Image

രാജസ്ഥാനില്‍ സച്ചിന്‍ വീണ്ടും ഇടയുന്നു

ജോബിന്‍സ് തോമസ് Published on 14 June, 2021
രാജസ്ഥാനില്‍ സച്ചിന്‍ വീണ്ടും ഇടയുന്നു
രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. കഴിഞ്ഞ തവണ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ ഇടഞ്ഞ വിഭാഗത്തെ അനുനയിപ്പിക്കാനായി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്.

ഒരു വര്‍ഷക്കാലമായിട്ടും തനിക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നാണ് സച്ചിന്റെ പ്രധാനപരാതി. കഴിഞ്ഞ തവണ സച്ചിനുമായി ചര്‍ച്ചകള്‍ നടത്തിയ പ്രിയങ്കാഗാന്ധിയെ തന്നെ വീണ്ടും അനുനയങ്ങള്‍ക്കായി രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇപ്പോള്‍ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലാണുള്ളത്. പ്രിയങ്കഗാന്ധി ഹിമാചല്‍ പ്രദേശിലാണ്. പ്രിയങ്ക ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ സച്ചിന്‍ പൈലറ്റുമായി ചര്‍ച്ചകള്‍ നടത്തും. 

മുഖ്യമന്ത്രി അശോക് ഗെലോട്ട് തനിക്കൊപ്പം നില്‍ക്കുന്ന എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നതുമാണ് സച്ചിന്റെ പ്രധാനപരാതി. നിലവില്‍ രാജസ്ഥാന്‍ മന്ത്രിസഭയില്‍ ഒമ്പത് ഒഴിവുകളാണ് ഉള്ളത് ഇതില്‍ ഏഴ് സ്ഥാനങ്ങളും പാര്‍ട്ടിയിലെ വിവിധ പദവികളും തനിക്കൊപ്പമുള്ളവര്‍ക്ക് നല്‍കണമെന്നാണ് സച്ചിന്‍ പൈലറ്റിന്‍െ ആഗ്രഹം. എന്നാല്‍ അശോക് ഗെലോട്ട് ഇത് അംഗീകരിക്കാന്‍ തയ്യാറല്ല ഇതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. 

തന്റെ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രിയങ്കയെ അറിയിക്കാനാണ് സച്ചിന്‍ ഡല്‍ഹിയില്‍ തുടരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഗെലോട്ടിനെ സമ്മതിപ്പിക്കുക എന്നത് എളുപ്പമല്ല. കഴിഞ്ഞ തവണ സച്ചിനും കൂട്ടരും ഇടഞ്ഞപ്പോളും ഗെലോട്ട് ഇവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയിരുന്നില്ല. എന്നാല്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാം എന്ന പ്രിയങ്കയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു സച്ചിന്‍ അന്ന് തന്റെ നിലപാട് മയപ്പെടുത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക