Image

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍- വി.ഡി സതീശന്‍

Published on 15 June, 2021
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍- വി.ഡി സതീശന്‍
തിരുവനന്തപുരം: വിവാദമായ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പറഞ്ഞതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

വി.ഡി സതീശന്റെ പ്രസ്താവന:

ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം ഞാന്‍ പറഞ്ഞതായി ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്.

ഇക്കാര്യത്തെ സംബന്ധിച്ച്‌ യു ഡി എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലും ഞങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറഞ്ഞത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതാണ്.

ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍:-

1.സച്ചാര്‍ കമ്മറ്റിയുടെയും പാലൊളി കമ്മറ്റിയുടെയും നിര്‍ദ്ദേശപ്രകാരം നിലവില്‍ മൂന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ( മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ ) നല്‍കി വരുന്ന സ്കോളര്‍ഷിപ്പുകള്‍ തുടരുക.

2. ന്യൂനപക്ഷ വെല്‍ഫയര്‍ സ്കീമുണ്ടാക്കി 1992 ലെ മൈനോറിറ്റീസ് ആക്‌ട് പ്രകാരം നോട്ടിഫൈ ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ കുട്ടികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പുകള്‍ വിതരണം നടത്തുക.

ഈ അഭിപ്രായം എല്ലാ സമുദായ നേതാക്കള്‍ക്കും സ്വീകാര്യമാണ് എന്ന് ഞങ്ങള്‍ കരുതുന്നു. ഇത് സംബന്ധിച്ച്‌ സര്‍വ്വകക്ഷി യോഗം കഴിഞ്ഞ് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളതാണ്. ഒരഭിപ്രായ വ്യത്യാസവും ആരും ഇതുവരെ പറഞ്ഞിട്ടുമില്ല.

വസ്തുതകള്‍ ഇതായിരിക്കേ ദിവസങ്ങള്‍ക്ക് മുമ്ബെടുത്ത ഒരു തീരുമാനത്തെ സംബന്ധിച്ച്‌ തെറ്റിദ്ധാരണ പരത്തുന്നത് മന:പൂര്‍വ്വമാണ്. ക്രൈസ്തവ- മുസ്ലീം സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി സമുദായ മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക