Image

കനക ജൂബിലി നിറവില്‍ റവ. ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം

Published on 15 June, 2021
കനക ജൂബിലി നിറവില്‍  റവ. ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം
1971 ജൂണ്‍ 29ാം തിയതി ചൊവ്വാഴ്ചത്തെ പ്രഭാതം, രാജന്‍ എന്ന പ്ലാന്തോട്ടത്തില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ശെമ്മാശ്ശന്റെയും കുമാരി വര്‍ഗ്ഗീസിന്റെയും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു. ഇന്ന് ആ ദൈവീക നിയോഗത്തിന് 50 വയസ്സ് തികയുന്നു. ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം കനക ജൂബിലിയുടെ പത്തരമാറ്റില്‍. താന്‍ കടന്നുപോന്ന പാതയിലൂടെ ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ചിത്രങ്ങള്‍ അനവധിയാണ്. അവയിലൂടെ ഒരു ചെറിയ തിരനോട്ടം.

പത്തനംതിട്ട മാക്കാംകുന്നില്‍ പ്ലാന്തോട്ടത്തില്‍ ജോര്‍ജ്ജിന്റെയും ചിന്നമ്മയുടെയും പുത്രന്‍ പി.ജി. വര്‍ഗ്ഗീസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം വൈദീക വൃത്തിയ്ക്കായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടെ 1967ല്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ബാഹ്യകേരളത്തിന്റെ ചുമതലയുണ്ടായിരുന്ന അഭി. മാത്യൂസ് മാര്‍ അത്താനാസിയോസ് ഇംഗ്ലീഷ് കുര്‍ബ്ബാന ആരംഭിച്ച സമയത്ത്, ഒരു ഗായകന്‍ കൂടിയായ ശെമ്മാശ്ശന്‍ ഇംഗ്ലീഷ് കുര്‍ബ്ബാനയുടെ ക്വയര്‍ ലീഡറായി പ്രവര്‍ത്തിക്കുകയും കോട്ടയം ഏലീയാ കത്തീഡ്രലിലും ചെറിയ പള്ളിയിലുമുള്ള ഗായക സംഘത്തെ പരിശീലിപ്പിക്കുകയും ചെയ്തു പോന്നു. ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജിഎസ്ടിയും ബിഡിയും കരസ്ഥമാക്കി. ഇതേ തുടര്‍ന്ന് കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി.

1971 ജൂണ്‍ മാസം 29ാം തിയതി തുമ്പമണ്‍ ഭദ്രാസനാധിപന്‍ ദാനിയേല്‍ മാര്‍ ഫിലക്‌സിനോസ് മെത്രാപ്പോലീത്തായില്‍ നിന്നും  പി.ജി. വര്‍ഗ്ഗീസ് ശെമ്മാശ്ശന്‍ കശീശ്ശ പട്ടം സ്വീകരിച്ചു. ഇന്നത്തെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുറിയാക്കോസ് മാര്‍ ക്ലീമീസ്സ് (ബ. കുറിയാക്കോസ് അച്ചന്‍) മെത്രാപ്പോലീത്തായും കണ്ടനാട് ഭദ്രാസനാധിപനായിരുന്ന അഭി. ജോസഫ് മാര്‍ പക്കോമിയോസ് (ബ. ജോസഫ് അച്ചന്‍) മെത്രാപ്പോലീത്തായും അന്നത്തെ ആ മഹനീയ കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു. പി.ജി. വര്‍ഗ്ഗീസ് അച്ചന്റെ കഴിവുകളെ തിരിച്ചറിഞ്ഞ, ബാഹ്യകേരളത്തിന്റെ മെത്രാപ്പോലീത്താ ആയിരുന്ന അഭി. മാത്യൂസ് മാര്‍ അത്താനാസിയോസ്, യുപിയിലെ കാണ്‍പൂരിലും ലക്‌നൗവിലുമുള്ള ദേവാലയങ്ങളിലേയ്ക്കു അനുയോജ്യനായ വ്യക്തിയാണ് അച്ചന്‍ എന്ന് മനസ്സിലാക്കി. അഭി. മെത്രാപ്പോലീത്തായുടെ കല്‍പനകളെ ശിരസ്സാവഹിച്ചുകൊണ്ട്, മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഇടവകാംഗമായ ആ യുവ വൈദീകന്‍ അക്രൈസ്തവരുടെ ഇടയില്‍ തന്റെ വൈദീക വൃത്തി ആരംഭിച്ചു. ഇന്ന് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച കോണ്‍പൂരിലെ ദേവാലയം നട്ടുനനച്ചു വളര്‍ത്തിയത് ഈ യുവ വൈദീകനായിരുന്നു. അതിനുശേഷം കല്‍ക്കട്ട ഭദ്രാസനത്തിന്റെ കത്തീഡ്രല്‍ വികാരിയായും എംജിഎം കോളേജിന്റെ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു.

പ്ലാന്തോട്ടമച്ചന്റെ മിഷനറി ജീവിതം ഒരു സ്ഥലത്ത് മാത്രം ഒതുങ്ങി നിന്നില്ല. അത് ലോകത്തിന്റെ പല ഭാഗങ്ങളിലായി വിവിധ ഭാഷകളും സംസ്ക്കാരങ്ങളുമുള്ള മനുഷ്യരിലേയ്ക്കു ഇറങ്ങിച്ചെന്നു. അലഹാബാദ്, ഭോപാല്‍, ബിലായ്, നൈജീരിയ, ഫാരിദാബാദ്, ദുബായ്, ഗാസിയാബാദ്, ന്യൂഡല്‍ഹി, നോയിഡ, മയൂര്‍ വിഹാര്‍, അമേരിക്ക എന്നിങ്ങനെ അത് പടര്‍ന്ന് പന്തലിച്ചു. ഈ സ്ഥലങ്ങളിലെല്ലാം വികാരിയായും സ്കൂള്‍, കോളേജ് എന്നിവയുടെ ചുമതലക്കാരനുമായി പ്രവര്‍ത്തിച്ചു.

1992ല്‍ അച്ചന്‍ ദുബായ് പള്ളിയുടെ വികാരിയായിരിക്കുമ്പോള്‍ പഴയ പള്ളി പൊളിച്ച് അതിവിസ്തൃതവും മനോഹരവുമായ ഒരു ദേവാലയം പണിയിപ്പിച്ച് പൂര്‍ത്തിയാക്കി. ഈ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മത്തിന് അന്നത്തെ ബാവാ ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ ബാവാ നേതൃത്വം നല്‍കി. ഇടവക മെത്രാപ്പോലീത്ത ആയിരുന്ന കാലം ചെയ്ത അഭി. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും സഹായ മെത്രാന്‍ കാലം ചെയ്ത അഭി. ജോബ് മാര്‍ പീലക്‌സിനോസ് തിരുമേനിയും കൂടാതെ മലങ്കര സഭയിലെ മറ്റനവധി അഭിവന്ദ്യ തിരുമേനിമാരുടെയും അച്ചന്‍മാരുടെയും സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.

1997ല്‍ അമേരിക്കയിലെത്തിയ പി.ജി. വര്‍ഗ്ഗീസ് അച്ചന്‍, യോങ്കേഴ്‌സിലെ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വികാരിയായിരിക്കുമ്പോള്‍ പുതിയ ദേവാലയം പണികഴിപ്പിക്കുന്നതിനുള്ള സ്ഥലം വാങ്ങുകയും കാലം ചെയ്ത മുന്‍ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍ ബര്‍ണ്ണബാസ് മെത്രാപ്പോലീത്ത ആ ദേവാലയത്തിന് തറക്കല്ലിടുകയും ചെയ്തു. 2001ല്‍ തന്റെ വൈദീക വൃത്തിയുടെ 30ാം വാര്‍ഷികത്തില്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണ്ണബാസ് മെത്രാപ്പോലീത്ത ബ. വര്‍ഗ്ഗീസ് പ്ലാന്തോട്ടത്തിലച്ചനെ കോര്‍ എപ്പിസ്‌കോപ്പാ പദവിയിലേയ്ക്കു ഉയര്‍ത്തി. അച്ചന്റെ നിസ്തൂല സേവനങ്ങളുടെയും ദൈവ ശാസ്ത്രത്തിലും സഭയുടെ ആചാരാനുഷ്ഠാനങ്ങളിലുമുള്ള അഗാധമായ പാണ്ഡ്യത്വത്തിന്റെയും പ്രത്യക്ഷമായ അംഗീകാരമായിരുന്നു ഈ പദവി.

ബോംബെ ഭദ്രാസനാധിപനായ അഭി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും നിലയ്ക്കല്‍ ഭദ്രാസനാധിപനായ അഭി. ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് ( ജോണ്‍സണ്‍ അച്ചന്‍) തിരുമേനിയും മലബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭി. സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായും ( എം.സി. ചെറിയാന്‍ അച്ചന്‍) ഈ മഹനീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. ഈ തിരക്കുകള്‍ക്കിടയിലും പഠനത്തില്‍ സമര്‍ഥനായ  അച്ചന്‍ ന്യൂയോര്‍ക്കിലെ വ്‌ലാഡിമര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി.

2004, ജൂലൈ മാസത്തില്‍ ബ. പ്ലാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പായുടെ ഷഷ്ഠിപൂര്‍ത്തി യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. തൃശൂര്‍ ഭദ്രാസനാധിപനായ അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യം തഥവസരത്തില്‍ ഉണ്ടായിരുന്നു. 2004 സെപ്റ്റംബറില്‍ അച്ചന്റെ സ്വന്തം നാട്ടില്‍ വച്ച് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ. ബസേലിയോസ് മാര്‍ത്തോമ്മ ദിതീമോസ് ബാവായുടെ സാന്നിദ്ധ്യത്തില്‍ നടത്തി.

വി. കുര്‍ബ്ബാനയെ കുറിച്ചുള്ള അച്ചന്റെ അഗാധമായ അറിവും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള അച്ചന്റെ താല്പര്യവും മനസ്സിലാക്കിയ അച്ചന്റെ ന്യൂഡല്‍ഹിയിലെ ഇടവകക്കാരനായിരുന്ന എ.വി. പൗലോസ് ഐഎഎസ് (റിട്ട. ഫൈനാന്‍സ്യല്‍ കമ്മീഷണര്‍ റയില്‍വേ & എക്‌സ്. ഒഫീഷ്യോ സെക്രട്ടറി ടു ഗവണ്‍മെന്റ് ഓഫ് ഇന്ത്യ) അച്ചന് ഒരു സന്ദേശം എഴുതി നല്‍കി. അച്ചന്‍ സ്വായത്വമാക്കിയ അറിവുകള്‍ മറ്റുള്ളളവര്‍ക്കു കൂടി പകര്‍ന്നു നല്‍കണമെന്നതായിരുന്നു ആ സന്ദേശം. ഇത് അച്ചന് എഴുത്തിന്റെ ലോകത്തേയ്ക്കുള്ള തന്റെ വാതായനങ്ങള്‍ തുറക്കുന്നതിനുള്ള പ്രചോദനമേകി. ഈ അനുഭവം അച്ചനെ സാധാരണ ഗതിയില്‍ നിന്നും മാറ്റി ചിന്തിക്കുന്നതിനും അതിലൂടെ ഇംഗ്ലീഷില്‍ 5 പുസ്തകങ്ങള്‍ പിറവിയെടുക്കുന്നതിനും ഇടയാക്കി.

വിശ്വാസവും പാരമ്പര്യവും മുന്‍ നിര്‍ത്തി ദൈവശാസ്ത്രപരവും ബൈബിള്‍ റഫ്രന്‍സ് ഓടുകൂടിയതുമായിരുന്നു ഈ 5 പുസ്തകങ്ങള്‍. (1). ദി ഹോളി കുര്‍ബ്ബാന (2). റിപ്പന്റന്‍സ്, കണ്‍ഫഷന്‍ ആന്റ് ഹോളി കമ്മ്യൂണിയന്‍ (3). ലൈഫ് ബിയോണ്‍ഡ് ദി ഗ്രോവ്  (4). ദി ഏഞ്ചല്‍സ് ആന്റ് ദെയര്‍ മിഷന്‍ (5). എ ഗൈഡ് ടു ദി ഹോളിലാന്റ് എന്നിവയാണ്. ഈ പുസ്തകങ്ങളില്‍ ബാവാ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ തിരുമേനിയുടെയും അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളും ആശംസകളും അടങ്ങിയിരിക്കുന്നു. ഈ അഞ്ച് പുസ്തകങ്ങള്‍ക്കും അവതാരിക എഴുതിയിരിക്കുന്നത് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായാണ്. ആശയഗംഭീരവും അര്‍ഥ സമ്പുഷ്ഠവുമായ ഈ അഞ്ച് പുസ്തകങ്ങളുടെയും പ്രകാശനം, എല്‍മോണ്ട് സെന്റ് ബസേലിയോസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. അതോടൊപ്പം ഇടവകക്കാരുടെ സഹകരണത്തോടെ അച്ചന്റെ 70ാം ജന്മദിനവും തന്റെ വൈദീക വൃത്തിയുടെ 43ാം വാര്‍ഷികവും അതിഭംഗിയായി 2014  സെപ്തംബര്‍ 13ാം തിയതി അഭി. മെത്രാപ്പോലീത്താ മാര്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് എന്നിവരുടെ സജീവ സാന്നിദ്ധ്യത്തില്‍ ആഘോഷിച്ചു.

ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പാ 2011 മുതല്‍ ന്യൂയോര്‍ക്കിലെ എല്‍മോണ്ട് സെന്റ് ബസേലിയോസ് ദേവാലയത്തിന്റെ സാരഥ്യം വഹിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളായി സഭാ മക്കളെ നയിക്കുന്ന ആത്മീയ പിതാവാണ് അദ്ദേഹം. തന്റെ സുദീര്‍ഘമായ ഈ യാത്രയില്‍ വൈദീകന്‍, കൗണ്‍സിലര്‍, മിഷനറി, സോഷ്യല്‍ വര്‍ക്കര്‍, ലീഡര്‍, അദ്ധ്യാപകന്‍, അഡ്മിനിസ്‌ട്രേറ്റര്‍, ചെയര്‍മാന്‍, മാനേജര്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ നിരവധി ചുമതലകള്‍ വഹിച്ചു. ഇതിലുപരി അദ്ദേഹം നല്ലൊരു സുഹൃത്തും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വഴി കാട്ടിയുമാണ്. 2021 ജൂണ്‍ മാസം പ്ലാന്തോട്ടം അച്ചന്റെ ജീവിത്തതിന് ഇരട്ടി മധുരമാണ് നല്‍കുന്നത്. തന്റെ പൗരോഹിത്യത്തിന്റെ മാത്രമല്ല വിവാഹ ജീവിതത്തിന്റെ കൂടി ഗോള്‍ഡന്‍ ജൂബിലിയാണ്.

1971ല്‍ രാജന്‍ ശെമ്മാശ്ശന്‍ പത്തനംതിട്ട ചെമ്പോത്തറ കുടുംബത്തിലെ കുമാരി ചെറിയാനെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഓമന, ശോഭ, സോണി എന്നീ മൂന്നു കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു. രണ്ടാമത്തെ മകള്‍ ശോഭയെന്ന സുന്ദര കുസുമം 11ാം വയസ്സില്‍ കത്തൃസന്നിധിയിലേയ്ക്കു എടുക്കപ്പെട്ടു.

കനക ജൂബിലിയുടെ പത്തരമാറ്റില്‍ തിളങ്ങി നില്‍ക്കുന്ന വെ. റവ. ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌ക്കോപ്പായ്ക്കു എല്‍മോണ്ട് സെന്റ് ബസേലിയോസ് ദേവാലയത്തിലെ എല്ലാ ഇടവകാംഗങ്ങളുടെയും കമ്മിറ്റിയുടെയും പേരിലുള്ള അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതിനൊപ്പം അച്ചന്റെ മന്നോട്ടുള്ള പ്രയാണത്തില്‍ പരമകാരുണ്യവാനായ ദൈവം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുവാന്‍ ഇടയാക്കട്ടെ എന്നും സെക്രട്ടറി റ്റിറ്റോ പണിക്കര്‍, ട്രഷറാര്‍  ഗീവര്‍ഗ്ഗീസ് ടി ജോസഫ് എന്നിവര്‍ ആശംസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക