ന്യൂഡെല്‍ഹി: കോവിഡ് ഭേദമായവര്‍ക്ക് തല്ക്കാലം ഒരു ഡോസ് വാക്സിന് മതിയാകുമെന്ന് പഠന റിപോര്‍ട്. ഇത്തരക്കാരിലെ ആന്റിബോഡിയുടെ പ്രതികരണം ഉയര്‍ത്തിക്കാട്ടി ഹൈദരാബാദിലെ എഐജി ആശുപത്രി നടത്തിയ പഠനത്തിലൂടെയാണ് ഇത് വ്യക്തമായിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ജനുവരി 16നും ഫെബ്രുവരി അഞ്ചിനും ഇടയില്‍ കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച 260 ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്സിന് സ്വീകരിച്ച കോവിഡ് മുക്തരായവര്‍ കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ആന്റിബോഡി പ്രതികരണം കാണിക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്.
'കോവിഡ് ബാധിച്ച ആളുകള്‍ക്ക് ഒരു ഡോസ് ഉപയോഗിച്ച് തന്നെ രണ്ട് ഡോസുകള്‍ക്ക് തുല്യമായി ശക്തമായ ആന്റിബോഡിയും മെമറി സെല്‍ പ്രതികരണവും വികസിപ്പിക്കാന്‍ കഴിയും'- എഐജി ഹോസ്പിറ്റല്‍സ് ചെയര്മാന് ഡോ. ഡി നാഗേശ്വര്‍ റെഡി പറഞ്ഞു.