Image

സ്റ്റാന്‍ സ്വാമി- മറ്റൊരു ഭരണകൂടകൊല-(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 09 July, 2021
സ്റ്റാന്‍ സ്വാമി- മറ്റൊരു ഭരണകൂടകൊല-(ദല്‍ഹികത്ത് : പി.വി.തോമസ്)
ഫാസിസത്തില്‍ പൗരന്മാര്‍ വേട്ടയാടപ്പെടുമെന്ന് ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പൗരന്മാര്‍ സുരക്ഷിതരാണെന്നും ആണ് പൊതുധാരണ. ഇത് ഒരു മിഥ്യ ആണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് പുരോഹിതനും ആയ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡിമരണത്തോടെ തെളിഞ്ഞു. സ്റ്റാന്‍സ്വാമി എന്ന 84 വയസ്സുള്ള ആദിവാസി നേതാവ് ജൂലൈ 5ന് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. അദ്ദേഹം അപ്പോഴും നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ആയിരുന്നു. ജൂലൈ ആറാം തീയതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ വീണ്ടും കേള്‍ക്കുവാനായിട്ട് കോടതി തീരുമാനിച്ചിരിക്കവെയാണ് സ്വാമി മരിച്ചത്. മാവോയിസ്റ്റ് ബന്ധം ചുമത്തപ്പെട്ട് 2020 ഒക്ടോബറില്‍ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമപ്രകാരം(യു.എ.പി.എ.) അറസ്റ്റിലായ അദ്ദേഹം പല തവണ ജാമ്യം നിഷേധിക്കപ്പെട്ട് ഒമ്പതു മാസമായി ജയിലില്‍ ആയിരുന്നു. സ്റ്റാന്‍സ്വാമിയുടേത് അതിക്രൂരമായ ഒരു ഭരണകൂടകൊല ആയിരുന്നു. ഇത് ഒറ്റപ്പെട്ട ഒരു സംഭവവും അല്ല.

എന്തായിരുന്നു സ്റ്റാന്‍സ്വാമി ചെയ്ത തെറ്റ്? അദ്ദേഹം ബീഹാറിലെ (ഇപ്പോള്‍ ഝാര്‍ഖണ്ട്) ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനായി ഭരണഘടനാനുസൃതമായി നിയമയുദ്ധം നടത്തികൊണ്ടിരുന്ന ഒരു പോരാളി ആയിരുന്നു. ആദിവാസികളുടെ ഭൂമിയും ജീവനും സംരക്ഷിക്കുവാനായി അദ്ദേഹം ഖനിമാഫിയയെയും സര്‍ക്കാര്‍ അധികൃതരെയും എതിര്‍ത്തു. ഒടുവില്‍ അദ്ദേഹത്തെ മാവോയിസ്റ്റായി ചിത്രീകരിച്ച് എല്‍ഗര്‍ പരിക്ഷത്ത്- ഭീമ കൊറിഗന്‍ കേസില്‍ പ്രതിയാക്കി അറസ്റ്റു ചെയ്തു. തെളിവായി ചില മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തു. ഇതാണ് വിചിത്രമായ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനം എന്ന ഫാസിസ്റ്റ് കരിനിയമം. സ്വാമിയുടെ കമ്പ്യൂട്ടറില്‍ നിന്നും സംശയകരമായ ചില ഡിസ്‌ക്കുകളും കണ്ടെടുത്തതായി എന്‍.ഐ.എ. അവകാശപ്പെട്ടു. ഇത് അന്വേഷണ ഏജന്‍സിയുടെ പ്ലാന്റ് ആണെന്ന് മറുവാദം.

ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ സ്വവസതിയില്‍ നിന്നും അറസ്റ്റു ചെയ്യപ്പെട്ട സ്വാമിയെ എന്‍.ഐ.എ. മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഒക്ടോബര്‍ 23 ന് സ്വാമി എന്‍.ഐ.എ. കോടതിയില്‍ ഒരു മെഡിക്കല്‍ ബെയിലിന് അപേക്ഷ കൊടുത്തിരുന്നെങ്കിലും അത് തള്ളി. പ്രായാധിക്യം കൂടാതെ പാര്‍ക്കിന്‍സന്‍ രോഗം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് അദ്ദേഹം ഇരയായിരുന്നു. ദൃശ്യ-കേള്‍വി കുറവും ഇതില്‍പെടും. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായി. പാര്‍ക്കിന്‍സന്‍ രോഗം മൂലം ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ പരസഹായം കൂടാതെ സാധിക്കുകയില്ലായിരുന്നു. ജയിലില്‍ ഇതിനായി വാര്‍ഡ് ബോയിയും ഉണ്ടായിരുന്നില്ല. നവംബര്‍ ആറാം തീയതി അദ്ദേഹം കോടതിയില്‍ ഒരു സട്രോയും സിപ്പറും ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചു. ഇതിന്റെ മറുപടിക്ക് ആയി നവംബര്‍ 26 വരെ സ്വാമിക്ക് കാത്തിരിക്കേണ്ടതായി വന്നു. തങ്ങളുടെ കൈവശം സ്‌ട്രോയും സിപ്പറും ഇല്ലെന്നായിരുന്നു എന്‍.ഐ.എ.യുടെ മറുപടി! ഒടുവില്‍ ഡിസംബര്‍ നാലിന് സ്വാമിക്ക് സ്‌ട്രോയും സിപ്പറും ലഭിച്ചു. മെഡിക്കല്‍ ബെയിലിനായിട്ടുള്ള സമരം സ്വാമി തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ 2021 മാര്‍ച്ച് 22ന് എന്‍.ഐ.എ. പ്രത്യേക കോടതി വീണ്ടും ഇത് നിഷേധിച്ചു. ഒടുവില്‍ മെയ് 28-ന് ഹൈക്കോടതി ഇടപ്പെട്ടാണ് സ്വാമിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വച്ച് അദ്ദേഹത്തിന് കോവിഡ് മെയ് 30-ന് സ്ഥിരീകകരിച്ചെങ്കിലും ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റുവാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ജൂണ്‍ 17-ന് കോടതി അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരണമെന്ന് ഉത്തരവിട്ടു. ജൂലൈ 5-ന് അദ്ദേഹം ബെയിലും ജയിലും ഒന്നും ഇല്ലാത്ത ലോകത്തേക്ക് സ്വതന്ത്രനായി. സ്റ്റാന്‍സ്വാമിയുടെ കാര്യത്തില്‍ അദ്ദേഹത്തെ കൊലചെയ്തത് ഈ ഭരണകൂടവും ഇവിടത്തെ മനുഷ്യത്വമില്ലാത്ത നീതി ന്യായ വ്യവസ്ഥയും ആണെന്ന് നിസംശയം പറയാം.

ആദ്യം സൂചിപ്പിച്ചതുപോലെ ഇത് ഒറ്റപ്പെട്ട സംഭവവും അല്ല. ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാരാഗൃഹങ്ങളില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. ജാ്മ്യം കിട്ടുവാന്‍ വിഷമം ഉള്ള യു.എ.പി.എ.യും ജാമ്യം കിട്ടുവാന്‍ വിഷമം ഉള്ള യൂ.എ.പി.എ.യും രാജ്യദ്രോഹം-ഗൂഢാലോചന കുറ്റങ്ങള്‍ ആണ് ഇവരില്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ചിലരൊക്കെ പൗരപ്രക്ഷോഭണത്തിന്റെ ഫലമായി വെളിയില്‍ വന്നു. ചിലര്‍ ഇപ്പോഴും അകത്തു കിടക്കുന്നു. കൊബാഡു ഗാന്ധി, അരുണ്‍ ഫെരേര, ബിനായക് സെന്‍, തിരുമുരുഗന്‍ ഗാന്ധി, ജി.സായിബാബ, സുധീര്‍ ദാവലെ, മഹേഷ് റൗട്ട്, ഷോമാ സെന്‍, റോണാ വിത്സന്‍, ബുധഭരദ്വാജ്, വരവര റാവു, വെര്‍ണന്‍ റോണ്‍ സാല്‍വസ്, ഗൗതം റാവലഖ, അഖില്‍ ഗൊഗോയി, മമ്പ്രത് സഹറ, ആനന്ദ് ടെല്‍ട്ടുബടെ, ഇമാര്‍ ഖാലീദ്, സിദ്ദിക്ക് കാപ്പന്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്. ഐഷാ സുല്‍ത്താന, നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇക്ബാല്‍ തന്‍ഹ, കന്നയ്യകുമാര്‍, ദിശ രവി, മുനാവര്‍ ഫറൂഖി, അനുരാഗ് കശ്യപ്, ഡോ.കഫീല്‍ ഖാന്‍ മറ്റ് ചിലരാണ്. ഇവരില്‍ ചിലരെയെല്ലാം കോടതി ജ്യാമത്തില്‍ വിട്ടാലും ്അന്വേഷണ ഏജന്‍സി ഓരോ കാരണം പറഞ്ഞ് ജയിലില്‍ ഇടുവാന്‍ ശ്രമിക്കും. ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ രാജ്യദ്രോഹികളിലും ഭീകരവാദികളിലും ഗൂഢാലോചനക്കാരിലും നല്ലൊരു വിഭാഗം പ്രായാധിക്യത്താല്‍ വിവിധ രോഗങ്ങളാല്‍ വലയുന്നവരാണ്. പക്ഷേ അവര്‍ക്കൊന്നും മാനുഷീക പരിഗണന നല്‍കുവാന്‍ ഇവിടെ ഭരണകൂടമോ നീതി ന്യായ വ്യവസ്ഥയോ ഇല്ലെന്നതാണ് കഷ്ടം. നമുക്കുള്ളത് ജനാധിപത്യമോ, ഫാസിസമോ അതോ 'ഇലക്റ്റഡ് ഡിക്‌റ്റേറ്റര്‍ ഷിപ്പോ'?  തെരഞ്ഞെടുക്കതപ്പെട്ട ഏകാധിപതികള്‍! കടം വാങ്ങിയ ഈ പ്രയോഗം കൊള്ളാം. ആരോഗ്യനില വഷളായി വിമോചനം കാത്തിരിക്കുന്നവരില്‍ സുധ ബരദ്വാജ്, ആനന്ദ് ടെറ്റ്ബടെ, ഹണി ബാബു, ഗൗതം നവലഖ, വരവരറാവു, സുരേന്ദ്ര ഗാഡ്‌ലിങ്ങ് തുടങ്ങിയവര്‍ ഉണ്ട്. ഇവര്‍ക്ക് സ്റ്റാന്‍ സ്വാമിയുടെ ഗതി ഉണ്ടാകാതിരിക്കട്ടെ.

അറസ്റ്റിന് രണ്ടു ദിവസം മുമ്പ് സ്റ്റാന്‍സ്വാമി പറഞ്ഞത് ഇപ്രകാരം ആണ്. എനിക്ക് ഇപ്പോള്‍ സംഭവിക്കുന്നത് എനിക്കുമാത്രം സംഭവിക്കുന്നതല്ല. ഒട്ടേറെ ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍, അഭിഭാഷകര്‍, കവികള്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ ജയിലില്‍ ഉണ്ട്. കാരണം അവര്‍ വ്യവസ്ഥിതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു. ഞാന്‍ നിശബ്ദനായ ഒരു കാഴ്ചക്കാരന്‍ അല്ല. ഞാന്‍ ഇതിന്റെ വില നല്‍കുവാന്‍ തയ്യാറാണ്. അത് എന്തുതന്നെ ആയാലും.' ആ വില അദ്ദേഹം നല്‍കുകയും ചെയ്തു. മാര്‍ച്ച് 23-ാം തീയതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് എന്‍.ഐ.എ. കോടതിയുടെ പ്രത്യേക ജഡ്ജി സി.ജ. കോതാലിക്കര്‍ പറഞ്ഞു: സമൂഹത്തിന്റെ പൊതുനന്മ പരിഗണിച്ചാലും സ്വാമിക്കെതിരായിട്ടുള്ള ഗൗരവമേറിയ കുറ്റം കണക്കിലെടുത്താലും അത് സ്വാമിയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കാള്‍ വലുതാണ്. സ്വാമിയുടെ പ്രായവും അസുഖങ്ങളും ഒന്നും അദ്ദേഹത്തെ സഹായിക്കുകയില്ല. കാരണം ഗവണ്‍മെന്റിനെ അട്ടിമറഇക്കുവാനുള്ള ഗൗരവമേറിയ ഒരു ഗൂഢാലോചന ആണ് അദ്ദേഹം മാവോയിസ്‌ററുകളുമായി ചേര്‍ന്ന് നടത്തിയിരിക്കുന്നത്'

ഒരു ഗ്ലാസ് വെള്ളം സ്വയം ഉയര്‍ത്തി കുടിക്കുവാന്‍ സാധിക്കാത്ത ഈ 84 വയസുകാരനായ പാക്കിസ്ഥാന്‍ രോഗി ഏത് ഗവണ്‍മെന്റിനെ ആണ് അട്ടിമറിക്കുവാന്‍ പോകുന്നത്? അത്രയ്ക്ക ദുര്‍ബ്ബലം ആണോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും അതിന്റെ ഗവണ്‍മെന്റും?

സ്റ്റാന്‍ സ്വാമി മരിച്ചു. അല്ലെങ്കില്‍ ഭരണകൂടവും നീതിന്യായവ്യവസ്ഥയും അദ്ദേഹത്തെ കൊല ചെയ്തു. സ്വാമിയുടെ മരണം അനുശോചിക്കുവാനുള്ളതല്ല. പകരം പ്രതിഷേധിക്കുവാനുള്ളതാണ്. പൊട്ടിത്തെറിക്കുവാനുള്ളതാണ്. ക്ഷോഭിക്കുവാനുള്ളതാണ്. ചിന്തിക്കുവാനും പ്രതികരിക്കുവാനും തിരുത്തുവാനുമുള്ളതാണ്. രാജ്യദ്രോഹം സംബന്ധിച്ച സെഡീഷന്‍ നിയമം പോലെ യു.എ.പി.എ.യും(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ഒരു ഫാസിസ്റ്റ്-കൊളോണിയല്‍ കരിനിയമം ആണ്. 2019-ല്‍ മോദിബരണം നടത്തിയ ഭേദഗതിയിലൂടെ ഈ ഭീകരനിയമം വ്യക്തികളെ ഉന്നം വയ്ക്കുകയാണ്. സ്റ്റാന്‍സ്വാമി അതിന്റെ ഒരു ഇരയാണ്. ജനാധിപത്യ ഭാരതത്തിന്റെ നിയമ പുസ്തകതത്തില്‍ നിന്നും ഈ കരിനിയമങ്ങള്‍ തുടച്ചു മാറ്റണം. ഇനി സ്റ്റാന്‍സ്വാമിമാര്‍ ഉണ്ടാകരുത്. ജയിലില്‍ കിടക്കുന്ന ബിനായക് സെന്നും സുധാഭരദ്വാജും വരവരറാവുവും സ്വാതന്ത്ര്യത്തിന്റെ വെളിച്ചം അര്‍ഹിക്കുന്നു. തടവറയുടെ ഇരുട്ടില്‍ നിന്നും അവരെ രക്ഷിച്ചില്ലെങ്കില്‍ ഈ സ്വതന്ത്ര്യത്തിന് അര്‍ത്ഥം ഇല്ല. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ചെങ്കോട്ടയില്‍ കൊടികയറുവാന്‍ ഏതാനും ആഴ്ചകള്‍ക്കുമാത്രം അവശേഷിക്കവെ ചിന്തിക്കേണ്ടത് ആണ് ഇത്.

സത്യത്തില്‍ സ്റ്റാന്‍സ്വാമി ഒരു ഭീകരവാദി ആയിരുന്നോ? ഈ ചോദ്യം ഓരോ ഭാരതീയന്റെയും മനസാക്ഷിയെ വേട്ടയാടണം. ഒരു ഭീകരവാദി അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ എന്തിന് മാനസീകമായി പീഢിപ്പിച്ചു കൊന്നു? എന്തിന് വിചാരണയില്ലാത്ത തടവിന് വിധേയനാക്കി? ആര് ഇതിന് ഉത്തരം പറയും? മോദിയോ അമിത്ഷായോ അതോ അന്ധമായ നീതിന്യായ വ്യവസ്ഥയോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക