽ, ജെസ്സി, ബോബി, ചില തുടങ്ങിയവരാണ് ഭക്ഷണ വിതരണത്തിന് പിന്നിൽ പ്രവർത്തിച്ചത്.
 
ദീര്‍ഘകാലമായി ചാരിറ്റി രംഗത്തു പ്രവര്‍ത്തിക്കുന്ന ഇടവകാംഗവും മുന്‍ യു.എന്‍. ഉദ്യോഗസ്ഥനുമായ , സോമന്‍   പ്ലെയ്ന്‍ഫീല്‍ഡിലെ 'ഗ്രേസ് സൂപ്പ് കിച്ച'ന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ കൂടിയാണ്.
 
കോവിഡ് കാലത്ത് മലയാളി സമൂഹം പൊതുവെ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നെങ്കിലും  മറ്റു പലരും അങ്ങനെയല്ലെന്നാണു ഭക്ഷണ വിതരണത്തിനു ചെന്നപ്പോള്‍ മനസിലായതിന്നു സോമൻ നേരത്തെ ചൂണ്ടിക്കാട്ടുകയുണ്ടായി. ജനങ്ങൾ ഭക്ഷണത്തിനു വേണ്ടി ദീര്‍ഘനേരം ക്യൂവില്‍ കാത്തുകിടക്കുക മത്രമല്ല ചിലപ്പോള്‍ അതിനായി കടിപിടി കൂടുകയും ചെയ്തു .  
 
140 -ൽ പരം കുടുംബങ്ങളുള്ള സെന്റ് സ്റ്റീഫൻസ് ചർച്ച് ഒന്നര ദശാബ്ദം മുൻപാണ് സ്ഥാപിതമായത്  
 
വിതരണം പള്ളിയുടെ ആഭിമുഖ്യത്തിലാണെങ്കിലും ഇടക്ക് സഹായവുമായി കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്‌സിയും എത്തി. 750  പൗണ്ട് ഭക്ഷണ പദാർത്ഥങ്ങൾ എത്തിച്ച് കൊണ്ടാണ് കെഎച്ച് എൻ.ജെ. സേവന രംഗത്ത്  തുണയും മാതൃകയുമായത്. വിശക്കുന്നവർക്ക് ആഹാരമെത്തിക്കുന്നതിൽ ഭിന്നതകൾക്കോ താൻപോരിമക്കോ സ്ഥാനമില്ലെന്ന മഹദ് സന്ദേശം കൂടി ഈ സൗമനസ്യം വ്യക്തമാക്കി. കോവിഡ് മഹാമാരി കാലത്തെ നല്ല സന്ദേശങ്ങളിലൊന്നായി അത്.  മാനവ  സേവ മാധവ  സേവ എന്ന വലിയ സത്യം അവിടെ സാക്ഷാൽക്കരിക്കപ്പെടുകയായിരുന്നു 
 
'ഇതേ വരെ ലഭിച്ചതിൽ ഏറ്റവും വലിയ സംഭാവനയാണിത്,'-ഭക്ഷണ വിതരണത്തിന്റെ മുഖ്യ സംഘാടകനാ സോമൻ ജോൺ  തോമസ് അന്ന്  പറഞ്ഞു. ഹൈന്ദവ സംഘടനാ പ്രതിനിധികളും വിതരണത്തിനെത്തി. കേരളത്തിലെ സൗഹൃദാന്തരീക്ഷം ഇവിടെയും പുനർജനിച്ചതായി തോന്നി.
 
കെ.എച്ച്.എൻ.ജെ. സേവാ ദീവാളി പ്രമാണിച്ച് മീര നായർ, നിവേദിത നമ്പലത്ത്, വർഷ അകാവൂർ, റിതിക ജയപ്രകാശ്, അദിതി മേനോൻ, ഹൃതിക സഞ്ജീവ് എന്നിവരാണ് ഭക്ഷണ സാധനങ്ങൾ  ശേഖരിച്ചത്. 
 
കെ‌എച്ച്‌എൻ‌ജെ സെക്രട്ടറി ലത നായർ, ജയപ്രകാശ് (ജെപി), സനൽ കുമാർ, മധു ചെറിയടത്ത്  എന്നിവർ അത് ചർച്ച് വോളന്റിയര്മാര്ക്ക് കൈമാറി 
 
ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക