Image

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

Published on 11 June, 2021
വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)
എന്നെ സ്നേഹിക്കൂ, എന്നെ കരുതൂ, എന്നെ ശ്രദ്ധിക്കൂ എന്ന് സദാ കലഹിക്കേണ്ടി വരുന്ന മനുഷ്യരോളം സങ്കടം മറ്റാർക്കും ഇല്ല.

സ്നേഹം, ശ്രദ്ധ, കരുതൽ എന്നീ ചെറുവാക്കുകളുടെ പ്രവർത്തനമാണ് ജീവിതത്തെ ജീവിതയോഗ്യമാക്കുന്നത്.അതിന്റെ മഹാത്ഭുതം എന്തെന്നാൽ അത് വലിയ കാര്യങ്ങളിലൂടെയല്ല, വളരെ ചെറിയ, നേർത്ത നിമിഷങ്ങളിലൂടെ ജ്വലിക്കുന്നത് ആണ് എന്നതാണ്. അത്തരം ജ്വലിക്കുന്ന നിമിഷങ്ങൾ സൃഷ്ടിക്കാനുള്ള സിദ്ധിയും അനുഭവിക്കാനുള്ള ഭാഗ്യവും ഉണ്ടാവുകയെന്നാൽ.....ആഹാ...എന്നേ പറയാൻ ഉള്ളൂ.

ധാരാളം പണമുള്ള ഒരാൾക്ക് വലിയ വീട് ഉണ്ടാക്കാം.പക്ഷെ ആ വീട്ടിൽ ഒരു വലിയ മെത്തയിൽ പനിച്ചു കിടക്കുമ്പോൾ , അടുത്ത് വന്നിരുന്ന്, നെറ്റിയിൽ ഒരു ചന്ദന ഗന്ധമുള്ള തണുപ്പ് ശീലയാകാൻ ആരെങ്കിലും ഉണ്ടാകണം.

സ്നേഹവും, ശ്രദ്ധയും സദാ നിഷേധിക്കപ്പെടുന്ന മനുഷ്യർ ചിലർ  ചിലപ്പോൾ വജ്ര സൂചി പോലെ കൂർത്തും, എഴുന്നും നിൽക്കും.അടുത്ത് വരുന്നവരെ മൂർച്ചയുള്ള അഗ്രം കൊണ്ട് നോവിക്കും.അരമ്പുള്ള വാക്കുകൾ കനിവില്ലാതെ പായിക്കും. അത് സ്നേഹശൂന്യതയുടെ പാരമ്യത്തിൽ ഉണ്ടാകുന്ന വേദനയുടെ കലാപം ആണെന്ന് എത്ര പേർ മനസിലാക്കും ?

കരുതൽ കിട്ടാതെ പോകുന്ന മറ്റ് ചിലർ  ഏതോ മഞ്ഞു യുഗത്തിലെ ശിലകൾ പോലെ ഉറച്ചു നിസ്സംഗരാകും.മരിച്ച മിഴികളും, ജീവനില്ലാത്ത ചിരികളും, ആത്മാവില്ലാത്ത വാക്കുകളും പേറുന്നവർ ആകും.അവർ വെളിച്ചമില്ലാതെ ഉയിർ കൊണ്ട നിഴല് പോലെ ആണ്.അവരെ പലപ്പോഴും ആരും കാണുകയോ, ശ്രദ്ധിക്കുകയോ ഇല്ല. തളർന്ന് വീഴാനുള്ള ശേഷി പോലും ഇല്ലാതെ അവർ അങ്ങനെ നിൽക്കും...

സ്നേഹം തൊടാത്ത മറ്റ് ചിലർ നല്ലത് പോലെ അഭിനയിക്കും.കടുത്ത വെയിലിൽ ഉള്ളം കാലു പൊള്ളി, നില കിട്ടാതെ തുള്ളുന്നത് കാണുന്നവർക്ക് മുന്നിൽ നല്ല നൃത്തം ആക്കി മാറ്റും.ഹൃദയം പൊട്ടി വരുന്ന കരച്ചിൽ പാട്ട് ആണെന്ന് പറഞ്ഞു കളയും. അവർ എല്ലാം തികഞ്ഞവർ ആണെന്ന് ലോകം കരുതുമ്പോൾ ,തങ്ങൾക്ക് ഒന്നുമില്ലെന്ന സത്യം അറിയുന്നവർ ആയി അവർ മാത്രമുണ്ടാകും.

സ്നേഹത്തിന്റെ ഭാഗീരഥി ആയി സ്വർഗ്ഗപദങ്ങൾ ഉപേക്ഷിച്ചു മണ്ണിലേക്കും, ഇരുട്ടിലേക്കും ഒഴുകേണ്ടതില്ല, ഒരു പുൽത്തുമ്പിൽ നിന്ന് ഇറുന്നു വീഴുന്ന ഒരു തുള്ളി ജലമായി സ്നേഹം കിട്ടാതെ പൊരിയുന്ന മനുഷ്യരുടെ പ്രാണനിലേക്ക് ഒരു മാത്ര നേരം പെയ്യാൻ ആയാൽ...

ആൾക്കൂട്ടത്തിൽ ഉള്ളിൽ കരഞ്ഞു തനിയെ നടക്കുമ്പോൾ, മുഖം പോലും കാണാതെ ഒരാൾ, ഒരു നിമിഷം വിരൽത്തുമ്പിൽ ഒന്ന് വെറുതെ പിടിച്ചു കൂട്ടായാൽ...

ജീവിതം  എപ്പോഴും ഉത്സവം  ആകേണ്ടതില്ല,അതിന് കൂടെ നടക്കാൻ ഒരു കൂട്ട് ഉണ്ടെന്ന തോന്നൽ പോരും.


വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)
Join WhatsApp News
Priya chakkrath 2021-06-13 08:14:14
ശരിയാണ്...സ്നേഹം, കരുതൽ.....ഒരുപക്ഷെ ഇത് മാത്രം മതിയാകും ജീവിതം സന്തോഷം ആക്കാൻ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക