Image

തേനും പാലും നല്‍കി ബന്ധനത്തിലാക്കി ; നെന്‍മാറ സംഭവത്തില്‍ വനിതാ കമ്മീഷന്‍

ജോബിന്‍സ് തോമസ് Published on 15 June, 2021
തേനും പാലും നല്‍കി ബന്ധനത്തിലാക്കി ; നെന്‍മാറ സംഭവത്തില്‍ വനിതാ കമ്മീഷന്‍
നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം സ്വന്തം വീട്ടിലെ ഒരു മുറിയില്‍ ഒളിപ്പിച്ച സംഭവം ഇപ്പോള്‍ ഏറെ ചര്‍ച്ചായി മാറുകയാണ്. പ്രണയത്തിന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞും സമൂഹത്തെ കുറ്റപ്പെടുത്തിയും ഈ സംഭവത്തെ മഹത്വവല്‍ക്കരിക്കാന്‍ നിരവധി പേരാണ് രംഗത്ത് വരുന്നത്. 

എന്നാല്‍ ഒരു പെണ്‍കുട്ടി പത്ത് വര്‍ഷം പുറംലോകം കാണാതെ തടവില്‍ക്കഴിഞ്ഞ സംഭവത്തില്‍ ഇപ്പോള്‍ വനിതാകമ്മീഷന്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. തേനും പാലും നല്‍കി കൂട്ടിലിട്ടാലും അത് ബന്ധനമാണെന്നും സംഭവം അസാധാരണവും അവിശ്വസനീയവുമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പ്രതികരിച്ചു.

പത്ത് വര്‍ഷക്കാലം ഒരു സ്ത്രീയെ ബന്ധനസ്ഥയാക്കുകയാണ് ചെയ്തതെന്നും സമൂഹത്തിന് തെറ്റായ മാതൃക നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും വനിതാക്കമ്മീഷന്‍ വിലയിരുത്തി. പ്രണയിക്കുന്നതിനും ഒരുമിച്ചു ജീവിക്കുന്നതിനും തടസ്സമില്ല പക്ഷെ അതിന് റഹ്‌മാന്‍ തെരഞ്ഞെടുത്ത രീതിയാണ് പ്രശ്‌നമെന്നും ഈ സംഭവത്തെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

നെന്‍മാറ സ്വദേശി റഹ്‌മാനാണ് തന്റെ വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലെ സജിതയെ പ്രണയിക്കുകയും തുടര്‍ന്ന് 10 വര്‍ഷം രണ്ടുപേരുടേയും വീട്ടുകാര്‍ പോലുമറിയാതെ സ്വന്തം വീട്ടിലെ ഒരു മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിക്കുകയും ചെയ്തത്. സംഭവം അവിശ്വസനീയമാണെന്ന അഭിപ്രായക്കാര്‍ ഇപ്പോഴുമുണ്ടെങ്കിലും സംഭവം സത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക