Image

രണ്ടും കല്‍പ്പിച്ച് പോലീസ് ; സഹകരിക്കില്ലെന്ന് ബിജെപി

ജോബിന്‍സ് തോമസ് Published on 16 June, 2021
രണ്ടും കല്‍പ്പിച്ച് പോലീസ് ; സഹകരിക്കില്ലെന്ന് ബിജെപി
കൊടകര കുഴല്‍പപണക്കേസിനു പിന്നില്‍ ബിജെപി തന്നെയെന്ന് പോലീസ് ഉറപ്പിക്കുന്നു. കാണാതായ മൂന്നരക്കോടിയും ബിജെപിയുടേതാണെന്ന് കാട്ടി പോലീസ് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പണം കൊണ്ടുവന്നത് ബിജെപിയ്ക്കു വേണ്ടിയാണെന്നും സംസഥാന നേതാക്കള്‍ക്കുവരെ ഇക്കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന രീതിയില്‍ മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒരു കോടി രൂപ ഡല്‍ഹിയില്‍ ബിസിസനസ് ആവശ്യത്തിന് കൊണ്ടുവന്നതാണെന്നും ഇത് വിട്ടു കിട്ടണമെന്നുമാവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജി തള്ളണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ ട്രഷറര്‍ ജി കര്‍ത്തയ്ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. 

എന്നാല്‍ ഈ വിഷയത്തില്‍ ബിജെപി നിലപാട് മാറ്റുകയാണ്. നേരത്തെ തങ്ങള്‍ ഏതന്വേഷണവും ഏതറ്റംവരെയും നേരിടാന്‍ തയ്യാറാണെന്നും പൂര്‍ണ്ണമായി സഹകരിക്കുമെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന. അന്വേഷണത്തിന് വിളിപ്പിച്ചാല്‍ നെഞ്ചുവേദനയാണെന്നോ കോവിഡാണെന്നോ ഉള്ള ന്യായങ്ങള്‍ പറയാതെ സഹകരിക്കും എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഇനി കൊടകര കേസില്‍ പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കേണ്ടിതില്ലെന്നാണ് ബിജെപി കോര്‍ കമ്മറ്റി യോഗത്തിലെ തീരുമാനം. പോലീസ് നടത്തുന്നത് ബിജെപി വേട്ടയാണെന്നും പണത്തിന്റെ ഉറവിടം ധര്‍മ്മരാജന്‍ വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പോലീസിന് ബിജെപിയില്‍ നിന്നും ഒന്നും അറിയേണ്ട കാര്യമില്ലെന്നും അതിനാല്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ പോകേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ പുതിയ നിലപാടെന്നാണ് സൂചന. 

എന്തിനാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്ന് കോടതിയെ ബോധിപ്പിച്ച് കോടതിയില്‍ നിന്നും ഉത്തരവുമായി വന്നാല്‍ മാത്രം ചോദ്യം ചെയ്യലിന് ഹാജരായാല്‍ മതിയെന്നും കോര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി. എന്തായാലും പോലീസ് കോടതിയെ ബോധിപ്പിച്ചിട്ടായാലും ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ ഉറച്ചു തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക