Image

വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

Published on 09 June, 2021
വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

ശ്രീലക്ഷ്മി ലോഡ്ജിലെ അഞ്ഞൂറ്റിയൊന്നാം നമ്പർ മുറിയിൽ താമസിച്ചിരുന്ന നാലഞ്ചു ചെറുപ്പക്കാരുടെ വലിയ ഓളങ്ങളൊന്നുമില്ലാതെ, ഒതുക്കത്തിലങ്ങ് ഒഴുകിപ്പോയിരുന്ന ജീവിതത്തിലേക്ക് കടന്നുവന്ന  ചെറിയൊരു ചുഴലിക്കാറ്റാണ് ജി .ആർ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിന്റെ പ്രമേയം. മുഖ്യധാരാ മലയാളി ജീവിതത്തിലേക്ക് എത്തി നോക്കത്തക്ക പ്രാധാന്യമൊന്നുമില്ലാത്ത നാലഞ്ച് ചെറുപ്പക്കാരും, അതിനേക്കാൾ പ്രാധാന്യം കുറഞ്ഞ അവരുടെ ജീവിതങ്ങളും , അതോടൊപ്പം കൃത്യമായി വിനിമയം ചെയ്തു പോകുന്ന രാഷ്ട്രീയബോധവും ചേർന്ന   ലഘു സൂത്രവാക്യമാണ് "നാലഞ്ചു ചെറുപ്പക്കാർ " .

നാലഞ്ചു ചെറുപ്പക്കാരുടെ അസ്തിത്വദു:ഖത്തിന്റെ പഴക്കത്തിലേക്കല്ല, സ്വർണം എന്ന മഞ്ഞ ലോഹം വിലപറയുന്ന സ്ത്രീ ജീവിതങ്ങളുടെ ഒട്ടും  തിളക്കമില്ലാത്ത പുതുക്കത്തിലേക്കാണ് നോവൽ വഴികാട്ടുന്നത്. അപരിചിതമായ ഒരു തൊഴിൽ മേഖലയുടെ റിസ്കും മറുവശങ്ങളും അനുഭവിച്ചറിയാനുള്ള അവസരം.

വി.എസിനെ അനുകൂലിച്ച് തെരുവു നാടകം നടത്തിയ ആ ചെറുപ്പക്കാരെ  ഒതുക്കിക്കൊണ്ടാണ് പാർട്ടി ഗുണ്ട ടെറർ ബ്രൂണോ അവർക്കിടയിലേക്ക് ഇടിച്ചു കയറി വരുന്നത്. ടെറർ ബ്രൂണോ വെറും ബ്രൂണോ മാത്രമായി അവരിലൊരാളാവുന്നത് പാർട്ടിയിൽ നിന്ന് പുറത്തായതിനു ശേഷവും . സ്വന്തം വീട്ടിൽ നിന്നും  പുറത്താകേണ്ടി വരുന്ന ഒരവസ്ഥയിൽ നാലഞ്ചു ചെറുപ്പക്കാർ ബ്രൂണോയെ ഏറ്റെടുക്കുന്നു. അവരവനെ അജേഷിന് പരിചയപ്പെടുത്തുന്നു. പിന്നെ കളം നിറഞ്ഞാടുന്നത് അജേഷാണ്.

പത്തുമുപ്പതു വയസ്സിനടത്തു പ്രായം വരുന്ന, തോളിൽ കുറുകെയൊരു ബാഗിട്ട ,സുന്ദരനാണ് പി.പി. അജേഷ് . മദ്യം  തന്നെ തിരികെ കുടിക്കാനനുവദിക്കാത്ത അസാമാന്യ മദ്യപാനി ,അങ്കത്തട്ടിൽ നേരിട്ടിറങ്ങി കളിക്കാൻ മാത്രം പ്രാപ്തിയുള്ള ആത്മവിശ്വാസം, ചങ്കുറപ്പള്ളവനാണെന്ന വെല്ലുവിളി, സത്യത്തിനും ജീവിതത്തിനും മാത്രം വില നൽകുന്നവൻ.. പി.പി.അജേഷിനെക്കുറിച്ച് പറയാൻ  ധാരാളമുണ്ട്. 

ഫോർവേഡുകളെ സൈഡിലിരുത്തി ഗോളി തന്നെ കളത്തിലിറങ്ങുന്ന സ്പിരിറ്റാണ് മുന്നോട്ടുള്ള ഓരോ ചുവടിലും അജേഷ് ഒളിപ്പിച്ചിട്ടുള്ളത്. 

സ്വർണവ്യാപാരത്തിൽ ഇങ്ങനെയും ഒരു ഇടപാടുണ്ടെന്ന് തിരിച്ചറിഞ്ഞ്, നാലഞ്ചു ചെറുപ്പക്കാരുടെ ആത്മാർത്ഥതയും, അണുവിനോളം ചെറുതായിപ്പോയ ബ്രൂണോയുടെ പെങ്ങൾ സ്നേഹവും, "പെണ്ണിനെ ഇഷ്ടം പോലെ കിട്ടും. പൊന്നതു പോലെ കിട്ടത്തില്ല " എന്ന മാരിയാനോ പ്രമാണവും, "വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയേയുള്ളൂ അച്ചോ" എന്ന ആഗ്നസിന്റെ സ്ഥൈര്യവും, നിന്റെ ഈ സ്വർണം കിടക്കുന്ന "ദേഹവും അതിലെ ഉയിരും ഞാൻ പൊന്നുപോലെ നോക്കിക്കോളാം " എന്ന അജേഷിന്റെ വാക്കിലുള്ള സ്റ്റെഫിയുടെ വിശ്വാസവും, "വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ഞാനീ തൊഴിലിലില്ല'' എന്ന അജേഷിന്റെ ആവർത്തിച്ചുള്ള ആത്മഗതവുമൊക്കെ ചേർന്നു സൃഷ്ടിക്കുന്ന ഒരു തരം റിയലിസ്റ്റിക് ഫിക്ഷനാണ് "നാലഞ്ചു ചെറുപ്പക്കാർ "

 അടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന വായനക്കാരന്റെ ആകാംക്ഷയെ യഥാർത്ഥ ജീവിതത്തിലേതു പോലെ  നമ്മുടെ പ്രതീക്ഷകൾക്കപ്പുറത്താണ് കാര്യങ്ങൾ എന്ന തിരിച്ചറിവിലേക്കെത്തിക്കുന്ന രചനാ തന്ത്രമാണ് ജി.ആർ ഇന്ദുഗോപന്റേത്.  നോവലിലെ കഥാപാത്രങ്ങളെ അവരോടുന്ന അതേ വേഗതയിൽ നമ്മളും പിന്തുടരും. അവരിടറുമ്പോൾ നമ്മുടെ മനസ്സിടറും. അവർ പരാജയപ്പെടുമ്പോൾ നമ്മളാ കയ്പറിയും .അവർ വിജയിക്കുമ്പോൾ ആവേശത്തിന്റെ ലഹരി നമുക്ക് കൂടിയാണ്.

 കടപ്പാക്കടയിൽ നിന്ന് ആശുപത്രിമുക്ക് വരെയുള്ള ആ കൂട്ടയോട്ടത്തിൽ ചുണ്ടിനും കപ്പിനുമിടയിലെ ആവേശം അനുഭവിക്കുന്നത് വായനക്കാരാണ്.   തങ്ങൾ വായന കൊണ്ട്  ശ്രദ്ധയോടെ  ചേർത്തുവെക്കേണ്ട ഒരു ജിഗ്സോ പസിലിന്റെ ആകാംക്ഷയും ആനന്ദവുമാണ്  പതിവുപോലെ    ഇന്ദുഗോപൻ  ഈ നോവലിലും കരുതിവെച്ചിട്ടുള്ളത്.

https://emalayalee.com/writer/195

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക