Image

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

Published on 15 June, 2021
നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)
ഇന്നലെയും കുട്ടിയമ്മയെ സ്വപ്നംകണ്ടു. പാൽനിറമുള്ള ചെറിയ പല്ലുകൾകാട്ടിയുള്ള ചിരിയില്ലാതായിട്ട് പതിനഞ്ചുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു! എന്നിട്ടുമെന്റെ സ്വപ്നങ്ങളെ ആ ചിരിച്ചന്തം വിടാതെ പിന്തുടരുന്നു.

ഇന്നലത്തെ സ്വപ്നത്തിൽ ശംഖുപുഷ്പത്തിന്റെ തൈ ആവശ്യപ്പെട്ടാണ് കുട്ടിയമ്മയെത്തിയത്.   " കുട്ടിയമ്മയ്ക്കറിയില്ലേ എനിക്ക് ശംഖുപുഷ്പങ്ങൾ ഇഷ്ടമല്ലാ. അതുകൊണ്ടെന്റെ വീട്ടിൽ ഞാനത്‌ വളർത്താറേയില്ലാ " സ്വപ്നത്തിൽ ഞാൻ പറയുന്നുണ്ടായിരുന്നു.
" എന്നിട്ടാണോ നിന്റെ റോസാച്ചെടിയോടൊപ്പം നീലശംഖുപുഷ്പം വിടർന്നുനിൽക്കുന്നത് ?" കുട്ടിയമ്മയുടെ ചോദ്യത്തിൽ ഞാനുണർന്നു.
         
നേരം വെളുക്കാറായി, ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല. എഴുന്നേറ്റ്, ഒരു ചായയുമിട്ട്, അതുമായി ഞാൻ വരാന്തയിലേക്കിറങ്ങി. ആ സ്വപ്നത്തിന്റെ ശേഷിപ്പുകൾ മനസിനെ മഥിച്ചുകൊണ്ടേയിരുന്നു .... ഞാൻ എന്റെ റോസാച്ചെടിയെ നോക്കി ,
കുട്ടിയമ്മ പറഞ്ഞത് ശരിയാണ്, ആ ചെടിച്ചട്ടിയിൽ ഒരു ശംഖുപുഷ്പം വിടർന്നുനിൽക്കുന്നു!! ഇന്നലെവരെ ഇങ്ങനെയൊരു ചെടി അതിലുള്ളതായി ഞാൻ കണ്ടിട്ടേയുണ്ടായിരുന്നില്ല. നെഞ്ചിലൊരു തേങ്ങൽ വന്നുതടഞ്ഞു.

അമ്മയുടെ അകന്നബന്ധുവായിരുന്ന കുട്ടിയമ്മ, ഞങ്ങളുടെ തൊട്ടയല്പക്കത്തായിരുന്നു താമസം. മക്കളൊക്കെ വിദേശത്തായിരുന്ന കുട്ടിയമ്മ ഒറ്റയ്ക്കായിരുന്നതുകൊണ്ട്, എന്നും കൂട്ടുകിടക്കാൻ പോകുന്നത് ഞാനായിരുന്നു.

ആ വീട്ടിലേക്ക് കയറുന്ന പടിക്കെട്ടുകൾക്കിരുവശവും ശംഖുപുഷ്പച്ചെടി കാടുപോലെ പടർന്നുകിടന്നിരുന്നു. ഒരു ദിവസം ആ പടിക്കെട്ടുകളിലൂടെയിഴഞ്ഞ്, ശംഖുപുഷ്‌പക്കാട്ടിലേക്ക് കയറിപ്പോകുന്ന ഒരുപാമ്പിനെ കണ്ടതോടെ ആ വഴി പോകാൻ ഞാൻ ഭയപ്പെട്ടുതുടങ്ങി.
" നമുക്കീ ചെടിയൊക്കെ പിഴുതുകളഞ്ഞിവിടമൊക്കെ വൃത്തിയാക്കാം കുട്ടിയമ്മേ! അല്ലെങ്കിൽ പാമ്പ് വരും " ഞാൻ കുട്ടിയമ്മയോട് പേടിയോടെ പറഞ്ഞു.

"പാമ്പ് ഭഗവാന്റെയാ ദേവിക്കൊച്ചേ ! അതാ കാവിലേക്ക് പോകുന്നവഴിയാകും നീ കണ്ടത്‌.
നീയതിനെ ഒന്നും ചെയ്യാതിരുന്നാൽ മതി! " കുട്ടിയമ്മ ചിരിച്ചു.

എങ്കിലുമതോടെ ആ പടിക്കെട്ടുകൾ കടക്കുകയെന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരുകാര്യമായിത്തീർന്നിരുന്നു. ഒപ്പംതന്നെ ശംഖുപുഷ്‌പങ്ങളും  എന്നെ ഭയപ്പെടുത്താൻ തുടങ്ങി .
അതിനുശേഷമിടയ്ക്കിടെ പാമ്പിന്റെ കാര്യം പറഞ്ഞു കുട്ടിയമ്മയെ ശല്യപ്പെടുത്തുന്നത് എന്റെ വിനോദമായിരുന്നു. ഓരോപ്രാവശ്യവും ഓരോരോ കാരണങ്ങൾ നിരത്തി കുട്ടിയമ്മ എന്റെയാവശ്യം നിരാകരിച്ചു.

" എന്റെ കണ്ണനേറ്റവുമിഷ്ടം ശംഖുപുഷ്‌പാ! നീയ് നോക്കിയേ കണ്ണന്റെ നിറമല്ലേയിതിന് ..!" ഒരിക്കലവർ പറഞ്ഞു.
" നിറമതൊക്കെത്തന്നെ, പക്ഷേ  കൃഷ്ണന് ഏറ്റവുമിഷ്ടം തുളസിയാണെന്നാർക്കാ അറിയാത്തത് ?" ഞാനും
വിട്ടുകൊടുത്തില്ല.
" എന്റെവീട്ടിലെ കൃഷ്ണന് ശംഖുപുഷ്‌പാ ഇഷ്ടം ... നീയ് നിന്റെ കാര്യംനോക്ക് " കുട്ടിയമ്മ ദേഷ്യപ്പെട്ടു.
തുളസിയും, ചെമ്പരത്തിയും, നന്ത്യാർവട്ടവുമൊക്കെയുണ്ടെങ്കിലും എന്നും സന്ധ്യയ്ക്ക് വിളക്കുകൊളുത്തുമ്പോൾ ശംഖുപുഷ്പങ്ങൾ നുള്ളിയെടുത്ത് കണ്ണനുമുന്നിൽ വയ്ക്കുന്ന പതിവ് കുട്ടിയമ്മയ്ക്കുണ്ടായിരുന്നു.
"പാമ്പുണ്ട്! അങ്ങോട്ട് പോകല്ലേ " എന്ന് പറയുമ്പോൾ ആ പാൽപ്പുഞ്ചിരിയാകുമെനിക്കുള്ള ആദ്യമറുപടി. എന്നിട്ട് പറയും, " നീ നോക്കിക്കോ, നിന്റെ കല്യാണത്തിന് നിന്റെ മുടിയില് ഞാൻ ശംഖുപുഷ്പം ചൂടിക്കും ..!"
" എങ്കിൽ ഞാൻ കുട്ടിയമ്മയെ  കല്യാണത്തിന് കൂട്ടൂല്ലാട്ടോ " ഞാൻ ഭീഷണി മുഴക്കും.

 അങ്ങനെയങ്ങനെ വർഷങ്ങൾ കഴിഞ്ഞു.  എന്റെ വിവാഹദിനമെത്തി. തലേദിവസംതൊട്ട് എന്റെ വീട്ടിലുണ്ടായിരുന്നു കുട്ടിയമ്മ.  ഞാൻ കല്യാണപ്പെണ്ണായൊരുങ്ങുന്നു.
" നിന്റെ മുടിയിൽചൂടാൻ ശംഖുപുഷ്പം എടുത്തോണ്ട് വരാട്ടോ " കുട്ടിയമ്മ എന്നോടുകളിപറഞ്ഞു.
" കുട്ടിയമ്മേ! വേഗമൊരുങ്ങി വരൂ... എന്റെകൂടെ വരണം ക്ഷേത്രത്തിലേക്ക് " ഞാൻ പറഞ്ഞു.
"ഞാനിതാ വരുന്നു ദേവിക്കൊച്ചേ!" കുട്ടിയമ്മ അവരുടെ വീട്ടിലേക്ക് പോയി.
 
മുഹൂർത്തം തെറ്റാതെ, കുട്ടിയമ്മയെ കാത്തുനിൽക്കാതെ ഞാൻ ക്ഷേത്രത്തിലേക്ക് പോയി. വിവാഹദിവസം എത്രപെട്ടെന്നാണ് സമയം പോകുന്നത്! ഭർതൃവീട്ടിലേക്ക് പുറപ്പെടാൻ സമയമാണ് കുട്ടിയമ്മയെ ഇതുവരെകണ്ടില്ലല്ലോ എന്നകാര്യം ഞാനോർത്തത്.
"അമ്മേ! കുട്ടിയമ്മയെവിടേ ?" ഞാനമ്മയോട് ചോദിച്ചു.
"രാവിലെ പെട്ടെന്ന് വയ്യാണ്ടായി, ആശുപത്രിയിലേക്ക് കൊണ്ട്പോയിരിക്കുന്നു . കുഴപ്പമൊന്നുമില്ല ." അമ്മയുടെ മറുപടി.
വീണ്ടും 'മുഹൂർത്തം തെറ്റാതെ' ഞാൻ ഭർതൃവീട്ടിലേക്ക് യാത്രയായി. കുട്ടിയമ്മയ്ക്ക് ഒന്നും വരുത്തല്ലേയെന്ന് പ്രാർത്ഥിക്കാനല്ലാതെ ഒന്നും കഴിഞ്ഞില്ല.

പിന്നെയാണറിഞ്ഞത്, ആ പടിക്കെട്ടിൽ വീണുകിടന്നിരുന്ന കുട്ടിയമ്മയെ പരിസരവാസികളാരോ ആശുപത്രിയിലെത്തിക്കുകയായിരുന്നത്രെ! ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. നീലനിറംപടർന്നകൈയിൽ  ഒരു ശംഖുപുഷ്പം മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നത്രെ!
നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക