Image

സുരേന്ദ്രന് കുരുക്ക് മുറുകുന്നു ; സുന്ദരയുടെ രഹസ്യ മൊഴിയെടുക്കും

ജോബിന്‍സ് തോമസ് Published on 16 June, 2021
സുരേന്ദ്രന് കുരുക്ക് മുറുകുന്നു ; സുന്ദരയുടെ രഹസ്യ മൊഴിയെടുക്കും
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്  അട്ടിമറി കേസില്‍ പോലീസ് കൂടുതല്‍ കരുതലോടെ മുന്നോട്ട് നീങ്ങുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന്‍ തനിക്ക് രണ്ടരലക്ഷം രൂപ കോഴയായി നല്‍കിയെന്നു വെളിപ്പെടുത്തിയ കെ.സുന്ദരയുടെ രഹസ്യമൊഴിരേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതിനായുള്ള അപേക്ഷ കാസര്‍ഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കി. 

കെ.സുന്ദര സ്വാധീനിക്കപ്പെടാനും മൊഴിമാറ്റാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രഹസ്യമൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇതിനു പുറമേ സുരേന്ദ്രന്‍ സുന്ദരയ്ക്ക് കൊടുത്ത പണം മുഴുവന്‍ കണ്ടെടുക്കാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. പണം മുഴുവന്‍ കണ്ടെത്താനായാല്‍  അത് കേസിന് കൂടുതല്‍ ബലം നല്‍കും. 

സംഭവത്തില്‍ ഇതുവരെ കെ.സുന്ദര, അമ്മ ബേട്ജി , ബന്ധു, പരാതിക്കാരനായ ഇടത് സ്ഥാനാര്‍ത്ഥി എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ കെ.സുരേന്ദ്രന്‍ മാത്രമാണ് ഇപ്പോള്‍ പ്രതി. കേസ് തെളിഞ്ഞാല്‍ സുരേന്ദ്രന് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനടക്കം വിലക്ക് നേരിടാന്‍ സാധ്യതയുണ്ട്.

സി.കെ ജാനുവിന് പണം നല്‍കിയെന്ന പരാതിയും ഇതോടൊപ്പം സുരേന്ദ്രന് കുരുക്കായി മാറുയാണ് . ഈ വിഷയത്തില്‍ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. തെരഞ്ഞെടുപ്പ് പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് കേസുകളും എന്നതും ഏറെ ഗൗരവതരമാണ്. 

കൊടകര കുഴല്‍പ്പണമിടപാട് കേസില്‍ അന്വേഷണ സംഘം കെ. സുരേന്ദ്രന്റെ മകന്റെ മൊഴിയെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഈ സാഹചര്യത്തില്‍ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനമൊഴിയണമെന്ന് ബിജെപിയിലെ ഒരു വിഭാഗം ഇപ്പോള്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ ഈ സാഹചര്യത്തില്‍ നേതൃമാറ്റമുണ്ടായാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലവിലെ വിലയിരുത്തല്‍.

എന്നിരുന്നാലും സുരേന്ദ്രനെതിരെ നിയമക്കുരുക്ക് മുറുകിയാല്‍ കേന്ദ്ര നേതൃത്വം നിലപാട് മാറ്റേണ്ടിവരുമെന്നുതന്നെയാണ് ബിജെപിയിലെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങളുടെ വിലയിരുത്തല്‍.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക