Image

പാലത്തായി പീഡനം: സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍

Published on 15 June, 2021
പാലത്തായി പീഡനം: സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍
കൊച്ചി: പാലത്തായി പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചു. ശരിയായ രീതിയില്‍ കേസില്‍ അന്വേഷണം നടന്നില്ല എന്നാണ് പ്രതിയുടെ ആരോപണം. തന്നോടുള്ള രാഷ്ട്രീയ വിരോധമാണ് കേസില്‍ പ്രതി ചേര്‍ക്കാനുളള കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനോടും സി.ബി.ഐയോടും ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി.

നേരത്തെ കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരാതി പരിഗണിച്ചില്ല. ഇതോടെയാണ് ഇതേയാവശ്യമുന്നയിച്ച്‌ പ്രതി കോടതിയെ സമീപിച്ചത്. 2020 മാര്‍ച്ച്‌ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. 

പത്മരാജന്‍ പഠിപ്പിയ്ക്കുന്ന സ്‌കൂളിലെ ഒന്‍പതു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പ്രതി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തലശേരി ഡി.വൈ.എസ്.പിയ്ക്ക് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പാനൂര്‍ എസ്.ഐ. അന്വേഷണം നടത്തി. പത്മരാജന്റെ അറസ്റ്റടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണസംഘം നീങ്ങാതെ വന്നതോടെ നാട്ടില്‍ ജനകീയ പ്രക്ഷോഭം ശക്തമായി. തുടര്‍ന്ന് കുനിയില്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. പത്മരാജനെതിരെ പോക്‌സോയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.

കുട്ടിയെ പല തവണ ചോദ്യം ചെയ്ത അന്വേഷണ സംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബന്ധുക്കളുടെ ആരോപണമുയര്‍ത്തിയതോടെ അന്വേഷണ സംഘത്തെ മാറ്റി കേസ് 2020 ഏപ്രില്‍ 24 ന് ക്രൈംബ്രാഞ്ചിന് കൈമാറി. അറസ്റ്റിലായതിന് പിന്നാലെ തലശ്ശേരി സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി.

അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകാനായിട്ടും കുറ്റപത്രം നല്‍കാത്തതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ നടന്നു. തുടര്‍ന്ന് 90 ദിവസം പൂര്‍ത്തിയാകുന്നതിന് മണിക്കൂറുകള്‍ ബാക്കിയുളളപ്പോള്‍ ജൂലൈ 14 ന് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ പോക്‌സോ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് ചുമത്തിയിരുന്നത്.

ജാമ്യം ലഭിക്കാവുന്ന തരത്തില്‍ വളരെ ദുര്‍ബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പോക്‌സോ വകുപ്പുകള്‍ ചുമത്താതിരുന്നതെന്ന് അന്വേഷണ സംഘം വിശദീകരിച്ചു. 2020 ജൂലൈ 16ന് പത്മരാജന് തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

സ്‌കൂള്‍ ശുചിമുറിയില്‍ നിന്നും ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുട്ടിയെ പത്മരാജന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന നിഗമനത്തില്‍ ഏറ്റവുമൊടുവില്‍ പോലീസ് എത്തിച്ചേര്‍ന്നു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറയുടെ ശാസ്ത്രീയ പരിശോധനയാണ് നിര്‍ണ്ണായകമായത്. ശുചിമുറിയില്‍ വച്ചായിരുന്നു അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് കുട്ടി മൊഴിനല്‍കിയിരുന്നു. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ തലശേരി പോക്‌സോ കോടതിയിലും പോലീസ് സമര്‍പ്പിച്ചു.

കേസിനാസ്പദമായ സംഭവം നടന്ന ദിവസം താന്‍ സ്കൂളില്‍ എത്തിയിരുന്നില്ല എന്നായിരുന്നു അധ്യാപകന്‍്റെ വാദം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു എന്ന പ്രതിയുടെ വാദം ആദ്യ അന്വേഷണ സംഘം അംഗീകരിയ്ക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും അന്വേഷണ സംഘം വിലയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക