Image

ലത്തീഷ യാത്രയായി ; ബാപ്പയുടെ കരുതലിന്റെ കൈകള്‍ വിട്ട്

ജോബിന്‍സ് തോമസ് Published on 17 June, 2021
ലത്തീഷ യാത്രയായി ; ബാപ്പയുടെ കരുതലിന്റെ കൈകള്‍ വിട്ട്
'ലത്തീഷ' അവള്‍ മലയാളികള്‍ക്ക് അഭിമാനമായിരുന്നു. തന്റെ കൊച്ചു ജീവിതം കൊണ്ട് ഒരായിരം ജന്‍മങ്ങള്‍ ഓര്‍ത്തിരിക്കാനുള്ള സന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റേയും പുത്തന്‍ അധ്യായങ്ങളാണ് അവള്‍ എഴുതിച്ചേര്‍ത്ത്. 27 വയസ്സായിരുന്നെങ്കിലും പൊക്കം ഒന്നരയടി മാത്രം. എല്ലൂകള്‍ പൊടിയുന്ന ഓസ്റ്റിയോജനിസ്റ്റ ഇംപെര്‍ഫെക്ട എന്ന രോഗവുമായാണ് അവള്‍ ജനിച്ചത്. ഇതനു പുറമേ പള്‍മെനറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗവും കൂടിയായതോടെ ഓകിസിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയായിരുന്നു ശ്വസനം. 

എരുമേലി സ്വദേശി അന്‍സാരിയുടെ മകള്‍ ലത്തീഷ. ഇന്നലെയാണ് അവള്‍ ലോകത്തോട് വിടവാങ്ങിയത്. ആരും തളര്‍ന്നു പോയേക്കാവുന്ന പരിമിതികള്‍ക്ക് നടുവിലും അവളുടെ ജീവിതം ഒരു വിജയഗാഥയായിരുന്നു. കോമേഴ്‌സില്‍ ഉയര്‍ന്ന മാര്‍ക്കോടെ പിജി സ്വന്തമാക്കിയ ലത്തീഷ സിവില്‍ സര്‍വ്വീസ് പരീക്ഷയും എഴുതിയിട്ടുണ്ട്. തൊട്ടാല്‍ എല്ലുപൊടിയുന്ന രേഗവുമായി മല്ലിട്ടപ്പോഴും തന്റെ വിരലുകള്‍കൊണ്ട് കീബോര്‍ഡില്‍ അവള്‍ അത്ഭുതം തീര്‍ത്തു. കീ ബോര്‍ഡ് വായിച്ച് അവള്‍ വാരിക്കൂട്ടിയ പുരസ്‌കാരങ്ങള്‍ നിരവധിയായിരുന്നു. 

ഗ്ലാസ് പെയിന്റിംഗിലും അത്ഭുതം തോന്നുന്ന മികവായിരുന്നു ലത്തീഷയ്ക്ക്. ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം നൂറിലേറെ ബഹുമതികള്‍ ലത്തീഷ നേടിയfരുന്നു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കുകയും ശാരീരിക പരിമിതികളുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിരുന്ന ലത്തീഷ ഒരിക്കല്‍ പോലും തന്റെ പോരായ്മകളോര്‍ത്ത് വിഷമിച്ചിരുന്നില്ല. ലത്തീഷയുടെ യൂട്യൂബ് ചാനലിന്റെ പേര് ലത്തീഷാസ് ഹാപ്പിനെസ്സ് എന്നായിരുന്നു. 

ജനിച്ചു വീണപ്പോള്‍ മുതല്‍ ലത്തീഷയുടെ കരുതല്‍ ബാപ്പ അന്‍സാരിയായിരുന്നു. ആഹ്ലാദം എന്നര്‍ത്ഥം വരുന്ന ലത്തീഷ എന്ന പേര് അവള്‍ക്കിട്ടത് ബാപ്പയാണ്. പേരിനെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു ലത്തീഷയുടേത്. ബാപ്പയുടെ ഒക്കത്തിരുന്നായിരുന്നു ലത്തീഷയുടെ യാത്രകള്‍. ഒന്നമര്‍ത്തിപ്പിടിച്ചാല്‍ എല്ലുകള്‍ പൊടിയുമെന്നതിനാല്‍ അത്ര കരുതലോടെയായിരുന്നു അന്‍സാരി മകളെ ചേര്‍ച്ചു പിടിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെ പാചക പരീക്ഷണങ്ങളും മോട്ടിവേഷന്‍ ക്ലാസുകളും അവള്‍ മറ്റുള്ളവര്‍ക്കായി പങ്കുവച്ചിരുന്നു. 

കുട്ടി ജനിച്ചപ്പോള്‍ അന്‍സാരിയോട് ഡോക്ടര്‍ പറഞ്ഞത് ഈ കുട്ടിയെ ഓര്‍ത്തു വിഷമിക്കരുതെന്നാണ്. പിന്നീടങ്ങോട്ട് ലത്തീഷയായിരുന്നു അന്‍സാരിയുടെ ജീവിതം അവളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പമായിരുന്നു അന്‍സാരിയുടെ യാത്രകള്‍. ബാപ്പ എന്നെ സ്‌കൂളില്‍ വിട്ട് പഠിപ്പിച്ചില്ലായിരുന്നുവെങ്കില്‍ എനിക്കിങ്ങനെയൊന്നും ആകാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ലത്തീഷ പറയുകയുണ്ടായി. 

ഒരു പാട് നാളുകളായി ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ട് ജിവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ലത്തീഷ കോവിഡ് കാലത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ചുള്ള ഒരു വീഡിയോ എല്ലാവര്‍ക്കുമായി പങ്കുവച്ചിരുന്നു.

മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലത്തീഷ ബാപ്പയെ വിളിച്ച് ഒരാഗ്രഹം പറഞ്ഞു 'ബാപ്പ എനിക്ക് ജീവിതത്തില്‍ ഇതുവരെ എണീറ്റ് നിക്കാന്‍ സാധിച്ചിട്ടില്ല. ബാപ്പയുടെ കൈയ്യില്‍ ഞാനൊന്ന് തൂങ്ങിനില്‍ക്കട്ടെ. രണ്ട് മണിക്കൂറാണ് അതുവരെ കരുതലായ ബാപ്പയുടെ കൈകളില്‍ ലത്തീഷ തൂങ്ങി നിന്നത്. 

ശ്വാസതടസത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ലത്തീഷയെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആയിരങ്ങള്‍ക്ക് ആത്മവിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും പുത്തന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ശേഷം അതിജീവനത്തിന്റെ രാജകുമാരി ലത്തീഷ യാത്രയായി.

ലത്തീഷ യാത്രയായി ; ബാപ്പയുടെ കരുതലിന്റെ കൈകള്‍ വിട്ട്
ലത്തീഷ യാത്രയായി ; ബാപ്പയുടെ കരുതലിന്റെ കൈകള്‍ വിട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക