America

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

Published

on

അമ്മൂമ്മത്തള്ളേടെ കൂടെ കേറിവന്ന റെയ്ഹാനെ സുശീലൻ സാർ  സൂക്ഷിച്ചു നോക്കി.

അവന്റെ മുഖഭാവം അത്ര വ്യക്തമല്ല..

"ഈ മുടിഞ്ഞവനെ ഇവിടെങ്ങാനും നിർത്താൻ വല്ല മാർഗ്ഗവും ഉണ്ടോ, സാറേ.. വീട്ടിലങ്ങു വല്യ ശല്യവാ.."

"വീട്ടിലെ ശല്യങ്ങളെയൊക്കെ വച്ചുപൊറുപ്പിക്കുന്നത് സ്കൂളിലാണോ" ന്ന അർത്ഥത്തിൽ ഒരു നീട്ടിമൂളൽ..

"വല്ല ജുവനൈല്‍ ഹോമിലും കൊണ്ടു നിർത്ത്. ഇവനെയൊന്നും മറ്റെങ്ങും നിർത്താൻ പറ്റില്ല.." ഉഗ്രശാസനം.

"ഇവനെയൊന്ന് നന്നാക്കിത്തരണം സാറേ," അവന്റെ തലക്ക് ഒരുഗ്രൻ കിഴുക്കുകൊടുത്തു, അവർ.

"തന്തക്കും,തള്ളക്കും പോലും വേണ്ടാത്ത സാധനമാ''.

സ്‌കൂളിൽ, ഒമ്പത് മണിക്ക് മുൻപേ എത്തുന്ന റെയ്ഹാൻ. പത്ത് മണിക്കു മുന്നേ എന്തേലും പ്രശ്നം ഒപ്പിക്കും.

"റെയ്ഹാൻ, ഇനിയും ഇങ്ങനെ മറ്റുള്ള കുട്ടികളെ ചീത്ത വിളിക്കാൻ തുടങ്ങിയാൽ ടി. സി. തന്നു പറഞ്ഞു വിടും."

കോരിച്ചൊരിയുന്ന മഴ നനഞ്ഞു നിന്നാണ് ചീത്തവിളി കേട്ടത്.

കുനിഞ്ഞു നിൽക്കുകയാണ്.

"നീയെന്താ മുഖം ഉയർത്തില്ലേ.. മുഖത്തു നോക്കാത്തത് കള്ളലക്ഷണം ആണ്. ഉം, കൈ നീട്ട് ''

തല ഉയർത്താതെ തന്നെ അവൻ കൈനീട്ടി. വെളുത്തു ചുമന്ന കൈകളിലേക്ക് എച്ച്.എം. സുശീലൻ സാർ
ആഞ്ഞു തന്നെ കൊടുത്തു... ''ആഞ്ഞടിയൻ ദുശ്ശീലൻ" ന്ന വട്ടപ്പേര്‌ അന്വർത്ഥമാക്കണമല്ലോ...

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്..

നാക്ക്‌ കടിച്ചു പിടിച്ച് , ചുണ്ട് മുറുക്കി, കണ്ണടച്ച് അവൻ നിന്നു.

"നിനക്കെന്താടാ നോവത്തുമില്ലേ..?"

സുശീലൻ അമറി. പിന്നേം വടിയുയർത്തി..

"എന്റെ സാറേ.. പണ്ടത്തെ കാലമൊന്നുമല്ലേ.. വല്ലോരും വീഡിയോ പിടിച്ച് വാട്‌സ് ആപ്പ് വൈറൽ ആക്കുവേ.."

ഓഫീസ് അസിസ്റ്റന്റ് രാമൻപിള്ള വിളിച്ചു പറഞ്ഞു.

അഞ്ചടി കൊടുക്കുന്നതുവരെ മിണ്ടിയില്ല, അയാൾ.  റെയ്ഹാൻ, രാമൻപിള്ളേടേം ശത്രുവാണല്ലോ.

ശ്രീവിദ്യയെ പിടിച്ച് ഉമ്മ കൊടുത്തതിന്,  ചെക്കൻ പടം ഒട്ടിച്ചതല്ലേ മതിലിൽ.  ശ്രീവിദ്യാന്ന് ഓർത്തപ്പോഴേ
ഒരു കിരുകിരിപ്പ് ഉള്ളീന്ന് മേലോട്ട് കേറീത് പോലെ. ഉഗ്രൻ ചരക്കല്ലേ.

ഭർത്താവ് ബാബുക്കുട്ടന് കേറിമേയാൻ ഒക്കാത്തതിന്റെ  മൊത്തോം 'ഗില്ല്യാസും' ഉണ്ട് ശ്രീവിദ്യക്ക്..
മൊത്തോം കുലുക്കിയുള്ള നടത്തയും, ഒരു ചുണ്ടു കടീം..

ശ്രീവിദ്യ പാർട്ട് ടൈം സ്വീപ്പറാണ്.. എല്ലാരുടേം ഒരു നോട്ടം അവളിലുണ്ട്.. അവളുടെ കഷ്ടപ്പാടിൽ വല്ലാത്തൊരു നൊമ്പരം സുശീലൻ സാറിനുൾപ്പടെ എല്ലാ  സാറന്മാർക്കും ഉണ്ട് എന്നത് സത്യം.
എന്നാലും രാമൻ പിള്ളേടെ സ്വന്തം ആണെന്നാണ് പൊതുവെയുള്ള വയ്പ്പ്.. പെറ്റിട്ടില്ല.. അതോണ്ട് തന്നെ ഒരുടവും വന്നിട്ടില്ല ശരീരത്തിന്..

"എത്ര അടിച്ചാലെന്താ.. ഒരു തുള്ളിക്കണ്ണീർ വരത്തില്ലല്ലോ ചെറുക്കന്റെ കണ്ണീന്ന്..'' ആഞ്ഞടിയൻ ദുശ്ശീലൻ പരാജയം സമ്മതിച്ചുപിൻവാങ്ങി.

ഇന്റർവെൽ ബെല്ലടിക്കുന്നതു വരെ ഓഫീസു റൂമിനകത്ത് നിർത്തി.

ഇന്റർവെൽ സമയം. പുറത്തേക്കിറങ്ങി.

"എടാ നമ്മുടെ അടികൊള്ളൻ" നാലു വശത്ത് നിന്നും പൊട്ടിച്ചിരികൾ.

"നമുക്ക് ഒന്നൂടെ ഇവനെ ആ ദുശ്ശീലന്റെ കൈയിൽ കൊടുപ്പിക്കാം, വാ" അഭിജിത്തും കൂട്ടരും രണ്ടും കല്പിച്ചാണ്.

"ഡാ.. എങ്ങനുണ്ടാരുന്നു അടി.. നാണമില്ലേടാ, ഇങ്ങനെ വാങ്ങിച്ചു കൂട്ടാൻ..നീ എന്തുവാ പറഞ്ഞേ, എന്റെ ചെവിക്കന്നം അടിച്ചു പൊട്ടിക്കുമെന്നോ, വാടാ.."

റെയ്ഹാൻ, കേൾക്കാത്ത ഭാവത്തിൽ മുന്നോട്ടുനടന്നു.. അഭിജിത്തിന്റെ ഉദ്ദേശ്യം അവന് നന്നായിട്ട് മനസ്സിലായി.

"എന്താടാ, ചെവികേൾക്കില്ലേ.. ഉശിര് എവിടെപ്പോയി. പിന്നേ, നിന്റെ ഉമ്മച്ചി പുതിയവനേം കൂട്ടി, പോയെന്ന് കേട്ടല്ലോ. ശരിയാണോടാ. ഇത്തിരി കൂടുതലാണല്ലോ, നിന്റെ തള്ളക്ക്..."

"ഡാ മയി.....'' ഉഗ്രൻ ചീത്ത വിളിയോടെ റെയ്ഹാൻ അവന്റെ മേലോട്ട് ചാടിവീണു. കാലുതെറ്റി താഴെവീണ അവന്റെ മുകളിലേക്ക് കേറിയിരുന്നു തലങ്ങും വിലങ്ങും കൊടുത്തു.

അപ്പുറത്തു കിടന്ന കട്ടയെടുത്ത് തലക്ക് ആഞ്ഞൊരടി കൊടുത്തു..

ഓടിയെത്തിയ സുശീലനും അദ്ധ്യാപകരും റെയ്ഹാനെ വലിച്ചു മാറ്റി.. അഭിജിത്തിന്റെ തലപൊട്ടി രക്തം കുടുകുടെ ഒഴുകുകയാണ്.

"ഇവൻ പിന്നേം തുടങ്ങിയല്ലോ.." നല്ലൊരു കിഴുക്ക് തലക്കിട്ടു കൊടുത്തു.

പുലിയെപ്പോലെ റെയ്ഹാൻ തിരിഞ്ഞു.. "ഇനീന്നെ തൊട്ടാ കൊല്ലും നിങ്ങളെ.." അവൻ കൈ ചൂണ്ടിക്കൊണ്ട് അലറി..
ആ അലർച്ചയിൽ വല്ലാതെ പകച്ച്, സുശീലൻ പുറകോട്ടുമാറി.

അഭിജിത്തിന്റെ തല പൊട്ടിച്ച കട്ട അവൻ കുനിഞ്ഞെടുത്തു. രൗദ്രഭാവത്തിലവന്‍ നാലു വശവും നോക്കി.

തന്റെ ദേഹത്തേക്ക് ആ കട്ട വന്നു വീഴുംന്ന് കരുതി രാമൻപിള്ള, ശ്രീവിദ്യടെ പിറകിലേക്ക് ഒളിച്ചു.
സുശീലൻ സാർ ഒന്നുമയപ്പെട്ടു.

"എടാ ആ കല്ല് താഴെ ഇടെടാ.... പോലീസു പിടിച്ചോണ്ടു പോകുമേ.." ആരൊക്കെയോ വിളിച്ചു പറഞ്ഞു.

അവൻ സംഹാര രുദ്രനെപോലെ, തീ പാറുന്ന കണ്ണുകളുമായി എല്ലാരേയും മാറിമാറി നോക്കി..
എന്നിട്ട് പതുക്കെ തിരിഞ്ഞുനടന്നു.

അവൻ വീട്ടിലെത്തി. മുറ്റത്ത് മുളക് ഉണക്കുവാരുന്ന നബീസു മുഖമുയർത്തി. 

'തമ്പുരാൻ നേരത്തെ എത്തിയല്ലോ.. എന്തു കുരുക്ക് ഒപ്പിച്ചു വച്ചിട്ടാടാ എഴുന്നെള്ളിയത്.."
വലിയൊരു ചീത്തയാരുന്നു അടുത്ത വാക്ക്.. വായീന്ന് തെറിച്ചു വീണ വെറ്റിലക്കറ, അവർ മുണ്ടിന്റെ കോന്തലയിൽ തുടച്ചു.

ഒന്നും മിണ്ടാതെ അവൻ അകത്ത് കയറി.വല്ലാതെ വിശക്കുന്നുണ്ട്. ഉച്ചക്ക് സ്‌കൂളിൽ നിന്നും കഴിക്കുന്നതാ..
ചൂട് ചോറും, കറിയും കിട്ടും. ഇന്നൊന്നും കഴിച്ചില്ല.

കലത്തിനടിയിൽ കുറച്ചു ചോറ്. അരച്ചു വച്ചിരിക്കുന്ന ഉപ്പും, മുളകും. തുറന്നു വച്ചിരിക്കുകയാണ്..
ഈച്ച പറ്റിപ്പിടിച്ച വക്ക് അവൻ കൈകൊണ്ട് പതുക്കെ തുടച്ചു.

ഒരു പിഞ്ഞാണ്‍ പാത്രം എടുത്തുവച്ചിട്ട് അവൻ ചോറു മുഴുവൻ അങ്ങോട്ടേക്കിട്ടു. ഇത്തിരി വെള്ളം ഒഴിച്ചു.
ഉപ്പും, മുളകും അതിലേക്ക് തട്ടിയിട്ടു. കത്തിക്കാളുന്ന വിശപ്പ്. രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ലല്ലോ..

ഇട്ടു പുരട്ടീട്ട് അവൻ വാരിക്കഴിക്കാനാഞ്ഞു...

"എല്ലാം കൂടിതന്നെ അങ്ങു മോന്തെടാ.. സ്കൂളീന്ന് തിന്നതല്ലിയോ. ജോലിചെയ്തു ക്ഷീണിക്കുമ്പം ഇത്തിരി തിന്നാനായി വച്ചത് മൊത്തോം മോന്തണം.
തള്ളക്കും, തന്തക്കും വേണ്ടാത്തതിനെ ഒക്കെ എന്റെ തലേലോട്ട് കെട്ടിവച്ചല്ലോ..ബദരീങ്ങളേ..
മുടിഞ്ഞു പോത്തേയുള്ളൂ എരണം കെട്ടവൻ.."

വായിലോട്ട് കൊണ്ടു പോയത് ഒറ്റയേറുവച്ചു കൊടുത്തു. ഭിത്തിയിൽ തട്ടി പാത്രം പതിനാറു കഷ്ണമായി.
വെള്ളോം, ചോറും ചിതറിത്തെറിച്ചു..
പൊട്ടിയ ഒരു ചീള് ഉയർന്നു പൊങ്ങി, കറക്റ്റ് നെബീസുത്തള്ളേടെ ഇടത്തേക്കണ്ണിന് തൊട്ടുതാഴെ കൊണ്ടു കീറി..

"യ്യോ ഈ  കാലനെന്നെ കൊല്ലുന്നേ" ന്ന് വല്യവായിൽ നെലവിളിച്ചു, തള്ള.

"ഇജ്ജിവിടെ ന്നെ കൊലക്ക് കൊടുക്കാതെ എവിടേലും പോയി തുലയുന്നുണ്ടോ...ശെയ്‌ത്താനെ"

പ്രാക്ക് ങ്ങനെ പൊടിപൊടിക്കാണ്. 

റെയ്ഹാൻ എണീറ്റ് പുറത്തേക്ക് നടന്നു. വിശപ്പൊക്കെ ങ്ങനൊക്കെയോ ഇല്ലാണ്ടായ പോലെ. മുറ്റത്ത് തൂക്കിയിട്ടിരിക്കുന്ന കൂട്ടിൽ നിന്നും മൈമൂന വിളിച്ചു..

"റെയ്ഹാൻ..യ്ഹാൻ" അവൻ നിസ്സംഗനായി അവളെ നോക്കി.

കുഞ്ഞായപ്പോ കിട്ടീതാണ് മൈമൂനയെ, ആ പൊത്തീന്ന്.. ചിറക് പാകപ്പെടുന്നതേയുള്ളൂ.. ഉമ്മിച്ചി കയ്യീക്കൊണ്ടുത്തന്നു..

"മോനേ.. നിനക്ക് കൂട്ടാവട്ടെ.." പറയുമ്പോ ആയിഷ ഉമ്മിച്ചീടെ കണ്ണീന്നു നിറയെ വെള്ളം വരുവാരുന്നു..
ആ തത്തേനെ ചേർത്തുപിടിച്ചു, റെയ്ഹാൻ.

"നായിന്റെ മോനേം കൊഞ്ചിച്ചോണ്ടിരുന്നോ.. നിന്റെ മൊഞ്ചു കണ്ടോണ്ടാ കെട്ടിയെടുത്തേന്ന് കരുതണ്ട..
ആണുങ്ങടെ വാക്കിനെ ധിക്കരിച്ചോണ്ട് നടക്കുന്ന ഒരുമ്പെട്ടോള്"

മുക്രഷാജി അമറി അപ്പോ.

ഷാജഹാന്റെ വട്ടപ്പേരാണ്, മുക്രഷാജി. മുക്രഷാജി ഷാപ്പില് ജോലിക്ക് വന്നതാണ്. നബീസൂന്റെ പറമ്പിന്റെ വടക്കു വശത്താണ്, ഷാപ്പ്.

അന്തിക്കള്ളും, ഞണ്ടിൻ കാലും, കപ്പക്കറീം കൊടുത്തിട്ട് നബീസൂനെ പാട്ടിലാക്കി, ഷാജി. നോട്ടം മുഴുവൻ മാലാഖയെ പോലുള്ള ആയിഷൂനെ ആണെന്ന്  അറിയാഞ്ഞത് നബീസു മാത്രമാണ്. അല്ലേൽ അന്തിക്കള്ളിന്റെ ലഹരീൽ നബീസു അതങ്ങു മറന്നു.

"വടക്കേപ്പുറം ഷാപ്പിലെ തെങ്ങിൻ കള്ളും, പനങ്കള്ളും
പിന്നെ അന്തിക്കള്ളും,
മുന്തിരിക്കള്ളും
മോന്താൻ വാ,
മാളോരേ...
പമ്മിപ്പമ്മി ഷാപ്പീ കേറെടീ ഒരുമ്പെട്ടോളേ"

നബീസു ഉറക്കെയുറക്കെ പാടും.
അപ്പോ അടുത്തിരുന്ന് ഞണ്ടിൻ കാല് പൊട്ടിച്ചു കൊടുക്കും, ഷാജി. മൊന്തയോടെ കള്ള് മോന്തും, നബീസു.

അകത്ത്, മുട്ടിയാൽ താഴെ വീഴുന്ന പൂട്ട് ബലമായിപിടിച്ചുകൊണ്ട് ആയിഷ അനങ്ങാതിരിക്കും..

ചോരക്കണ്ണിന്റെ ഭ്രാന്തൻ നോട്ടം തന്റെ മുലേലും, ചന്തീലും ആർത്തിയോടെ വീഴുമ്പോ, അയാളറിയാതെ ആ മുക്രശബ്ദം പുറത്തുവരുമ്പോ, ആയിഷ പേടിയോടെ കണ്ണും ചെവീം പൊത്തും.

അന്ന് കള്ളുപാട്ടും പാടി, മൂന്നു മൊന്ത കള്ളും മോന്തി, ഉടുതുണീം പറിച്ചെറിഞ്ഞ് മുക്രഷാജീടെ മോളോട്ട് വലിഞ്ഞു കേറിയ ആ രാത്രീല് തന്നെ നബീസുവിന്‍റെ എല്ലാം  മുക്രഷാജീടെ സ്വന്തമായി.

പിന്നെ മുക്രഷാജിയില്ലാതെ ഒരു രാത്രി പോലും നബീസൂന് പിടിച്ചു നിൽക്കാൻ കഴിയാതെയായപ്പോ ,
നടത്തിയ കൈമാറ്റമാണ് ആയിഷ..

"ഡീ മുടിഞ്ഞോളേ , നിനക്കെന്താ ഷാജി മോനെപ്പോലെ ആണൊരുത്തനെ പിടിക്കുന്നില്ലേ.." ന്ന പ്രസ്താവനയോടെ അവളെ നേർച്ചക്കോഴിയാക്കി മുക്രഷാജിക്ക് സമർപ്പിച്ചു.

അങ്ങനെ ഉണ്ടായതാണ് റെയ്ഹാൻ.

തന്റെ മുൻപിൽവച്ച് ഉമ്മുമ്മിയും, ഉമ്മിച്ചയും മുക്രഷാജിക്കുവേണ്ടി ഒരുമിച്ച് തുണിയഴിക്കുന്നത്
കണ്ട്, റെയ്ഹാൻ പലപ്പോഴും അമ്പരന്നു.....പിന്നീടത് ഒരു മരവിപ്പായി മാറി.

മുക്രഷാജീന്നും, പ്രാകിത്തള്ളാന്നും അവനും വിളിച്ചു തുടങ്ങിയപ്പോഴേക്കും ഷാപ്പുകാരൻ വറീതിന്റെ, പോത്തിനെ വെട്ടുന്ന കത്താളിന് ഇരയായി മുക്രഷാജി..

വറീതിന്റെ അറസ്റ്റും, ഷാപ്പിന്റെ പൊളിച്ചടുക്കലും എല്ലാം പെട്ടെന്നായിരുന്നു.

നബീസു വല്യ വായിലേ നെലവിളിച്ചു.. ഷാജീടെ ഗുണഗണങ്ങൾ പറഞ്ഞുപറഞ്ഞു കരഞ്ഞു..

കരയാത്ത ആയിഷൂനെ നോക്കി പ്രാകി. ഇവള് കൊണം പിടിക്കില്ലാന്ന് പറഞ്ഞു..

അപ്പോ റെയ്ഹാനെ മുറുകെപ്പിടിച്ച് അവൾ പതുക്കെ പറഞ്ഞത് അവന്റെ ചെവീൽ പതിച്ചു.
"കാലൻ ചത്തത് നന്നായി..നന്നായി"

കള്ള് കിട്ടാത്തത് നബീസൂനെ ഭ്രാന്തിയാക്കിന്ന് ആയിഷൂന് തോന്നിത്തുടങ്ങിയിരുന്നു. പാതിരാവിൽ നബീസൂന്റെ മുറിയിലെ കട്ടിലിന്റെ ഞരക്കവും, അടക്കിപ്പിടിച്ച ശബ്ദവും അവളുടെ ഉറക്കം കെടുത്താൻ തുടങ്ങി.
രാത്രീല് ഒന്നുരണ്ടു പ്രാവശ്യം കതകിൽ കൊട്ടു വന്നപ്പോ, റെയ്ഹാനെ അവൾ അമർത്തി ചേര്‍ത്തുപിടിച്ചു. പിറ്റേന്ന്, തലയണക്കടിയിൽ അടുക്കളേലെ മൂർച്ചയുള്ള ഇരുമ്പുകത്തി കൊണ്ടുവന്നുവച്ചത് റെയ്ഹാനാണ്.
അന്ന് ആ എട്ടു വയസ്സുകാരനെ കെട്ടിപ്പിടിച്ച് അവൾ ഒത്തിരി കരഞ്ഞു.

പിന്നെ തേങ്ങ ഇടാൻ വന്ന സുകേശന്റെ കൂടെ ഇറങ്ങിപ്പോകുന്നതിന്റെ  രാത്രീല് റെയ്ഹാനെ കെട്ടിപ്പിടിച്ച് അവൾ പിന്നേം കരഞ്ഞു..

"ഉമ്മിച്ചീട് പൊറുക്കണേ മോനേന്ന്.." ഉറങ്ങിക്കിടന്ന അവന്റെ കാലേപിടിച്ച് അവൾ കെഞ്ചി.

ഒക്കെ റെയ്ഹാൻ അറിഞ്ഞിരുന്നൂന്ന് മാത്രം അവൾ കരുതിക്കാണില്ല.

"നിന്നെ പൊന്നേ പോലെ നോക്കാം. മറ്റൊരുത്തന്റെ സന്തതിയെ പോറ്റാൻ വയ്യ" ന്ന് സുകേശൻ അവളെ കെട്ടിപ്പിടിച്ച് പറഞ്ഞതും , ഉമ്മിച്ചി അവനുവേണ്ടി കെഞ്ചിയതും ഒക്കെ അവൻ കേട്ടത് അവൾക്കറിയില്ലല്ലോ..

ഉമ്മിച്ചിയെങ്കിലും രക്ഷപെടട്ടേന്ന് കരുതി അവൻ. അല്ലേൽ ആരേലുമൊക്കെ വാക്കത്തിക്ക് ഇരയാകുംന്ന് അവനുറപ്പുണ്ടാരുന്നു..

ആ ഉമ്മിച്ചിയെയാണ് അഭിജിത്ത് വേണ്ടാതീനം പറഞ്ഞത്.

ഒട്ടും കുറ്റബോധം തോന്നീല്ല. "കൊല്ലേണ്ടതാരുന്നു നായിന്റെ മോനെ. ല്ലേ മൈമൂന..''

"കൊല്ലണ്ട.. കൊല്ലണ്ട.."അവൾ പറഞ്ഞു.

"ഉം" അവൻ മൂളി.

പെട്ടെന്നായിരുന്നു രണ്ടു വല്യവണ്ടി നിറയെ ആളുകൾ വീടിന്റെ മുന്നിലേക്കെത്തീത്..

"ഹിന്ദുക്കളെ തൊടാറായോടാ പരിഷകളെ...ആ കൈ വെട്ടിയെടുക്ക്" റെയ്ഹാൻ ഞെട്ടിത്തരിച്ചു..

മൈമൂന കൂട്ടിനു നാലുവശവും കുതറിപ്പറക്കാൻ തുടങ്ങി. അവൻ പേടിച്ച്‌ പിന്നാമ്പുറത്തേക്കോടി.. 
പുറകിന് ആള്‍ക്കാരും..


"ശെയ്‌ത്താന്മാരേ,  തൊട്ടു പോവരുത് അവനെ" വടിവാളുമായി പ്രാഞ്ചിക്കൊണ്ട് നബീസുവും.

"മോനേ ഓടിക്കോടാ..." എങ്ങോട്ടോ ഓടുന്നതിനിടയിൽ നബീസൂന്റെ ദുർബ്ബല ശബ്ദം നേർത്ത് കേട്ടു

"യ്യോ..." അലറിക്കരച്ചിൽ

"ഉമ്മുമ്മീ..." അവനാദ്യമായി ഉറക്കെ വിളിച്ചു..

പറമ്പിന്റെ അരികിൽ എന്നോ വെട്ടിയിട്ടിരുന്ന ആ പൊട്ടക്കിണറ്റിലേക്ക്..

"പോവാ ഉമ്മിച്ചീ.. ആർക്കും വേണ്ടാത്തോനെ ഈ ഭൂമീലും വേണ്ടാ.." ആഴത്തിലേക്ക് ഒരു
ഒരു അപ്പൂപ്പൻതാടിപോലെ..

അപ്പോ മൈമൂനയുടെ  വെട്ടിമാറ്റപ്പെട്ട തല അവസാനമായി പതുക്കെ വിളിച്ചു...

"റെയ്ഹാനെ... യ്ഹാനെ"

ആ വിളിയോടൊപ്പം , പിഞ്ചു കുഞ്ഞുങ്ങളെ പോലും   വേട്ടയാടുന്ന വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള  കാലപുരുഷന്റെ നെഞ്ചുപിടയലിന്റെ ശബ്ദവും ഉയർന്നു കേൾക്കാമായിരുന്നു.

-------------------------

സ്വപ്ന. എസ്. കുഴിതടത്തിൽ 

ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപിക. മുഖപുസ്തകത്തിലും മറ്റ് ആനുകാലികങ്ങളിലും ചെറുകഥകൾ പ്രസിദ്ധീകരിക്കുന്നു.

ഇപ്പോൾ ചവറ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ (BRC) ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ (BPC) ആയി സേവനം അനുഷ്ടിച്ചു വരുന്നു. 

കുഴിതടത്തിൽ ഗോപാലകൃഷ്ണൻ നായർ എന്ന സാഹിത്യകാരന്റെ മകളായി ജനിക്കാൻ കഴിഞ്ഞു എന്നതാണ് എഴുത്തിന്റെ ലോകത്തിലേക്ക് എത്തിപ്പെടാൻ കാരണംന്ന് അഭിമാനത്തോടെ സ്മരിക്കുന്നു.

Facebook Comments

Comments

  1. Unnikrishnan Peramana

    2021-06-21 11:58:44

    Beautiful presentation.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

View More