Image

ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Published on 14 June, 2021
ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്


തൃശ്ശൂര്‍: രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയ ട്രാക്ക്മാന്‍മാരെ പിന്നിലൂടെ എത്തിയ എന്‍ജിന്‍ ഇടിച്ചു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷ കുമാര്‍(40) ആണ് മരിച്ചത്. ഒല്ലൂര്‍ സ്വദേശി വിനീഷ് (33) ആണ് പരിക്കേറ്റ ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാത്രി 8.15 ഓടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കു ഭാഗത്താണ് അപകടം ഉണ്ടായത്. 

തിങ്കളാഴ്ച തുടങ്ങിയ  മണ്‍സൂണ്‍ കാല രാത്രി പട്രോളിങ് ഡ്യൂട്ടിയിലയായിരുന്നു ഹര്‍ഷനും വിനീഷും.  സ്റ്റേഷന്റെ തെക്കുഭാഗത്തെ മിഠായി ഗേറ്റ് മുതല്‍ പൂങ്കുന്നം സ്റ്റേഷന്‍ വരെയാണ് ഇവരുടെ ഡ്യൂട്ടി. മിഠായി ഗേറ്റില്‍ നിന്നും വടക്കോട്ട് വലതുവശത്തെ ട്രാക്കിലൂടെ ഇവര്‍ നടന്നു വരുമ്പോവാണ്  സ്റ്റേഷനില്‍ നിന്നും രാജധാനി എക്‌സ്പ്രസ് ഒല്ലൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത്. ഇതുകണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറിയപ്പോഴാണ് ഒല്ലൂര്‍ ഭാഗത്തു നിന്നും വന്ന എന്‍ജിന്‍ ഇടിച്ചത്. മഴയുള്ളതിനാല്‍ പിന്നിലൂടെ എന്‍ജിന്‍ വന്ന വിവരം അറിഞ്ഞില്ല. ഇടിച്ച എന്‍ജിന്‍ ഹോണ്‍ മുഴക്കിയയെങ്കിലും രാജധാനിയുടേതെന്ന് ഇരുവരും ധരിച്ചിരിക്കാനും സാധ്യതയുണ്ടെന്ന് കരുതുന്നു. രാജധാനിയുടെ വെളിച്ചത്തില്‍ പിന്നിലൂടെ വന്ന എന്‍ജിന്റെ വെളിച്ചം ഇരുവരുടേയും ശ്രദ്ധയില്‍ പെട്ടില്ലെന്നും ആര്‍.പി.എഫ്. കരുതുന്നു.

ഹര്‍ഷന്‍ ഇടതുവശത്തെ പാളത്തിന്റെ നടുക്കാണ് മരിച്ചു കിടന്നത്. വിനീഷ് രണ്ടു പാളങ്ങളുടേയും ഇടക്കുള്ള കുഴിയിലേക്ക് തെറിച്ചു വീണു. എന്‍ജിന്റെ ലോക്കോപൈലറ്റ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സ്റ്റേഷനില്‍ നിന്നും ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും മറ്റ് റെയില്‍വേ ജീവനക്കാരും ഓടിയെത്തിയതും പരിക്കേറ്റ വിനീഷിനെ ആശുപത്രിയിലാക്കിയതും. ഇടിയുടെ ആഘാതത്തില്‍ ഹര്‍ഷന്റെ ശരീരം ഛിന്നഭിന്നമായിരുന്നു. ട്രാക്ക് മാന്‍മാര്‍ക്ക് ഏതൊക്കെ തീവണ്ടികള്‍ എപ്പോഴൊക്കെ വരുന്നു എന്നറിയാന്‍ നിലവില്‍ സംവിധാനം ഇല്ല. തീവണ്ടി വരുന്നത് കണ്ട് ഒഴിഞ്ഞുമാറി ട്രാക്ക് ഡ്യൂട്ടി ചെയ്യുകയേ നിവൃത്തിയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക