Image

യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്

Published on 19 June, 2021
 യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്


കുവൈറ്റ് സിറ്റി: യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ആചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ യഥാര്‍ത്ഥത്തില്‍ എല്ലാവരുടെതാണെന്നും നൂറ്റാണ്ടുകളുടെ അന്വേഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും തപസിനും ശേഷമാണ് ഋഷിമാര്‍ യോഗയെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യക്ക് നല്‍കിയ സഹായത്തിന് കുവൈറ്റ് അധികാരികള്‍ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശക്തമായ പിന്തുണ നല്‍കുന്ന കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോടുള്ള സിബി ജോര്‍ജ് നന്ദി പറഞ്ഞു. പരസ്പരബന്ധിതമായ ഈ ലോകത്ത് ഒരു പാട് കാര്യങ്ങളാണ് മഹാമാരി നമ്മേ പഠിപ്പിച്ചതെന്നും ദേശീയമായും അന്തര്‍ദ്ദേശീയമായും കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം കോവിഡ് മഹാമാരി മനസിലാക്കി തന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ മതില്‍ക്കെട്ടുകളും മറന്ന് ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ നമുക്ക് ചെറുത്തു തോല്‍പ്പിക്കാമെന്ന് അദ്ദേഹം അഹ്വാനം ചെയ്തു. കോവിഡിനെ തോല്‍പ്പിക്കുവാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏക പരിഹാരം വാക്‌സിനേഷനാണ്. വാക്‌സിന്‍ വികസനത്തിലും ഉത്പാദനത്തിലും വിതരണത്തിലും ലോകത്തിന്റെ ഫാര്‍മസി എന്ന നിലയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നുവെന്ന കാര്യത്തില്‍ ഏറെ സന്തോഷം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കൊറോണ നിയന്ത്രണ വിധേയമാണെന്നും രോഗമുക്തി നിരക്ക് 96.03 ശതമാനം കഴിഞ്ഞതായും അംബാസിഡര്‍ അറിയിച്ചു.

കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കുവൈത്ത് ആര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെക്രട്ടറി ഡോ. ഇസാ എം. അന്‍സാരി, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സംഘടനാ പ്രതിനിധികള്‍ എന്നീവര്‍ യോഗത്തില്‍ സംബന്ധിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തല്‍സമയ സംപ്രേഷണത്തിലൂടെയും സൂമിലൂടെയും ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക