Image

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; നദികള്‍ കവിയുന്നു; ഇടുക്കിയില്‍ ആശങ്ക

Published on 15 June, 2021
കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; നദികള്‍ കവിയുന്നു; ഇടുക്കിയില്‍ ആശങ്ക
തൊടുപുഴ: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. പലയിടങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ 2 ദിവസമായി ജില്ലയില്‍ വ്യാപകമായി മഴ ലഭിക്കുന്നുണ്ട്. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ പെയ്തത് ശരാശരി 31.62 മില്ലീമീറ്റര്‍ മഴ. കാര്യമായ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതു ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഴയെത്തുടര്‍ന്നു നദികളിലും മറ്റും നീരൊഴുക്ക് ശക്തമായി തുടങ്ങി. വെള്ളച്ചാട്ടങ്ങളും സജീവമായി.

പല ഡാമുകളിലെയും ജലനിരപ്പും നേരിയ തോതില്‍ ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.22 അടി ഉയര്‍ന്ന് 2342.18 അടിയായി. 17 വരെ ജില്ലയില്‍ യെലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കാലവര്‍ഷം ആരംഭിച്ച് രണ്ടാഴ്ചയാകുമ്പോള്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍  24 ശതമാനം മഴ കുറവാണ്. 271 മില്ലിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ലഭിച്ചതു 207.2 മില്ലിമീറ്റര്‍ മഴയാണ്.

ഇന്നലെ രാവിലെ 7 നു അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററില്‍)

തൊടുപുഴ35.2, ഇടുക്കി 37.2, പീരുമേട് 37, ദേവികുളം35.5, ഉടുമ്പന്‍ചോല 13.2.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക