Image

സുധാകരനെ തളയ്ക്കാന്‍ ബിജെപി ബന്ധം ആരോപിച്ച് സിപിഎം

ജോബിന്‍സ് തോമസ് Published on 15 June, 2021
സുധാകരനെ തളയ്ക്കാന്‍ ബിജെപി ബന്ധം ആരോപിച്ച് സിപിഎം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തട്ടകമായ കണ്ണൂരില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളാണ് കെ.സുധാകരന്‍. സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കെത്തിയതോടെ സിപിഎമ്മിനെതിരെയുള്ള കോണ്‍ഗ്രസ് പോരാട്ടങ്ങള്‍ കടുക്കുമെന്നുറപ്പ്. എന്നാല്‍ തുടക്കത്തിലെ തന്നെ ഇതിന് തടയിടാനുള്ള ഒരുക്കത്തിലാണ് സിപിഎം. 

ബിജെപി ബന്ധമുള്ള നേതാവാണ് കെ.സുധാകരന്‍ എന്നാണ് സിപിഎം ആരോപിക്കുന്നത് . കേരളത്തില്‍ സിപിഎമ്മാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന് കഴിഞ്ഞ ദിവസം കെ.സുധാകരന്‍ പറഞ്ഞിരുന്നു. സിപിഎമ്മിനോടുള്ള കെപിസിസി നിലപാടാണ് ഇതെങ്കില്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

ബിജെപിയോട് എന്നും സൗഹാര്‍ദ്ദ സമീപനം വെച്ചുപുലര്‍ത്തുന്ന നേതാവാണ് സുധാകരനെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. ബിജെപിയുടെ കുഴല്‍പ്പണം , കോഴ ഇടപാടുകള്‍ പുറത്തുവന്നിട്ട് ഇതിനെതിരെ പ്രതികരിക്കാന്‍ കെപിസിസി തയ്യാറായിട്ടില്ലെന്നും സിപിഎം ആരോപിക്കുന്നു. 

സുധാകരന്റെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ട സാഹചര്യം മുതല്‍ സുധാകരനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ബിജെപി ബന്ധം ആരോപിച്ച് സിപിഎം സൈബര്‍ പോരാളികള്‍ രംഗത്ത് വന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റുകൂടി ആരോപണം ഉന്നയിച്ചതോടെ സുധാകരനെ തളയ്ക്കാനുള്ള സിപിഎമ്മിന്റെ പ്രഖ്യപിത ആയുധമായി മാറിയിരിക്കുകയാണ് ബിജെപി ബന്ധം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക