Image

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

Published on 09 June, 2021
നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സ്വന്തം ലക്ഷ്യങ്ങളിലേക്ക് മറ്റൊന്നിനെയും ആശ്രയിക്കാതെ നടന്നുകയറിയ ചില പെൺകുട്ടികളുണ്ട് നമുക്ക് ചുറ്റും. അവരുടെ ആകാശങ്ങൾ നമ്മുടേതിനേക്കാൾ വിശാലമായിരിക്കും. അവരുടെ കടലിൽ ഉപ്പു കാറ്റോ മരിച്ച സ്വപ്നങ്ങളുടെ മീൻകുഞ്ഞുങ്ങളോ ഉണ്ടായിരിക്കില്ല. അങ്ങനെയൊരാളെ പരിചയപ്പെടുത്തുക എന്നുള്ളത് തന്നെ ഉള്ളിൽ കനലുണ്ടായിട്ടും കത്താതെ പോയ അനേകം പെൺകുട്ടികൾക്കുള്ള ഒരു മോട്ടിവേഷൻ കൂടിയാണ്.

ഇത് നേഹയെക്കുറിച്ചാണ്, കാനഡയിലെ അറിയപ്പെടുന്ന നർത്തകി.. നേഹയുടെ  കലയോടുള്ള അവസാനിക്കാത്ത അഭിനിവേശത്തെക്കുറിച്ചാണ് .
നൃത്തത്തോടുമുള്ള അതിയായ ഭ്രമമാണ് നേഹ ചെമ്മണ്ണൂരിനെ  അറിയപ്പെടുന്ന ഒരു കലാകാരിയും നർത്തകിയുമാക്കിയത്.   നൃത്തകലയെ അതിവശ്യമായി സ്നേഹിക്കുന്ന  പെൺകുട്ടി. കുട്ടിക്കാലങ്ങളിൽ തന്നെ പാട്ടുകളോടും നൃത്തോടും പ്രിയം തോന്നിയ നേഹ അതിനെ തന്റെ ജീവനായിത്തന്നെ പിന്നീട് കൊണ്ടുനടക്കുകയായിരുന്നു.

പ്രിയപ്പെട്ട സംഗീതവും നൃത്തവും മൂന്നാം വയസ്സിൽ തന്നെ അഭ്യസിച്ചു തുടങ്ങി. അന്ന് തൊട്ട് ഇന്നേവയ്ക്ക് ആ പഠനവും അന്വേഷണവും തുടർന്നു കൊണ്ടേയിരിക്കുന്നു. കല പഠിക്കും തോറും ആഴമേറുകയാണല്ലോ ചെയ്യുക. നൃത്തത്തിന്റെ ധ്വനികൾ ഉള്ളിൽ നിറച്ചുകൊണ്ടാണ് നേഹ ജനിക്കുന്നത്. ഓരോ നടത്തങ്ങളിലും പ്രകൃതിയിൽ നിന്ന് കേൾക്കുന്ന ശബ്ദങ്ങളിലേക്ക് നേഹ തന്റെ കൈകൾ നീട്ടും. നൃത്തം നേഹയുടെ ഉപാസനയാകുന്നതും പ്രാർത്ഥനയാകുന്നതും അങ്ങനെയാണ്.

പ്രിയപ്പെട്ട പാട്ട് കേട്ടില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്ത കുട്ടിയായിരുന്നു നേഹയെന്ന് അമ്മ എപ്പോഴും അടയാളപ്പെടുത്തും.

മൂന്നാം വയസ്സിലാണ്  നേഹ നൃത്ത കലാകേന്ദ്രത്തിൽ പരിശീലനം ആരംഭിക്കുന്നത്. ആ പെൺകുട്ടിയിലുണ്ടായിരുന്ന നൃത്തത്തോടുള്ള അഭിനിവേശമായിരുന്നു
അതിന്റെ കാരണം. ചിലർ ജനിക്കുന്നത് തന്നെ നിയോഗങ്ങളുമായിട്ടാണല്ലോ. ആദ്യമായിട്ട് നേഹ പഠിക്കുന്നത് ഭരത നാട്യമാണ്‌ .പിന്നീട് അമ്മ അവളെ ബോളിവുഡ് ഡാൻസ് ക്ലാസുകൾക്ക് ചേർക്കുകയായിരുന്നു. പക്ഷെ നേഹ ഒരിക്കലും തന്റെ ആദ്യത്തെ ആ കലാരൂപത്തെ മറന്നേയില്ലെന്ന് മാത്രമല്ല ഭരതനാട്യത്തെ മറ്റെല്ലാത്തിനേക്കാളുമേറെ പ്രണയിക്കുകയും ചെയ്തു. കിട്ടിയ വേദികളിൽ എല്ലാം അവൾ തന്റെ ജീവൻ തന്നെ അർപ്പിച്ച് നൃത്തം ചെയ്തു. കൂടി നിൽക്കുന്ന മനുഷ്യരെ മുഴുവൻ തന്റെ പ്രണയത്തിലേക്കും, കലയിലേക്കും സമന്വയിപ്പിക്കാൻ അവൾക്ക് കഴിഞ്ഞു.

കഥക്, ഹിപ് ഹോപ്‌, contemporary, ജാസ്, അഫ്രോ ഡാൻസ് ഹാൾ, bhangra, ballet, എന്നിങ്ങനെ ഒരു മനുഷ്യായുസ്സുകൊണ്ട് പഠിക്കാവുന്നതൊക്കെ നൃത്തത്തിൽ ഇതിനോടകം തന്നെ പഠിച്ചു കഴിഞ്ഞു നേഹ. എന്നിട്ടും ഒന്നെയൊന്നു മാത്രം അവളിൽ ഇപ്പോഴും മാറാതെ തുടരുന്നുണ്ട്. അത്‌ ഭരതനാട്യത്തോടുള്ള അടങ്ങാത്ത പ്രണയമാണ്. ആദ്യത്തെ കാമുകനോട് കാമുകിക്കുണ്ടാകുന്ന ഒരു പ്രത്യേകതരം മമതയെന്നോ, അതോ താൻ വളർന്ന ചുറ്റുപാടിനോടും അതിന്റെ സ്വാഭാവികതയോടും, സംസ്കാരത്തോടുള്ള അഭേദ്യമായ ബന്ധമെന്നോ ഒക്കെ അതിനെ വിളിക്കാം. എന്ത് വിളിച്ചാലും ഇപ്പോഴും നേഹയ്ക്ക് ഭാരതനാട്യം കളിക്കാനാണ് ഏറെ പ്രിയം. ഭരതനാട്യത്തിലെ വേദിയും, അതിൽ ഹൃദയം കൊണ്ട് അടയാളപ്പെടുത്തേണ്ട ഭാവങ്ങളും, അതിന് വേണ്ടിയുള്ള പരിശ്രമങ്ങളുമെല്ലാം, കാനഡയിൽ  നേഹയ്ക്ക് വേദികൾ ഒരുക്കിക്കൊടുക്കുന്നുണ്ട്. കാനഡയിലെ മലയാളി അസോസിയേഷനുകളിൽ നേഹയ്ക്ക് ഒരുപാട് നൃത്തവേദികൾ ലഭിച്ചിട്ടുണ്ട്. പ്രവാസികൾക്ക് അല്ലെങ്കിലും സ്വദേശികളെക്കാൾ അൽപ്പം സ്നേഹം കൂടുതലാണല്ലോ നമ്മുടെ സംസ്കാരത്തോടും, അതിന്റെ അനുഷ്ടാനങ്ങളോടും, കലയോടുമൊക്കെ. കാനഡയിലെ പ്രധാനപ്പെട്ട എല്ലാ പരിപാടികളിലും നേഹയുണ്ടായിരിക്കും. എപ്പോഴും നേഹ തന്നെയായിരിക്കും ഒന്നാമതെത്തുന്നതും. അതെല്ലാം അംഗീകാരങ്ങളായി നേഹയുടെ വീടിന്റെ ചുമരുകളിലൂടെ ആകാശത്തേക്ക് വളരും. അതിന്റെ വള്ളികളിൽ പിടിച്ച് നേഹ നൃത്തം ചെയ്തുകൊണ്ടേയിരിക്കും.

നൃത്തത്തിനു കിട്ടിയ അംഗീകാരങ്ങൾ വലിയൊരു ഉത്തരവാദിത്തമായിട്ടാണ് നേഹയിൽ നിറഞ്ഞത്. അതുകൊണ്ട് തന്നെ തന്റെ നൃത്തം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയും, ലോകത്തിന്റെ പല കോണുകളിലും അതിനെ വ്യാപിപ്പിക്കാൻ വേണ്ടിയും നേഹ തുടങ്ങിയ യുട്യൂബ് ചാനൽ വലിയ സ്നേഹത്തോടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നേഹ ചെമ്മണ്ണൂർ  എന്ന പേരിലുള്ള ആ യുട്ടൂബ് ചാനലിൽ നൃത്തങ്ങളോടൊപ്പം നേഹ തന്റെ ജീവിതത്തെയും വരച്ചിടുന്നു.ഒരു ഡാൻസ് കവർ ചെയ്യാനായി പ്രശസ്ത നർത്തകൻ  സഫത്ത് അൽ മൻസൂറുമായി സഹകരിക്കാൻ ഒരിക്കൽ നേഹ കാലിഫോർണിയയിലേക്ക് പോയിട്ടുണ്ട് .തന്റെ എറ്റവും പ്രിയപ്പെട്ട സൃഷ്ടികളിൽ ഒന്നായിട്ടാണ് അതിനെ നേഹ കാണുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ ലോകമെമ്പാടുമുള്ള ഡാൻസ് വർക്ക് ഷോപ്പുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ നേഹയ്ക്ക് ലഭിച്ചിട്ടുണ്ട്.  നേഹയെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്, നേഹയുടെ അഭിനയ ചാരുതയാണ്. അത്രയും മനോഹരമായിട്ടാണ് നേഹ നൃത്തം ചെയ്യുന്നതും അതിലൂടെ കഥാപാത്രമായി രൂപാന്തരപ്പെടുന്നതും. ഒരുപക്ഷെ നർത്തകിയോളം തന്നെ നേഹ ഒരു അഭിനേത്രി കൂടിയായിരിക്കാം. ഓരോ നൃത്തങ്ങളും ഓരോ കഥകൾ കൂടിയാണല്ലോ.

2017 ൽ Reign Yash ഡാൻസ് എന്ന പേരിൽ ഒരു ഡാൻസ് ടീമിൽ ചേർന്ന നേഹ ഇപ്പോൾ അവരുടെ കൊറിയോഗ്രാഫറാണ്.  വടക്കേ അമേരിക്കയിൽ 200 ലധികം വേദികളിൽ ഇതിനോടകം തന്നെ നേഹയുടെ Reign Yash ഡാൻസ് നൃത്തങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു . നൃത്ത ജീവിതത്തിലെ നേഹയുടെ ഏറ്റവും വലിയ ചുവടുവെപ്പായിരുന്നു വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.  ഷോയിലെ ഒരേയൊരു മലയാളിയായിരുന്നു നേഹ. അതിന്റെ അഭിമാനകരമായ ഒരു നിമിഷം ഇപ്പോഴും നേഹയുടെ ഓർമ്മകളിൽ കെടാതെ നിൽക്കുന്നുണ്ട്. അഞ്ഞൂറിലധികം ആളുകൾ ഉൾപ്പെടുന്ന ഓഡിഷനിൽ നേഹ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. ആ സമയത്താണ് കോവിഡ് ലോകരാജ്യങ്ങൾക്ക് മേൽ വലിയ ഒരു വെല്ലുവിളിയായി കടന്നു വരുന്നത്.
നിർത്തിവച്ചെങ്കിലും, ആ ഷോയിൽ നിന്ന് സമ്മാനവുമായി മടങ്ങി വരുന്ന ഒരു ദിവസം നേഹ ഹൃദയത്തിന്റെ കലണ്ടറിൽ അടയാളപ്പെടുത്തി വച്ചിട്ടുണ്ട്.

സിനിമാ മേഖലയാണ് നേഹയുടെ സ്വപ്നത്തിലുള്ള ഇടം. കൊറിയോഗ്രാഫറാവാനും, നായികയാവാനുമൊക്കെയുള്ള ഇഷ്ടമുണ്ട് നേഹയിൽ. ഒരുപക്ഷെ ഏതൊരു കലാകാരനെയും വലിയൊരു ക്യാൻവാസിലേക്ക് വരച്ചിടുന്നത് സിനിമ തന്നെയാണ്. അതിന്റെ സാധ്യതകൾ വളരെ വലുതാണ്. നേഹയെപ്പോലെ അതുല്യയായ ഒരു പ്രതിഭയ്ക്ക് എത്തിപ്പിടിക്കാവുന്നതേയുള്ളൂ സിനിമ.

നിരവധി  പരസ്യചിത്രങ്ങളിൽ അഭിനയിച്ച നേഹ തന്റെ കുട്ടിക്കാലത്ത് കൈരളിയിലെ ഒരു മോഡലിംഗ് ടി വി ഷോയുടെ ഭാഗമായിരുന്നു. ധാരാളം പരസ്യങ്ങൾക്കും പോർട്രൈറ്റുകൾക്കും നേഹയുടെ മുഖമായിരുന്നു. അതിനൊപ്പം തന്നെ ഫ്രീലാൻസായി നടത്തിയ നേഹയുടെ ഒരുപാട് ഫോട്ടോഷൂട്ടുകൾ  ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

കലയാണ് നേഹയുടെ ദൈവം. അതില്ലാത്ത ലോകത്തേക്കുറിച്ചും ജീവിതത്തേക്കുറിച്ചും നേഹയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല. അതുകൊണ്ട് തന്നെയാണ് ജേഷ്ഠനെ പോലെ ഒരു എഞ്ചിനീയറോ മറ്റോ ആകാൻ നേഹ ഒരിക്കലും തയ്യാറെടുക്കാത്തത്. അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടും ഈ ചെറിയ വലിയ ജീവിതം കലയോടൊപ്പം മാത്രമായിരിക്കുക എന്ന ഒരു പെൺകുട്ടിയുടെ ദൃഢനിശ്ചയമാണ് നേഹയുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നത്. കല മാത്രമാണ് ജീവിതമെന്ന് നേഹ കരുതുന്നു. ഭൂമിയിലെ ഓരോ അനക്കങ്ങളിലും കലയുണ്ട്, ഒരു കാറ്റടിക്കുന്നതും, മഴപെയ്യുന്നത് പോലും കലയാണ്. അല്ലെങ്കിൽത്തന്നെ കലയില്ലാത്ത എന്താണ് ഭൂമിയിൽ ഉള്ളത്.
കല ഓരോ മനുഷ്യന്റെയും ദൈവമാണ്. വിനോദമില്ലാതെ ജീവിതത്തേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവരാണ് മനുഷ്യർ.

ഓരോ വിജയങ്ങൾക്ക് പിറകിലും ഒരു കുടുംബമുണ്ടാകും. നേഹയ്ക്കുമുണ്ട് അവളുടെ എല്ലാ സ്വപ്നങ്ങൾക്കും ചിറകുകൾ വച്ചുകൊടുക്കുന്ന അച്ഛനും അമ്മയും ഒരു ജേഷ്ഠനുമടങ്ങുന്ന ഒരു ചെറിയ കുടുംബം. അച്ഛൻ ജോയ് ചെമ്മണ്ണൂർ, അമ്മ മിനി ജോർജ്, ജേഷ്ഠൻ നിധിൻ ഇവരെല്ലാം നേഹയുടെ എല്ലാ ഇഷ്ടങ്ങളോടുമൊപ്പമാണ് സഞ്ചരിക്കാറുള്ളത്. ആ സ്നേഹവും കടപ്പാടും തന്നെയാണ് നേഹയുടെ ഈ വിജയജീവിതത്തിന്റെ അടിസ്ഥാനം 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക