Image

ജെഫ് ബെസോസിനൊപ്പം 11  മിനിറ്റ് പറക്കാൻ  28 മില്യൺ ഡോളർ ലേലത്തുക

Published on 13 June, 2021
ജെഫ് ബെസോസിനൊപ്പം 11  മിനിറ്റ് പറക്കാൻ  28 മില്യൺ ഡോളർ ലേലത്തുക

ആമസോൺ മേധാവി ജെഫ് ബെസോസും സഹോദരനുമായി ജൂലൈ 20-ന് ബഹിരാകാശത്തേക്ക് പോകുന്ന ബ്ലൂ ഒറിജിന്റെ ആദ്യ പേടകത്തിൽ 28 മില്യൺ ഡോളർ ലേലത്തുക നൽകി ഒരാൾ  സീറ്റ് ഉറപ്പിച്ചു. അത് ആരെന്നറിയാൻ  ഒരാഴ്ച കൂടി കാത്തിരിക്കണം.  ക്രൂ അംഗങ്ങളെയും വഴിയേ അറിയാം.

ഒരേ  സമയം ആറ് പേർക്ക് യാത്ര നടത്താവുന്ന രീതിയിലാണ്  പേടകത്തിന്റെ രൂപകൽപ്പന.  പക്ഷെ മൂന്നു പേരെ പോകുന്നുള്ളൂ എന്ന് കരുതുന്നു.

അപ്പോളോ 11 ചന്ദ്രനിൽ ലാൻഡ് ചെയ്തതിന്റെ ചന്ദ്രൻ 52-ാം വാർഷികമായ ജൂലൈ 20-ന് 11 മിനിറ്റ് പറക്കാൻ വേണ്ടിയാണ് ലേലത്തിൽ ഇത്ര വലിയ തുക മുടക്കിയിരിക്കുന്നത്. അതായത് മിനിറ്റിന് 2.7 മില്യൺ ഡോളർ!
159 രാജ്യങ്ങളിൽ നിന്നായി 7,600 പേർ  സീറ്റിനായി ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു.

ഒരു മാസത്തെ ഓൺലൈൻ വാതു  വയ്‌പിന്‌ ശേഷം ശനിയാഴ്ച തത്സമയമായി നടന്ന ലേലം, 4.8 മില്യൺ ഡോളർ മുതലാണ് ആരംഭിച്ചത്. രണ്ടാം മിനിറ്റിൽ 10 മില്യൺ ഡോളറായിരുന്നത്  മൂന്നാം മിനിറ്റിൽ 20 മില്യൺ ഡോളറായി. അവസാന 28 മില്യൺ ഡോളറിലെത്താൻ ആറ് മിനിറ്റിൽ താഴെ സമയമെടുത്തു.

പരീക്ഷണമെന്ന നിലയിൽ ഒരു  ഡസനിലധികം തവണ ബ്ലൂ ഒറിജിന്റെ 'ന്യൂ ഷെപ്പേർഡ്' ആളുകളെക്കൂടാതെ  വിജയകരമായി  പറന്നിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികൾക്ക് ഭൂമിയുടെ അവിസ്മരണീയമായ കാഴ്ചകൾ സമ്മാനിക്കാനും ഗുരുത്വാകർഷണമില്ലാതെ  കുറച്ച് മിനിറ്റ് ചെലവിടാനും സാധിക്കുന്ന രീതിയിലാണ് ഡിസൈൻ.

സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക്കും വിർജിൻ ഗാലക്‌റ്റിക് സ്ഥാപകനായ റിച്ചാർഡ് ബ്രാൻസണും മുൻപേ ബഹിരാകാശ യാത്ര നടത്താനുള്ള ഭാഗ്യം വന്നുചേർന്നിരിക്കുന്നതും ജെഫ് ബെസോസിന്റെ  അഭിമാന നേട്ടങ്ങളിൽ ഒന്നാകും.  സ്വന്തം കമ്പനി വാഹനത്തിൽ  ബഹിരാകാശത്തേക്ക് പോകുന്നതിനെക്കുറിച്ച് മസ്ക് മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അത് സാധ്യമായില്ല. ബഹിരാകാശ ടൂറിസം മേഖലയിൽ  ബ്ലൂ ഒറിജിനുമായി  മത്സരിക്കാൻ  ആഗ്രഹിക്കുന്ന ബ്രാൻസന്റെ വിർജിൻ ഗാലക്റ്റിക്കിലൂടെ  ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ യാത്രക്കാരിൽ ഒരാളാകാനുള്ള കൊതി റിച്ചാർഡ് ബ്രാൻസൺ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും വർഷാവസാനമേ അത് സാധ്യമാകൂ എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.

ആമസോൺ സിഇഒ സ്ഥാനം രാജിവച്ച്  ഏകദേശം രണ്ടാഴ്ച കഴിഞ്ഞായിരിക്കും ബെസോസ് ബഹിരാകാശത്തേക്ക് പറക്കുക. അഞ്ചാം വയസ്സുമുതൽ ബഹിരാകാശയാത്ര നടത്തണമെന്ന മോഹം ഉള്ളിൽ കൊണ്ടു നടക്കുകയാണെന്ന്  അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

ലേലത്തിലൂടെ ലഭിച്ച  തുക, ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ഫൗണ്ടേഷനായ  ക്ലബ് ഫോർ ദി ഫ്യൂച്ചറിന് സംഭാവന ചെയ്യും. STEM കരിയർ പിന്തുടരാൻ വരും  തലമുറകളെ പ്രചോദിപ്പിക്കുകയും  ബഹിരാകാശത്ത് ഭാവിയിൽ  ജീവിതം സാധ്യമാകുമോ എന്ന്  കണ്ടുപിടിക്കാൻ  സഹായിക്കുകയുമാണ് ഈ മിഷൻ കൊണ്ട് ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക