Image

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

Published on 16 June, 2021
ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)
രുമേലി ശബരി അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായി ഇവിടെ നിന്നും
വിമാനങ്ങള്‍  പറന്നുയരാന്‍ ഇനി എത്ര നാള്‍കൂടി  കാത്തിരിക്കേണ്ടിവരും.
നാട്ടുകാരും മറുനാട്ടുകാരും കാത്തിരിക്കുകയാണ് അദ്യവിമാനം പറന്നിറങ്ങുന്ന
 ആ വിസ്മയക്കാഴ്ച ആസ്വദിക്കാന്‍.
എരുമേലിയില്‍ വരാനിരിക്കുന്ന ശബരി ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര
ശബരിവിമാനത്താവളത്തിന്റെ നേട്ടങ്ങള്‍ എന്തൊക്കൊയായിരിക്കും.
എരുമേലിയില്‍ നിന്ന് ഡല്‍ഹിയില്‍ പറന്നെത്താന്‍  നാലു മണിക്കൂര്‍.
ദുബായിയില്‍ നിന്നും  എരുമേലിയിലേക്ക് പറന്നു വരാന്‍ നാലര മണിക്കൂര്‍
മതിയാകും. വിമാനമിറങ്ങിയാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഇടുക്കി,
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്വന്തം വീടുകളിലെത്താവുന്ന
സാധ്യത.
എരുമേലി   വിമാനത്താവളത്തില്‍നിന്നും പെട്ടതുള്ളി  അയ്യപ്പന്‍മാര്‍
ഇരുമുടിക്കെട്ടേന്തി  ശരണം വിളിച്ചുവരുന്ന  കാഴ്ചയ്ക്കായി കാലം
കാത്തിരിക്കുകയാണ്. ഒരു പതിറ്റാണ്ടിനുള്ളില്‍ അത് സംഭവിക്കുമെന്ന
സാധ്യതയിലേക്കാണ് നടപടികള്‍ അതിവേഗം നീണ്ടുകൊണ്ടിരിക്കുന്നത്.
 തേക്കടിയിലേക്കുള്ള വിനോദസഞ്ചാരികളുമായി വിദേശത്തു നിന്നും ചാര്‍ട്ടര്‍
ചെയ്ത വിമാനങ്ങള്‍ ശബരി എയര്‍പോര്‍ട്ടില്‍ എത്തുന്ന ഒരു കാലം.
തലയ്ക്കു മീതെ തലങ്ങും വിലങ്ങും വിമാനം പറക്കുന്ന നാടായി മാറുകയാകും
കോട്ടയം ജില്ല. ആകാശക്കാഴ്ചകളില്‍ തീരുന്നതല്ല നാടിനുണ്ടാകാന്‍ പോകുന്ന
മാറ്റം. റോഡുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പാലങ്ങള്‍, വൈദ്യുതി
എന്നിങ്ങനെ എല്ലാ തലത്തിലും നാടിന്റെ മുഖച്ഛായ മാറുകയാവും. റോഡരുകിലെ
ദിശാബോര്‍ഡുകളിലൊക്കെ എരുമേലി എയര്‍ പോര്‍ട്ടിലേക്കുള്ള ദൂരം
എഴുതിക്കാണിക്കുന്ന ഒരു കാഴ്ച.
കാഞ്ഞിരപ്പള്ളിയുടെ ഓരം ചേര്‍ന്നൊഴുകുന്ന മണിമലയാറിന്റെ തീരത്തെ
പ്രസിദ്ധമായ  ചെറുവള്ളി റബര്‍ എസ്റ്റേറ്റ്     ശബരി ഗ്രീന്‍ഫീല്‍ഡ്
അന്താരാഷ്ട്രവിമാനത്താവമായി മാറാനുള്ള ഫയല്‍ നീക്കങ്ങള്‍ക്ക്
വേഗമേറിയിരിക്കുന്നു.
2263 എക്കര്‍ വരുന്ന ചെറുവള്ളി തോട്ടം സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍
 കേരളത്തിലെ അഞ്ചാമത്തെ അന്താരാഷ്ട്രവിമാനത്താവളമായി എരുമേലി ഉണരാന്‍
കേവലം അഞ്ചു വര്‍ഷങ്ങളേ കാത്തിരിക്കേണ്ടതുള്ളു. നെടുമ്പാശേരി
വിമാനത്താവളം നിര്‍മിച്ച രീതിയില്‍ ഓഹരിനിക്ഷേപമിറക്കിയാല്‍
വേണ്ടിടത്തോളം പണം ഇറക്കാന്‍ സ്വദേശികളും പ്രവാസികളുമായ  മലയാളികള്‍
ഒരുക്കമാണ്.
തോട്ടം എറ്റെടുക്കലിനും വിമാനത്താവളം നിര്‍മാണത്തിനുമായി ആറായിരം  കോടി
രൂപ ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാരിനും സംഭരിക്കാനാകുമെന്നാണ്
വിലയിരുത്തല്‍.
അവിശ്വസനീയമായ  മാറ്റങ്ങള്‍ക്കും കാഴ്ചകള്‍ക്കും വികസനത്തിനുമുള്ള
സാധ്യതകളാണ്  കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി,
മണിമല വില്ലേജുകളില്‍പ്പെട്ട വിമാനത്താവളം സമ്മാനിക്കാനിരിക്കുന്നത്.
ശബരി വരുമ്പോള്‍  കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, മണിമല,
കറുകച്ചാല്‍, റാന്നി, പൊന്‍കുന്നം, ചേനപ്പാടി പ്രദേശങ്ങളൊക്കെ മിനി
ടൗണ്‍ഷിപ്പുകളായി മാറുകയായി. റബര്‍ കൃഷിക്ക് പ്രസിദ്ധി  നേടിയ നാട് ഇനി
വിമാനത്താവളത്തിന്റെ പേരിലും പെരുമയിലുമായിരിക്കും അറിയപ്പെടുക.
തിരുവല്ല  ആസ്ഥാനമായ  ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിവുള്ള അയന ചാരിറ്റബിള്‍
ട്രസ്റ്റിന്റെ  കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റി  നിയമനടപടിയിലോ കരാറിലോ
ധാരണയിലോ സംസ്ഥാന  സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍
അതിവേഗത്തിലായിരിക്കും നിര്‍മാണം. സാങ്കേതിക അനുമതികളും സര്‍വേകളും
പൂര്‍ത്തിയായാല്‍  അഞ്ചു വര്‍ഷത്തിനുള്ളില്‍ എയര്‍പോര്‍ട്ട്
നിര്‍മിക്കാമെന്നാണ്  സര്‍ക്കാര്‍ ഇതിനായി  നിയോഗിച്ച ലൂയി ബ്ഗര്‍
കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നിലവില്‍ നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ആശ്രയിക്കുന്ന
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മൂന്നു ലക്ഷത്തോളം
പ്രവാസികളുടെയും സ്വപ്‌നമാണ് ശബരി  ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം.
ഹാരിസണ്‍ എസ്‌റ്റേറ്റ്  എന്നറിയപ്പെടുന്ന ചെറുവള്ളി തോട്ടത്തിന്
വിമാനത്താവളം നിര്‍മാണത്തിന് അനുകൂലമായി ഘടകങ്ങള്‍ ഏറെയുണ്ടെന്ന്
സര്‍ക്കാര്‍ നടത്തിയ പ്രാഥമിക സര്‍വേകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കറിക്കാട്ടൂര്‍ മുതല്‍ മുക്കട വരെ മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യം
ലഭിക്കുന്ന റണ്‍വേ, കാറ്റിന്റെ ശരാശരി ദിശ തെക്കോട്ടായതിനാന്‍ ലാന്‍ഡും
ടേക്ക് ഓഫും സുരക്ഷിതം, ഭൂമിയുടെ പൊതു ചെരിവ് നോക്കിയാല്‍ വെള്ളക്കെട്ട്
ഉണ്ടാവില്ല, ഒരിക്കല്‍പോലും വെള്ളപ്പൊക്ക ഭീഷണിയില്ല എന്നിങ്ങനെ ഏറെ
അനുകൂലമായ ഘടകളങ്ങള്‍ ഇവിടെയുണ്ട്.
ശബരിമല, എരുമേലി തീര്‍ഥാടകരുടെ യാത്രാസൗകര്യമാണ് എരുമേലി
വിമാനത്തിവളത്തിന്റെ ഒന്നാമത്തെ അനുകൂലഘടകം. റോഡുമാര്‍ഗവും ട്രെയിനിലും
ദിവസങ്ങള്‍ നീളുന്ന ദുരിത യാത്ര ഇതോടെ ഒഴിവാക്കാനാകും.  ആന്ധ്രാ പ്രദേശ്,
തെലങ്കാന,  മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക  തുടങ്ങിയ സംസ്ഥാനങ്ങളിലെ
അയ്യപ്പഭക്തര്‍ക്ക് ശബരി  വിമാനത്താവളം വലിയ നേട്ടമാകും.
ഭരണങ്ങാനം, ഏറ്റുമാനൂര്‍, ആറന്‍മുള, മാരാമണ്‍, ചെറുകോല്‍പ്പുഴ  തുടങ്ങിയ
 കേന്ദ്രങ്ങളിലെത്താനും ഏറെ സൗകര്യം.
ശബരി വിമാനത്താവളത്തില്‍ നിന്ന്  എരുമേലിയിലേക്ക് ആറു കിലോമീറ്റര്‍
മാത്രമാണ്  ദൂരം.
പേട്ടതുള്ളിയ ശേഷം അയ്യപ്പന്‍മാര്‍ക്ക്  ശബരിമലയിലെത്താന്‍   48
കിലോമീറ്റര്‍ മാത്രമേ വേണ്ടൂ.
നിലവില്‍ തീര്‍ഥാടകരും മറ്റ് യാത്രക്കാരും വിവിധയിടങ്ങളില്‍
മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും ദുരിതങ്ങളും നേരിട്ടാണ് ശബരിമല
തീര്‍ഥാടനത്തിനെത്തുന്നത്.
എരുമേലിയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് 113 കിലോമീറ്ററും
തിരുവനന്തപുരത്തേക്ക് 130 കിലോമീറ്ററുമാണ് ദൂരം. പത്തനംതിട്ടയിലെയും
കോട്ടയത്തെയും ആലപ്പുഴയിലെയും പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും
ഗള്‍ഫിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ സ്വന്തം നാട്ടില്‍
നിന്ന് പറന്നുയരാനും പറന്നുവരാനുമുള്ള സാധ്യതയാണ് ശബരി വിമാനത്താവളം
തുറന്നുനല്‍കുന്നത്.
ഡല്‍ഹിലും ബാംഗളൂരിലും മുംബൈയിലും ചെന്നൈയിലും ജോലി ചെയ്യുകയും ഉപരിപഠനം
നടത്തുകയും ചെയ്യുന്നവരുടെ യാത്രാ ദുരിതം എത്രയോ കഠിനമാണ്. പ്രഫഷണല്‍
പഠനത്തിനായി ഒട്ടേറെപ്പേര്‍  ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്ന ജില്ലയുമാണ്
കോട്ടയം. കിഴക്കന്‍മേഖലയിലെ കാര്‍ഷികോത്പന്നങ്ങളും സുഗന്ധ
ദ്രവ്യങ്ങളുമൊക്കെ കടല്‍ കടന്ന് വിവിധ രാജ്യങ്ങളില്‍ വില്‍പനയ്ക്ക്
എത്തിക്കാവുന്ന വലിയ സാധ്യതയുമാണ് നിര്‍ദിഷ്ടവിമാനത്താവളം.
ഡൊമസ്റ്റിക് വിമാന സര്‍വീസുകള്‍ വരുന്ന കാലത്ത്
20 മിനറ്റുകൊണ്ട് തിരുവനന്തപുരത്തും 35  മിനിറ്റില്‍ കോഴിക്കോട്ടും ഒരു
മണിക്കൂറില്‍ ചെന്നൈയിലും രണ്ടു മണിക്കൂറിനുള്ളില്‍ മുംബൈയിലും
എരുമേലിയില്‍ നിന്ന് പറന്നെത്താനാകും.
നിലവില്‍ വികസനസാധ്യതയുള്ള നിരവധി റോഡുകള്‍ എരുമേലിക്കായി സാധ്യതകള്‍
തുറന്നിട്ടിരിരിക്കുന്നു.
വടശ്ശേരിക്കര-പമ്പ, കോട്ടയം-കുമളി, എം.സി. റോഡ്, പുനലൂര്‍-മൂവാറ്റുപുഴ,
ചങ്ങനാശേരി- മണിമല, എരുമേലി- റാന്നി,  മുണ്ടക്കയം- എരുമേലി,
കാഞ്ഞിരപ്പള്ളി-എരുമേലി റോഡുകള്‍ അടുത്താണ്.  കോട്ടയം, തിരുവല്ല,
ചങ്ങനാശേരി  റെയില്‍വേ സ്റ്റേഷനുകളും ഏറെ ദൂരെയല്ല.
എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിലാണ് നിര്‍ദിഷ്ട എയര്‍പോര്‍ട്ട്
ഭൂമി. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ ചെറുവള്ളി
എസ്റ്റേറ്റില്‍ നിന്ന് കോട്ടയത്തിനും പത്തനംതിട്ടയ്ക്കും 50
കിലോമീറ്ററില്‍ താഴെയേ റോഡകലമുള്ളു.
വിമാനത്താവളം വരുന്നതോടെ ഒട്ടേറെ    തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന
പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്.
മറ്റിടങ്ങളിലേതുപോലെ ഏറെ കുടിയൊഴിപ്പിക്കലോ പൊളിച്ചുമാറ്റലുകളോ ഇല്ലാതെ
റബര്‍ എസ്‌റ്റേറ്റ് വിമാനത്താവളമാക്കി മാറ്റാനാകും എന്നതാണ് പ്രധാന
നേട്ടം. പാരിസ്ഥിത പ്രശ്‌നങ്ങളില്ല. വിമാനത്താവളം വരുന്നതിനെ എല്ലാവരും
ഒന്നുപോലെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
 ഭൂമിശാസ്ത്രപരമായ അനുകൂലഘടങ്ങള്‍ ഏറെയാണ് ശബരിയുടെ വലിയ സാധ്യത.
ബലവത്തായതും വെട്ടുകല്ല് കലര്‍ന്നതുമായ മണ്ണ്, നിരപ്പ് പ്രദേശം
എന്നിവയ്ക്കു പുറമെ മണിമമലയാറിന്റെ സാന്നിധ്യം 12 മാസവും ജലലഭ്യത
ഉറപ്പാക്കുന്നു. മണിമലയാറിന് മൂന്നു മുതല്‍ ആറു വരെ  മാറിയുള്ള ഉയര്‍ന്ന
പ്രദേശമായതിനാല്‍ ഏതു പ്രളയത്തിലും  വെള്ളപ്പൊക്ക ഭീഷണിയില്ല.
വേണ്ടിടത്തോളം വൈദ്യുതി സാധ്യതയും ഇവിടെ ലഭ്യമാണ്. ഇടമണ്‍-കൊച്ചി  പവര്‍
ഗ്രിഡ് വൈദ്യുതി ലൈനുമായി 12  കിലോമീറ്റര്‍ മാത്രമാണ് എരുമേലിക്കുള്ള
അകലം.
ആലപ്പുഴ, പീരുമേട്, വാഗമണ്‍, തേക്കടി, കുട്ടനാട്, കുമരകം തുടങ്ങിയ ടൂറിസം
കേന്ദ്രങ്ങളുടെ വികസനത്തിനും വന്‍സാധ്യതയാണുള്ളത്. വിദേശികളും
സ്വദേശികളുമായി ഒരു കോടിയോളം ടൂറിസ്റ്റുകള്‍ ഈ കേന്ദ്രങ്ങളില്‍ നിലവില്‍
ഓരോ വര്‍ഷവും എത്തുന്നുണ്ട്. ഗ്രാമീണ ടൂറിസത്തിന് പുതിയ മുഖം കൈവരും.
ചികിത്സാ രംഗത്ത് നിലവിലുള്ള ആശുപത്രികള്‍ക്കു പുറമെ പുതിയ ആശുപത്രികള്‍
ഉയര്‍ന്നുവരും. ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ
നാട്ടില്‍ സ്ഥാപിതമാകും.
മണിമലയാറ്റില്‍ മണിമല, പഴയിടം എന്നിവിടങ്ങളില്‍ പുതിയ പാലങ്ങള്‍.
വെള്ളം, വെളിച്ചം, റോഡ് എന്നിവയ്ക്കും വലിയ കുതിപ്പ് മധ്യേകരളത്തിനു
കൈവരിക്കാനാകും.
ഇതിനു പുറമെ തിരുവനന്തപുരം, എരുമേലി, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍
വിമാനത്താവളങ്ങളെ ബന്ധിക്കുന്ന ഡൊമസ്റ്റിക് വിമാന സര്‍വീസുകളാണ് മറ്റൊരു
പ്രതീക്ഷ.

Join WhatsApp News
പത്തനംതിട്ടകാരൻ ഉതുപ്പ് 2021-06-16 21:19:41
ആറന്മുളയിൽ എയർ പോർട്ട് വന്നപ്പോഴും ഇത് പോലെ സ്വപ്‌നം കണ്ടവരാണ് ഞങ്ങൾ. എന്നിട്ടെന്തായി?! പൈതൃകത്തിന് തട്ട് കേട് പറ്റുമെന്ന് ഒരു കൂട്ടർ കട്ടയ്ക്ക് വാദിച്ചു. പക്ഷേ എയർപോർട്ട് പോയികിട്ടി. ഇനി എരുമേലി, കാത്തിരുന്ന് കാണാം.പ്രകൃതി സ്നേഹികളെ കാത്തുകൊള്ളണമേ അയ്യപ്പാ. സ്വാമിയേ ശരണം അയ്യപ്പാ. ശരണമയ്യപ്പാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക