Image

സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു. (സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 10 July, 2021
സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
പ്രീഡിഗ്രി പഠനത്തിന് പ്രശസ്ത കോളേജില്‍ തന്നെ അനന്തിരവന് പ്രവേശനം ലഭിക്കണമെന്ന് അമ്മാവന് അത്യധികം ആഗ്രഹം ഉണ്ടായിരുന്നു. അതിനായി അമ്മാവന്  അടുത്തറിയാവുന്ന കോളേജ് പ്രിന്‍സിപ്പലിനെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ചതിനു ശേഷം മടങ്ങിവരുമ്പോള്‍  അമ്മാവന്‍ പറഞ്ഞു ' മറ്റൊരു ബന്ധുവിന്റെ  പ്രവേശനകാര്യത്തില്‍  കഴിഞ്ഞ വര്ഷം ഈ പ്രിന്‍സിപ്പലിനെ കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചതാണ്,  ഇനി ഒരിക്കലും ഇയാളെ വീട്ടില്‍ ചെന്ന്  കാണില്ല എന്ന് , പക്ഷെ എന്തു ചെയ്യാം ഇത് മോന്റെ കാര്യമായിപ്പോയില്ലേ? 'കോളേജ് പ്രവേശനം എന്ന മോഹന സ്വപ്നവും മനസ്സിലേന്തി ആദ്യമായി ഒരു കോളേജ് ക്യാമ്പസ്സിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ആകാംക്ഷയില്‍,   അമ്മാവന്‍ അന്ന്പറഞ്ഞ വാക്കുകളുടെ  മുഴുവന്‍ വ്യാപ്തിയും അപ്പോള്‍ മനസ്സിലായില്ല. അടുത്തുള്ളനിരത്തില്‍ നിന്നും ഫുട്‌ബോള്‍ മൈതാനത്തേക്കുള്ള  ഗേറ്റ് എന്താണ്  ഒരാള്‍ക്ക്   കടന്നുപോകാന്‍  മാത്രമനുവദിക്കുന്ന  പാതി ഗേറ്റ് ആയി ഉണ്ടാക്കിയിരിക്കുന്നത് എന്നതായിരുന്നു എന്റെ  ചിന്ത. ഗേറ്റിനു  കറങ്ങാന്‍ പാകത്തില്‍  അര്‍ദ്ധ വൃത്താകൃതിയിലുള്ള ഒരുമതിലും. അലഞ്ഞു നടക്കുന്ന  കന്നു കാലികള്‍  നല്ല പച്ചപുല്‍ത്തകിടയുള്ള ഫുട്‌ബോള്‍ മൈതാനത്ത്പ്രവേശിക്കാതിരിക്കാനാണ്  ഇങ്ങനെ ഒരുപ്രവേശന വഴി എന്ന്  അമ്മാവന്‍ മനസ്സിലാക്കിതന്നു.

വെയിലേറ്റുണങ്ങാന്‍, വീതികുറഞ്ഞ പച്ച പരവതാനി നീളത്തില്‍ വിരിച്ചിട്ടിരിക്കുന്നതുപോലെ, ഒരേനിരപ്പില്‍ വെട്ടിനിറുത്തിയിരിക്കുന്നു അലങ്കാര ചെടികള്‍  ഉന്നത വിദ്യാഭാസ സ്ഥാപനത്തിന്റെ  പ്രൗഢി വിളിച്ചോതി നിന്നിരുന്നു. ചെടികള്‍ക്ക്  മുകളില്‍  ഇലകള്‍ വെട്ടി രൂപപ്പെടുത്തി നിര്‍മ്മിച്ചിരുന്ന പക്ഷികളും മൃഗങ്ങളും കലാലയ അന്തരീക്ഷത്തില്‍ എത്തുന്ന നവാഗതര്‍ക്ക് സ്വാഗതമേകുന്നു.

കോളേജില്‍ പോകുമ്പോള്‍ ധരിക്കാനായി, ബെല്‍ബോട്ടം പാന്റിന്റെയും  അതിനുപറ്റിയ ഷര്‍ട്ടിന്റെയും തുണികള്‍ കടയില്‍ നിന്നും വാങ്ങിതന്നപ്പോള്‍,  ഷര്‍ട്ടിന്റെ തുണിക്ക്  ഒന്നാം ക്ലാസില്‍  പഠിക്കുമ്പോള്‍  അമ്മാവന്‍ വാങ്ങിത്തന്ന  പുസ്തകപ്പെട്ടിയുടെ  അതേ നിറം. 

അന്നൊക്കെ പുതിയ അദ്ധ്യയന വര്ഷം തുടങ്ങുന്നത്, എടാപിടി, ഇടവപ്പാതി  വര്‍ഷത്തിന്റെ അകമ്പടിയോടെ ആയിരുന്നു.

വീതികൂടിയ കറുത്ത റബര്‍ ബാന്‍ഡുകൊണ്ട് സ്ലേറ്റും, പുസ്തകവും, കല്ല്‌പെന്‍സിലുമെല്ലാം മുറുക്കി കെട്ടി സ്‌കൂളില്‍ എത്തുമ്പോഴേക്കും പുസ്തകം മിക്കപ്പോഴും നനഞ്ഞിരിക്കും. അപ്പോഴാണ് സഹപാഠികളില്‍ ചിലര്‍ക്ക് പുസ്തകപ്പെട്ടി ഉള്ളകാര്യം ശ്രദ്ധയില്‍ പെട്ടത്. ഭാഗ്യവശാല്‍ അമ്മാവന്‍  അവധിക്ക് നാട്ടില്‍ എത്തിയതും ഈ സമയത്തായിരുന്നു .  ചിണുങ്ങി, കിണുങ്ങി, ''എനിക്കൊരു പുസ്തക പെട്ടി വാങ്ങിത്തരുമോ, വാങ്ങിത്തരുമോ'' എന്ന് ചോദിച്ചു.  രണ്ടു  ദിവസങ്ങള്‍ക്ക്  ശേഷം പൊട്ടിപ്പോയ കറുത്ത റബ്ബര്‍ബാന്‍ഡ് കൂട്ടികെട്ടുമ്പോള്‍  അമ്മാവന്‍ പുറകില്‍ കൂടി വന്ന്  എന്റെ  കണ്ണുകള്‍ പൊത്തി.  പൊത്തിയ കൈകള്‍ മാറ്റിയപ്പോള്‍, അതാ കണ്‍മുമ്പില്‍ മലര്‍ക്കെ ചിരിച്ചുകൊണ്ടൊരു പുസ്തകപ്പെട്ടി. ആദ്യത്തെ  ഹര്‍ഷോന്മാദത്തില്‍  ഇരുപത്തിഅഞ്ചു  തവണയെങ്കിലും പെട്ടിയുടെ കൊളുത്ത്,  അടച്ചും തുറന്നും, അടച്ചും തുറന്നും    പ്രവര്‍ത്തിപ്പിച്ചു നോക്കി. പതിവിലും നേരത്തെ അന്ന്  ക്ലാസ്സ്  മുറിയില്‍ എത്തി, പെട്ടിയുടെ വിശേഷം കൂട്ടുകാരുമായി പങ്കുവെച്ചു. അങ്ങനെ ഒന്നാം ക്ലാസ്സില്‍ പുസ്തക പെട്ടി സ്വന്തമായിട്ടുള്ള  ചുരുക്കം ചില  വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ എനിക്കും  പ്രവേശനം ലഭിച്ചു.

രണ്ടാം ക്ലാസ്സില്‍  പഠിക്കുമ്പോള്‍  ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബാസ്‌കറ്റ്ബാള്‍ ടീമിന്റെ കൂടെ കേരളമൊട്ടുക്ക് യാത്രചെയ്യാന്‍ എനിക്കു സാധിച്ചു. അന്നുകേരളത്തില്‍ നിലനിന്നിരുന്ന നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുവാന്‍ ടീമിനോടൊപ്പം അമ്മാവന്‍ എത്തിയപ്പോള്‍, എന്നെയും വീട്ടില്‍ നിന്നും അമ്മാവന്‍ കൂട്ടികൊണ്ടുപോയി.

ഡിഗ്രി പഠനപ്രവേശന സമയത്തും അമ്മാവന്‍ സഹായഹസ്തവുമായി കോഴിക്കോടു   നിന്നും  ഓടിയെത്തി. പഠനം സുഗമമായി മുന്നോട്ടു പോകും എന്നുറപ്പുവരുത്തുന്നതുവരെ കൂടെ നിന്ന് എല്ലാവിധ സഹായവും നല്‍കിയിരുന്നു.  കുടുംബത്തിലെയും, സുഹൃത്തുക്കളുടെയും, മക്കളുടെ സുഹൃത്തുക്കളുമാകുന്ന  അനേകം കുട്ടികളെ കൂടെ താമസിപ്പിച്ച്  ഉന്നത  വിദ്യാഭ്യാസത്തിനുള്ള  സൗകര്യങ്ങള്‍ ഒരുക്കികൊടുത്ത്  അവര്‍ക്കെല്ലാം  മെച്ചപ്പെട്ട ഒരു ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ അമ്മാവന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു.  സ്‌കൂള്‍ , കോളേജ് വിദ്യാഭാസ കാലത്ത് നീണ്ട ആറുവര്‍ഷമാണ് അമ്മാവനോടൊപ്പം ഞാന്‍ താമസിച്ചത്.

മകരമാസത്തിലെ കുളിരിലും സ്വര്‍ണ്ണ കടയിലിരിക്കുന്ന അമ്മാവന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പുകള്‍ പൊടിഞ്ഞുകൊണ്ടിരിക്കുന്നു. അനന്തിരവളുടെ  വിവാഹത്തിനു വേണ്ടത്ര സ്വര്‍ണ്ണം വാങ്ങുവാന്‍ ആവശ്യമുള്ള പണം എങ്ങനെ കണ്ടെത്താനാവും എന്ന വ്യഥയിലാണ്  അമ്മാവന്‍  വിയര്‍ത്തുകൊണ്ടിരുന്നത് . 

  ''മകളുടെ വിവിവഹമാണോ?'' എന്ന കടയുടമസ്ഥന്റെ ചോദ്യത്തിന്, ''അതെ'' എന്നായിരുന്നു മറുപടി. അദ്ദേഹം എപ്പോഴും അങ്ങനെ ആയിരുന്നു. മക്കളും അനന്തിരവരും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. മരുമക്കത്തായ സംബ്രതായത്തിലെ എനിക്കറിയാവുന്ന അവസാനത്തെ കണ്ണിയാണ് അദ്ദേഹം.

ക്ഷേത്രത്തിലെ ഉത്സവം കാണാന്‍  മാതുലനോടൊപ്പം പോയപ്പോള്‍ ക്ഷേത്ര  സമീപമുള്ള  ഒരു ചെറിയ മാടക്കടയില്‍  പാദരക്ഷകള്‍  അഴിച്ചുവെച്ച്  കടയുടമസ്ഥനെ  അതിന്റെ സംരക്ഷണ ചുമതല  ഏല്പിച്ചു. ക്ഷേത്രകവാടത്തിനു പുറത്തഴിച്ചു വെച്ചാല്‍  ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോള്‍  പലപ്പോഴും ചെരുപ്പുകള്‍ തിരികെ ലഭിക്കാത്തതു കൊണ്ടാണ്  കടക്കാരനെ  ചെരുപ്പുകളുടെ മേല്‍നോട്ടം ഏല്പിക്കിന്നത്. ആവിശ്യമില്ലെങ്കിലും, കടയില്‍ നിന്നും വറുത്ത പട്ടാണികടലയും, സോഡായും  വാങ്ങി വീട്ടിലേക്ക്  മടങ്ങുമ്പോള്‍ അമ്മാവന്‍ പറഞ്ഞു,: കട ഉള്ളതുകൊണ്ടല്ലേ  നമ്മള്‍ ചെരുപ്പുകള്‍  അവിടെ സൂക്ഷിക്കുന്നത് , കട നിലനില്‍ക്കുന്നത് സാധനങ്ങള്‍  വില്കുന്നതുകൊണ്ടാണ്. കടക്കാരനെ ശ്രദ്ധിച്ചോ? മെലിഞ്ഞു ശോഷിച്ച ദേഹം, കടയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടുവേണം അയാള്‍ക്ക് ജീവിക്കുവാന്‍ അതുകൊണ്ട്  അവസരം കിട്ടുമ്പോള്‍ എല്ലാം അവിടെനിന്നും സാധനങ്ങള്‍ വാങ്ങുക''.

പൂയം നക്ഷത്രജാതനായി അമ്മാവന്‍  ഭൂവില്‍ പിറന്നുവീണപ്പോള്‍, പിതാവിന് അപായം സംഭവിക്കും എന്ന വിശ്വാസം നിലനിന്നിരുന്നു. കുഞ്ഞിന്റെ ജീവന്‍  അപകടത്തിലായാലും മകന്റെ  ജീവന്‍ രക്ഷിക്കണം എന്ന ചിന്ത മുത്തച്ഛന്റെ അമ്മയുടെ മനസ്സിലേക്ക്  കയറിവന്നു.  ഇതറിഞ്ഞ  ഉടനെ,   മുത്തച്ഛന്‍  നാട്ടിലെ പ്രമുഖ ജോല്‍സ്യനായ നീലകണ്ഠ കണിയാനെ  കൊണ്ട്  കവടിനിരത്തിച്ചു. പൂയം നക്ഷത്രത്തില്‍ ജനിച്ചു എങ്കിലും, ജനിച്ച പാദം വച്ചുനോക്കുമ്പോള്‍ ഈ കുഞ്ഞിന്റെ ജനനം കൊണ്ട് പിതാവിന് ഒരുദോഷവും ഉണ്ടാവുകയില്ല എന്നുമാത്രവുമല്ല,  ഈ കുടുംബം മുഴുവനും ഈ കുഞ്ഞിലൂടെയാവും രക്ഷ നേടുക  എന്നും പ്രതിവചിച്ചു. 

ഹൈസ്‌കൂള്‍ പഠന കാലത്ത് ബാസ്റ്റ് ബാളില്‍  ആകൃഷ്ടനായ അമ്മാവന്‍ ആലപ്പുഴ S D കോളേജിലൂടെ പ്രഗല്‍ഭനായ കായികതാരമായി മാറുകയായിരുന്നു. 1955 ല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ചേര്‍ന്ന കെ നാരായണന്‍ കുട്ടി നായര്‍, KNK നായര്‍ എന്നാണ് പിന്നീട് അറിയപെട്ടത് . 1958-1964 കാലയളവില്‍ എയര്‍ ഫോഴ്‌സ് ടീമിന്റെ കാപ്റ്റനെന്ന നിലയില്‍ അനവധി വിജയങ്ങളാണ്  അദ്ദേഹം എയര്‍ഫോഴ്സിന് നേടിക്കൊടുത്തത്.  ബാസ്‌കറ്റബോളിനോടുള്ള അര്‍പ്പണബോധവും, തന്റെ കഠിനാദ്ധ്വാനവും കൊണ്ട്  ഭാരതത്തെ പ്രതിനിധീകരിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്നും ഡിപ്ലോമ എടുത്തതിനു ശേഷം എയര്‍ ഫോഴ്‌സ് ടീമിന്റെ ആദ്യത്തെ കോച്ചായി തീര്‍ന്നു. എയര്‍ഫോഴ്‌സ്  പരിശീലനകാലത്ത് അമ്മാവന്‍ രൂപപെടുത്തിയ പ്രമുഖ കായികതാരങ്ങള്‍, K.V അലക്‌സാണ്ടര്‍, A.K N നമ്പ്യാര്‍, M.C.ജോണ്‍ എന്നിവരാകുന്നു.

എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച്‌ശേഷം 1970 ല്‍ കോഴിക്കോട് സര്‍വകലാശാലയിലെ ബാസ്‌കറ്റ് ബോള്‍ കോച്ചായി K.N.K നായര്‍ സാര്‍ ചാര്‍ജെടുത്തു. യൂണിവേഴ്‌സിറ്റി പരിശീലകനായി അദ്ദേഹം പഠിപ്പിച്ച പ്രമുഖ താരങ്ങള്‍, അബ്ദുള്‍ മജീദ്, ശേഷാദ്രി, ഓം കുമാര്‍, സക്കറിയ ഫിലിപ്പ് മുതലായവര്‍ ആകുന്നു. ഈ കാലയളവില്‍ തന്നെ ബാംഗ്‌ളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും MPED ബിരുദാനന്തര ബിരുദം റാങ്കോടെ അദ്ധേഹം കരസ്ഥമാക്കി. ഫിലിപ്പീന്‍സിലെ മനിലയില്‍ വെച്ച്, 1982ല്‍ നടന്ന ഏഷ്യന്‍ ബാസ്‌കറ്റ്ബാള്‍ കോണ്‍ഫെഡറേഷനില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് , നായര്‍ സാറിനെ ആയിരുന്നു.

കൊറോണ എന്ന മഹാമാരി പലവിധത്തില്‍ ആണ്  ജനങ്ങളെ ബാധിച്ചത്, അസുഖം കിട്ടുമോ എന്ന ഭീതി മൂലം, പ്രായം കൂടിയവര്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങാതായി. നിഷ്‌ക്രിയത്വം പലരുടെയും, കായികബലവും മനോബലവും നഷ്ടമാക്കി.ഡിലെറിയും, ഡിമെന്‍ഷ്യ എന്നീ രോഗങ്ങള്‍ അതിവേഗത്തിലാണ് അമ്മാവനെആക്രമിച്ചത് ഞാന്‍അവധിക്ക് നാട്ടിലെത്തിയാല്‍ ആദ്യം ലഭിച്ചിരുന്നത് അമ്മാവന്റെ ഫോണ്‍ വിളിയായിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ കോഴിക്കോട്ടേക്ക് വരുന്നു  എന്നറിയിച്ചാല്‍, ഒരോ മണിക്കൂറും 'എവിടം വരെ ആയി, എവിടം വരെ ആയി'  എന്നാരാഞ്ഞുള്ള ഫോണ്‍ വിളികള്‍ തുടര്‍ച്ചെ ലഭിച്ചുകൊണ്ടേയിരുന്നു.

 ഒരു വര്‍ഷത്തിനു ശേഷം  മാര്‍ച്ച് ഒന്നിന് നേരില്‍കണ്ടപ്പോള്‍  , അല്‍പ്പ സമയത്തേക്കുമാത്രം ആളെ തിരിച്ചറിഞ്ഞു, പിന്നീട് മറവിയുടെ മായാലോകത്തേക്ക്  കൂപ്പുകുത്തി. ആ ലോകത്തും അദ്ദേഹം വളരെ വ്യാപൃതനായി വലിയ വലിയ സംരംഭങ്ങള്‍ നടത്തുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വലിയ ഒരുചടങ്ങ് വീട്ടില്‍ നടക്കുന്നു എന്നതാണ് തോന്നല്‍. ആദ്യത്തെ ചോദ്യം  എത്രപേര്‍ക്ക് ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്? എന്നതായിരുന്നു. അതെ മറ്റുള്ളവര്‍ക്ക് വിരുന്നൂട്ടുക എന്നതായിരുന്നു  അദ്ദേഹത്തെ ഏറ്റവും സന്തോഷിപ്പിച്ച പ്രവര്‍ത്തി. തന്റെ ജീവിതം കൊണ്ട്, എത്രത്തോളം മറ്റുള്ള സഹജീവികളെ സഹായിക്കാന്‍ സാധിച്ചു എന്നതാണ് ഒരുവ്യക്തിയുടെ ജീവിതസാഫല്യത്തിന്റെ അളവുകോല്‍ എങ്കില്‍, അമ്മാവന്‍ അതില്‍ അത്യധികം വിജയിച്ചു.നിസ്വാര്‍ത്ഥ സ്‌നേഹം കൊണ്ട്, പരിചയ പെട്ടവരെയെല്ലാം കീഴ്‌പെടുത്തിയ മഹാമനസ്‌കന്‍.

  യൗവ്വന കാലത്ത്  അമ്മാവന്റെ ഇഷ്ട ഗാനം 'കരിമുകില്‍ കാട്ടിലെ, രജനി തന്‍ വീട്ടിലെ' എന്നതായിരുന്നു. വിസ്മ്രിതിയുടെ കരിമുകില്‍ കാട്ടില്‍ ഇടക്കിടെ ഓര്‍മ്മയുടെ മിന്നല്‍ പിണരുകള്‍ ജ്വലിക്കുമ്പോള്‍ പ്രിയ സഹോദരിയുടെ അടുത്തു പോകണമെന്ന് അവശ്യ പെടുമായിരുന്നു. ഒരുമാസം മുമ്പ് ആ കനകാംബരം അടര്‍ന്നുപോയത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ജീവിത യാത്രയില്‍ അടുത്തിഴപഴകിയവര്‍ക്കെല്ലാം നന്മയും, സന്തോഷവും, സമൃദ്ധിയും പകര്‍ന്നുനല്‍കി അനേകമാളുകളെ സ്വയം പ്രാപ്തിയുടെ മാറുകരയെത്തിച്ച  ഈ  കടത്തുവള്ളം യാത്ര പറയുമ്പോള്‍, ചക്രവാളം ആകെ  ഗദ്ഗദം മുഴങ്ങീടുന്നു.

സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
സ്‌നേഹ സാഗരത്തിന്റെ ശീതള സ്പര്‍ശങ്ങള്‍ നിലച്ചു.  (സന്തോഷ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക