Image

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

Published on 12 June, 2021
ഔപചാരികതകളില്ലാത്ത സനൃാസം  (ഗീത രാജീവ്)
നടരാജഗുരുവും യതിയും  കൊല്ലം ശ്രീരാമ വിലാസം പ്രസിൽ നിന്നും പ്രസിദ്ധികരിച്ചിരുന്ന മലയാളരാജ്യം മാസികയിൽ ,1929 ൽ ഇന്ധ്യയിലെ ചില അസാധാരണ പ്രതിഭകളുടെ ചിത്രങ്ങളും ചേർത്തിരുന്നു .ജയചന്ദ്രന് അന്നു ആറുവയസാണ് പ്രായം .ചിത്രമാസിക മറിച്ചുപടങ്ങൾ നോക്കിയിരിക്കുമ്പോൾ 30 വയസ്സ് തോന്നിക്കുന്ന ഒരാളുടെചിത്രം ജയചന്ദ്രനെ ആകർഷിച്ചു .ചിത്രത്തിന്റെ അടിയിൽ എഴുതിയിരിക്കുന്നു ഡോക്ടർ :പി . നടരാജൻ എം.എ. എൽറ്റി (മദ്രാസ് ) ഡി.ലിറ്റ് (പാരിസ് ) , എം. ആർ .എസ്സ് .റ്റി .(ലണ്ടൻ ) .ആ ചിത്രം അച്ചടിച്ചിരുന്നത് ആകർശകമായ കുങ്കുമ വർണ്ണത്തിലായിരുന്നു .ജയചന്ദ്രൻ തനിക്കു പ്രിയപ്പെട്ടതെല്ലാം അന്നു സൂക്ഷിച്ചിരുന്നതു ഒരു കർപ്പൂര പ്പെട്ടിയിലായിരുന്നു .നടരാജൻ ആരെന്നോ എന്തെന്നോ അറിയാതെ ആ കുങ്കുമ വർണ്ണ ത്തിലുള്ള മനോഹരമായ ആ ചിത്രം തന്റെ കുഞ്ഞികത്രികകൊണ്ടു നുറുക്കിയെടുത്തു കർപ്പൂരപ്പെട്ടിയിൽ  സൂക്ഷിച്ചുവെച്ചു .പത്തുവർഷത്തിലേറെ കൂടെ കൊണ്ടു നടന്നു.

സ്‌കൂൾ വിദ്യാ ഭ്യാസം കഴിഞ്ഞു ഒരു യാത്രികനായി സഞ്ചരിക്കുന്ന സമയത്തു  വർക്കല ശിവഗിരിയിലും എത്തി  .ശിവഗിരിയിൽ എത്തിയതിന്റെ അടുത്തദിവസം മഠത്തിലെ ഓഫിസ് തിണ്ണയിലിരിക്കുകയായിരുന്ന ജയചന്ദ്രനോട്  ഒരു മദ്ധ്യവയസ്കൻ അടുത്തുവന്നുചോദിച്ചു.
 “ഈ തപാൽ പെട്ടിയിൽ നിന്നും തപാൽകാരൻ എഴുത്തുകളെടുത്തുകൊണ്ടു പോയോ .?"
ഒരു ഒഴുക്കൻ മട്ടിൽ ജയചന്ദ്രൻ മറുപടി പറഞ്ഞു  :
‘വന്നിട്ടില്ലന്നു തോന്നുന്നു.‘ അദ്ദേഹം പറഞ്ഞു ,” അറിയാമെങ്കിൽ മാത്രം ഉത്തരം പറഞ്ഞാൽ മതി ഊഹിച്ചു  നോക്കാനുള്ള കഴിവ് എനിക്കുമുണ്ട് .ചോദിച്ചതിനു ശരിയായ ഉത്തരം പറയാനറിയില്ലെങ്കിൽ എനിക്കറിഞ്ഞുകൂടാ എന്നു മാത്രം പറയുക .ഏതു മറുപടിയിലും ഒരു തീരുമാനം ഉണ്ടാവണം .”
ജയചന്ദ്രന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അദ്ദേഹം വന്നപോലെ മടങ്ങിപ്പോയി .
അടുത്തു നിന്ന ഓഫിസ് ക്ലാർക്ക് ചോദിച്ചു.

"ആളേമനസ്സിലായോ .? അതു ഡോക്‌ടർ പൽപ്പുവിന്റെ മകൻ ഡോക്‌ടർ നടരാജൻ .വലിയപടിപ്പുള്ള ആളാണ് ആരെയും തിരുത്തും ".

പെട്ടന്നു ജയചന്ദ്രനു ഓർമ്മവന്നത് തന്റെ കുങ്കുമ പെട്ടിയിലെ കുങ്കുമ മനുഷ്യനെയാണ് .എന്നാൽ നന്നേ  നാണംകുണിങ്ങിയും വികാരജീവിയുമായിരുന്ന  ജയചന്ദ്രനു  ആ സമാഗമം അത്ര സുഖകരമായി തോന്നിയില്ല .പിന്നീട് കാണുന്നത്‌ ഒരു തീണ്ടടിയായി ഇന്ത്യമുഴുവൻ സഞ്ചരിച്ച്  ഒടുവിൽ  യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ജോണച്ചന്റെ കാരുണ്യം കൊണ്ട്‌ , ആലുവാ യുണിയൻ ക്രിസ്ത്യൻ കോളേജിൽ ഒരു വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ് .അന്നു നാരായണഗുരു ആലുവാ അദൈൃതാശ്രമത്തിൽ നടത്തിയിരുന്ന സർവ്വമത സമ്മേളനത്തിന്റെ ഇരുപത്തിയഞ്ചാം  വാർഷികമായിരുന്നു .അതൊരു രജതജൂബിലിയായി ആഘോഷിക്കുവാൻ തീരുമാനിച്ചു .അതിന്റെ അത്യക്ഷനായി ക്ഷണിച്ചതു ഡോക്‌ടർ നടരാജനെയായിരുന്നു . കോട്ടും സൂട്ടും ഒക്കെയിട്ട ഒരാളെയായിരുന്നു ജയചന്ദ്രൻ മനസ്സിൽ പ്രതീക്ഷിച്ചിരുന്ന തെങ്കിലും ജയചന്ദ്രന്റെ എല്ലാ ചിന്തകളെയും കാറ്റിൽ പറത്തിക്കൊണ്ട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയതു ഹാഫ് കൈഷർട്ടും  മുണ്ടും വള്ളിച്ചെരുപ്പും ഇട്ട ഒരു സാധാരണയിൽ സാധാരണക്കാരനായ മനുഷ്യനെയാണ് .കൂടെ ജോൺ സ്‌പിയേഴ്സും.വീണ്ടും കാണുന്നത് 1948 ൽ ആലുവാ അദൈൃതാശ്രമത്തിൽ ജയചന്ദ്രൻ ഒരു അന്തേ വാസിയായിരിക്കുന്ന കാലത്താണ് .

വീണ്ടും സർവ്വമത സമ്മേളനം വിളിച്ചുകൂട്ടുവാനുള്ള ഒരു ധ്വര ജയചന്ദ്രനിൽ ഉണ്ടായി .ആ സമ്മേളനത്തിലും ഡോക്‌ടർ നടരാജനെ തന്നെ അത്യക്ഷനായി ക്ഷണിച്ചത് .നടരാജൻ മാസ്റ്റർ എന്നാണ് അന്നെല്ലാവരും വിളിച്ചിരുന്നത് .നടരാജൻ മാസ്റ്ററുടെ ഓരോവാക്കും നോക്കും ഓരോചലനവും ആരാധന നിറഞ്ഞമനസോടെയാണ് ജയചന്ദ്രൻ ശ്രവിച്ചത് .സമ്മേളനം അവസാനിച്ചപ്പോൾ ഭാനുമതിയമ്മ (മിസ്സിസ് കുമാരനാശാൻ ) എല്ലാവരെയും അവരുടെ വീട്ടിൽ കൂട്ടികൊണ്ടുപോയി വിഭവ സമൃദ്ധമായ സദ്യകൊടുത്തു .ആ സമയത്തു നടരാജൻ മാസ്റ്റർ അമേരിക്കയിൽ വെച്ചു നടക്കുന്ന സർവ്വ മതസമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു , ഒരാഴ്ച്ചക്കുള്ളിൽ പോകാം ഇനി അതിനുള്ള പണം മാത്രം മതിയെന്ന്‌ നടരാജൻ   മാസ്റ്റർ പറഞ്ഞപ്പോൾ  അതിനുള്ള പണം നൽകി സഹായിച്ചത് ഭാനുമതിയമ്മ യായിരുന്നു .മധുരോദാരമായ ഒരു പുതിയ അനുഭവം നൽകുവാൻ പോകുന്നതായിരുന്നു ജയചന്ദ്രന് ആ കൂടി കാഴ്ച്ച .പിന്നീട് ഒരു സ്നേഹിതൻ നീലഗിരിയിലെ നാരായണഗുരുകുലത്തിലേക്ക് ജയചന്ദ്രനെ കൂട്ടി കൊണ്ടുപോയി .

നടരാജൻ മാസ്റ്റർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു .പ്രഭാത പ്രാർത്ഥന കഴിഞ്ഞു ജയാചന്ദ്രനും  സുഹൃത്തിനും ഭക്ഷണം നൽകി. നാരായണഗുരുകുലത്തിന്റെ പ്രോസ്‌ഫക്ട്സും രണ്ടുപേർക്കും കൊടുത്തു . യാത്ര പറഞ്ഞു ഫേൺഹിൽ താഴ് വരകളിലെ കൽപടവുകളിറങ്ങി പോകുമ്പോള് ജയചന്ദ്രൻ പതിവിലുമേറേ അസ്വസ്ഥനായിരുന്നു  കുന്നിൻ മുകളിലേക്ക്  വിണ്ടും വീണ്ടും തിരിഞ്ഞുനോക്കി.ജയചന്ദ്രന്റെ മനസിൽ ഒരു ചോദ്യം സ്വയം മുഴങ്ങുന്നതായി അനുഭവപെട്ടു .
“ നിന്റെ ഈ ജീവിതം കൊണ്ട് നീ എന്താണ് ചെയ്യാൻ പോകുന്നത് ..? നടരാജൻ മാസ്റ്ററോടൊപ്പം ജീവിക്കാൻ എന്നാണത്രെ ഉത്തരം..” അച്ഛന്റെ അനുഗ്രഹം വാങ്ങാനായി കോന്നിയിലെ വീട്ടിലെത്തി .പക്ഷെ അച്ഛനാശയം അത്ര സമ്മതമായിരുന്നില്ല .കാല്പനികമായ ആശയങ്ങളിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല അദ്ദേഹം ഒരു പ്രയോഗികവാദിയായിരുന്നു .പിൽക്കാലത്തു പന്തളം രാഘവപ്പണിക്കരും നടരാജഗുരും തമ്മിൽ വളരെനല്ല സൈഹൃദമായിരുന്നെന്നും അച്ഛനെ കാണുവാൻ നടരാജഗുരു വീട്ടിൽ വരുമായിരുന്നെന്നും വാമാക്ഷിയമ്മ പറഞ്ഞു  കേട്ടിട്ടുണ്ട് .

പിൽക്കാലത്തു തിരുവനന്തപുരം യൂണിവെഴ്സിറ്റി കോളേജിൽ  നിന്നും ബിരുദാനന്തരബിരുദം നേടി പുറത്തിറങ്ങിയ ജയചന്ദ്രൻ വീണ്ടും സർവ്വ പരിത്യാഗിയായി ഒരു ഭിക്ഷാം ദേഹിയായി ഹിമാലയത്തിലേക്ക് പോകുവാൻ തീരുമാനിച്ചു . യാത്രാമദ്ധേൃ മൈസൂറിലെ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തിയ  ജയചന്ദ്രനെ അവിടുത്തെ വിമലാനന്ദസ്വാമികൾ തടഞ്ഞുനിർത്തി . കേരളത്തിലേക്ക് തന്നെ മടങ്ങി പോയി നാരായണഗുരുവിനു വേണ്ടി ജീവിക്കണമെന്ന് നിർബന്ധിച്ചു തിരിച്ചയച്ചു. മടക്കയാത്രയിൽ ഫേൺഹിലിൽ ചെന്ന് നടരാജഗുരുവിനെ കാണാമെന്നു തീരുമാനിച്ചു .ഒരു സായാന്ഹത്തിൽ ജയചന്ദ്രൻ നീലഗിരിയിലെത്തി .അതിനെ യതി  ഇങ്ങനെ രേഖപ്പെടുത്തുന്നു
” ഞാൻ ചെല്ലുമ്പോൾ അവിടെ നടരാജഗുരു  മാത്രമേ ഉണ്ടായിരുന്നുള്ളു . ഗുരു ചായ കുടിക്കുകയായിരുന്നു . എന്നെ കണ്ടതും ഒരു കപ്പു ചായ എന്റെ നേരെ നീട്ടി ഞാൻ രണ്ടു കൈകളും നീട്ടി അതു സ്വീകരിച്ചു .ഗുരു ചോദിച്ചു ,’നിങ്ങളൊരു ശിഷ്യനാകാനൊരുങ്ങിയാണോ വന്നിരിക്കുന്നത് ..?
ഇക്കാലമത്രയും നിങ്ങൾ സന്യാസിയാകാൻ തയ്യാറെടുക്കുകയായിരുന്നല്ലോ ..ഒരുക്കം ഇനിയും പൂർത്തിയായില്ലേ ..?? ‘ ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായതുപോലെ എനിക്കു തോന്നി . ‘എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു എന്റെ മറുപടി .’ ആ മറുപടി ഗുരുവിനെ വൃണപ്പെടുത്തിയതുപോലെ തോന്നി . ‘ ഗുരു പെട്ടന്ന് പ്രതികരിച്ചു ; അപ്പോൾ ഇക്കണ്ടകാലമത്രയും നിങ്ങൾ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു..’എനിക്കറിയാം ...എനിക്കറിയാം നാരായണഗുരുവിനു ആരും ഉണ്ടാവുകയില്ല .’ തമ്പീ നീ തനിച്ചായിപോകുമെന്ന് ഗുരു എന്നോടു പറഞ്ഞിട്ടുണ്ട് . നമുക്കാരുമില്ലല്ലോ നീയെങ്കിലും  നമ്മോടുകൂടെ നിൽക്കുമോ എന്ന് ഗുരു എന്നോട് ചോദിച്ചിട്ടുണ്ട് , ആ വേദന ഉള്ളി ലിരിക്കുന്നതുകൊണ്ടാണ് ഞാൻ നിങ്ങളെയൊക്കെ വിളിക്കുന്നത് .....’.   “കയ്യിലിരുന്ന ചായ കപ്പു മേശപ്പുറത്തു വെച്ചിട്ടു ഞാൻ ഗുരുവിന്റെ കാൽക്കൽ സാഷ്‌ടാഗം പ്രണമിച്ചു . ഞാൻ എന്നെ ഗുരു വിനു സമർപ്പിച്ചു  .” ഗുരു ശാന്തനായി , അങ്ങനെ എന്റെ സന്യാസം തികച്ചും ഔപചാരികമായരീതിയിലാണ് സംഭവിച്ചത് ...’ 

 അതോടെ യതിയിൽ ആത്മാനുഭൂതിയുടെ ഉറവകൾ പൊടിഞ്ഞു തുടങ്ങി കടലിനു പിന്നാലെ ഒരു സാഗരം ഒഴുകി . ഗുരുവുമായി പാരസ്പര്യം സ്ഥാപിച്ചത് മുതൽ ഉത്കണ്ഠയുടെ ഒരു വൻഭാരം  ഒഴിഞ്ഞുപോയി .കൊടും കാറ്റും കോളിളക്കവും കെട്ടടങ്ങി . കാട്ടു തീ മഴപെയ്തു സൂര്യോദയം കാത്തുകിടന്ന  മറുകരപോലെ .....” കുട്ടിക്കാലം മുതൽ ഞാനെന്തോ തിരയുന്നുണ്ടായിരുന്നു , എന്നാൽ അതെന്തെന്നു എനിക്കറിയുമായിരുന്നില്ലന്നു യതി അനുസ്മരിക്കുന്നു .

“ശിഷ്യനാവുകയെന്നാൽ സന്യാസിക്കുകയെന്നർത്ഥം എന്നു നടരാജഗുരു പറയുന്നുണ്ട് “സിവിക് ഡെത്ത് ” എന്നാണു ഗുരു അതിനെ വിശേഷിപ്പിക്കുന്നത് . കൂടുതൽ ഉത്‌കൃഷ്‌ടമായവിലേക്ക്  നമ്മെത്തന്നെ എറിഞ്ഞുകൊടുക്കുവാനും അതിനായി സകലതും വിട്ടലയുവാനുമുള്ള ആർജ്ജവത്തിന്റെ പേരാണ് ശിഷൃത്വം . അത് ആന്തരികതയിൽ സംഭവിക്കേണ്ടയൊരു ഉറയൂരലാണ് . അതിനു എത്രയോ അടരുകളിലെ മുഖ പടങ്ങൾ നാം  അഴിച്ച്‌ വെയ്‌ക്കേണ്ടതായിട്ടുണ്ട് ....  
പരസ്പര്യമുള്ള രണ്ടു വ്യക്തികൾ തമ്മിലുരസിയാൽ പിന്നെയവിടെ തീ വമിക്കുകയാണ് വ്യക്തി താല്പര്യങ്ങൾ ഉണരുകയല്ലാ.. സമഷ്‌ടിയുടെ പ്രഭാവത്തിൽ  അവിടെ കാലം തന്നെ ചുരുങ്ങിപോകുന്നു
പരയുടെ പാലു നുകർന്ന ഭാഗ്യവാന്മാർക്ക്-
ഒരു പതിനായിര മാണ്ടൊരല്പനേരം എന്നാണ് നാരായണഗുരു പറയുന്നത് ..


ഔപചാരികതകളില്ലാത്ത സനൃാസം  (ഗീത രാജീവ്)
Join WhatsApp News
Sudhir Panikkaveetil 2021-06-15 13:06:26
പതിനായിരാമാണ്ടു ഒരല്പനേരം എന്ന് ഗുരു പറഞ്ഞ പോലെ ഒത്തിരി അറിവുകൾ ലേഖനത്തിൽ നിന്നും കിട്ടി. ഇത്തരം വിവരങ്ങൾ അടങ്ങുന്ന ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. ലേഖികക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക