America

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

Published

on

"ആരാണീ വർക്കിച്ചൻ...?

പീറ്ററിന്‍റെ ചോദ്യം കേട്ട് ചായക്കടക്കാരൻ ഒന്ന് നെറ്റി ചുളിച്ചു.... എന്നിട്ട് ചോദിച്ചു...

"വണ്ടി കേടായതാണ് ല്ലേ..?... ഹല്ല... ഒന്നുകിൽ വണ്ടി കേടായവര്.... അല്ലെങ്കിൽ ലാസ്റ്റ് ബസ് കിട്ടാത്തോര്.... ഈ രണ്ടാൾക്കാർ മാത്രേ വർക്കിച്ചനെ ചോദിക്കൂ...."

"വണ്ടി കേടായതാ...."രാഹുൽ പറഞ്ഞു...."ആ ജംഗ്ഷനീന്ന് റൂം കിട്ടോന്ന് അന്വേഷിച്ചപ്പോ,, അവരു പറഞ്ഞതാ വർക്കിച്ചന്‍റെ പേര്" ചായക്കടക്കാരൻ അവരോട് സൗഹൃദ ഭാവത്തിൽ ചിരിച്ചിട്ട് രണ്ടു കട്ടൻ ചായ അവർക്ക് നേരെ നീട്ടി....

"വർക്കിച്ചന്‍റെ വീട്ടിലേക്ക് കുറച്ചു നടക്കാനുണ്ട്.... നിങ്ങള് കുറച്ചു നേരം കൂടി കാത്തിരുന്നാൽ ഞാനും കൂടി വരാം... ചെറിയ വഴിയല്ലേ.... ഇരുട്ടത്ത് നിങ്ങക്ക് വഴി തെറ്റണ്ട..." രാഹുലും പീറ്ററും   പരസ്പരം നോക്കി.....അവർക്ക് വേറെ വഴിയില്ലായിരുന്നു.... അയാൾ നൽകിയ കട്ടൻ ചായ, തെല്ലൊരാശ്വാസത്തോടെ അവർ കുടിച്ചു കൊണ്ടിരുന്നു..

ഒരു വൺഡേ ട്രിപ്പ്‌....  അതായിരുന്നു ഉദ്ദേശിച്ചത്...കൂടെ പീറ്ററിന് പറയാനുള്ള ചില വ്യക്തി പരമായ കാര്യങ്ങളും....ചില സ്വകാര്യ പദ്ധതികളും....പ്ലാനുകളും... കറങ്ങി... കറങ്ങി...ആസ്വദിച്ച്... ഇരുട്ടായതറിഞ്ഞില്ല....തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ്, വണ്ടിയുടെ മുൻ ഭാഗത്തെ വീൽ ഒരു ഗട്ടറിൽ വീഴുന്നതും ആക്സിൽ ഒടിയുന്നതും....കാലക്കേട് എന്നല്ലാതെ എന്ത് പറയാൻ...."എന്നാൽ പോകാം "...ചായച്ചേട്ടൻ കട പൂട്ടിയിറങ്ങി...

"ചേട്ടാ... സമയം ഏഴരയല്ലേ ആയുള്ളൂ... ഇത്ര നേരത്തെ അടയ്ക്കുമോ?" രാഹുൽ അത്ഭുതത്തോടെ ചോദിച്ചു...

"ഇവിടെ 7 മണിക്ക് ശേഷം ആര് വരാൻ... നിങ്ങള് ടൗണിലുള്ളോർക്ക് എപ്പോഴും ആളുണ്ടാവും... ഈ നാട്ടുമ്പുറത്തു അതൊന്നും നടക്കില്ല...നേരത്തേ ഇരുട്ടാവും...പിന്നെ നിങ്ങളെപ്പോലെ ആരെങ്കിലും ലാസ്റ്റ് ബസ് കിട്ടാതെയോ... വണ്ടി കേടായോ പെട്ടു പോയാൽ ഒരു കച്ചോടം കിട്ടുമല്ലോന്ന് കരുതി ഇരിക്കുന്നതാ...എന്ന് കരുതി നിങ്ങള് ചായ പൈസ തരേണ്ട ട്ടോ" അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അല്ല ചേട്ടാ...ഈ റൂമൊക്കെ തരാൻ മാത്രം...   ഈ വർക്കിച്ചൻ വല്ല്യ മൊതലാളിയാണോ..." രാഹുൽ ജിജ്ഞാസയോടെ ചോദിച്ചു...

"മുതലാളിയോ... ഹ ഹ ഹ..." ചായച്ചേട്ടൻ അവിടെ നിന്ന് ഉറക്കെയുറക്കെ ചിരിച്ചു...പീറ്റർ പേടിയോടെ രാഹുലിനെ നോക്കി...അത് കണ്ടിട്ടാവണം... ചായച്ചേട്ടൻ കണ്ട്രോൾ പോയത് പോലെ ചിരിക്കാൻ തുടങ്ങി.... ചിരിയടങ്ങിയപ്പോൾ, അയാളൊന്ന് നിശ്വസിച്ചു കൊണ്ട് പറയാൻ തുടങ്ങി....

"വർക്കിച്ചൻ മുതലാളിയാണോ എന്ന് ചോദിച്ചാൽ.... ഇവിടെ കൊറേ പേർക്ക് അയാൾ മൊതലാളിയാണ്.... ദൈവമാണ്....... എനിക്കും...." അതും പറഞ്ഞു അയാൾ ഒന്ന് കൂടി ദീർഘനിശ്വാസം വിട്ടു....രാഹുലും... പീറ്ററും ചായക്കടക്കാരൻ പറഞ്ഞതിന്‍റെ പൊരുളറിയാതെ, അയാളുടെ പിന്നിലായ്, അയാളുടെ ഗതിക്കൊപ്പം നടക്കുന്നുണ്ടായിരുന്നു...അവരെത്തിപ്പെട്ടത് ഒരു ചെറിയ കൂരയ്ക്ക് മുൻപിലാണ്....

"ചേട്ടാ... അതിഥികളുണ്ട്..." ചായച്ചേട്ടൻ കുറച്ചുച്ചത്തിൽ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു...അരണ്ട വെളിച്ചത്തിൽ ഒരു വൃദ്ധൻ അവരുടെ മുന്നിലേക്കിറങ്ങി വന്നു.... ഒരു വെളുത്ത മുണ്ട് മാത്രമാണ് വേഷം...,വെളുത്ത താടിയും കഷണ്ടിയും ബാധിച്ച ഒരു ഇരുണ്ട മനുഷ്യൻ....അതായിരുന്നു വർക്കിച്ചൻ....

"എന്നാ ശരി.... നാളെ കാണാം.. " ചായക്കടക്കാരൻ സ്നേഹത്തോടെ കൈ വീശിക്കൊണ്ട് ഇരുട്ടിലേക്ക് നടന്നകന്നു....

"ഈ ചെറിയ വീട്ടിൽ നമ്മളെങ്ങിനെ കിടക്കും..." പീറ്റർ രാഹുലിനെ നോക്കി കുശുകുശുത്തു...അത് മനസ്സിലാക്കിയിട്ടെന്ന വണ്ണം, വർക്കിച്ചൻ ഒന്ന് പുഞ്ചിരിച്ചു....എന്നിട്ട് ടോർച്ചുമെടുത്തു, പുറത്തേക്കിറങ്ങി...

"വാ" വർക്കിച്ചൻ അവരെ കൈ കാട്ടി ക്ഷണിച്ചു...കുറച്ചു നടന്നപ്പോൾ മറ്റൊരു വീട് കണ്ടു....

"നിങ്ങള് ഇവിടെ കിടന്നോളൂ.... എല്ലാ സൗകര്യവുമുണ്ട്.... ഭക്ഷണം... അത് ഞാനെത്തിക്കാം....മീനിഷ്ടമല്ലേ...നല്ല കരിമീൻ" വർക്കിച്ചൻ ഒന്ന് ചിരിച്ചു...

"അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്..." പരുപരുത്ത ശബ്ദത്തിൽ ഈണമില്ലാതെ അയാൾ പാടിക്കൊണ്ട് തിരിഞ്ഞു നടന്നു...രാഹുലും, പീറ്ററും പരസ്പരം നോക്കി...അവർ വീടിനകത്തേക്ക് കയറി...ലൈറ്റിട്ടപ്പോൾ അന്ധാളിച്ചു പോയി... എല്ലാ സൗകര്യവുമുള്ള ഭംഗിയുള്ള ഒരു വീടായിരുന്നു അത്...

"നമുക്കൊന്ന് ഫ്രഷായിട്ട് വരാം " രാഹുൽ പീറ്ററിനോടായി പറഞ്ഞു...അവർ കുളിച്ചു വന്നപ്പോഴേക്കു വർക്കിച്ചൻ ഭക്ഷണവുമായി എത്തിയിരുന്നു....കരിമീന്‍റെ മൊരിഞ്ഞ മണവും, അവിടമാകെ പരന്നു.....

"വാ മക്കളെ.,.. വന്നു ഭക്ഷണം കഴിക്ക്... നല്ല കപ്പേം മീനുമാ" വർക്കിച്ചൻ സ്നേഹത്തോടെ അവരെ ക്ഷണിച്ചു...രാഹുലിനും, പീറ്ററിനും നല്ല വിശപ്പുണ്ടായിരുന്നു ...ഭക്ഷണത്തിനിടയിലും രാഹുലിന്‍റെ കണ്ണുകൾ വർക്കിച്ചന്റെ മേലായിരുന്നു....ആരാണിയാൾ.?

ഭക്ഷണ ശേഷം വർക്കിച്ചൻ പത്രവുമായി തിരിച്ചു പോയി....അയാളോട് ഒന്നും സംസാരിക്കാൻ തോന്നാത്തത്തിൽ രാഹുലിന് അത്ഭുതം തോന്നി...

"എടാ പീറ്ററേ... എന്താ നിന്‍റെ പ്രശ്നം....?"

ഉറങ്ങാൻ കിടക്കുമ്പോൾ രാഹുൽ ചോദിച്ചു...

"ഒന്നുമില്ല...ഞാൻ നാളെ പറയാം...നല്ല ക്ഷീണം..ഒന്നുറങ്ങട്ടെ..." പീറ്റർ പുതപ്പ് തലയ്ക്കു മീതെ വലിച്ചിട്ടു..

രാഹുലിനുറക്കം വന്നിരുന്നില്ല.... അവൻ വർക്കിച്ചനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു... ആരാണിയാൾ?!....

കൂടുതൽ ചിന്തിക്കുന്തോറും വർക്കിച്ചൻ ഒരു കൗതുകമായി അവന്‍റെ ചിന്തകളിൽ പടരാൻ തുടങ്ങി...

പിറ്റേന്ന് വലിയൊരു മണിയൊച്ച കേട്ടാണ് അവരുണർന്നത്..

"പിള്ളാരെ... എണീറ്റ് വാ... നമുക്കൊരിടം വരെ പോണം.."

 

കണ്ണ് തിരുമ്മിയെത്തിയ  അവർക്ക് മുന്നിൽ വെളുത്ത പല്ല് കാട്ടി ചിരിച്ചുകൊണ്ട് നമ്മുടെ വർക്കിച്ചൻ മുന്നിൽ...

"ഇയാൾക്കെന്താ പ്രാന്തുണ്ടോ...? പീറ്റർ, രാഹുലിനെ നോക്കി മുറുമുറുത്തു....

" നീ വാ.... എന്താണെന്ന് നോക്കാം... " രാഹുൽ ടീഷർട്ടെടുത്തിട്ടു... മനസ്സില്ലാ മനസ്സോടെ പീറ്ററും..

വർക്കിച്ചൻ ഒരിളം ചിരിയോടെ തന്‍റെ കയ്യിലുള്ള കുറച്ചു സഞ്ചികൾ അവരുടെ കയ്യിലേക്ക് കൊടുത്തു...

അവർ നേരെ പോയത് വനത്തിനകത്തേക്കാണ്...

അവിടെ ഒരിടത്തായി കണ്ട, തരിശ് ഭൂമിയിൽ വർക്കിച്ചൻ നിന്നു.. പിന്നെ, ആകാശത്തേക്ക് നോക്കി ദീർഘശ്വാസമെടുത്തു...

എന്നിട്ട് അയാൾ കയ്യിലുള്ള സഞ്ചികൾ തുറന്നു....

അതിൽ കുറേ ചെടികളുടെ വിത്തുകളും, തൈകളുമായിരുന്നു...

അയാൾ അവയോരൊന്നുമെടുത്തു അവിടെയാകെ നടാൻ തുടങ്ങി.... കൂടെയുള്ള രണ്ടാളുകളെ കുറിച്ച്, അയാൾ ശ്രദ്ധിച്ചതേയില്ല.... ആ ലോകത്തിൽ അയാൾ ഒറ്റയ്ക്കായിരുന്നു...

ഒരു നിമിഷം ഇതൊക്കെ നോക്കി നിന്നു പോയ രാഹുലും പീറ്ററും അയാളുടെ കൂടെ ചേർന്നു.... അവരും കുറച്ചു നേരം അവരല്ലാതായി തീർന്നിരുന്നു....

അൽപ നേരത്തിനകം കയ്യിലുള്ള തൈകളെല്ലാം തന്നെ അവർ നട്ടു കഴിഞ്ഞിരുന്നു....

വർക്കിച്ചൻ ഒരു പാള കെട്ടിയുണ്ടാക്കിതൊട്ടടുത്ത അരുവിയിൽ നിന്ന് വെള്ളം കൊണ്ട് വന്ന്, ചെറിയ ജലസേചനവും നടത്തി....

"ഇനിയിവന്മാർ സ്വയം നോക്കിക്കൊള്ളും...."

വർക്കിച്ചൻ ആരോടെന്നില്ലാതെ പുലമ്പി....

വർക്കിച്ചന്‍റെ ഓരോ പ്രവൃത്തിയും അത്ഭുതത്തോടെയാണ് രാഹുലും, പീറ്ററും നോക്കി കണ്ടത്...

"നമുക്കൊന്ന് കുളിച്ചാലോ...."

വർക്കിച്ചൻ വീണ്ടും വെളുത്ത പല്ല് കാട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു...

"തോർത്തെടുത്തില്ല..." പീറ്റർ തെല്ലൊരു ഈർഷ്യയോടെ പറഞ്ഞു...

"തല തോർത്താനല്ലേ... ഞാൻ തരാം..."

ആ വെളുത്ത പല്ലുകൾ, വെളുത്ത താടിക്കുള്ളിൽ നിന്ന് വീണ്ടും ചിരിച്ചു..

അരുവിയിൽ വർക്കിച്ചൻ ശരിക്കും ചെറിയ കുട്ടിയെ പോലെ തോന്നിച്ചു....

രാഹുലും പീറ്ററും അയാളുടെ പ്രവർത്തികൾ സാകൂതം വീക്ഷിച്ചു കൊണ്ടേയിരുന്നു....

എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന.... ആവശ്യത്തിന് മാത്രം സംസാരിക്കുന്ന...കുട്ടികളെപ്പോലെ പെരുമാറുന്ന....വർക്കിച്ചൻ അവരുടെ മുന്നിൽ ഒരത്ഭുത വൃക്ഷമായി പടർന്നു കിടന്നു....അരുവിയിലെ വെള്ളത്തിന്‍റെ കുളിർമ്മ  കൊണ്ടാണോയെന്നറിയില്ല...എത്ര നേരം  വെള്ളത്തിൽ കിടന്നു എന്നോർമ്മയില്ല...കുളിച്ചു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഉന്‍മേഷം തോന്നി...തിരിച്ചു നടക്കുമ്പോൾ വഴിയിൽ ചായ ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു...

"നമ്മുടെ സ്ഥലമെങ്ങിനെ...... ഇഷ്ടപ്പെട്ടോ.....ഉറങ്ങാനൊക്ക പറ്റിയോ?" അയാൾ കുശലം ചോദിച്ചു...

രാഹുൽ ചിരിച്ചു കൊണ്ട്,ഉഷാർ എന്നായർത്ഥത്തിൽ കൈ കൊണ്ട് ആക്ഷൻ കാണിച്ചു...

"എന്‍റെ വീടും ഇതിനടുത്താ... വരുന്നോ...." ചായച്ചേട്ടൻ ഉപചാരം കാണിച്ചു...

"നിങ്ങള് പതുക്കെ വന്നാ മതി... കാപ്പി വേണ്ടേ....?" വർക്കിച്ചൻ പിന്നേം ചിരിച്ചു കൊണ്ട് ചോദിച്ചു... പിന്നെ, പെട്ടെന്ന് ഓടി പോയി....

"എന്തൊരു മനുഷ്യനാണിയാൾ...." പീറ്റർ ആത്മാഗതമെന്നോണം കുറച്ചു ഉറക്കെ ചോദിച്ചു പോയി...

"അങ്ങേരെന്താണെന്ന് അങ്ങേർക്ക് മാത്രേ അറിയൂ...." ചായച്ചേട്ടൻ തന്നോട് തന്നെയെന്നോണം പറഞ്ഞു...

"നിങ്ങൾ കാടു കാണാൻ പോയില്ലേ.... അത് മൂപ്പര് ഉണ്ടാക്കിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കോ...?"

രാഹുലും, പീറ്ററും അവിശ്വസനീയമായി ചായചേട്ടനെ നോക്കി...

"എനിക്കറിയാം നിങ്ങൾ വിശ്വസിക്കൂലന്ന്.... വിശ്വസിക്കണം... വിശ്വസിച്ചേ പറ്റൂ...."... അയാൾ തുടർന്നു...

"ഏകദേശം പത്തിരുപതു വർഷങ്ങൾക്ക് മുൻപ് ഇവിടെ മരം കൊള്ള വ്യാപകമായിരുന്നു.... വനപാലകർക്കും, നിയമത്തിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.... വർക്കിച്ചനാണ് അതിനൊരറുതി വരുത്തിയത്.... ആദിവാസി സമൂഹത്തെ സംഘടിപ്പിച്ച് അവർ വനം കൊള്ള തടഞ്ഞു.... അന്ന് മുതൽ അങ്ങേര് തൊടങ്ങിയ ഒരു പരിപാടിയാ... ഇത്...." കണ്ണ് മിഴിച്ചിരിക്കുന്ന രാഹുലിനെയും പീറ്ററിനെയും നോക്കി അയാൾ തുടർന്നു...

"ആദ്യമൊക്കെ ഇയാൾക്ക് വട്ടാണെന്നാണ് ഞങ്ങളെല്ലാം കരുതിയത് .... പിന്നെ മനസ്സിലായി.... അയാൾ കരുതി വയ്ക്കുന്നത് ലോകത്തിന് ശ്വസിക്കാനുള്ള ജീവ വായുവാണെന്ന്...... അങ്ങിനെ സമയം കിട്ടുമ്പോഴൊക്കെ, ഞങ്ങളും കൂടി.... മൂപ്പരുടെ കൂടെ..." ചായച്ചേട്ടൻ പറഞ്ഞു നിർത്തി....

"ആദിവാസികളൊക്കെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വരോ " പീറ്ററാണ്...

"വരും...." ചായച്ചേട്ടൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു....

"ഭക്ഷണം കിട്ടിയാൽ എല്ലാരും വരും...."

"ആ മലയുടെ കീഴിൽ വലിയൊരു കൃഷി നടക്കുന്നുണ്ട്.... നമ്മുടെ വർക്കിചേട്ടന്‍റെ സ്ഥലമാണത്... അവിടെ നിന്ന് കിട്ടുന്നതെല്ലാം ഇവിടെയുള്ള പാവപ്പെട്ട വീടുകളിലേക്കുള്ളതാണ്....നിങ്ങളിന്നലെ കഴിച്ച കപ്പയും, മീനും പോലും ഇവിടെ കൃഷി ചെയ്തതാണ്...."

രാഹുൽ ഓർക്കുകയായിരുന്നു.... ഒരു മനുഷ്യൻ സ്വന്തമായി കാടുണ്ടാക്കുക.... മറ്റുള്ളവർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുക....ചായ ചേട്ടൻ പറഞ്ഞത് ശരിയാണ്.... വർക്കിച്ചൻ ദൈവം തന്നെയല്ലേ...ഏതോ സ്വപ്നലോകത്തിലെന്ന പോലെയായിരുന്നു രാഹുലിന്‍റെയും പീറ്ററിന്‍റെയും മാനസിക നില....വീട്ടിലെത്തിയപ്പോൾ വർക്കിച്ചൻ ഭക്ഷണം റെഡിയാക്കി വച്ചിട്ടുണ്ടായിരുന്നു...

"നിങ്ങളുടെ വണ്ടി ഒരു മണിക്കൂറിനകം ശരിയാകും.... ഞാൻ മെക്കാനിക്കിനോട് പറഞ്ഞിട്ടുണ്ട്." വർക്കിച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

മടങ്ങാനൊരുങ്ങുമ്പോൾ, ചായചേട്ടനുണ്ടായിരുന്നു....

"ചേട്ടാ എത്രയാ ചാർജ്ജ്?" രാഹുൽ സ്വല്പം സങ്കോചത്തോടെയാണ് ചോദിച്ചത്...

"നിങ്ങൾ എന്‍റെ കൂടെ കുറേ തൈകൾ നട്ടില്ലേ.... അത് മതി....കാശൊന്നും വേണ്ട...." വർക്കിച്ചൻ പിന്നെയും ചിരിച്ചു...

"പിന്നേ...പോകുന്നതിനു മുൻപ് അവളെ ഒന്ന് കണ്ടേച്ചു പോണം.... എന്‍റെ ഏലിയാമയെ..."അത് പറഞ്ഞപ്പോൾ മാത്രം വർക്കിച്ചൻ ചിരിച്ചില്ല....

"അവൾക്ക് നിങ്ങളെ കാണുന്നത് സന്തോഷമാകും"

പീറ്ററും, രാഹുലും അങ്കലാപ്പോടെ വർക്കിച്ചന് പിറകിലായ് വീടിനകത്തേക്ക് നടന്നു....

അവിടെ ഒരു കട്ടിലിൽ അവർ കിടക്കുന്നുണ്ടായിരുന്നു.... വർക്കിച്ചന്റെ ഏലിയാമ....അവർ രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചു...

"ഇടയ്ക്കൊക്കെ വരണം.... ഞങ്ങളെ കാണണം...." രാഹുലിന്‍റെ മുഖത്ത് തലോടി അവർ പറഞ്ഞു...പീറ്ററിന്‍റെ വലതു കൈ അവരുടെ ഇടത് കൈയിൽ അമർന്നിരുന്നു..

പീറ്ററും, രാഹുലും പരസ്പരം നോക്കിയില്ല.... കാരണമറിയാതെ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു...യാത്ര പറഞ്ഞിറങ്ങുമ്പോൾ വർക്കിച്ചന്റെ ഉയർന്ന ചിരി വീണ്ടും കണ്ടു... വെളുത്ത താടിക്കിടയിൽ വെളുത്ത പല്ലുകൾ നൃത്തം വച്ചു....

"അവർ.... ആ സ്ത്രീയുടെ അസുഖമെന്താണ്...?" രാഹുൽ ചായചേട്ടനോടായി ചോദിച്ചു....

"പഴയൊരു പ്രണയ കഥയാണ്....പ്രേമത്തിനിടയിൽ പതിവ് പോലെ അച്ഛനും അമ്മാവനും വില്ലന്‍മാരാവുന്നു... മർദ്ദനം... അതിനിടയിൽ നടുവിനൊരു ചവിട്ടും കിട്ടി പാവത്തിന്.... അന്ന് തളർന്നു പോയതാ.... പക്ഷെ നമ്മുടെ വർക്കിച്ചൻ അവരെ ഉപേക്ഷിച്ചില്ല.... കൊറേ ചികിൽസിച്ചു.... ഭേദമാവില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവരെ കല്യാണം കഴിച്ചു.... ഇപ്പോഴും പഴേ പോലെ അവരെ സ്നേഹിക്കുന്നു.... അതാണ് നമ്മുടെ വർക്കിച്ചൻ" ചായ ചേട്ടൻ സ്വല്പം ഗാർവ്വോടെ പറഞ്ഞു നിർത്തി....

വണ്ടിയിൽ കയറുമ്പോൾ അവർ രണ്ട് പേരും ചായ ചേട്ടനെ സ്നേഹത്തോടെ നോക്കി...

"ക്ഷമിക്കണം ചേട്ടാ... ഇത്ര നേരം സംസാരിച്ചിട്ടും ചേട്ടന്‍റെ പേര് ചോദിക്കാൻ വിട്ടു പോയി... എന്താ ചേട്ടന്‍റെ പേര്?" രാഹുൽ സ്വല്പം സങ്കോചത്തോടെ ചോദിച്ചു...

"പേരില്ലെന്തിരിക്കുന്നു... നമ്മൾ പരിചയപ്പെട്ടല്ലോ.... നിങ്ങളെന്നെ ചായ ചേട്ടാന്ന് തന്നെ വിളിച്ചാൽ മതി...." അയാൾ അവരെ കൈ വീശി കാണിച്ചു യാത്രയാക്കി.....അതിനിടയിൽ അവരുടെ പ്രശ്നങ്ങൾ അവർ മറന്നു പോയിട്ടുണ്ടായിരുന്നു...


 
----------------------------
ഷാജികുമാർ എ പി
 
ചെറുകുളം, കോഴിക്കാട്  
 
ഭാര്യ, രണ്ട്  മക്കൾ
 
ഇമപ്പാൾ പോപ്പുലർ മാരുതിയുടെ ഫെഡ് ട്രേയ്നർ ആയി ജോലി ചെയ്യുന്നു 
 
മൂന്നു ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു ..
 
1. കഥാചിന്തകൾ 
2. പറയാൻ മറന്നത്...
3. ഒരു  മിനിറ്റ്
 
നിപ്പചയ കുറിച്ചെഴുതിയ പാട്ട്  അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി (ബി.ബി.സി) ബൈ, ബൈ നിപ 
 
കഴിഞ്ഞവര്ഷം  ഓണപ്പാട്ടെഴുതി സംഗീതം നിർവഹിച്ചു (ചിങ്ങത്തിനെന്തു ഭംഗി)

Facebook Comments

Comments

 1. Nishitha

  2021-06-19 14:46:39

  Sir story sooper ആയിരുന്നു.. എന്റെ മക്കളും വായിച്ചു അവരുടെ സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു... വളരെ നല്ല അഭിപ്രായം ആണ് കിട്ടിയത്... ഇനിയും നല്ല നല്ല കഥകൾ കവിതകൾ എഴുതാൻ നാഥൻ തുണക്കട്ടെ....

 2. BHANU PRAKASH EASWARAMANGALAM

  2021-06-19 04:31:47

  മനുഷ്യമനസ്സിന്റെയും പ്രകൃതി സ്നേഹത്തിന്റെയും ഉണര്‍ത്തുന്ന ഈ കഥാസാരം മനുഷ്യമനസ്സുകൾക്ക് ഒരു പ്രചോദനമാകുവാൻ സഹായിക്കുമാറാകട്ടെ ഈ ഭൂമി വിറങ്ങലിച്ചു നില്ക്കുന്ന സമയത്ത്

 3. ADHI

  2021-06-18 03:54:59

  Neat & simple..!! 👌

 4. Shanthi Vijayan

  2021-06-17 15:35:12

  ഷാജീ... കഥ അസ്സലായി.പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന അതിജീവനത്തിന്റെ കാഴ്ച മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ജീവിതപാഠമായി ബോധപൂർവം വിളംബരം ചെയ്യാതെ വർക്കിച്ചനിലൂടെ സ്വഭാവികമായി വായനക്കാർ അതു ഉൾക്കൊള്ളുന്ന craft ഗംഭീരം. ഷാജി പറഞ്ഞപോലെ, വർക്കിച്ചൻ നമ്മളിലും ഒരു വടവൃക്ഷമായി പടരുന്നു.. ഒരു വനമായി നമ്മളും മാറട്ടെ... 🎊🙏🏼🎊🎉അഭിനന്ദനങ്ങൾ 🥰

 5. Pradeesh

  2021-06-17 11:41:13

  നല്ല കഥ 👌

 6. Sandhya

  2021-06-17 02:30:40

  Shaji etta super നല്ല അവതരണം. കഥയിലൂടെ വലിയ ഒരു സന്ദേശവും. ഒരു പാട് ഇഷ്ടമായി

 7. Vijithlal.Thayat

  2021-06-17 01:10:10

  വർക്കിച്ചന്റെ അടുത്തേക്ക് ഒരു ട്രിപ്പ് പോകാൻ തോന്നി.

 8. KRISHNENDU KS

  2021-06-16 15:45:42

  നന്മയുടെ പ്രതീകമായ വർക്കിച്ചൻ...ലളിത സുന്ദരമായ ഹൃദയ സ്പർശിയായ ഒരു മനോഹര കഥ... നമുക്ക് പ്രകൃതിയോടുള്ള ഉത്തരവാദിത്തം വളരെ തന്മയത്തോടെ ചൂണ്ടി കാണിക്കുന്നു... കഥാകാരന്റെ തൂലികയിൽ നിന്നും അടർന്നു വീഴുന്ന അക്ഷരങ്ങൾക്ക് മഴവില്ലിന്റെ മനോഹാരിത... ഈ എളിയ കലാകാരന് ഇനിയും ഒരുപാട് സൃഷ്ടികൾ തന്റെ തൂലികയിൽ നിന്നുമുതിർക്കാൻ കഴിയട്ടെ... പ്രാർത്ഥനയോടെ.. അതോടൊപ്പം ഈ കലാകാരൻ ഞങ്ങളുടെ പ്രിയപ്പെട്ട RM ആണെന്ന അഭിമാനത്തോടെ 🥰🥰🥰🥰

 9. Sarath g

  2021-06-16 13:42:06

  Good theme.. Nyc story

 10. Vineesh UK

  2021-06-16 12:28:41

  നന്മകൾ ചെയ്യാൻ ആരേയും പ്രചോദിപ്പിക്കുന്ന ഒരു നല്ല കഥ.. മനോഹരമായിരിക്കുന്നു..

 11. ELDHOSE BABU

  2021-06-16 11:07:36

  Hai sir super

 12. Prasanth A G

  2021-06-16 11:02:58

  Super story

 13. Tins KT

  2021-06-16 10:44:22

  Superb story... Stay writing. Congrats

 14. MK Haris

  2021-06-16 10:44:00

  ഷാജികുമാർ. എ. പി യുടെ "വർക്കിച്ചൻ" വായിച്ചു.പുസ്തങ്ങൾ 'കേൾക്കാൻ' പ്രേരിപ്പിക്കുന്ന ഈ 'ഡിജിറ്റൽ' കാലത്തും, ചെറുതെങ്കിലും ഇടമുറിയാതെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥ. കഥാപാത്രങ്ങൾ നമുക്കുംചുറ്റും ഒന്നൊന്നിനോട് ഇഴയെടുപ്പത്തോടെ ചേർത്തുനിർത്തുന്ന ഒരു വേറിട്ട എഴുത്തുരീതി. ഇനി കുഞ്ഞോളങ്ങൾ, സാഗരഗാർജ്ജനമായി രൂപാന്തരപ്പെടുന്ന രചനാശൈലികൾ ഈ കഥാകാരനിൽനിന്നും പ്രതീക്ഷിക്കുന്നു. പ്രതീക്ഷ അസ്ഥാനത്തല്ല എന്നുറപ്പുണ്ട്.

 15. Sreesanth kumar P

  2021-06-16 10:36:32

  കുറഞ്ഞ സമയം കൊണ്ട് ഏതോ കാട്ടിലൂടെയുള്ള ഗ്രാമത്തിൽ പോയി വന്നു. നല്ല ഫീലിങ്ങ്. വർക്കിച്ചൻ ശക്തമായ കഥാപാത്രമാണ്. കപ്പയും കരിമീനും നാവിൽ വെള്ളമൂറി.... ഉള്ള കാടുകൾ വെട്ടിനശിപ്പിക്കുന്ന ഈ കാലത്ത് ഈ കഥ നല്ല ഒരു പ്രമേയമായി.... Super

 16. Sreesanth kumar P

  2021-06-16 10:28:36

  കുറഞ്ഞ സമയം കൊണ്ട് ഏതോ കാട്ടിലൂടെയുള്ള ഗ്രാമത്തിൽ പോയി വന്നു. നല്ല ഫീലിങ്ങ്. വർക്കിച്ചൻ ശക്തമായ കഥാപാത്രമാണ്. കപ്പയും കരിമീനും നാവിൽ വെള്ളമൂറി.... ഉള്ള കാടുകൾ വെട്ടിനശിപ്പിക്കുന്ന ഈ കാലത്ത് ഈ കഥ നല്ല ഒരു പ്രമേയമായി.... Super

 17. Sreejisha

  2021-06-16 09:59:07

  Good story👌👌

 18. RANJITH RAVI

  2021-06-16 09:31:11

  ഒരു cheriya കഥ.... പക്ഷെ കഥയും, കഥാപാത്രങ്ങളും.. ഒരു പാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു...പച്ചപ്പ്‌ പിടിച്ച ഒരു ലൊക്കേഷൻ വച്ചു ഈ കഥ വായിച്ചാൽ.... മനസ്സ് കുളിർക്കും.. Thanks ഷാജിയേട്ടാ........

 19. Adhini Rakesh

  2021-06-16 09:30:56

  നല്ല കഥാസാരാ൦ശ൦. ഇതുപോലുളള ഒരുപാട് വ൪കിചമാ൪ നാളേക്കു വഴിവിളകാകടെ....

 20. Ravindran p

  2021-06-16 09:19:03

  വളരെ നല്ല കഥ മനുഷ്യ ബന്ധങ്ങളുടെ തീവ്രതയും അതോടൊപ്പം തന്നെ പ്രകൃതി സംരക്ഷണത്തിന്റെയും. വനവൽക്കരണത്തിന്റെയും പ്രാധാന്യം ഉയർത്തി കാണിക്കുകയും നാട്ടിൻപുറത്തിന്റെ നന്മയും നിഷ്കളങ്കതയും മനസ്സിലാക്കി തരികയും ചെയ്യുന്ന ഒരു കൊച്ചു കഥ കഥാകാരന് അഭിനന്ദനങ്ങൾ, മണ്ണിന്റെ മണമുള്ള ഇത്തരം രചനകൾക്കായി ഇനിയും കാത്തിരിക്കുന്നു

 21. Mustafa a k

  2021-06-16 09:07:37

  ഉഗ്രൻ കഥ... ഇനിയും പോരട്ടെ... പ്രതീക്ഷയോടെ

 22. Soumish varghese

  2021-06-16 08:58:45

  Super

 23. Dipin

  2021-06-16 08:57:39

  മനോഹരമായ കഥ. വായിച്ചു തീർന്നപ്പോൾ മനസ്സിൽ ബാക്കി വെച്ചത് ഒരുപാട് ചോദ്യങ്ങൾ. ഇനിയും ഇനിയും ഇതുപോലെയുള്ള ഉള്ള കഥകൾ എഴുതാനായി എല്ലാവിധ ആശംസകളും നേരുന്നു

 24. Sreeja M

  2021-06-16 08:54:07

  Super

 25. Hari

  2021-06-16 08:31:04

  Super sir

 26. Manu Peter

  2021-06-16 08:28:57

  നല്ല കഥ... ഇനിയും വരുമെന്ന് വിചാരിക്കുന്നു.....

 27. Sindhu Kumari

  2021-06-16 08:25:51

  Very heart touching story, to write more

 28. Sarat Kurup

  2021-06-16 08:20:57

  Extremely good read, lively narrative. Appreciate the author.

 29. Raghu

  2021-06-16 08:20:37

  Superr 👍👍

 30. Dipin

  2021-06-16 08:14:35

  മനോഹരമായ കഥ. വായിച്ചു തീർന്നപ്പോൾ മനസ്സിൽ ബാക്കി വെച്ചത് ഒരുപാട് ചോദ്യങ്ങൾ. ഇനിയും ഇനിയും ഇതുപോലെയുള്ള ഉള്ള കഥകൾ എഴുതാനായി എല്ലാവിധ ആശംസകളും നേരുന്നു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

View More