Image

മാനസപുത്രി (കവിത: മാര്‍ഗരറ്റ് ജോസഫ് )

മാര്‍ഗരറ്റ് ജോസഫ് Published on 14 June, 2021
മാനസപുത്രി (കവിത: മാര്‍ഗരറ്റ് ജോസഫ് )
ഓര്‍മ്മകള്‍ കണ്ണീരണിഞ്ഞ്,
കണ്ണുകള്‍ തേടുന്നതാരെ?
പുഞ്ചിരിപ്പൂക്കള്‍ പൊഴിച്ച,
പെണ്‍മണീ, പോയെങ്ങൊളിച്ചു?
സൗഹൃദം രൂപമെടുത്ത-
സൗമ്യതേ, യെന്നിനിക്കാഞ്ചൂ?
ഭൂവിന്നിരുമേഖലയില്‍,
ജന്മമെടുത്തവര്‍ നമ്മള്‍;
ഭാഷയില്‍, വേഷത്തില്‍, വര്‍ണ്ണ-
വര്‍ഗ്ഗ, സംസ്‌ക്കാരത്തില്‍, ഭിന്നര്‍;
ആദ്യമായ് നാം കണ്ടുമുട്ടീ,
ദേവാലയാങ്കണം തന്നില്‍;
കാല്‍നടക്കാരിയായ് ഞാനും,
കാറിനുടമയായ് നീയും;
സുസ്മിതമെന്‍ നേര്‍ക്ക് നോക്കി,
'സുപ്രഭാതം' മന്ദമോതി;
എന്മമൊപ്പിയെടുത്ത,
നിന്മുഖചിത്രം മനോജ്ഞം,
പൂജയ്ക്കണഞ്ഞവരെല്ലാം,
പള്ളിക്കകം പൂകി, നീയും-
അള്‍ത്താരശുശ്രൂഷയ്ക്കായി,
കുമ്പിട്ടുടന്‍ ഭക്തിയോടെ;
മാടിവിളിക്കും മരങ്ങില്‍, എത്ര സമാഗമവേള,
യാത്ര പറഞ്ഞു, തുടര്‍ന്നു;
അന്യരന്യോന്യമറിഞ്ഞു,
ഉറ്റമിത്രങ്ങളുമായി;
രണ്ടു പതിറ്റാണ്ടു നീണ്ട,
ജീവിതയാത്രയ്ക്കിടയില്‍,
രണ്ടുമക്കള്‍ക്കമ്മ 'ലീമ',
മാനസപുത്രി,യെനിക്ക്.
മഞ്ഞിന്‍ പട്ടാടയുടുത്തീ-
മന്നിടം കോള്‍മയിര്‍ക്കൊള്‍കെ,
പക്ഷിയായ് പാറിപ്പറന്നെന്‍,
ജന്മനാടിന്‍ ചൂടിലേയ്ക്ക്...
വേനല്‍ വെളിച്ചത്തില്‍ വീണ്ടും,
നീഢത്തിലേയ്ക്ക് മടക്കം;
വര്‍ണ്ണപ്പുലരികള്‍ തോറും,
തൃപ്പദം തേടി നടത്തം;
ഹൃത്തടം നിന്നെത്തിരഞ്ഞു,
പ്രത്യാശയാര്‍ന്നദിനങ്ങള്‍;
ഉത്തമേ, നീയിന്നെവിടെ?
ഉത്തരം കിട്ടാത്ത ചോദ്യം;
സത്യമൊടിവിലറിഞ്ഞു,
നിത്യവെളിച്ചമായെന്ന്.....
സ്‌നേഹമരന്ദം പകര്‍ന്ന,
നൊമ്പരപ്പൂവേ, പ്രണാമം.
പുല്ലിലെ നീര്‍ത്തുള്ളിയില്‍ നിന്‍-
നക്ഷത്രക്കണ്ണിന്‍ തിളക്കം-,
തെന്നല്‍ത്തിരയിളക്കത്തില്‍,
'സുപ്രഭാതത്തിന്‍' മുഴക്കം.

Join WhatsApp News
Sudhir Panikkaveetil 2021-06-15 13:18:32
ഈ കവികൾ ഇന്ദ്രജാലക്കാരാണ്. അവർ വാക്കുകൾകൊണ്ട് നമ്മെ മയക്കുന്നു . ശ്രീമതി മാർഗററ് ജോസഫിന്റെ കവിതകൾ ആസ്വാദകരങ്ങളാണ്. മരിച്ചു എന്ന് കവി പറയുന്നില്ല "നിത്യവെളിച്ചമായത്രേ" . മരണം എന്ന് പറയുമ്പോൾ ഇരുട്ടിന്റെ പ്രതീതിയാണ് അങ്ങനെ സ്നേഹത്തിന്റെ മധു പകർന്ന മാനസപുത്രിക്ക് ഒരവസ്ഥ ചിന്തിക്കാൻ കഴിയില്ല. അവർ വെളിച്ചമായി, കെടാത്ത വെളിച്ചം. ആധുനിക കവിതയിലെ ബിംബങ്ങൾ നമുക്ക് സുഖം തരുന്നില്ല. ശ്രീമതി മാർഗരറ്റ് ജോസഫിന്റെ കവിതകൾക്ക് ഒരു പൂവിതൾ സ്പർശം ഉണ്ട്. അനുമോദനങ്ങൾ !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക