Image

കേരളത്തില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, മദ്യശാലകള്‍ തുറക്കും; ശനി, ഞായര്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

Published on 15 June, 2021
കേരളത്തില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു,  മദ്യശാലകള്‍ തുറക്കും; ശനി, ഞായര്‍ സമ്പൂര്‍ണ ലോക് ഡൗണ്‍
തിരുവനന്തപുരം: ജൂണ്‍ 17 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് രണ്ടാം തരംഗത്തിന്റെ നിയന്ത്രണം വലിയതോതില്‍ സാധ്യമായിട്ടുണ്ടെങ്കിലും നിരവധി പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇത്തരം പഞ്ചായത്തുകളെ കണ്ടൈയിന്‍മെന്റ് സോണുകളായി തിരിച്ച് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി അത്ര ഉയര്‍ന്നതല്ലെങ്കിലും അപകടസൂചന നല്‍കുന്ന പഞ്ചായത്തുകളില്‍ ചില അധിക നിയന്ത്രണങ്ങള്‍ ഉണ്ടാവും.

തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കില്‍ 'കുറഞ്ഞ വ്യാപനമുള്ളത്' എന്നാണ് കണക്കാക്കുക. 8 മുതല്‍ ഇരുപതുവരെ  ശതമാനമാണെങ്കില്‍  മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണെങ്കില്‍ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

ബെവ്‌കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും.  ആപ്പ് മുഖാന്തരം സ്‌ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തനം.   

വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.
    
അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തനം അനുവദിക്കും.
    
ജൂണ്‍ 17 മുതല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചു എല്ലാ ദിവസവും  പ്രവര്‍ത്തനം അനുവദിക്കും. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും.
    
ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍  മാത്രം തുടരുന്നതാണ്. വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആള്‍ക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.
    
എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്‌പോര്‍ട്‌സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ).  റസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല.  ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും. വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല (മാളുകള്‍ ഉള്‍പ്പെടെ)
    



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക