Image

എത്രനാൾ വീട്ടിലിരിക്കണം (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര Published on 15 June, 2021
എത്രനാൾ വീട്ടിലിരിക്കണം (അനിൽ പെണ്ണുക്കര)

യാത്രകൾ ഇല്ലാത്ത, നിരത്തുകളിൽ തിരക്കുകൾ ഇല്ലാത്ത, മനുഷ്യരില്ലാത്ത, ആഘോഷങ്ങൾ ഇല്ലാത്ത ഈ ലോകം വലിയൊരു മടുപ്പാണ് നമുക്ക് സമ്മാനിക്കുന്നത്. എത്രനാൾ ഇങ്ങനെ മൂടിക്കെട്ടിയിരിക്കാനാണ് മനുഷ്യൻ. ജോലിയില്ലാതെ വരുമാനമില്ലാതെ വലിയൊരു ദുരന്തത്തിലേക്കാണ് നമ്മുടെ രാജ്യവും സംസ്ഥാനവും നീങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ചരിത്രത്തിലെത്തന്നെ ഏറ്റവും ഭീതി പടർത്തിയ ഒന്നായി മാറിയിരിക്കുന്നു.

കൂട്ടിലടച്ച കിളികളെപ്പോലെ മനുഷ്യർ എത്രകാലമിങ്ങനെ കഴിയും. ചെറുകിട വ്യവസായികളും കർഷകരുമെല്ലാം വലിയ പ്രതിസന്ധികളിലാണിപ്പോൾ. ദിവസവേതനക്കാരുടെ കാര്യവും ദിനം പ്രതി ദുരിതമായിക്കോണ്ടിരിക്കുന്നു. രോഗത്തേക്കാൾ വലിയ നഷ്ട്ങ്ങളാണ് ലോക് ഡൗൺ സൃഷ്ടിക്കുന്നത്. ഏകാന്തത ബാധിച്ച പല മനുഷ്യരും മാനസികമായ സമ്മർദ്ദങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.

സാമൂഹ്യജീവിയാണ് മനുഷ്യൻ. സദാ മനുഷ്യരുമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നവർ. ആ മനുഷ്യരെയാണിവിടെ അടച്ചിട്ടിരിക്കുന്നതെന്ന് ഓർമ്മവേണം. ഓർമ്മകളിലെ നല്ല നിമിഷങ്ങളെ ഊതിയിരുക്കിയാണ് അടച്ചിട്ട കൂടുകളിൽ ഇക്കാണുന്ന മനുഷ്യരോക്കെ ജീവിക്കുന്നത്. അത്യാവശ്യങ്ങൾക്ക് വീടുവിട്ടിറങ്ങുമ്പോൾ നൂറ് പേരെ ബോധിപ്പിക്കേണ്ട.. പട്ടാളഭരണം നിലനിൽക്കുന്ന രാജ്യങ്ങളെപ്പോലെയായോ നമ്മുടെ നാടുമെന്ന് ഒരു നിമിഷം തോന്നിപ്പോയെക്കാം.

മനുഷ്യനെ എവിടെയും അധികകാലം പൂട്ടിവയ്ക്കാനാവില്ല. ഓരോ ദുരന്തവും ഒന്നിച്ചു നിന്ന് അകറ്റിയത് പോലെ ഈ ദുരന്തത്തെയും നമ്മൾ നേരിടുമെന്ന് കരുതാം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിൽ പറയുന്നത് പോലെ.

'കൂലിവേല ചെയ്ത്‌ ജീവിക്കുന്നവര്‍, ദിവസവേതനക്കാര്‍, കച്ചുവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ് '

നിലവിലെ നിയമങ്ങളിൽ ചെറിയ ഇളവുകൾ നൽകിയാലല്ലാതെ ഇനിയൊരിക്കലും മതിലുകളോട് മിണ്ടിയും പറഞ്ഞും വറുതിയിൽ മനുഷ്യനിങ്ങനെ ജീവിക്കാനാവില്ല. എല്ലാം മാറും എന്ന ഒരൊറ്റ പ്രതീക്ഷ മാത്രമാണ് ഇപ്പോഴും ബാക്കിയുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക