Image

രക്ഷ-ഒരു തുടര്‍ക്കഥ? (ചെറുകഥ: സാനി മേരി ജോണ്‍)

Published on 12 June, 2021
രക്ഷ-ഒരു തുടര്‍ക്കഥ? (ചെറുകഥ: സാനി മേരി ജോണ്‍)
അമ്മയും മുത്തശ്ശിയും ഉറങ്ങാനായി അവരവരുടെ മുറികളില്‍ കയറി വാതിലടച്ചതും, രക്ഷ തന്റെ ചെറിയ ട്രാവലര്‍ ബാഗിലേക്കു അത്യാവശ്യം   വേണ്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും കുത്തി നിറച്ചു . ആശുപത്രിയില്‍    അടിയന്തിരമായി   ഒരു സര്‍ജറി നടക്കുന്നതിനാല്‍ പപ്പക്ക്  അങ്ങോട്ടു    പോകേണ്ടി വന്നത് രക്ഷക്ക് തുണയായി. അല്ലെങ്കില്‍ രാത്രി വൈകുംവരെ പപ്പ, ടി വി ക്കു മുന്നിലുണ്ടാവും .

അത്യാവശ്യ സാധങ്ങള്‍ മാത്രം എടുത്താല്‍ മതിയെന്ന് കാര്‍ത്തിക്ക് പറഞ്ഞത് നന്നായിയെന്ന് രക്ഷയോര്‍ത്തു.  മറക്കാതെ തന്നെ  ഹാന്‍ഡ്ബാഗിലേക്ക് തനിക്കുള്ള  കുറച്ചു  സ്വര്‍ണാഭരണങ്ങളും എ ടി എം കാര്‍ഡുമെടുത്ത്  അവള്‍ മുറിവിട്ടു. മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ   മുന്‍വാതില്‍  മെല്ലെ     തുറന്നു. ഒരു പൂച്ചയെപ്പോലെ പതിഞ്ഞ കാല്‍വെയ്പുകളോടെ മുന്നോട്ടു നടക്കുമ്പോള്‍, ഭയം പെരുമ്പാമ്പിനെ പോലെ രക്ഷയുടെ    ശരീരത്തെ വലിഞ്ഞു മുറുക്കി.

പ്രണയം മരണം പോലെ സത്യം തന്നെയാണെന്ന് കാര്‍ത്തി പറഞ്ഞത് ഓര്‍ത്തു കൊണ്ട് രക്ഷ വീട്ടിലേക്കു തിരിഞ്ഞു നോക്കി. വഴിവിളക്കിന്റെ വെളിച്ചത്തില്‍ അതൊരു പ്രേതഭവനം പോലെ അവള്‍ക്കു തോന്നിച്ചു. നാലു പേര്‍ക്ക് താമസിക്കാന്‍ അത്ര വലിയൊരു വീടിന്റെ ആവശ്യമില്ലെന്ന അനാവശ്യ ചിന്തയാണ് അപ്പോള്‍ അവള്‍ക്കു തോന്നിയത് .  

വീടിനു മുന്നിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ കാര്‍ത്തി   പറഞ്ഞതിലും   വളരെ നേരത്തെയാണ് താനിവിടെ എത്തിയിരിക്കുന്നതെന്നു    രക്ഷക്ക്      ഉറപ്പായിരുന്നു. വയ്യ ,ടെന്‍ഷനടിച്ചു വീട്ടിലിരിക്കുന്നതിലും ഭേദമാണ ഈ കാത്തുനില്‍പ്പ് .

 വീട്ടില്‍ നിന്നും  പുറപ്പെടുമ്പോളുണ്ടായിരുന്ന  ഭയം ഇപ്പോളവളെ   ഏറെക്കുറെ വിട്ടകന്നു . സമയം  രാത്രി  11 കഴിഞ്ഞതിനാല്‍ വാഹനങ്ങള്‍ വളരെ വിരളമാണ് . ബസുകളുടെ വരവും നിലച്ചിരിക്കുന്നു. പുതുതായി അവിടെ പണിതിട്ടിരിക്കുന്ന ബെഞ്ചിലിരുന്ന്   രക്ഷ   ദീര്‍ഘശ്വാസം വിട്ടു. താനിവിടെ എത്തിയെന്നു കാര്‍ത്തിയെ വിളിച്ചു പറയാന്‍ അവള്‍ക്കു തോന്നിയതേയില്ല   .

ഒളിച്ചോട്ടം ഒന്നിലും പ്രതിവിധിയല്ലെങ്കിലും പപ്പ ഒരിക്കലും കാര്‍ത്തിയുമായുള്ള വിവാഹത്തിനു സമ്മതിക്കില്ലെന്ന് രക്ഷക്ക് അറിയാമായിരുന്നു. പപ്പയുടെ മുന്നില്‍ അവനു കുറവുകള്‍ ഏറെയുണ്ടാവും . ജോലി, പഠിത്തം , തറവാടിത്തം ...എന്ന് വേണ്ട ഒരു പെണ്‍ക്കുട്ടിയുടെ വരന്     അവളുടെ അച്ഛന്റെ കണ്ണില്‍ കാണേണ്ട യാതൊരു യോഗ്യതയും കാര്‍ത്തിക്കിലില്ലെന്നു രക്ഷക്കറിയാം .സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിയ പ്രണയം ...''പ്രണയം ""എന്തെന്നറിഞ്ഞു തുടങ്ങിയപ്പോഴേക്കും അത് ഇരുവരുടെയും   അസ്ഥിക്ക് പിടിച്ചിരുന്നു.

കാര്‍ത്തിയുടെ  പ്രണയത്തില്‍ ഒരു സംശയവും ഇന്നു വരെ അവള്‍ക്ക്  തോന്നിയിട്ടില്ല .  .അല്ലെങ്കില്‍ പപ്പയുടെ സ്വാധീനമറിഞ്ഞു കൊണ്ട്,  റിസ്‌കെടുത്തു അവന്റെ വീട്ടില്‍ തന്നെ താമസിപ്പിക്കാമെന്നു ഒരിക്കലും പറയില്ലായിരുന്നു. അതോര്‍ത്തപ്പോള്‍ വീണ്ടും ഭയത്തിന്റെ തണുത്തൊരു പുതപ്പു രക്ഷയെ മൂടി.

പന്ത്രണ്ടാം ക്ലാസ്സിലെ ഫൈനല്‍ പരീക്ഷയുടെ ഫലം വന്നപ്പോഴാണ് കൂട്ടുകാരോടൊത്തു കാര്‍ത്തിക്കിന്റെ വീട്ടില്‍  ആദ്യമായി   രക്ഷയെത്തുന്നത്. അന്ന് സ്കൂളില്‍ തോറ്റ ഒരേയൊരു കുട്ടി അവന്‍ മാത്രമായിരുന്നു.

ഏതു വിധേനയും അവനെ ആശ്വസിപ്പിക്കുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ബസ് സ്റ്റോപ്പില്‍ നിന്നും തോടിന്റെ അരികിലൂടെ അവന്റെ വീട്ടിലേക്കു നടക്കുമ്പോള്‍ ഇത് താന്‍ കണ്ട നഗരത്തിന്റെ ഭാഗം തന്നെയോയെന്നു അതിശയിച്ചു. നടന്നിട്ടും നടന്നിട്ടും തീരാതെ ....ഒടുവില്‍ മൈലാഞ്ചി പടര്‍പ്പുകള്‍ കൊണ്ട് വേലി കെട്ടിയുണ്ടാക്കിയ ഒരു കൊച്ചു വീടിന്റെ മുന്നില്‍ യാത്ര അവസാനിച്ചു   . വീട് കണ്ടതും  ഓടിക്കയറി  ചെറിയ വരാന്തയുടെ അരഭിത്തിയില്‍ കയറിയിരുന്ന്    യാത്രാക്ഷീണം തീര്‍ത്തു. ബാഗില്‍ നിന്നും വാട്ടര്‍ ബോട്ടില്‍ തുറന്നു, കുടുകുടാ വെള്ളം കുടിച്ചപ്പോള്‍ ,തന്റെ പരവേശം ചുറ്റുമുള്ളവരെ .ചിരിപ്പിച്ചു.

ക്ഷീണം മാറിയപ്പോഴാണ് ഇതു തന്റെ കാര്‍ത്തിയുടെ വീടാണല്ലോ എന്ന ചിന്ത രക്ഷക്കുണ്ടായത് .അവള്‍ ചുറ്റും നോക്കി. പുതുതായി വൈറ്റ് വാഷ് ചെയ്തതിനാലാവും അവിടത്തെ കാറ്റിന്‌പോലും ധപെയ്ന്റിന്‍റെ ഗന്ധം. ചുവരില്‍ നിറയെ ഈശ്വരന്മാരുടെ പടമുള്ള കലണ്ടര്‍ നിരത്തിയിട്ടിരിക്കുന്നു .  എത്ര സൂക്ഷിച്ചു നോക്കിയിട്ടും  അവരില്‍ പലരെയും അവള്‍ക്കു മനസിലായില്ല.

കാര്‍ത്തിയുടെ വീട്ടില്‍ അവന്റെ മരപ്പണിക്കാരനായ അച്ഛനും  ഒരു ചേട്ടനും മാത്രമാണ് ഉണ്ടായിരുന്നത്.ചേട്ടന് ആയിടക്കാണ് ഡല്‍ഹിയില്‍ ജോലി കിട്ടിപോയത്.

" നന്നായി നോക്കിക്കോളൂ ..നാളെ ഒരു ദിവസം കയറി വരാനുള്ളതാണ് " കൂട്ടുകാരി മിയ കാതില്‍ സ്വകാര്യം പറഞ്ഞപ്പോള്‍ രക്ഷ അവളെ തുറിച്ചു നോക്കി.

നാളെ ഒരു ദിവസം.... അങ്ങനെയൊരു ദിവസത്തെക്കുറിച്ചു രക്ഷചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

പഠിച്ചു മിടുക്കരായി നല്ല ജോലി നേടിയെടുത്തു ആഗ്രഹിച്ചതെല്ലാം നേടുന്ന രക്ഷയും കാര്‍ത്തിയുമായിരുന്നു അന്നുവരെ അവളുടെ സ്വപ്നങ്ങളില്‍. കാര്‍ത്തിയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. അന്ന് തുടങ്ങി,രക്ഷയുടെ സ്വപ്നങ്ങള്‍ അവനൊപ്പം താഴോട്ട് സഞ്ചരിച്ചു. പ്രണയം മരണം പോലെ സത്യമാണല്ലോ ? ബൈബിളില്‍ ഉത്തമ ഗീതങ്ങളിലാണത്രേ ആ വാചകങ്ങള്‍എഴുതിയിരിക്കുന്നത് . കാര്‍ത്തി ആ വാക്കുകള്‍ ഇടക്കിടെ  പറയാറുണ്ട്. അപ്പോഴെല്ലാം അവ അവന്റെ എന്നായിരുന്നു രക്ഷ ചിന്തിച്ചിരുന്നത് .

പണ്ട് താന്‍ നടന്നു ക്ഷീണിച്ച വഴികളിലൂടെ കാര്‍ത്തിയുടെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയുമ്പോള്‍ രക്ഷയുടെ മനസ്സില്‍  പുറമെയുള്ള ഇരുട്ടു തന്നെയായിരുന്നു  . ഒരു കത്ത് പോലും എഴുതി വെക്കാതെയാണ് ഈ യാത്ര.ആശുപത്രിയില്‍ നിന്നും പപ്പ വരുമ്പോഴായിരിക്കും 'അമ്മ തന്നെ അന്വേഷിക്കുന്നതു.തനിക്കിങ്ങിനെയൊരു പ്രണയമുള്ളതായി വീട്ടിലാര്‍ക്കും ഒരു  സംശയത്തിനും ഇട കൊടുത്തിട്ടില്ല. പ്രണയം മൂടി വെക്കാന്‍ പെണ്‍ക്കുട്ടികള്‍ മിടുക്കരാണെന്നു പല മാതാപിതാക്കളും വാത്സല്യം മൂലം   മറന്ന് പോവും.

"ഇശ് ...മിണ്ടരുത്...അച്ഛന്‍ നല്ല ഉറക്കമായിരിക്കും "  വീടെത്തുന്നതിനു മുന്നേ കാര്‍ത്തി ബൈക്ക്  നിര്‍ത്തിയത് അപ്പോള്‍ മാത്രമാണ് രക്ഷ മനസിലാക്കിയത്.   വഴിവിളക്കു പോലുമില്ലാത്ത സ്ഥലം. ഇരുട്ടിന്റെ ഗുഹയിലേക്കായിരുന്നോ കാര്‍ത്തി കൈ പിടിച്ചു   കൊണ്ട് വന്നത്? ഒരു വേള രക്ഷയുടെ മനസ്സിടറി.

അവളുടെ    ഉള്ളംകൈ വിയര്‍ത്തു. ധരിച്ചിരുന്ന ഡ്രെസ്സില്‍  അവള്‍  കൈകള്‍ അമര്‍ത്തി തുടച്ചു.  ചുറ്റുമുള്ള ഭയപ്പെടുത്തുന്ന ഇരുട്ടിനെ ആട്ടിയോടിക്കാനായി    ബാഗില്‍ നിന്നും മൊബൈല്‍ എടുക്കാനായി  തുനിഞ്ഞപ്പോള്‍  ഒരു തണുത്ത കരതലം അവളെ സ്പര്‍ശിച്ചു.

"രക്ഷ വര' ...

കാര്‍ത്തിയുടെ ശബ്ദം   അപ്പോളവിടെ  കേട്ടില്ലായിരുന്നെങ്കില്‍ അവള്‍ കുഴഞ്ഞു വീഴുമായിരുന്നു. അത്രമേല്‍ തണുത്തിരുന്നു, അവന്റെ കൈകള്‍ .ഭയമാണ് തങ്ങളെ ഇരുവരെയും മുന്നോട്ടു നയിക്കുന്നതെന്നറിഞ്ഞു കൊണ്ട് രക്ഷ അവനോടൊപ്പം നടന്നു.

ആ ഇരുട്ടില്‍,   വിദഗ്ദനായ ഒരു   കള്ളനെ പോലെ, തീരെ ഒച്ചയുണ്ടാക്കാതെ കാര്‍ത്തി വാതില്‍ തുറന്നത് രക്ഷയെ അതിശയിപ്പിച്ചു.വാതിലടച്ചതും അവന്‍ ലൈറ്റ് ഓണ്‍ ചെയ്തു. ഇനിയും അവന്റെ മുഖം കണ്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ താന്‍ തല ചുറ്റി വീഴുമായിരുന്നുവെന്നു രക്ഷയോര്‍ത്തു . വീടിനകത്തു നിന്നും നിര്‍ത്താതെ ഇടക്കിടെ കേട്ട ചുമ അവളെ അലോസരപ്പെടുത്തി.

"വാടക വീട് ശരിയാകുന്നവരെ കുറച്ചു ദിവസം ആരുമറിയാതെ ഇവിടെ തന്നെ കഴിയേണ്ടി വരും. പുറത്തെ കോലാഹലങ്ങളും അപ്പോഴേക്കും കുറയും. " കാര്‍ത്തിയുടെ  തണുത്ത  ചുണ്ടുകള്‍ രക്ഷയുടെ കാതിനു തൊട്ടരികിലായിരുന്നു.

എത്ര നാള്‍ എന്ന ചോദ്യത്തെ അവള്‍ വിഴുങ്ങി.അതിനുള്ള ഉത്തരം കാര്‍ത്തി നേരത്തെ അവള്‍ക്കു കൊടുത്തിരുന്നു. ഒരാഴ്ച്ച..അതുമല്ലെങ്കില്‍  രണ്ട്  .. എല്ലാം ഭാഗ്യം പോലെ.. എന്തായാലും ഒരു മാസത്തില്‍ കൂടുതല്‍ പോവില്ല. അതുവരെ രാവും പകലും ഈ മുറിയില്‍..

രക്ഷ ചുറ്റും നോക്കി. നിറം മങ്ങിയ ,പഴകിയ ചുവരുകളുള്ള ചെറിയ മുറി   ... മുകളില്‍  ഉയരത്തില്‍ ഒരു ഫാന്‍ വലിയ ശബ്ദത്തോടെ കറങ്ങുന്നു. ഷാരൂഖ് ഖാന്റെ നന്നേ ചെറുപ്പത്തിലെയുള്ള ഒരു ചിത്രം ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്നു. തീരെ നിറം മങ്ങിയ ചിത്രത്തില്‍ എന്തൊക്കെയോ പേന കൊണ്ട് കുത്തി കുറിച്ചിട്ടുണ്ട് .   അതിന്റെ സൈഡില്‍ ഒരു ചെറിയ കണ്ണാടി ഉറപ്പിച്ചിട്ടുണ്ട്. മുറിയുടെ അറ്റത്തായി കയര്‍ കൊണ്ട് കെട്ടിയ   അയ  മുഷിഞ്ഞ തുണികളുടെ ഭാരത്തില്‍ തൂങ്ങി കിടക്കുന്നു. ഒത്ത നടുക്ക് ഒരു ചെറിയ കട്ടില്‍ . നിറയെ കീറലുകള്‍ തുന്നി ചേര്‍ത്ത ഒരു ചുവന്ന  പുതപ്പ്  അതില്‍ വിരിച്ചിട്ടുണ്ട്. ഒരുപക്ഷെ തനിക്കായി ചെയ്തതാവണം ആ ആര്‍ഭാടം. രക്ഷക്ക് ചിരി വന്നു.

"കണ്ടു കഴിഞ്ഞോ ?' കാര്‍ത്തി ചിരിച്ചു.

 ആ ചോദ്യത്തില്‍ രക്ഷക്കും തമാശ തോന്നി.ഇത്തരം സന്ദര്‍ഭങ്ങളില്‍ സിനിമയിലെ നായകന്‍ ചോദിക്കുന്ന സാധാരണ ചോദ്യം "നിനക്കിപ്പോള്‍ ഒന്നും വേണ്ടായിരുന്നുവെന്ന് തോന്നുന്നുണ്ടോ " എന്നായിരിക്കും.

 ഭാഗ്യം.. കാര്‍ത്തി അങ്ങിനെ ചോദിച്ചില്ലല്ലോ.. അവനെപ്പോഴും വ്യത്യസ്തനായിരുന്നു. അത് തന്നെയാണ് തന്നെ ആകര്ഷിച്ചതും. ഇരു നിറവും വിടര്‍ന്ന കണ്ണുകളും പ്രസരിപ്പാര്‍ന്ന സ്വഭാവമുള്ള കാര്‍ത്തി ... ഇത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് അവന്റെ വരവെന്ന് ആരും ഒരിക്കലും സംശയിക്കില്ല. എപ്പോഴും ശുഭാപ്തി വിശ്വാസമാണ് അവന്റെ കൂടെ.... കൂടെ കൂടുന്നവര്‍ക്കും അവനതു വാരിക്കോരി കൊടുക്കും.

രക്ഷക്ക് അവനെ കെട്ടിപ്പിടിക്കാന്‍ തോന്നി. നമ്മുടെ പ്രണയം മരണം പോലെ സത്യമാണെന്നു അവന്റെ ചെവിയില്‍ മന്ത്രിക്കാനും.

"പകല്‍ വീട്ടില്‍ ആരുമില്ലെന്നോര്‍ത്തു പുറത്തെങ്ങും ഇറങ്ങരുത്. ദാ ..അതാവശ്യ കാര്യങ്ങള്‍ക്കു ഞാനൊരു സാധനം സൂക്ഷിച്ചിട്ടുണ്ട്. " കട്ടിലിനടിയില്‍ നിന്നും കാര്‍ത്തി കളര്‍ മങ്ങിയ ഒരു ബക്കറ്റ് വലിച്ചെടുത്തു. അതുവരെ കൗതുകത്തോടെ നിന്ന രക്ഷയുടെ മനസ് ആശങ്കയുടെ കുന്നു കയറിത്തുടങ്ങി. ദൈവമേ.. നാളെ മുതല്‍ നീയെനിക്കെന്താവും കരുതി വെച്ചിരിക്കുക ?

"അപ്പുറത്തെ വീട്ടില്‍ ഒരു വൃത്തികെട്ട തള്ളയുണ്ട് .ചൊമല .. കമല എന്നാണ് ശരിക്കുള്ള പേര് ..  എപ്പോഴും   ചുവന്ന ബ്ലൗസ് ഇടുന്നതു കൊണ്ട് പേര് മാറി ചൊമലയായി .. സ്വാഭാവവും ചുവപ്പു തന്നെ. ഡെയ്ന്‍ജര്‍ .സ്വന്തം വീട്ടിലെ കാര്യം നോക്കാന്‍ സമയം തീരെയില്ല. മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ധാരാളമുണ്ട് താനും. "

ഉള്ളില്‍ ഭയമുള്ളതു കൊണ്ടാവും കാര്‍ത്തി കൂടുതല്‍ സംസാരിക്കുന്നതെന്നാണ് അപ്പോള്‍ രക്ഷക്ക് തോന്നിയത്. ഭയമുണ്ടായിട്ടും തന്റെ നാവു മാത്രം ശബ്ദിക്കാത്തത് എന്താണെന്നു  രക്ഷ ചിന്തിച്ചു.

കാര്‍ത്തി അവളുടെ വിരലുകളില്‍ മുറുകെ പിടിച്ചു. രക്ഷ അവന്റെ കണ്ണുകളിലേക്കു നോക്കി. നിനക്ക് ഞാനുണ്ടെന്നു അവ പറയാതെ പറഞ്ഞു. തനിക്കത് മാത്രം മതിയെന്ന് അവളുടെ കണ്ണുകള്‍ തിരിച്ചു പറഞ്ഞു.

ഈ മുറിക്കുളില്‍ താന്‍ കുത്തിയിരിപ്പു തുടങ്ങിയിട്ട് ദിവസം എത്ര    കഴിഞ്ഞിരിക്കുന്നു?

രാവിലെ ജോലിക്കു പോവുന്നതിനു മുന്നേ കാര്‍ത്തി വാങ്ങി കൊടുത്ത ദോശ അതുപോലെ തന്നെ  മുറിയുടെ മൂലയിലിരിപ്പുണ്ട്.

 കട്ടിലിനടിയിലെ ബക്കറ്റില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം രക്ഷക്ക് അസഹനീയമായി . അവള്‍ക്കു ഓക്കാനിക്കാന്‍ തോന്നി. പക്ഷെ അതും ബക്കറ്റിലേക്കു തന്നെ വേണമല്ലോയെന്നോര്‍ത്തപ്പോള്‍ അവള്‍ തലയ്ക്കു കൈ കൊടുത്തു കുമ്പിട്ടിരുന്നു.

ഇനി എത്ര ദിവസം എന്ന ചോദ്യത്തിന് കാര്‍ത്തിയുടെ കൈയില്‍ ഉത്തരമുണ്ടായിരുന്നു. അവന്‍ യു ട്യൂബിലെ ഏതോ   ലിങ്ക് തുറന്നു അവള്‍ക്കു ഒരു വാര്‍ത്ത കാണിച്ചു കൊടുത്തു .

"അടച്ചിട്ട മുറിയില്‍ യുവതി കാമുകനൊപ്പം ആരുമറിയാതെ താമസിച്ചത് പത്തു വര്ഷം! "

കാര്‍ത്തിയെ നോക്കിയ രക്ഷയുടെ കണ്ണുകളില്‍ നിസ്സഹായത നിഴലിച്ചു .

"അത്രയൊന്നും വേണ്ട . കൂടിവന്നാല്‍ ഒരു മാസം കൂടെ  .   വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നില്ല. വാടക വീടിനു നല്ലൊരു തുക അഡ്വാന്‍സ് നല്‍കണം. നിന്റെ  കൈയ്യിലെ  സ്വര്‍ണ്ണം പോരാതെ വരും. വീടെടുത്താല്‍ ആവശ്യങ്ങള്‍ വീണ്ടും കൂടില്ലേ ? നീ ജീവിച്ച സാഹചര്യങ്ങളുടെ പകുതി.. പോട്ടെ ..കാല്‍ ഭാഗമെങ്കിലും തരാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.   "    

അവന്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. അവന്റെ പ്രണയത്തിനു കുറവ് സംഭവിച്ചിട്ടില്ലെന്ന് രക്ഷക്ക്‌ബോധമായി. സംഭവിച്ചത് തനിക്കാണ് .     കാര്‍ത്തിയുടെ സ്പര്‍ശം തനിക്കു ആവേശം പകരുന്നില്ലെന്നവളറിഞ്ഞു. അടിവയറ്റില്‍ കനത്ത ഭാരമാണ് .വേദന അസഹനീയവും .  കളര്‍ മങ്ങിയ ബക്കറ്റിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ പോലും  രക്ഷ മടിച്ചു . കത്തുന്ന വെയിലില്‍ ,കാറ്റു കയറാത്ത കുടുസു മുറിക്കുള്ളില്‍ വെള്ളം കുടിക്കാതെ അവള്‍ ദാഹിച്ചു വരണ്ടു.   

  വലിയൊരു കുപ്പിയില്‍ അല്പം മാത്രം വെള്ളം നിറച്ചു വെച്ച് പുറപ്പെടും മുന്നേ   കാര്‍ത്തി ഓര്‍മിപ്പിക്കും ."ഒത്തിരി കുടിക്കേണ്ട'..

 പാതിരാത്രിയില്‍ വളച്ചു കെട്ടിയ മറ പുരക്കുള്ളില്‍ അല്പ വെള്ളത്തില്‍ ,വേഗത്തിലൊരു കുളി. അപ്പോഴും അവന്‍ പുറത്തു കാവലുണ്ടാവും . അകത്തെ മുറിയില്‍ നിന്നും അവന്റെ അച്ഛന്റെ ഉച്ചത്തിലുള്ള ചുമ കേള്‍ക്കുമ്പോള്‍ കാര്‍ത്തി ധൃതി കൂട്ടും.

"രക്ഷ , വേഗമാവട്ടെ'..

രാവിലെ  പുറത്തു പോയി വരുമ്പോള്‍ കാര്‍ത്തി പൊതിഞ്ഞു കൊണ്ട് വരുന്ന   രണ്ടു ദോശയില്‍ ഒന്ന് രാവിലെ .. മറ്റൊന്ന് ഉച്ചക്ക്... തണുത്ത ദോശയില്‍    വിരല്‍ തൊടുമ്പോഴേക്കും മനസും മരവിച്ചിരിക്കും. ആമ ഉള്‍വലിയുന്ന പോലെ വിശപ്പ് പതിയെ   എങ്ങോ പോയി മറയും.

കാര്‍ത്തി രാത്രി   വരുമ്പോള്‍ അവന്റെ കൈയില്‍ ചൂടുള്ള ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയുമുണ്ടാവും .

ആദ്യമെല്ലാം ആ ചൂട് ചപ്പാത്തി ആവേശം കൊള്ളിച്ചിരുന്നെങ്കിലും പതിയെ അതും മടുത്തു . എത്ര പെട്ടെന്നാണ് മനസ് മടുപ്പിന്റെ പുതപ്പ് വാരി ചുറ്റുന്നത് ?

ഒരു ദിവസം കണ്ണാടിയില്‍ കണ്ട സ്വന്തം   രൂപത്തെ കണ്ട് അവള്‍ തന്നെ ഞെട്ടി. ഇതു ഞാനോ ?  സൂര്യപ്രകാശമേല്‍ക്കാതെ മുഖത്തും കഴുത്തിലും മഞ്ഞ നിറം. എണ്ണ കാണാതെ മുടിയിഴകള്‍ ചകിരിനാര് പോലെ. തൊലിയാകെ ഉണങ്ങി വരണ്ടു  . ആഹാരം കഴിക്കാത്തതിന്റെ ക്ഷീണം വേറെയും.   ഈ രൂപത്തില്‍ പുറത്തേക്കിറങ്ങിയാല്‍ ഒരുപക്ഷെ , അമ്മക്ക് പോലും തന്നെ തിരിച്ചറിയാന്‍ സാധിച്ചേക്കില്ല. അതെല്ലാം രണ്ടു ദിവസം കൊണ്ട് ശരിയാകുമെന്നാണ് കാര്‍ത്തി പറയുന്നത് . ശരിയാകുമായിരിക്കും. പക്ഷേ ,ആരോടും മിണ്ടാതെ ,പുറത്തെ കാര്യങ്ങള്‍ അറിയാതെ വീര്‍പ്പുമുട്ടി കഴിയുന്ന മനസ് എത്രനാള്‍ കഴിഞ്ഞു ശരിയാവും?

മടുപ്പു ഉച്ചസ്ഥായിയില്‍ എത്തിയ ഒരു നട്ടുച്ചക്ക് മുറിയില്‍ ആകെയുണ്ടായിരുന്ന   ജനാല രക്ഷ രണ്ടും കല്‍പ്പിച്ചു  വലിച്ചു   തുറന്നു. പുറത്തു നിന്നും വന്ന ചൂട് കാറ്റു അവളെ ചുറ്റിപ്പറ്റി നിന്നു . അപ്രതീക്ഷിതമായി  സൂര്യ പ്രകാശമേറ്റ് രക്ഷയുടെ കണ്ണുകള്‍ പല വട്ടം ചിമ്മി തുറന്നു.  ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണു,    മൈലാഞ്ചി പടര്‍പ്പിനിടയില്‍ കണ്ട ചൊമലയില്‍ രക്ഷയുടെ കണ്ണുകള്‍ ഉടക്കി നിന്നത്   . ചുവന്ന ബ്ലൗസും കള്ളി മുണ്ടുമുടുത്ത് നരച്ച മുടിയുള്ള ചൊമല .  രക്ഷപ്പെടണം ..എങ്ങോട്ടെങ്കിലും.. ഇനി വയ്യ...

"ഏയ് .."  അവള്‍ വിളിച്ചു...
 ഒന്നല്ല ...ഒരായിരം വട്ടം ...
"ഇതാരെയാണ് ഈ പാതിരാത്രിയില്‍ വിളിച്ചു കൂവുന്നത് ?" രക്ഷ ഞെട്ടി ഉണര്‍ന്നു. തൊട്ടരികെ കാര്‍ത്തി..

"വന്നിട്ട് കുറെ നേരമായോ ? എന്താ എന്നെ വിളിക്കാതിരുന്നത് ?  ഉറങ്ങി പോയോ .... ഇങ്ങിനെ വിളിച്ചു കൂവി ഓടി   പോകുന്ന കാമുകിയെ ഞാന്‍ ആദ്യം കാണുന്നു. എന്റെ വിധി ! .."

അവന്‍ ചിരിച്ചുകൊണ്ട്   ബാഗെടുത്തു നടന്നു. രക്ഷ അവനെ പിന്തുടര്‍ന്നു .
രണ്ടടി വെച്ച ശേഷം   തിരിഞ്ഞു നോക്കിയപ്പോള്‍ അകലെ പ്രകാശത്തില്‍ മുങ്ങി നില്‍ക്കുന്ന സ്വന്തം വീട് അവള്‍ കണ്ടു. അവിടെ ആരോ ഉണര്‍ന്നിരിക്കുന്നു.

കാര്‍ത്തി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
അതുവരെയില്ലാതിരുന്ന     ഭയത്തിന്റെ തണുപ്പ്, അവളുടെ സിരകളിലേക്ക് ഒഴുകിയിറങ്ങി. പ്രണയത്തിനും  മരണത്തിനും തണുപ്പാണെന്ന തിരിച്ചറിവില്‍  മുന്നോട്ട് പോവാനാവാതെ   രക്ഷ തരിച്ചു നിന്നു .


രക്ഷ-ഒരു തുടര്‍ക്കഥ? (ചെറുകഥ: സാനി മേരി ജോണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക