Image

മ്യാന്‍മറിലെ പട്ടാള അട്ടിമറി: മിസോറാമിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നവരില്‍ ഒരു മുഖ്യമന്ത്രിയും

Published on 16 June, 2021
മ്യാന്‍മറിലെ പട്ടാള അട്ടിമറി:  മിസോറാമിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നവരില്‍ ഒരു മുഖ്യമന്ത്രിയും


ഗുവാഹത്തി: പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ മ്യാന്‍മറില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം മിസോറാമില്‍ എത്തിയവരില്‍ മുഖ്യമന്ത്രിയും. ചിന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി സലയ് ലിയാന്‍ ലുഐ ആണ് 9,000 ഓളം പേര്‍ക്കൊപ്പം മിസോറാമിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നതെന്ന് മിസോറാം ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. 
2016ലാണ് സലയ് ലിയാന്‍ മുഖ്യമന്ത്രിയായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ചംപയ് അതിര്‍ത്തി വഴി മുഖ്യമന്ത്രിയും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയിലെ 23 നിയമസഭാംഗങ്ങളും മിസോറാമിലെത്തിയത്. പശ്ചിമ മ്യാന്‍മറിലെ അതിര്‍ത്തി സംസ്ഥാനമായ ചിന്‍ മിസോറാമിലെ അഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതാണ്. വടക്ക് മണിപ്പൂരും തെക്ക് പടിഞ്ഞാറ് ബംഗ്ലാദേശുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഫെബ്രുവരി ആദ്യമുണ്ടായ സൈനിക അട്ടിമറിയെ തുടര്‍ന്ന് 9,247 പേരാണ് അതിര്‍ത്തി കടന്ന് മിസോറാമില്‍ അഭയം തേടിയെത്തിയത്. വിവിധ ജില്ലകളിലെ അഭയാര്‍ത്ഥി ക്യാംപുകളിലാണ് ഇവര്‍ കഴിയുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും വിവിധ സന്നദ്ധ സംഘടനകളുമാണ് ഇവര്‍ക്കുള്ള ഭക്ഷണവും താമസവും ഒരുക്കുന്നത്. മിസോറാമില്‍ അഭയം തേടിയെത്തിയവരില്‍ ഏറെയും ചിന്‍ അഥവ സു സമുദായത്തില്‍പെട്ടവരാണ്. മിസോറാമിലെ മിസോകള്‍ പിന്തുടര്‍ന്നുവരുന്ന വംശ പാരമ്പര്യവും സംസ്‌കാരവുമാണ് ഇവരുടേതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക