Image

യുഡിഎഫ് കണ്‍വീനര്‍ ഉടന്‍ ; ചര്‍ച്ചകള്‍ ആരംഭിച്ചു

ജോബിന്‍സ് തോമസ് Published on 16 June, 2021
യുഡിഎഫ് കണ്‍വീനര്‍ ഉടന്‍ ; ചര്‍ച്ചകള്‍ ആരംഭിച്ചു
പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസഡന്റിനും ശേഷം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് ആര് ചോദ്യത്തിന് ഉത്തരത്തിനായുളള ചര്‍ച്ചകള്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയാണ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുള്ളത്. 

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം താരിഖ് അന്‍വര്‍ ഇന്നലെ രാത്രി കേരളത്തില്‍ എത്തി. ഇന്നുമുതല്‍ വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ ആരംഭിക്കും. കെപിസിസി പ്രസിഡന്റ് , പ്രതിപക്ഷ നേതാവ് , എ,ഐ ഗ്രൂപ്പ് നേതാക്കള്‍ , എംപിമാര്‍ ,എംഎല്‍എമാര്‍ , ഘടകകക്ഷി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. 

പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനേയും നിയമിച്ചതിലെ അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രൂപ്പുനേതാക്കള്‍ ആരുടേയും പേര് നിര്‍ദ്ദേശിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഏകാഭിപ്രായത്തില്‍ ഒരു പേരിലേയ്‌ക്കെത്താന്‍ കഴിയുമോ എന്ന് നോക്കാനാണ് താരിഖ് അന്‍വറിന്റെ ശ്രമം. 

ചര്‍ച്ചകള്‍ക്ക് ശേഷം നിര്‍ദ്ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും ഹൈക്കമാന്‍ഡായിരിക്കും കണ്‍വീനറെ പ്രസ്താവിക്കുക. നിലവില്‍ മൂന്നു പേരുകളാണ് ദേശീയ നേതൃത്വത്തിന്റെ മുന്നിലെത്തിയിരിക്കുന്നത്. കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.വി. തോമസ് എന്നിവരുടെ പേരുകളാണ് ഇത്. 

ഇതില്‍ കെ.വി തോമസിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇന്നലെ കെ.വി. തോമസ് ഡല്‍ഹിയില്‍ താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനാല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വേണമെന്നാണ് തോമസിന്റെ ആവശ്യം. സാമുദായിക പരിഗണനയും ഇദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. 

കെ. മുരളീധരനായും ഒരു വിഭാഗം രംഗത്തുണ്ട്. വി.ഡി സതീശന്‍, കെസുധാകരന്‍ എന്നിവര്‍ക്കൊപ്പം കെ.മുരളീധരന്‍ നേതൃനിരയിലേയ്ക്ക് വരട്ടെയെന്നാണ് ഇവരുടെ ആവശ്യം. എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയാണ് തിരുവഞ്ചൂരിന്റെ ബലം. ഗ്രൂപ്പുകള്‍ക്കതീതരാണെന്ന് പറയുമ്പോഴും കെ.സുധാകരനും വിഡി സതീശനും മുന്‍ ഐ ഗ്രൂപ്പുകാരാണെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു. കേരളത്തിലെ ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ കണ്‍വീനറെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക