Image

വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന് ഭയമുള്ളതിനാലെന്ന് സുധാകരന്‍; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ലെന്ന് ചെന്നിത്തല

Published on 16 June, 2021
വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന് ഭയമുള്ളതിനാലെന്ന് സുധാകരന്‍; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്റെ തുടക്കം. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന് ഭയമുള്ളതിനാലാണ്. അതിനു പിന്നില്‍ പിണറായി വിജയന്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം ഇന്ദിര ഭാവനില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാണ് ആര്‍.എസ്.എസിന്റെ പിന്തുണ തേടിയതെന്നും ആരാണ് അവരുടെ വോട്ട് കൊണ്ട് എം.എല്‍.എ ആയതെന്നും ചിന്തിക്കണം. ആര്‍.എസ്.എസിനൊപ്പം ചേര്‍ന്ന് തലശേരിയില്‍ വര്‍ഗീയ കലാപത്തില്‍ പങ്കെടുത്തവരാണ് തന്നെ ആര്‍.എസ്.എസ് എന്ന് വിളിക്കുന്നത്. ആര്‍.എസ്.എസ് വോട്ട് വാങ്ങി എം.എല്‍.എ ആയ പിണറായി വിജയനാണോ താനാണോ ആര്‍.എസ്.എസ്. തങ്ങളെ ഒറ്റപ്പെടുത്തി തളര്‍ത്തിക്കളയാമെന്നാണ് കരുതുന്നതെങ്കില്‍ കടന്നുപോയ പലതിനെയും നേരിടേണ്ടിവരുമെന്ന് സി.പി.എമ്മിനെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. പള്ളിയേയും അമ്പലത്തേയൂം തള്ളിപ്പറഞ്ഞവര്‍ വോട്ടിനു വേണ്ടി അവയുടെ പിന്നാലെ നടക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. 

പ്രവര്‍ത്തകരുടെ വലിയ പ്രതീക്ഷകള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്ന് സുധാകരന്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ ചൂണ്ടിക്കാട്ടി. തോല്‍വി സ്വാഭാവികമാണ്. ഒത്തുപിടിച്ചാല്‍ തിരിച്ചുവരാം. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തിരിച്ചുവരണം.  തന്റെ കഴിവുകേടുകൊണ്ട് ഈ പാര്‍ട്ടിയുടെ ഒരു ചിറകുപോലും അറ്റുപോകില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നു. വിട്ടുവീഴ്ചയും സ്ഥാനമാനങ്ങള്‍ മാറ്റിവയ്ക്കാനും തയ്യാറായാല്‍ ചെറിയ കാലയളവിനുള്ളില്‍ പാര്‍ട്ടി തിരിച്ചുവരുമെന്നും സുധാകരന്‍ പറഞ്ഞു.പുതിയ കെ.പി.സി.സി അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം തന്നെ ബി.ജെ.പിക്കാരായ ചിത്രീകരിച്ചപ്പോള്‍ കോണ്‍ഗ്രസിലുള്ളവരും കൂട്ടുനിന്നു. ചിരിക്കുന്നവര്‍ എല്ലാവരും സ്നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

സുധാകരനെ കുറിച്ച് ബി.ജെ.പിക്കാരനെന്ന ആരോപണം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. കാരണം താന്‍ ആരോപണം നേരിട്ടപ്പോള്‍ പ്രതിരോധിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പാര്‍ട്ടിയിലുള്ള ചിലരും തനിക്കെതിരെ പോസ്റ്റുകളിട്ടു. ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്ന് കരുതുതരുതെന്ന ഉപദേശവും ചെന്നിത്തല സുധാകരന് നല്‍കി. കേരളം കണ്ട് ഏറ്റവും അഴിമതിക്കാരനായ മുഖ്യമ്രന്തിയാണ് പിണറായി വിജയന്‍. പിണറായിലും കാനവും അറിയാതെ ഇത്രയും വലിയ വനംകൊള്ള നടക്കില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. പാര്‍ട്ടിക്കാര്‍ തന്നെ വിശ്വസിച്ചില്ല. ബി.ജെ.പി-സി.പി.എം വോട്ട് കച്ചവടത്തെ കുറിച്ച് താന്‍ പറഞ്ഞത് ആരും കേട്ടില്ല. മാധ്യമങ്ങള്‍ മാത്രമല്ല, കോണ്‍ഗ്രസും തന്നെ കേട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന്  സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനും വിമര്‍ശിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക